ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി ഉള്‍പ്പെട്ട ‘സഖ്യശക്തികള്‍’ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള ‘കേന്ദ്ര ശക്തി’കളോട് ഏറ്റുമുട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കിയുടെ ഭരണാധികാരിയായ ഹമീദ് രണ്ടാമനെ സ്ഥാന്രഭഷ്ടനാക്കുകയും ഓട്ടോമന്‍ സാമ്രാജ്യത്തെ പലതായി വിഭജിക്കുകയും ചെയ്തു. തുര്‍ക്കി സുല്‍ത്താന്‍ മാള്‍ട്ടയിലേക്കു പലായനം ചെയ്തു. ലോക ഇസ്ലാമിന്റെ ആത്മീയ നേതാവും ഖലീഫയുമായ ഓട്ടോമന്‍ ചകവര്‍ത്തിയെ നിഷ്‌കാസനം ചെയ്തതിലും പുണ്യസ്ഥലങ്ങളായ മക്കയും മദീനയും തുര്‍ക്കിയുടെ അധീനതയില്‍ നിന്നു മാറ്റിയതിലും ലോകമെമ്പാടുമുളള മുസ്ലീങ്ങള്‍ക്ക് ബ്രിട്ടനോട് വെറുപ്പും പകയും ഉണ്ടാവുക സ്വാഭാവികമാണ്. ലോകമെമ്പാടുമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അവയൊന്നും ശക്തമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചില്ല. തുര്‍ക്കിയില്‍ പോലും ഖലീഫയ്‌ക്കെതിരായ കമാല്‍ പാഷയുടെ നേതൃത്വത്തിലുള്ള ഇസ്ലാം പുരോഗമന ശക്തിയാണ് പിന്നീട് അധികാരത്തില്‍ വന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തെ ഒരു പാന്‍ ഇസ്ലാമിക (ആഗോള മുസ്ലീം) പ്രക്ഷോഭമായിട്ടാണ് ചില ചരിത്രകാരന്മാര്‍ ചിത്രീകരിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഖിലാഫത്ത് ഒരാഗോള പ്രസ്ഥാനമായി വളര്‍ന്നില്ല. പടിഞ്ഞാറന്‍ ആക്രമങ്ങളില്‍ നിന്നു തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കുവാനും ഖലിഫസ്ഥാനം നിലനിര്‍ത്തുവാനും ഓട്ടോമന്‍ ചക്രവര്‍ത്തി, ഖിലാഫത്ത് പ്രസ്ഥാനം സംഘടിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മദ്ധ്യ പൂര്‍വ്വ പ്രദേശങ്ങള്‍, ഇവിടെയെല്ലാം മതപ്രചാരകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള, ജമാലുദ്ദീന്‍ അഫ്ഗാനിയെ ഇന്ത്യയിലേക്കയച്ചു. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകരായിരുന്ന അലി സഹോദരന്മാര്‍, മുഹമ്മദാലിയും ഷൗക്കത്താലിയും ഖലീഫയുടെ മേല്‍ക്കോയ്മയ്ക്കും ഇസ്ലാമിക ഏകീകരണത്തിനുമായി 1919 ആദ്യഘട്ടത്തില്‍ തന്നെ ഖിലാഫത്ത് കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അലി സഹോദരന്മാര്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് പളളികളിലും മതസമ്മേളനങ്ങളിലും വളരെ പ്രകോപനപരമായ പ്രസംഗങ്ങളും ഉദ്‌ബോധനങ്ങളും നടത്തി. ഇവരോടൊപ്പം ഖിലാഫത്ത് കമ്മറ്റിയിലുളള മുഹമ്മദ് അല്‍ ഹസന്‍ വിദ്യാര്‍ത്ഥികളുടെയിടയില്‍ പ്രവര്‍ത്തിച്ചു. മുഹമ്മദ് മിയാന്‍, മന്‍ അസൂര്‍ എന്നിവര്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മൗലാന ഉബൈദുള്ള സിന്ധിലും ഖിലാഫത്ത് പ്രവര്‍ത്തനം സംഘടിപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടു.
