പാവപ്പെട്ടവരെ എങ്ങിനെ കൊള്ളയടിക്കാന്‍ കഴിയും, അവരുടെ പേരില്‍ എങ്ങിനെ പോക്കറ്റ് വീര്‍പ്പിക്കാന്‍ കഴിയുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നിപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന വടക്കാഞ്ചേരി ‘ലൈഫ് മിഷന്‍ പദ്ധതി’. ഇതുപോലെ ഒരു തട്ടിപ്പ് ഒരു പക്ഷെ കേരളത്തില്‍ ഇതാദ്യമായിട്ടാവും. പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുക എന്നത് കേട്ടിട്ടേയുള്ളു. അതിപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ നടക്കുന്നു. സര്‍വത്ര നിയമ ലംഘനം, സര്‍വത്ര തട്ടിപ്പ്. അതൊക്കെ അറിഞ്ഞവര്‍ മൗനം പാലിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ തന്നെയാണ് ഇതൊക്കെ നടന്നത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
‘പാവപ്പെട്ടവര്‍ക്കും സ്വന്തമായി വീട് ഇല്ലാത്തവര്‍ക്കും വീട് ‘ എന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒരു പ്രധാന സ്വപ്‌ന പദ്ധതിയായിരുന്നു. കയറിക്കിടക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്ത ഒരാള്‍ പോലും രാജ്യത്തുണ്ടാവരുത് എന്നതായിരുന്നു പ്രധാനമന്ത്രി വിഭാവനം ചെയ്തത്. ‘പ്രധാനമന്ത്രി ആവാസ് യോജന’ (പിഎംഎവൈ ) എന്നതാണതിന് നല്‍കിയ പേര്. സംസ്ഥാനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് അത് നടപ്പിലാക്കുന്നത്. ഒരു വീട് നിര്‍മ്മിക്കാന്‍ നഗരം, ഗ്രാമം എന്നിങ്ങനെ തിരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒരു നിശ്ചിത തുക അനുവദിക്കും. അതിനൊപ്പം സംസ്ഥാനവും തദ്ദേശ സ്ഥാപനവും ഒരോ വിഹിതം ചേര്‍ക്കും. അങ്ങിനെയാണ് വീട് നിര്‍മ്മിക്കുക. ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാനങ്ങളും ആ പദ്ധതി ‘പ്രധാനമന്ത്രി ആവാസ് യോജന’ എന്ന പേരില്‍ തന്നെയാണ് നടപ്പിലാക്കുന്നത്. എന്നാല്‍ കേരളം അതിന്റെ പേര് മാറ്റി; ലൈഫ് മിഷന്‍ പദ്ധതി എന്നാക്കി. ‘ലൈഫ്’ എന്നത് അര്‍ത്ഥവത്തായ വാക്കാണ്; ‘ജീവന്‍’ എന്നാണല്ലോ അര്‍ത്ഥം. ജീവനാണ് ഈ പദ്ധതി എന്ന് ഇടതുമുന്നണി കരുതി എന്ന് പറയുന്നു. ശരിയാണ്, ഇതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര ആയിട്ടുള്ള പദ്ധതി എന്ന് മുഖ്യമന്ത്രി പലവട്ടം പറയുന്നത് നാമൊക്കെ കേട്ടിട്ടുമുണ്ട്. പക്ഷെ, അത്തരമൊരു പദ്ധതി കൊള്ളയ്ക്കുള്ള വഴിയായി ഭരണകൂടവുമായി ബന്ധമുള്ളവര്‍ തന്നെ കരുതിയാലോ?
കേന്ദ്ര പദ്ധതി പേരുമാറ്റി നടപ്പിലാക്കി എന്നത് ആദ്യ പ്രശ്‌നം. പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതിയെ പേരുമാറ്റിക്കൊണ്ട് കേരളത്തിന്റെ പ്രധാന പദ്ധതിയാക്കി എന്നത് മറ്റൊരു കാര്യം. എന്നാല്‍ അതില്‍ ആരും പഴി പറഞ്ഞില്ല; കാരണം ഇതിന്റെ ലക്ഷ്യമാണ് വലുത് എന്നാണ് കേന്ദ്രവും കരുതിയത്. പാവപ്പെട്ടവരുടെ ഉന്നമനമാണല്ലോ ലക്ഷ്യം. അതുകൊണ്ട് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്കിപ്പോന്നു. പക്ഷെ, അതിന്റെ മറവില്‍ കൊള്ള നടത്തിയാല്‍ ? അതിന്റെ പേരില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടാല്‍? അതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഇത്തരം പദ്ധതികള്‍ക്ക് വിദേശ സഹായം സ്വീകരിക്കാന്‍ അനുമതിയുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടല്ലേ സംസ്ഥാന സര്‍ക്കാരിന് അത് ചെയ്യാനാവൂ. ദുബായിയിലെ റെഡ് ക്രസന്റ് കുറെ പണം കൊടുക്കാന്‍ തയ്യാറായി; നല്ലത്. അത് സംബന്ധിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടു. അതും സമ്മതിക്കാം. ഇവിടെ ആകെയുള്ള പ്രശ്‌നം, ലൈഫ് മിഷന് വിദേശ സഹായം പറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉണ്ടോ എന്നതാണ്. അതുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എഫ്‌സിആര്‍എ പ്രകാരമുള്ള അനുമതി ഉണ്ടെങ്കില്‍ പകുതി പ്രശ്‌നം തീര്‍ന്നു. എന്നാല്‍ ഇക്കാര്യം ഇനിയും പുറത്തുവന്നിട്ടില്ല; എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ എന്നത്, നേരത്തെ സൂചിപ്പിച്ചതുപോലെ, കിടപ്പാടമില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുന്ന പദ്ധതിയായതുകൊണ്ട് അത്തരം അനുമതികള്‍ നേരത്തെ വാങ്ങിയിട്ടുണ്ടാവും എന്നുതന്നെ കരുതുക.
