മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവപരമ്പരകളാണ് സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ ഈയടുത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കുടുംബബന്ധങ്ങളിലെ ശിഥീലികരണവും നവമാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം മനുഷ്യജീവനുകള്‍ അപഹരിക്കുന്ന ദുരന്തത്തിലേക്ക് വഴിതെളിക്കുകയാണ്. നടുറോഡില്‍വെച്ച് പട്ടാപ്പകല്‍ പെട്രോളൊഴിച്ച് സ്ത്രീകളെ ചുട്ടുകൊല്ലുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. പ്രണയനൈരാശ്യം തന്നെയാണ് മിക്ക കൊലപാതകങ്ങളുടെയും മൂലകാരണം. പ്രണയം പകയായി രൂപാന്തരം പ്രാപിക്കുമ്പോള്‍ പൊലിയുന്നത് മനുഷ്യജന്മങ്ങളാണ്. ഇത് സമൂഹമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു. വര്‍ത്തമാന കേരളത്തില്‍ പൊതുഇടങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. നാലുമാസത്തിനിടെ സമാനമായ മൂന്ന് കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്.
സാധാരണക്കാര്‍ക്ക് മാത്രമല്ല, പോലീസുകാര്‍ക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയിലേക്കാണ് സൗമ്യ എന്ന പോലീസ് ഓഫീസറുടെ കൊലപാതകം വിരല്‍ ചൂണ്ടുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നത്ത് പോലീസ് ഓഫീസറായിരുന്ന സൗമ്യപുഷ്പാകരനാണ് (34) പ്രണയപ്പകയുടെ അവസാനത്തെ രക്തസാക്ഷി. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ സൗമ്യയെ കൊലപ്പെടുത്തിയതും പോലീസ് ഓഫീസര്‍ തന്നെ. ആലുവ ട്രാഫിക് പോലീസിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് ആണ് പ്രതി. കെഎപി ബറ്റാലിയനിലെ പരിശീലന കാലത്ത് ഇരുവരും തമ്മിലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുകയായിരുന്നു. അവിവാഹിതനായ അജാസ് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ സൗമ്യ ഇത് നിഷേധിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പ്രതി സൗമ്യയെ കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് പെട്രൊളൊഴിച്ച് കത്തിക്കുകയുമായിരുന്നു. സൗമ്യയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ അജാസ്, പോലീസ് കസ്റ്റഡിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് തിരുവല്ലയില്‍ വെച്ച് റേഡിയോളജി വിദ്യാര്‍ത്ഥിനിയായ റാന്നി അയിരൂര്‍ സ്വദേശിനി കവിത വിജയകുമാര്‍ (18) കൊല്ലപ്പെട്ടതും പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ്. പ്രതിയായ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18) അറസ്റ്റിലായി. പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി എട്ടാംദിവസം മരണത്തിന് കീഴടങ്ങി.
കൊച്ചി പനമ്പിള്ളി നഗറില്‍ റോഡില്‍ വെച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ വധശ്രമം നടന്നു. പെട്രോളുമായി ബൈക്കില്‍ മുഖം മറച്ച് എത്തിയത് മണ്ണാര്‍ക്കാട് സ്വദേശിയായ മനു(25) ആണ്. അബുദാബിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസറായിരുന്ന മനു, ഊട്ടി സ്വദേശിനിയായ യുവതിയോട് നടത്തിയ പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതാണ് മനുവിനെ പ്രകോപിപ്പിച്ചത്. സ്വകാര്യസ്ഥാപനത്തിലെ ഏവിയേഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികളാണ് പെണ്‍കുട്ടികള്‍. സ്‌കൂട്ടറില്‍ വന്ന രണ്ട് പെണ്‍കുട്ടികളെയും പനമ്പിള്ളി നഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നില്‍വെച്ച് തടഞ്ഞാണ് യുവാവ് ആക്രമിച്ചത്.
അടുത്ത സുഹൃത്തുക്കളും അകന്ന ബന്ധുക്കളുമായ ഇരുവരും കോയമ്പത്തൂരില്‍ ഒരുമിച്ച് പഠിച്ചിരുന്നു. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് യുവാവ് അവകാശപ്പെടുന്നു. പിന്നീട് പെണ്‍കുട്ടി തന്നില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കുന്നു എന്ന് മനു സംശയിച്ചു. മനു അബുദാബിയിലേക്കും പെണ്‍കുട്ടി പഠനത്തിനായി കൊച്ചിയിലേക്കും വന്നതോടെ സംശയം വര്‍ദ്ധിച്ചു. അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മനു കോയമ്പത്തൂരിലേക്കും അവിടെ നിന്ന് ബൈക്ക് വാടകയ്‌ക്കെടുത്ത് കൊച്ചിയിലേക്കും എത്തി. പെണ്‍കുട്ടിയെ വധിക്കുന്നതിന് മുമ്പ് രണ്ടുതവണ ശ്രമിച്ചെങ്കിലും വിഫലമായി. മനു നാട്ടില്‍ തിരിച്ചെത്തിയത് ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല.
വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതകശ്രമത്തിന് മനുവിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിനുശേഷം അബുദാബിയിലേക്ക് കടന്ന യുവാവിനെ, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി തിരിച്ചു വരുമ്പോഴാണ് പോലീസ് പിടികൂടിയത്. സൈബര്‍സെല്‍, സയന്റിഫിക് വിദഗ്ദ്ധര്‍, യുവതിക്ക് വന്ന ഫോണ്‍കോളുകള്‍ എന്നിവയുടെ സഹായത്താലാണ് മനുവിനെ പിടികൂടിയത്.
കൊടകര ആക്‌സിസ് എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ തൃശ്ശൂര്‍ ചിയാരത്ത് സ്വദേശിനി നീതു (22) കാമുകന്റെ കൊലക്കത്തിക്കിരയായത് സ്വന്തം വീട്ടില്‍ വെച്ചാണ്. ഐ.ടി. ജീവനക്കാരനായ വടക്കേക്കാട് സ്വദേശി നിതീഷാണ് പ്രതി. ഇവിടെയും പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതുതന്നെയാണ് കാരണം. പെണ്‍കുട്ടിയുടെ മുറിയിലെത്തിയ പ്രതി, അവളെ കുത്തി പരിക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച തീ കൊളുത്തുകയാണ് ചെയ്തത്. കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും 80 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ സംഭവസ്ഥലത്തുവച്ചുതന്നെ യുവതി മരണത്തിന് കീഴടങ്ങി. യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിച്ചുപോവുകയും ചെയ്ത നീതുവിനെ അമ്മൂമ്മയാണ് വളര്‍ത്തിയത്.
കോട്ടയത്ത് സീനിയര്‍ വിദ്യാര്‍ത്ഥി സ്വയം തീ കൊളുത്തി കാമുകിയെയും തീകൊളുത്തിയത് കോളേജ് ക്യാമ്പസ്സില്‍ വെച്ച് സഹപാഠികളുടെയും അദ്ധ്യാപകരുടെയും മുന്നില്‍ വെച്ചായിരുന്നു. നീണ്ടകര സ്വദേശി ആദര്‍ശും കായംകുളം സ്വദേശി ലക്ഷ്മിയും പരിക്കേറ്റ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. രണ്ടുപേരും പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.
15 വയസ്സായ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് 25 വയസ്സായ ബംഗാളി യുവാവ് കൊന്നത് പ്രണയനൈരാശ്യം മൂലം. തൃശ്ശൂരിലെ ചെങ്ങളൂരില്‍ പിണക്കത്തിലായ ഭാര്യയെ, റോഡില്‍വെച്ച് തീകൊളുത്തി കൊന്നത് ഭര്‍ത്താവ് തന്നെയാണ്. പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ തീ കൊളുത്തപ്പെട്ട 17 വയസ്സുകാരി എട്ടാം ദിനം മരണത്തിന് കീഴടങ്ങി. തൃശ്ശൂരിലെ മാളയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞു. പുന്നയൂര്‍ക്കുളത്ത് യുവതിയെയും വീട്ടുകാരെയും തടവിലാക്കി വീടിന് തീ കൊടുത്തു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ്, കാസര്‍കോട് സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ജീവന്‍ വെടിയേണ്ടി വന്നത്. വയനാട് സ്വദേശി നാസറിന്റെ ഭാര്യ ഷംലയെ പെരിങ്ങാട്ടൂര്‍ സ്വദേശി ബെന്നി കൊലപ്പെടുത്തിയത് വീട്ടിലെത്തി സ്‌ഫോടനം നടത്തിയാണ്. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിന് സമീപം വെച്ച് കാമുകന്‍ കൊലപ്പെടുത്തിയത് നഴ്‌സിനെ. കാമുകന്റെ കൊലക്കത്തിക്കിരയായി ജീവന്‍ വെടിയേണ്ടിവന്നത് വെഞ്ഞാറമൂട് സ്വദേശിനി സൂര്യയ്ക്ക്. കൊച്ചിയിലെ കലൂര്‍ ജഡ്ജസ് അവന്യൂ കോര്‍ണറില്‍ വെച്ച്, സ്‌കൂട്ടറിലിരുന്ന ഭാര്യയെ പിന്നിലിരുന്ന ഭര്‍ത്താവ് കുത്തിക്കൊന്നു. ഭര്‍ത്താവിന്റെ കൈകളാല്‍ മരണം ഏറ്റുവാങ്ങേണ്ടിവന്നത് ചിലവന്നൂര്‍ സ്വദേശിനി ശ്രീലതയ്ക്ക്. നേമത്ത് പിണങ്ങിക്കഴിഞ്ഞ ഭാര്യയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കുത്തിക്കൊന്നു. വിവാഹമോചനക്കേസ് നടക്കുന്നതിനിടയില്‍, വട്ടിയൂര്‍ക്കാവ് സ്വദേശിനി രജനിയെ ഭര്‍ത്താവ് വീട്ടില്‍ക്കയറി കൊലപ്പെടുത്തി.
കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയില്‍ ശശിയുടെ മകള്‍ ശാരിയെ തീ കൊളുത്തി കൊന്നത് ബന്ധുവായ സജില്‍. തിരുവനന്തപുരത്ത് നഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്, കോട്ടയം മീനടത്ത് യുവതിയെ വീട്ടില്‍ക്കയറി കൊല്ലാന്‍ ശ്രമിച്ചത്, തൃപ്പൂണിത്തുറയിലെ ഉദയംപേരൂരില്‍ പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത്, കുന്നംകുളത്ത് നടന്നുപോകുന്ന യുവതിയുടെ കഴുത്തില്‍ കുത്തിയത്, അയല്‍വാസിയായ യുവതിയെ കൊച്ചിയില്‍ വെച്ച് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത് തുടങ്ങിയ നിരവധി സംഭവങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ദിനംപ്രതിയെന്നോണം സംഭവിക്കുന്നു.
പ്രണയപ്പകയില്‍ എരിഞ്ഞുതീരുന്ന ഈ സ്ത്രീജീവിതങ്ങള്‍, വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഒരു വിഭവമായി തീരുന്നു എന്നല്ലാതെ സമൂഹമനഃസാക്ഷിയെ ചിന്തിപ്പിക്കുന്നില്ല എന്നാണ് വീണ്ടും വീണ്ടും നടക്കുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. പ്രണയം പ്രതികാരമായി മാറുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നവരും മരിച്ച് ജീവിക്കേണ്ടിവരുന്നവരും നിരവധിയാണ്. ചില കേസുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ മറ്റ് ചിലവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുപോലുമില്ല. പ്രണയിച്ചാല്‍ വീട്ടുകാര്‍ കൊല്ലും പ്രണയം നിരസിച്ചാല്‍ കാമുകന്‍ കൊല്ലും എന്ന അവസ്ഥയിലാണ് കേരളത്തിലെ പെണ്‍കുട്ടികള്‍.
പരാജയം എന്തെന്നറിയാത്ത, ഒരു കാര്യത്തിലും ‘നോ’ എന്ന് കേട്ട് ശീലമില്ലാത്ത ഒരു തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. പ്രണയത്തിലായാലും പഠനത്തിലായാലും ജീവിതത്തിലായാലും പരാജയം നേരിടുന്നത് ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് പറ്റുന്നില്ല. കുട്ടികള്‍ ആവശ്യപ്പെടുന്നതിലും അധികം നല്‍കി തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനാണ് മാതാപിതാക്കളും ശ്രമിക്കുന്നത്. എല്ലാം നേടി മാത്രം ശീലിക്കുന്ന കുട്ടിയുടെ മനസ്സില്‍, താനാഗ്രഹിക്കുന്നതെല്ലാം തനിക്ക് കിട്ടണം, അത് തന്റേത് മാത്രമായിത്തീരണം, മറ്റാരും അത് നേടരുത് എന്ന സ്വാര്‍ത്ഥചിന്ത രൂഢമൂലമാവുന്നു. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടി തന്നെ സ്‌നേഹിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല തനിക്ക് കിട്ടാത്ത കളിപ്പാട്ടം മറ്റാരു എടുത്ത് ഉപയോഗിക്കരുതെന്ന ചിന്തയാല്‍ അതെടുത്ത് നശിപ്പിക്കുന്നു ബാല്യകാലചാപല്യങ്ങള്‍ തന്നെ അവന്‍ യൗവനാവസ്ഥയിലും പ്രകടിപ്പിക്കുന്നു. യഥാര്‍ത്ഥ പ്രണയത്തിന് ഒരിക്കലും തന്റെ പ്രണയിനിയെ ചുട്ടുകൊല്ലാന്‍ കഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മാത്രമേ, പ്രണയ പരാജയങ്ങള്‍ പ്രതികാരത്തിന് വഴിമാറുന്ന അവവസ്ഥ മാറുകയുള്ളൂ. പ്രണയനിരാസത്തെ തുടര്‍ന്ന് നടക്കുന്ന ഓരോ കൊലപാതകവും പൊള്ളലേല്‍പ്പിക്കുന്നത് കേരളത്തിന്റെ സമൂഹമനഃസാക്ഷിയെ തന്നെയാണ്.