തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകം പ്രസിദ്ധീകരിക്കുന്നതും അല്ലാത്തതിനെ മുടക്കാന്‍ ശ്രമിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യ അവകാശമാണ്. രാജ്യദ്രോഹ സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബ്ലൂംസ്ബറി ഇന്ത്യ എന്ന പ്രസാധകര് ‘ദല്‍ഹി കലാപത്തിന്റെ പറയപ്പെടാത്ത കഥകള്‍’ എന്ന പുസ്തകത്തിന്റെ പ്രസാധകത്വം സ്വയം ഏറ്റെടുത്ത് അവസാനനിമിഷം കയ്യൊഴിഞ്ഞത് ഈ അവകാശം അവര്‍ക്കുള്ളതുകൊണ്ടാണ്! പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിച്ചശേഷമാണ് ബ്ലൂംസ്ബറിക്കാര് ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ അവസാന നിമിഷം അവര്‍ കാലുവാരി പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറല്ല എന്നറിയിച്ചു. ബ്ലൂംസ്ബറിയുടെ യു.കെ. കേന്ദ്ര ഓഫീസിനു മേലുണ്ടായ ഇടതു – ഇസ്ലാമിസ്റ്റ് ലോബിയുടെ സമ്മര്‍ദ്ദമായിരുന്നു ഈ പിന്മാറ്റത്തിനുകാരണം. നേരത്തെ ഷാഹിന്‍ ബാഗിനെക്കുറിച്ച് സിയാഉള്‍ സലാം, ഉസ്മ യൂസഫ് എന്നിവരുടെ പുസ്തകവും മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അസീസ് ബര്‍ണിയുടെ പുസ്തകവും പ്രസിദ്ധീകരിച്ച് രാജ്യദ്രോഹത്തിന്റെ പ്രചാരകരായ ബ്ലൂംസ്ബറി തങ്ങളുടെ പേരിലുള്ള ദുഷ്പേര് ഇല്ലാതാക്കാനാണ് ദല്‍ഹി കലാപത്തെക്കുറിച്ച് മോണിക്ക അറോറയും കൂട്ടരും ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്.
അവര്‍ ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാമിക-ഇടതുലിബറല്‍ അച്ചുതണ്ട് ശക്തമായ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ചു. ഫാസിസ്റ്റ് ഭീഷണിയ്ക്കു മുമ്പില്‍ ഒരു പുസ്തകപ്രസാധകര്‍ എങ്ങനെ അടിയറവു പറയുന്നു എന്നതിനു ബ്ലൂംസ്ബറി ഏറ്റവും നല്ല ഉദാഹരണമായി. മൂക്കുമുറിച്ച് ശകുനം മുടക്കുന്ന വിദ്യ പ്രയോഗിച്ച് പുസ്തകപ്രസാധനം തടയാനുള്ള അവരുടെ ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല ഗരുഡ പ്രകാശന് പ്രസാധനം ഏറ്റെടുക്കുകയും ചെയ്തു. പുസ്തകം ഇറങ്ങും മുമ്പ് അതിനു വന്‍ പ്രചാരണം നല്കിയ ഇടത്-ലിബറലുകളോടും ഇസ്ലാമിസ്റ്റുകളോടും ഗ്രന്ഥകര്‍ത്താക്കള്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.