ഹമീദിന്റെ ഖലീഫ സ്ഥാനം നിലനിര്‍ത്തണമെന്നു യാചിച്ചുകൊണ്ട് ആഗാഖാനും അമീര്‍ അലിയും കമാല്‍ പാഷയ്ക്കു കമ്പിയടിച്ചു. അദ്ദേഹം അര്‍ഹിക്കുന്ന അവജ്ഞയോടെ അത് ചവറ്റുകൊട്ടയിലെറിഞ്ഞു. പിന്നീട് നിവേദനവുമായി നേരിട്ടു ചെന്നവരെ ആക്ഷേപിച്ചു തിരിച്ചയച്ചു. അലി സഹോദരന്മാരുടെ നേതൃത്വത്തില്‍ സൗദി രാജാവ് അബ്ദുള്‍ അസീസ് ഇബ്‌ന സാവൂദിനെ കണ്ട് ഖലീഫയാകാന്‍ അപേക്ഷിച്ചു. അദ്ദേഹവും അവരെ അക്ഷേപിച്ചു തിരിച്ചയച്ചു. ഖിലാഫത്ത് നേതാക്കള്‍ ഇറാനിലെ റസാഷ പഹലിനെ സമീപിച്ചു. അദ്ദേഹവും ഖിലാഫത്ത് പ്രശ്‌നത്തില്‍ യാതൊരു താല്പര്യവും കാണിച്ചില്ല. മുല്ലാമാരും മൗലവിമാരും ഭാരതം ദാറുള്‍ ഹര്‍ബ് (ശത്രു രാജ്യം) ആണെന്നും ദാര്‍ ഉല്‍ ഇസ്ലാമായ (സ്വപ്‌ന ഭൂമി) അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറി പാര്‍ക്കാനും പ്രേരിപ്പിച്ചു. ഇതു കേട്ട് അഫ്ഗാനിസ്ഥാനിലേക്കു പുറപ്പെട്ട മുസ്ലീം സഹോദരന്മാരെ ആ നാട്ടുകാര്‍ കൊള്ളയടിച്ച് ക്രൂരമായി പീഡിപ്പിച്ച് തിരിച്ചോടിച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുവാന്‍ തങ്ങളെ കൊണ്ടാവില്ലാ എന്ന് മുസ്ലീങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു.
അലഹബാദിലെ ഖിലാഫത്ത് സമ്മേളനം അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും അതിന്റെ ഭാഗമായി നിസ്സഹകരണ സമരം പ്രഖ്യാപിക്കുവാനും തീരുമാനിച്ചു. ഭാരതത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിന് അഖിലേന്ത്യാ തലത്തില്‍ ഒരു പ്രക്ഷോഭണം സംഘടിപ്പിക്കുവാനുളള ശക്തിയോ സംഘടനാ ബലമോ ഇല്ലായിരുന്നു. അതുകൊണ്ട് നിസ്സഹകരണത്തില്‍ എല്ലാ വിഭാഗത്തിലുമുള്ള ഹിന്ദുക്കളെയും കൂടി ക്ഷണിക്കുവാനും തീരുമാനിച്ചു. വളരെ കുറച്ചു മുസ്ലീങ്ങള്‍ മാത്രമെ അക്കാലത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നുള്ളൂ. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൊതുവായ മനോഭാവം കോണ്‍ഗ്രസ് വിരുദ്ധവും ബ്രിട്ടീഷനുകൂലവുമായിരുന്നു. മൂന്നുലക്ഷത്തിലധികം മുസ്ലീങ്ങള്‍ ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1906- ല്‍ മുസ്ലിം ലീഗ് സ്ഥാപിച്ചതു തന്നെ ബ്രിട്ടീഷുകാരായിരുന്നു. യുദ്ധം ജയിക്കാന്‍ ഇവരുടെ സഹായം ബ്രിട്ടന് ആവശ്യമായിരുന്നു. ഇന്ത്യന്‍ വൈസ്രോയി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി ‘തുര്‍ക്കിയുമായുള്ള യുദ്ധം മതസംബന്ധമായ യുദ്ധമല്ലെന്നും മുസ്ലീങ്ങളുടെ പുണ്യസ്ഥലങ്ങള്‍ക്കു യാതൊരാപത്തും വരുന്നതല്ലെന്നും.ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയിഡ് ജോര്‍ജും ഇതാവര്‍ത്തിച്ചു പ്രഖ്യാപിച്ചു. എന്നാല്‍ യുദ്ധം ജയിച്ചതോടെ ഈ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടു. മണ്ണെണ്ണ വിളയുന്ന മെസപ്പൊട്ടാമിയ ബ്രിട്ടനും മെക്കയും മദീനയും ഉഉള അറേബ്യ ഫ്രാന്‍സിനും, അനറ്റോളിയ ഇറ്റലിക്കും പാലസ്തീന്‍ ജൂതന്മാര്‍ക്കും വീതിച്ചു കൊടുത്തു. തുര്‍ക്കിയെ പരാജയപ്പെടുത്തുവാന്‍ സഹായിച്ചു എന്ന അപരാധബോധം ഇന്ത്യന്‍ മുസ്ലീങ്ങളെ ബ്രിട്ടനെതിരെ സമരം ചെയ്യുവാന്‍ പ്രേരിപ്പിക്കുമെന്ന് ഗാന്ധിജി മനസ്സിലാക്കി. മുസ്ലീങ്ങളെ ബ്രിട്ടീഷുകാരില്‍ നിന്നകറ്റി, ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ മാത്രമെ ഭാരതത്തിനു സ്വാതന്ത്ര്യം നേടാന്‍ സാധിക്കു എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നു ഗാന്ധിജി. 1919 ഡിസംബറില്‍ ചേര്‍ന്ന മുസ്ലീംലീഗ് സമ്മേളനം ഖിലാഫത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുവാന്‍ തങ്ങളോടൊപ്പം ചേരുവാന്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതൃസമ്മേളനത്തില്‍ ഖിലാഫത്ത് സമരം ഏറ്റെടുക്കുന്നത് മുസ്ലീങ്ങളെ ബ്രിട്ടീഷുകാരില്‍ നിന്നകറ്റി കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള ഒരു സുവര്‍ണാവസരമാണെന്ന് അഭിപ്രായപ്പെട്ട് ഗാന്ധിജി അവതരിപ്പിച്ച പ്രമേയത്തെ സി.ആര്‍. ദാസ്, ആനിബസന്റ്, സിഫ്.ആന്‍ഡ്രൂസ്, ബി.സി.പാല്‍, മുഹമ്മദാലി ജിന്ന തുടങ്ങിയവര്‍ ശക്തമായി എതിര്‍ത്തു. മുസ്ലിം നേതാവായിരുന്ന ജിന്ന ഖിലാഫത്ത് പ്രക്ഷോഭങ്ങളില്‍ നിന്നകന്ന് രാഷ്ട്രീയ പ്രവാസം നടത്തി. 1920 മെയ് മാസം 28ാം തീയതി ബോംബെയില്‍ വച്ചും ജൂണ്‍ ആദ്യത്തില്‍ അലഹബാദില്‍ വച്ചും കൂടിയ ഖിലാഫത്ത് യോഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുകയും ഗാന്ധിജി യോഗങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുകയും ചെയ്തു. ആഗസ്റ്റ് ഒന്ന് ഇന്ത്യ മുഴുവന്‍ ഖിലാഫത്ത് ദിനമായി ആചരിക്കപ്പെട്ടു. ഗാന്ധിജി ഷൗക്കത്താലിയോടൊപ്പം ഇന്ത്യ മുഴുവന്‍ ചുറ്റി. 18-ാം തീയതി അവര്‍ കോഴിക്കോട് സന്ദര്‍ശിച്ചു. തന്റെ സഹപ്രവര്‍ത്തകരുടെയും രാഷ്ട തന്ത്രജ്ഞന്മാരുടെയും ഉപദേശങ്ങളും പ്രതിഷേധങ്ങളും വിഗണിച്ച് ഖിലാഫത്ത് പ്രശ്‌നം മഹാത്മാഗാന്ധി കോണ്‍ഗ്രസ്സിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് ശാശ്വതമായ ഹിന്ദു മുസ്ലീം മൈത്രിക്ക് വഴി തെളിക്കുമെന്ന് അദ്ദേഹം വ്യാമോഹിച്ചു. ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി മുസ്ലീങ്ങളെ സംഘടിപ്പിച്ച മതനേതാക്കള്‍ ഖിലാഫത്തിനെ മതപ്രസ്ഥാനമായിട്ടു തന്നെയാണു കണക്കാക്കിയത്.
