കാലം പ്രതികൂലമാവുമ്പോഴാണ് അവതാരങ്ങള്‍ സംഭവിക്കുന്നത്. ആപത്‌സന്ധികളില്‍ നിന്ന് ഭൂമിയെ വീണ്ടെടുക്കുക എന്ന അതിജീവനദൗത്യം അവതാരകഥകളില്‍ കാണാം. ശ്രീകൃഷ്ണകഥ വിശേഷിച്ചും ഓരോ ചുവടിലും അതിജീവനത്തിന്റെ പുതുമുദ്രകള്‍ പകര്‍ന്നു നല്‍കുന്നുണ്ട്.
ലോകം മുന്‍പരിചയങ്ങളില്ലാത്ത വിചിത്രമായ പ്രതിസന്ധി ഘട്ടത്തിലാണിന്ന്. സാമൂഹ്യജീവിതം എന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ സഹജശീലം തന്നെ പ്രതിരോധിക്കപ്പെടേണ്ടുന്ന സാഹചര്യമാണുള്ളത്. ആവരണമണിഞ്ഞും അകലം പാലിച്ചും പുതുശീലങ്ങളിലൂടെ പതുക്കെ നടന്നു തുടങ്ങിയിട്ടേയുള്ളൂ. കമ്പോളനിലവാരം പോലെ പ്രതിദിനം കുതിച്ചുയരുന്ന രോഗബാധയുടെ പെരുക്കപ്പട്ടിക വീടകങ്ങളെ നിശ്ശബ്ദമാക്കുന്നുണ്ട്. ഇവിടെയാണ് ജീവിതം മുഴുവന്‍ അതിജീവനത്തിന്റെ ഉദാഹരണമാക്കിയ ശ്രീകൃഷ്ണചരിതം നമുക്ക്പ്രചോദനമാവുന്നത്.
ജനിക്കും മുമ്പേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കാരാഗൃഹത്തില്‍ പിറന്നിട്ടും, മാതൃവാത്സല്യത്തില്‍പ്പോലും മരണം പതിയിരുന്നിട്ടും, കാലിമേച്ചും കാടുകാട്ടിയും നടക്കുന്ന കുട്ടികള്‍ മാത്രം കൂട്ടിനുണ്ടായിരുന്നിട്ടും ഭൗതികവും ദൈവികവുമായ വിപത്തുകള്‍ മാറിമാറി വേട്ടയാടിയിട്ടും ആ ജീവന്‍ അതിജീവിച്ചു. നഷ്ടപ്പെട്ടവര്‍ക്ക് എല്ലാം വീണ്ടെടുത്തു കൊടുത്ത് പ്രപഞ്ചത്തിന്റെ സാരഥിയായി വളര്‍ന്നു. വിലങ്ങുകളില്‍ നിന്ന് വിശ്വരൂപത്തിലേക്കുള്ള ആ വളര്‍ച്ചയാണ് കാലം ഇന്നു പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികളില്‍ പുഞ്ചിരിക്കാനും പുതുവഴികളില്‍ സഞ്ചരിക്കാനും ശ്രീകൃഷ്ണജീവിതത്തെ നാം അനുസന്ധാനം ചെയ്യേണ്ടിയിരിക്കുന്നു. ലോകസങ്കടങ്ങളെ വശ്യമധുരമായ മുരളീനാദത്താല്‍ അലിയിച്ചുകളയുന്ന കാരുണ്യമൂര്‍ത്തിയാണ് ഭഗവാന്‍. ‘യോഗക്ഷേമം വഹാമ്യഹം’ എന്ന പ്രതിജ്ഞ നമുക്കുള്ള കരുതലാണ്. അമ്പാടിക്കണ്ണന്റെ പിറന്നാളാഘോഷത്തിന് പതിവുപോലെ നാമവേഷപ്പൊലിമയോടെ ശോഭായാത്രകളൊരുക്കാന്‍ ഇക്കുറി സാധിക്കില്ലെങ്കിലും ഓരോ വീടും വൃന്ദാവനമാക്കി കേരളമാകെ ശ്രീകൃഷ്ണ ചൈതന്യത്താല്‍ പ്രശോഭിതമാവുന്ന ആഘോഷ സന്ധ്യ അരങ്ങേറണം. അഷ്ടമിരോഹിണി നോമ്പെടുത്ത് ഹരിനാമജപാമൃതം സേവിച്ച് സമകാലിക രോഗദുരിതങ്ങളില്‍ നിന്നുമുക്തരാവാന്‍ ഈ മുഹൂര്‍ത്തം പ്രയോജനപ്പെടുത്തണം.
”വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം” എന്ന സന്ദേശമാണ് ഈ വര്‍ഷം ശ്രീകൃഷ്ണജയന്തിയില്‍ മുന്നോട്ടു വയ്ക്കുന്നത്. ശ്രീകൃഷ്ണ ജീവിതസംക്ഷേപം കൂടി ഈ വരികളിലുണ്ട്. അരക്ഷിതമായ ബാല്യത്തിന് വീടൊരുക്കുന്ന വൃന്ദാവനമാണ് ആ ജീവിതകഥയിലെ ആദ്യഘട്ടം. വീട് അഭയമാണ്. ആശ്രയമാണ്. കംസവാസനകളുടെ വേട്ടക്കണ്ണുകളില്‍ നിന്നുള്ള സംരക്ഷണമായാണ് ഭാഗവതത്തില്‍ വൃന്ദാവനം വര്‍ണ്ണിക്കപ്പെടുന്നത്. സമകാലിക സമൂഹത്തില്‍ നിഷ്‌ക്കളങ്കബാല്യങ്ങളെ ധര്‍മ്മചിന്തയോടെ വളര്‍ത്തിയെടുക്കുന്ന വൃന്ദാവനമാണ് ബാലഗോകുലം. പ്രതിവാര ഗോകുലങ്ങളിലൂടെ ലക്ഷക്കണക്കിനു ബാലികാബാലന്മാര്‍ക്കു വീടൊരുക്കുന്ന ധര്‍മ്മം നാലു ദശകങ്ങളിലേറെയായി ബാലഗോകുലം നിര്‍വ്വഹിച്ചുവരുന്നു. ശ്രീകൃഷ്ണ ജീവിതകഥയുടെ രണ്ടാംഘട്ടം ദ്വാരകയിലാണ് അരങ്ങേറുന്നത്. നഷ്ടപ്പെട്ട യുഗധര്‍മ്മത്തിന്റെ വീണ്ടെടുക്കലായിരുന്നു ദ്വാരകയില്‍ സംഭവിച്ചത്. സത്യനിഷ്ഠയും സതീര്‍ത്ഥ്യസ്‌നേഹവും സേവാശീലവും സ്ത്രീകളോടുള്ള ആദരവും സഹായസന്നദ്ധതയും വിവിധ കഥകളിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നു. ധാര്‍മ്മികവും സനാതനവുമായ ജീവിത മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് ബാലഗോകുലത്തിന്റെയും ലക്ഷ്യം. നാമം ചൊല്ലി വളരുന്ന ബാല്യത്തിലൂടെ ശാശ്വത ജീവിതമൂല്യങ്ങള്‍ വീണ്ടെടുക്കാനാവും എന്ന ശുഭപ്രതീക്ഷയാണ് പൊതുസമൂഹം ബാലഗോകുലത്തില്‍ അര്‍പ്പിച്ചിരിക്കുന്നത്.
കുരുക്ഷേത്രമാണ് ശ്രീകൃഷ്ണകഥയുടെ തൃതീയ ഘട്ടം. സ്ഥലകാലങ്ങളാല്‍ അപ്രസക്തമാവാത്ത വിശ്വശാന്തിയുടെ മംഗളവചസ്സുകള്‍ മുഴങ്ങിയത് അവിടെയാണ്. അഹിംസയും അദ്വൈതവും അവിടെയാണ് വ്യാഖ്യാനിക്കപ്പെട്ടത്. സ്വധര്‍മ്മാനുഷ്ഠാനത്തിന്റെ വീരപൗരുഷം അവിടെയാണ് ഉണര്‍ത്തപ്പെട്ടത്. ജ്ഞാനകര്‍മ്മഭക്തി യോഗങ്ങളുടെ പതിനെട്ടു തൃക്കൈകളുമായി ഗീതാഭഗവതി അവതരിച്ചത് അവിടെയാണ്. സ്വാതന്ത്ര്യസമരത്തിനും സ്വാതന്ത്ര്യാനന്തര നവോത്ഥാനത്തിനും പ്രേരണാദായകമായ ഭഗവദ്ഗീതയാണ് വിശ്വശാന്തിയേകാനുള്ള ദിവ്യൗഷധം. വൃന്ദാവനം മുതല്‍ കുരുക്ഷേത്രം വരെയുള്ള ശ്രീകൃഷ്ണ ജീവിത സാരസംക്ഷേപമാണ് ”വീടൊരുക്കം വീണ്ടെടുക്കാം വിശ്വശാന്തിയേകാം” എന്ന സന്ദേശം.
വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം
ശ്രീകൃഷ്ണ ജയന്തിക്കുവേണ്ടി എങ്ങനെയെല്ലാമാണ് വീടൊരുക്കേണ്ടത്? സപ്തംബര്‍ 6ന് (ചിങ്ങം 21) എല്ലാ ഭവനങ്ങളിലും ശ്രീകൃഷ്ണ മുദ്രപതിച്ച കാവിപതാകകള്‍ ഉയരണം. അന്നാണ് പതാകാദിനം. ഹരേരാമ മന്ത്രം ചൊല്ലി വീട്ടിലെ മുതിര്‍ന്ന അംഗം പതാക ഉയര്‍ത്തട്ടെ. വീടും ചുറ്റുപാടും വൃത്തിയാക്കി അലങ്കരിക്കാം. വീട്ടുമുറ്റത്ത് ആവുന്നത്ര സൗകര്യത്തില്‍ ചെറിയൊരു ശ്രീകോവിലിന്റെ രൂപഭംഗിയില്‍ കൃഷ്ണകുടീരം തയ്യാറാക്കണം. ദ്വാപരയുഗസ്മരണകളുണര്‍ത്തുന്ന പാല്‍ക്കുടവും ഉറികളും മറ്റും ചേര്‍ത്ത് അങ്കണം അമ്പാടിയാക്കാം. കൃഷ്ണകുടീരത്തില്‍ ശ്രീകൃഷ്ണവിഗ്രഹമോ ചിത്രമോ വച്ച് ദീപം തെളിക്കാം. ഭജനസന്ധ്യകളും മറ്റുവിശേഷ കാര്യക്രമങ്ങളും കൃഷ്ണകൂടിരത്തിനു മുമ്പിലാണ് അരങ്ങേറേണ്ടത്.
ചിങ്ങം 25ന് ശ്രീകൃഷ്ണ ജയന്തി ദിവസം രാവിലെ കുട്ടികളുടെ നേതൃത്വത്തില്‍ വീട്ടുമുറ്റത്തു കൃഷ്ണപ്പൂക്കളം ഒരുക്കണം. ഉച്ചയ്ക്ക് അമ്മമാര്‍ മക്കളെ മടിയിലിരുത്തി ‘കണ്ണനൂട്ട്’ നടത്തണം. വൈകുന്നേരം പിറന്നാളാഘോഷത്തിനു വേണ്ടി കുട്ടികളെല്ലാം കൃഷ്ണ, ഗോപികാവേഷം ധരിച്ച് അവരുടെ വീട്ടുമുറ്റങ്ങളില്‍ അച്ഛനമ്മമാരോടൊപ്പം അണിനിരക്കണം. മുതിര്‍ന്നവര്‍ പാരമ്പര്യ കേരളീയ വസ്ത്രം ധരിക്കട്ടെ. എല്ലാവരും ഒത്തുചേര്‍ന്ന് കൃഷ്ണകുടീരത്തില്‍ ദീപംതെളിച്ച് ഭജന ചൊല്ലണം. എല്ലാവര്‍ക്കും വീട്ടിലിരുന്നുകൊണ്ടു പങ്കെടുക്കാവുന്ന ഒരു പൊതുകാര്യക്രമം മാധ്യമങ്ങള്‍ വഴി ലഭ്യമാകും. ശ്രീകൃഷ്ണകഥാ സന്ദേശം ശ്രവിച്ചതിനു ശേഷം ജന്മാഷ്ടമി ദീപക്കാഴ്ചയും ആരതിയും അര്‍പ്പിച്ച് ശാന്തിമന്ത്രത്തോടെ ചടങ്ങുകള്‍ അവസാനിപ്പിക്കാം. തയ്യാറാക്കിയ അവില്‍ പ്രസാദം പങ്കുവെച്ചു ഭുജിക്കുന്നതോടൊപ്പം മാനദണ്ഡങ്ങള്‍ക്കു വിധേയമായി അയല്‍ഗൃഹങ്ങളില്‍ വിതരണം ചെയ്യുന്നതും അഭികാമ്യമാണ്. ഇപ്രകാരം കൃഷ്ണകുടീരവും കൃഷ്ണപ്പൂക്കളവും കണ്ണനൂട്ടും അമ്പാടി വിളക്കും ഒക്കെയായി ഓരോ വീടും വൃന്ദാവനമായി മാറുന്ന ശ്രീകൃഷ്ണജയന്തിയാണ് നാം സാക്ഷാത്ക്കരിക്കേണ്ടത്.