ഇനി ലൈഫ് മിഷനും ദുബായ് റെഡ് ക്രെസെന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം അനുസരിച്ച് അതിലെ ഒന്നാം കക്ഷി റെഡ് ക്രെസെന്റാണ്; രണ്ടാം കക്ഷി സംസ്ഥാന സര്‍ക്കാരും. ധാരണപ്രകാരം റെഡ് ക്രെസന്റ് 20.40 കോടി രൂപ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിനാണ്. ആ പണമുപയോഗിച്ച് ധാരണാ പത്രത്തില്‍ വിശദീകരിച്ചിട്ടുള്ള പ്രകാരം വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് ഭവനം നിര്‍മ്മിക്കാനാണ് തീരുമാനം. നിര്‍മ്മാണ ചുമതല സംസ്ഥാന സര്‍ക്കാരിനാണ് എന്നത് ധാരണാപത്രത്തിലുണ്ട്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സൗകര്യം പോലെയായി. കേരളത്തിന് ലഭിച്ച പണം അല്ലെങ്കില്‍ ലഭിക്കേണ്ടുന്ന പണം ദുബായ് കോണ്‍സുലേറ്റിലെത്തി എന്നതാണ് ഇപ്പോള്‍ പറയുന്നത്. എന്നിട്ട് കോണ്‍സുലേറ്റ് നേരിട്ട് ഭവന നിര്‍മ്മാണത്തിന് കരാറുകാരനെ നിശ്ചയിക്കുന്നു. അയാളുമായി കരാറുണ്ടാക്കുന്നു. ഇതെങ്ങിനെ സംഭവിച്ചു? ഇവിടെ രണ്ടു കരാര്‍ ലംഘനങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ കാണുന്നു. ഒന്ന്, കേരളത്തിനാണ് പണം ലഭിക്കേണ്ടത്. രണ്ട്,കേരളാ സര്‍ക്കാരാണ് നിര്‍മ്മാണം നടത്തേണ്ടത്. അത് രണ്ടും നടന്നില്ല. ഇതെങ്ങിനെ സംഭവിച്ചു?
ഇതിനിടയിലാണ് കേരളാ സര്‍ക്കാര്‍ അഥവാ ലൈഫ് മിഷന്‍ പ്രമുഖ നിര്‍മ്മാതാക്കളായ ഹാബിറ്റാറ്റ് ഗ്രുപ്പുമായി ബന്ധപ്പെട്ടത്. ഫ്ലാറ്റിന്റെ പ്ലാന്‍ അവരാണ് തയ്യാറാക്കിയത്. അവര്‍ ഒരു എസ്റ്റിമേറ്റും നല്‍കി. അവര്‍ക്ക് പദ്ധതി കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അവസാനം പദ്ധതിനടത്തിപ്പ് അവരില്‍ നിന്ന് അടിച്ചുമാറ്റി. പ്രമുഖ ആര്‍ക്കിടെക്ട് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ളതാണ് ഹാബിറ്റാറ്റ് ഗ്രുപ്പ് എന്നതോര്‍ക്കുക. അവര്‍ നിശ്ചയിച്ചതിലും വലിയ തുകയ്ക്കാണ് പുതിയ കരാറുകാരന് നിര്‍മ്മാണ കരാര്‍ നല്‍കിയത്. എന്നാല്‍ പ്ലാനും മറ്റും ഹാബിറ്റാറ്റ് തയ്യാറാക്കിയത് തന്നെ.