കോണ്‍ഗ്രസ് കൂട്ടുപിടിച്ച ഖിലാഫത്തില്‍ ഹിംസയുടെ അടിയൊഴുക്കുകളുണ്ടായിരുന്നു. വാളെടുക്കുന്നതൊഴിവാക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചപ്പോഴും മൗലാന മുഹമ്മദാലി അതിനെ സ്വീകരിച്ചില്ല. മുസ്ലിമുകള്‍ പടക്കോപ്പുകള്‍ ശേഖരിച്ചു, ആയുധപരിശീലനം നടത്തി, കത്തിയും വാളും നിര്‍മ്മിച്ചു. ഇംഗ്ലീഷ് കമ്മാന്‍ഡര്‍ ടോട്ടന്‍ഹാം എഴുതി: ‘ഗാന്ധിയുടെ അഹിംസ എന്ന ഉറയില്‍ ഇസ്ലാമിന്റെ ഹിംസയുടെ വാള്‍ ശയിച്ചു. ഗാന്ധിയും അഹിംസയും മാപ്പിളമാര്‍ക്കു പ്രധാനമല്ല. ആയുധം ശേഖരിക്കുന്നതിനൊരു മറയായിരുന്നു അവര്‍ക്കു കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സുകാരെപ്പോഴും ഗാന്ധിയെയും സര്‍ക്കാരിനെയും നിയമങ്ങളെയും അനുസരിക്കും. പക്ഷെ ഖിലാഫത്തുകാര്‍ അതിനെ എല്ലാമെതിര്‍ക്കും.’ കോണ്‍ഗ്രസ് വേദികളിലും പൊതുവേദികളിലും ആലി സഹോദരന്മാര്‍ ദ്വിരാഷ്ട്രവാദവും വിഭജനാഭിലാഷങ്ങളും പരസ്യമായി പറയുവാന്‍ തുടങ്ങി. പ്രത്യേക സമ്മതിദായകത്വം, ബംഗാള്‍ വിഭജനത്തോടുള്ള യോജിപ്പ്, രാജ്യത്തെ വിവിധ സംവരണമേഖലയായി പ്രഖ്യാപിക്കണം, മതപരിവര്‍ത്തനം ഇസ്ലാമിന്റെ അവകാശമാണ്, അധ:കൃതവര്‍ഗ്ഗക്കാരെ കൂട്ടത്തോടെ മതംമാറ്റാന്‍ അനുവദിക്കുക ഇതൊക്കെ ഖിലാഫത്തുകാര്‍ പരസ്യമായി ഉന്നയിച്ച നിര്‍ദ്ദേശങ്ങളാണ്. ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത ഖിലാഫത്ത് സമ്മളനങ്ങളില്‍ മൗലവിമാര്‍ ആലപിച്ച ഖുറാന്‍ ഗീതങ്ങളില്‍ ജിഹാദിനും, കാഫിര്‍മാരെ കൊല ചെയ്യുന്നതിനുമുള്ള ആഹ്വാനങ്ങളുണ്ടായിരുന്നു. ഇതിനെക്കുറിച്ചു ഗാന്ധിജിയോട് പരാതി പറഞ്ഞവരോട് അദ്ദേഹം പറഞ്ഞത്, ‘തങ്ങള്‍ മതപരമെന്നു വിശ്വസിക്കുന്നത് ധൈര്യസമേതം എവിടെയും തുറന്നു പറയുന്നത് അവര്‍ക്കു വിട്ടുവീഴ്ചയില്ലാത്ത മതവിശ്വാസവും ദൈവഭയവുമുള്ളതുകൊണ്ടാണെന്നാണ്.’