വീണ്ടെടുക്കാം
നാട്ടുനന്മകളുടെയും നാമസങ്കീര്‍ത്തന സന്ധ്യകളുടെയും വീണ്ടെടുപ്പിനുള്ള മുഹൂര്‍ത്തമായി ശ്രീകൃഷ്ണജയന്തിവേളയെ പരിഗണിക്കാം. ജ്ഞാനപ്പാന, ഭഗവദ്ഗീത, കൃഷ്ണഗാഥ, ഹരിനാമ കീര്‍ത്തനം മുതലായ പരമ്പരാഗത ധര്‍മ്മ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കുവേണ്ടി കൃഷ്ണലീലാ കലോത്സവങ്ങള്‍ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് നിശ്ചയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജീവിതവും സന്ദേശവും സമകാലിക പ്രസക്തിയോടെ ചര്‍ച്ച ചെയ്യുന്ന സാംസ്‌കാരിക സമ്മേളനങ്ങള്‍ മായാവേദികളില്‍ തയ്യാറാക്കി നവമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യും. മലയാള കവിതയിലെ കൃഷ്ണ സങ്കല്പത്തെക്കുറിച്ച് ശ്രദ്ധേയരായ സാഹിത്യാന്വേഷികള്‍ സംവദിക്കുന്ന വെബിനാര്‍ ക്രമീകരിക്കുന്നുണ്ട്. ഗോപൂജ, തുളസീവന്ദനം, ഗീതാവന്ദനം മുതലായ ഭവ്യമായ ചടങ്ങുകളിലൂടെ പ്രകൃതിയും സംസ്‌കൃതിയും തിരിച്ചറിഞ്ഞു വളരാനുള്ള അവസരങ്ങള്‍ ഗൃഹാങ്കണങ്ങളില്‍ ഒരുക്കും. സപ്തംബര്‍ 6ന് ജന്മാഷ്ടമി പുരസ്‌കാര സമര്‍പ്പണം പതിവുപോലെ നടക്കും. ബാലദിനം എന്ന നിലയില്‍ കുട്ടികളില്‍ ശരിയായ ജീവിത മൂല്യങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ട് ധാര്‍മ്മിക നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിനു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നിമിത്തമാവും.
വിശ്വശാന്തിയേകാം
യുദ്ധവും ദുരിതവും കൊണ്ടു വിവശമായ അറുപതുകളില്‍ മഹാകവി വൈലോപ്പിള്ളി ‘കൃഷ്ണാഷ്ടമി’ എന്ന കവിത രചിച്ചു. ഏറ്റവും അരക്ഷിതരും നിസ്വരുമായ സമൂഹം ശ്രീകൃഷ്ണ ചിന്തയിലൂടെ എങ്ങനെ സ്വയം ഉയര്‍ത്തപ്പെടുന്നു എന്നു കാണിച്ചു തരുന്ന കാലാതീതമായ കാവ്യമാണത്. ഭാരതഹൃദയത്തിലെ നിത്യവിസ്മയമായ ശൈശവ സൗന്ദര്യമാണ് ഉണ്ണിക്കണ്ണന്‍. സര്‍വ്വസങ്കടങ്ങളും ആ ഓര്‍മ്മയില്‍ മാഞ്ഞു പോകുന്നു. ”ഉള്ളിലുമങ്കതലത്തിലുമങ്ങനെ ഉണ്ണിയിരുന്നു ചിരിക്കുമ്പോള്‍, അമ്മയ്‌ക്കെന്തിനു സന്താപം, ഹാ! നമ്മള്‍ക്കെന്തിനു സന്താപം” എന്ന വരികള്‍ ഇന്ന് എത്രമേല്‍ പ്രസക്തമാണ്! ഭൂമിയ്ക്കും മനുഷ്യര്‍ക്കും സര്‍വ്വചരാചരങ്ങള്‍ക്കും സങ്കടമോചനമരുളിക്കൊണ്ട് ”ഓരോ വീട്ടിലുമിന്നൊരു മേഘശ്യാമളനുണ്ണി പിറക്കുന്ന” ദിവ്യമുഹൂര്‍ത്തമായി ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ധ്യ മാറണം. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി നമുക്കു സ്വയം സമര്‍പ്പിക്കാം.