ഇതൊക്കെ കഴിഞ്ഞ് നിര്‍മ്മാണ കരാര്‍ എടുത്തതോ? ഇത്തരം നിര്‍മ്മാണ മേഖലയില്‍ വലിയ പരിചയമൊന്നുമില്ലാത്ത യൂണിറ്റാക്ക് എന്ന കുന്നംകുളം സ്ഥാപനം. മൊബൈല്‍ ടവര്‍ നിര്‍മ്മാണമോ അതോ അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തലോ ഒക്കെ ചെയ്തുവന്നിരുന്ന സ്ഥാപനമാണിത്. അവര്‍ക്ക് കരാര്‍ ലഭിച്ചത് മിന്നല്‍ വേഗതയിലാണത്രെ. ഇവര്‍ക്ക് കരാര്‍ കൊടുക്കാന്‍ ലൈഫ് മിഷനും സഹായിച്ചു എന്നത് തോന്നിപ്പിക്കും വിധത്തിലുള്ള രേഖകളും പുറത്തുവന്നിട്ടുണ്ട്. അതൊക്കെ എങ്ങിനെ, എന്ത് എന്നത് ഇപ്പോള്‍ തന്നെ എന്‍ ഐ എയും മറ്റു കേന്ദ്ര ഏജന്‍സികളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് കാണുന്നത്. അതൊന്നുമല്ല പ്രധാനം. ഈ 20.40 കോടിയുടെ പദ്ധതിയില്‍ നിന്നാണ് ഒരു കോടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കമ്മീഷന്‍ പറ്റിയത്. വേറൊരു മൂന്നര കോടി മറ്റൊരാള്‍ക്ക് ലഭിച്ചു എന്നത് ഒരു മന്ത്രി തന്നെ പരസ്യമായി ടിവി ചാനലില്‍ സമ്മതിച്ചതാണ്. നാലര കോടി അങ്ങിനെ ഇതിനകം പോയിക്കഴിഞ്ഞു. ബാക്കിയുള്ളത് 15. 90 കോടി. ഇത് കേന്ദ്രം അനുവദിച്ച പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയിന്‍കീഴില്‍ വരുന്നതല്ല എന്നത് സംബന്ധിച്ച കാര്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നു. അങ്ങിനെയെങ്കില്‍ നിര്‍മ്മാണ കരാര്‍ എടുത്തയാള്‍ 18 ശതമാനം ജിഎസ് ടി കൂടി നല്‍കേണ്ടതായി വരും. അത് 3.60 കോടി രൂപ. ബാക്കി എത്രയുണ്ട്? ഇരുപത് കോടി നാല്പത് ലക്ഷത്തില്‍ 12.30 കോടി മാത്രം. 20.40 കോടി ലക്ഷ്യമിട്ട പദ്ധതി എങ്ങിനെ 12.30 കോടിക്ക് പൂര്‍ത്തിയാക്കും? അങ്ങിനെ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ ഗുണ നിലവാരമെന്താവും? കമ്മീഷന്‍ കൊടുത്തതൊക്കെ കരാറുകാരന്‍ തന്നെ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ തുറന്നു സമ്മതിച്ചതായാണ് സൂചനകള്‍.
വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണം പരിശോധിക്കാന്‍ പലരും പോയിരുന്നു; വിദഗ്ദ്ധരും രാഷ്ട്രീയ നേതാക്കളുമൊക്കെ. അവര്‍ക്കൊക്കെ ആ നിര്‍മ്മാണത്തില്‍ ആശങ്കയാണുള്ളത് എന്നത് വ്യക്തം. ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്ത, വെള്ളം ലഭ്യമല്ലാത്ത സ്ഥലമാണത് എന്നത് പ്രധാനം. ഈ നിലപാടാണത്രെ നേരത്തെ മുന്‍ ജില്ലാ കളക്ടര്‍ പ്രകടിപ്പിച്ചത്. അതോടെ ആ കളക്ടര്‍ക്ക് സ്ഥലം മാറ്റമായി. മറ്റൊന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികള്‍; ഇരുമ്പ് കമ്പിയുടെ നിലവാരവും മറ്റും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ഇങ്ങനെ നിര്‍മ്മിച്ചാല്‍ എത്ര നാള്‍ നിലനില്‍ക്കും? അങ്ങിനെ വന്നാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം? കാരണം, സര്‍ക്കാരല്ല ഇതിന് ഏര്‍പ്പാടുണ്ടാക്കിയത് എന്നത് പറഞ്ഞുകൊണ്ട് രക്ഷപ്പെട്ടാല്‍ ജനങ്ങള്‍ വഴിയാധാരമാവില്ലേ? അവസാനിക്കാത്ത ചോദ്യങ്ങളാണ് വടക്കാഞ്ചേരിയും റെഡ് ക്രെസെന്റും സമ്മാനിക്കുന്നത്; ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് കേന്ദ്ര ഏജന്‍സികള്‍. കാത്തിരിക്കാം. എന്നാല്‍ ഒന്നുതീര്‍ച്ച, ഇത് അഴിമതിയാണ്, തട്ടിപ്പാണ്. അതില്‍ ആര്‍ക്കൊക്കെ എത്രത്തോളം പങ്ക് എന്നതാണ് തിരിച്ചറിയേണ്ടത്.