കുറച്ചു കഴിഞ്ഞപ്പോള്‍ ഖിലാഫത്തിനെ തുടര്‍ന്നുണ്ടായ ജിഹാദിന്റെ ഹാലിളക്കം കാട്ടുതീ പോലെ വ്യാപിച്ചു. പഞ്ചാബിലെഅമൃത്‌സര്‍, ലാഹോര്‍, പാനിപത്, മുള്‍ട്ടാന്‍, യുപിയിലെ മൊറാദാബാദ്, മീററ്റ്, അലഹബാദ്, ലഖ്‌നൗ, സഹരന്‍പൂര്‍, ഗുജറാത്തിലെ ഔറംഗബാദ്, ബീഹാറിലെ ഭഗല്‍പൂര്‍, ഹൈദരാബാദിലെ ഗുല്‍ബര്‍ഗ അങ്ങനെ ഭാരതത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം വര്‍ഗ്ഗീയ ലഹളകളും തുടര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ കൊലയും കൊളളിവെപ്പും നിര്‍ബാധം അരങ്ങേറി. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനത്തെ കോഹാട്ടിലും തെക്കേ അറ്റത്തെ മലബാറിലും ഹിന്ദുക്കള്‍ക്കെതിരെ നടന്ന കലാപങ്ങള്‍ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
കേരളത്തില്‍ ഖിലാഫത്ത് കമ്മറ്റി രൂപീകരിച്ച് മാസങ്ങള്‍ക്കകം തന്നെ ഹിന്ദു മുസ്ലിം വര്‍ഗ്ഗീയ ലഹളയായി മാറുകയായിരുന്നു. അടുത്തടുത്തു നടന്നഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെയും പടയോട്ടങ്ങള്‍ മലബാറിലെ വലിയ ഒരു വിഭാഗം ഹിന്ദുക്കളെ ഇസ്ലാമിലേക്കു മതംമാറ്റുകയും അതില്‍ കൂടുതല്‍ പേരെ കൊല ചെയ്യുകയും ചെയ്ത സംഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്നും മറയുന്നതിനു മുമ്പേ മലബാറിലെ മുസ്ലീങ്ങള്‍ക്ക്ഹിന്ദു കാഫിറുകള്‍ക്കെതിരെ മതവെറി കാണിക്കാവുന്ന ഒരവസരമായി ഖിലാഫത്ത് മാറി. ആഗസറ്റ് 18ന് ഗാന്ധിജിയും ഷൌക്കത്താലിയും കോഴിക്കോടു ഖിലാഫത്ത് കമ്മറ്റിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മലബാറിലും പ്രത്യേകിച്ച് ഇന്നത്തെ മലപ്പുറം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂര്‍, പൂക്കോട്ടൂര്‍, തിരൂര്‍, പൊന്നാനി, നെല്ലിക്കുന്ന് മുതലായ സ്ഥലങ്ങളില്‍ മാസങ്ങള്‍ക്കകം ഖിലാഫത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. അവിടങ്ങളിലെ മതവിദ്യാഭ്യാസം മാത്രമുളള സമ്പന്നരും സ്വാധീനമുള്ളവരുമായ പുത്തന്‍കൂറ്റ് മുസ്ലിം പ്രമാണിമാര്‍ ഖിലാഫത്ത് നേതാക്കളായി. മലപ്പുറം കുഞ്ഞിത്തങ്ങള്‍, വടക്കേവീട്ടില്‍ അഹമ്മദ്, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഇമ്പിച്ചി കോയതങ്ങള്‍, ഇരിക്കുന്നന്‍ പാലാട്ട് മൂലയില്‍ അലി മുസലിയാര്‍, ഒടയപ്പുറം ചേക്കുട്ടി മുതലായവരുടെ നേതൃത്വത്തില്‍ ആദ്യമൊക്കെ ഖിലാഫത്തിനു വേണ്ടി പ്രതിഷേധങ്ങളും നിയമനിഷേധങ്ങളും നടത്തി പോലീസുമായി ചില്ലറ ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും പിന്നീടത് കാഫിറുകള്‍ക്കെതിരെയുളള ജിഹാദായി മാറി. ഖിലാഫത്ത് നേതാക്കള്‍ അവരുടെ പ്രദേശങ്ങളില്‍ സുല്‍ത്താന്‍മാരായി സ്വയം പ്രഖ്യാപിച്ചു. മതവെറി പൂണ്ട ഇവര്‍ ഹിന്ദുക്കളെ മുഴുവന്‍ മതം മാറ്റി. മതം മാറാന്‍ വിസമ്മതിച്ചവരോടു കാണിച്ച കൊടുംക്രൂരത മനുഷ്യത്വത്തിന്റെ സീമകളെ മുഴുവന്‍ ലംഘിക്കുന്നതായിരുന്നു. കൊച്ചുകുട്ടികളെ, അമ്മമാരെ, യുവതികളെ, വൃദ്ധമാരെ, ആരെയും ഇവര്‍ വെറുതെവിട്ടില്ല. തോലുരിച്ച് ഉപ്പും മുളകും പുരട്ടി, അംഗഭംഗം നടത്തി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിനു വിധേയമാക്കി, ഗര്‍ഭിണികളുടെ വയറു പിളര്‍ന്ന് കുട്ടിയെ കുന്തത്തില്‍ കുത്തി പുറത്തിട്ടു, കുട്ടികളെയും പ്രായമായവരെയും കിണറ്റിലെറിഞ്ഞു, ഇങ്ങനെ ക്രൂരതയുടെ നിരവധി ഉദാഹരണങ്ങള്‍ ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ. മാധവന്‍ നായര്‍, യു.ഗോപാലമേനോന്‍, ബ്രഹ്മദത്തന്‍നമ്പൂതിരി, കെ.പി.കേശവമേനാന്‍, ആനിബസന്റ്, പട്ടാള മേധാവി ഹിച്ച് ഹോക് തുടങ്ങിയവര്‍ ഈ സംഭവങ്ങള്‍ നേരിട്ടറിഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളവരാണ്. പക്ഷെ കാല്‍ നൂറ്റാണ്ടുകാലം കഴിഞ്ഞപ്പോള്‍ ലഹളയിലെ ബലിമൃഗങ്ങളായവരുടെ രക്ഷപ്പെട്ട ബന്ധുക്കളും ദൃക്‌സാക്ഷികളായവരും, ഇക്കാലത്ത് സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ലഹളയെ കുറിച്ച് കണ്ടും കേട്ടും മനസ്സിലാക്കാനും സാധിച്ച ഒരു തലമുറ തന്നെ മിക്കവാറും അസ്തമിച്ചപ്പോള്‍, ലഹള സ്ഥലത്തു നിന്നും അച്ഛന്‍ നമ്പൂരിയും അമ്മ അന്തര്‍ജനവും ഒക്കത്തെടുത്തു ഓടി രക്ഷപ്പെട്ട ഇലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് വളര്‍ന്നു വലുതായപ്പോള്‍ തോക്കിന്‍ കുഴലിലൂടെ അധികാരം നേടാമെന്ന വ്യാമോഹം മാറ്റിവെച്ച് അധികാരം നേടാന്‍ ഏതു ചെകുത്താന്റെയും വോട്ടു കിട്ടിയാല്‍ മതിയെന്ന തിരിച്ചറിവിലൂടെ മുസ്ലീം സംഘടിത വോട്ടിനുവേണ്ടി മലബാറിലെ മതവെറിയന്മാരുടെ നരഹത്യയെ കര്‍ഷക കലാപമായും ജന്മികുടിയാന്‍ വര്‍ഗ്ഗസംഘട്ടനമായും നിര്‍വ്വചിക്കാനുള്ള കുടിലതന്ത്രം ആവിഷ്‌ക്കരിക്കാന്‍ തുടങ്ങി. ആ ചര്‍ച്ച ഇന്നും തുടരുന്നു.
1921 ല്‍ കമാല്‍ പാഷ തുര്‍ക്കിയെ മതനിരപേക്ഷ രാഷ്ട്രമായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓട്ടോമന്‍ സുല്‍ത്താനേറ്റും ഖലീഫേറ്റും എന്നന്നേക്കുമായി നിര്‍ത്തലാക്കി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1922 ഫെബ്രുവരി അഞ്ചാംതീയതി ഉത്തര്‍പ്രദേശിലെ ചൗരിചൗരാ എന്ന സ്ഥലത്ത് നടന്ന ഒരു പ്രതിഷേധ ജാഥയില്‍ പങ്കെടുത്ത ആളുകളെ പോലീസുകാര്‍ ആക്രമിക്കുകയും തുടര്‍ന്ന് ജനങ്ങള്‍ സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുകയുമുണ്ടായി. സംഭവത്തില്‍ മൂന്ന് പ്രക്ഷോഭകാരികളും 22 പോലീസുകാരും കൊല്ലപ്പെട്ടു. ചൗരിചൗരാ സംഭവത്തെത്തുടര്‍ന്ന് ഗാന്ധിജി ഏറെ ദു:ഖിതനായി. നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവെക്കുകയും അഞ്ച് ദിവസം അദ്ദേഹം നിരാഹാരമനുഷ്ഠിക്കുകയും ചെയ്തു. തന്റെ പക്വതയില്ലാത്ത ആവേശമാണ് ജനങ്ങളെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് ഗാന്ധിജി കുറ്റബോധത്തോടെ സമ്മതിച്ചു. അതോടെ ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനു തിരശ്ശീല വീണു. യഥാര്‍ത്ഥത്തില്‍ ഖിലാഫത്ത് ലഹളകള്‍ കോണ്‍ഗ്രസ്സിന്റെയും മഹാത്മാഗാന്ധിയുടെയും അക്രമരഹിത സഹന സമര മാര്‍ഗ്ഗത്തെ തന്നെ പരാജയപ്പെടുത്തി. ഖിലാഫത്തിനെ തുടര്‍ന്ന് രാഷ്ട്രം അഭിമുഖീകരിച്ചത് നാടു മുഴുവന്‍ അക്രമങ്ങളും വര്‍ഗ്ഗീയ ലഹളയുമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം വിനാശകരമായ ദീര്‍ഘകാല ഫലങ്ങളാണ് രാഷ്ട്രത്തിനു സംഭാവന ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം വര്‍ഗ്ഗീയതയ്ക്ക് മാന്യത ലഭിച്ചു. ദേശീയ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടു പാന്‍ ഇസ്ലാമിക് തത്വശാസ്ത്രം പരസ്യമായി പ്രചരിപ്പിക്കുവാനും മതപരമായ കൂറ് രാഷ്ട്രത്തിനോടുള്ള കൂറിനേക്കാള്‍ പ്രധാനമാണെന്നു പ്രഖ്യാപിക്കുവാനുമുള്ള തന്റേടവും കിട്ടി. നെഹ്‌റു തന്നെ പറയുകയുണ്ടായി ‘ഹിന്ദു ദേശീയതയോടൊപ്പം ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറമുള്ള ദാരുള്‍ ഇസ്ലാമുമായി ഘടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മുസ്ലിം ദേശീയതയും ചേര്‍ന്നതാണ് ഇന്ത്യന്‍ ദേശീയത’ എന്ന്. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഹിന്ദു മുസ്ലിം മൈത്രിയും ഭാരതത്തിന്റെ അഖണ്ഡതയും പൂര്‍ണ സ്വരാജും സ്വപ്‌നം കണ്ട ഗാന്ധിജിക്ക് ഒരിക്കലും ശമിക്കാത്ത വര്‍ഗീയലഹളകളും ഭാരത വിഭജനവുമാണ് കാണേണ്ടിവന്നത്.