ലോകവിനോദസഞ്ചാരഭൂപടത്തില്‍ പ്രഥമസ്ഥാനങ്ങളില്‍ ഒന്നായി അലങ്കരിക്കുന്ന മൂന്നാറിന്റെ ഭാഗമായി കിടക്കുന്നതും വരയാടുകളുടെ വിഹാരഗേഹവുമായ രാജമലയുടെ ഹൃദയഭൂമിയും ഇടമലക്കുടിയെന്ന വനവാസിമേഖലയുടെ കവാടവുമായ പെട്ടിമുടി ഇന്നൊരു ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. ഇന്നലെവരെ തേയിലച്ചെടികളുടെ പച്ചപ്പുകൊണ്ട് ഹരിതാഭമായിരുന്ന ഒരു പ്രദേശം പെരുമഴയിലെ മലയിടിച്ചിലിനെ തുടര്‍ന്ന് പാഞ്ഞടുക്കുന്ന ജലപ്പിശാചിന്റെ ചെമ്പിച്ച നാവ്‌പോലെ ചെമ്മണ്ണ് മാത്രമായി നീണ്ടുപരന്ന് കിടക്കുന്നു. ആ ചെമ്മണ്ണ് നിറഞ്ഞ വന്‍വീഥിയില്‍ അങ്ങിങ്ങായി പൊങ്ങിനില്‍ക്കുന്ന ലയക്കൂരകള്‍ മേഞ്ഞിരുന്ന തകരഷീറ്റുകള്‍, വീട്ടുപകരണങ്ങള്‍, ഇടിഞ്ഞുവീണ കല്‍ഭിത്തികള്‍ക്ക് മുകളിലായി വന്‍കല്ലുകളും ചെളിക്കൂമ്പാരങ്ങളും നിറഞ്ഞ് നില്‍ക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ രോദനങ്ങള്‍, സ്വന്തം യജമാനന്മാരെ അന്വേഷിച്ച് പരതിനടക്കുന്ന വളര്‍ത്തുമൃഗങ്ങള്‍, അടിഞ്ഞുകൂടിയ ചെളിക്കൂനകള്‍ക്ക് മുകളിലൂടെ മൃതശരീരങ്ങള്‍ തപ്പിയുള്ള മണ്ണുമാന്തി യന്ത്രങ്ങളുടെ ഇരമ്പലുകള്‍, കയ്യും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍. മൂന്നാറിന്റെ കോടമഞ്ഞിനെയും തണുപ്പിനെയും അതിജീവിക്കുവാന്‍ കമ്പിളിപ്പുതപ്പില്‍ അഭയം തേടി പുതിയ പ്രഭാതത്തെ കണികാണുവാന്‍ ഉറങ്ങിക്കിടന്ന കുറെയധികം മനുഷ്യജീവിതങ്ങളുടെ പ്രതീക്ഷകള്‍ക്കു മുകളില്‍ പെയ്തിറങ്ങിയ മഴവെള്ളത്തോടൊപ്പം മലയും കൂടി ഊര്‍ന്നിറങ്ങിയതോടെ ഒരു പ്രദേശം മുഴുവന്‍ ഒരു മണിക്കൂറിനുള്ളില്‍ മണ്ണിനടിയിലായി. ഒരു മനുഷ്യായുസ്സുകൊണ്ട് കൊളുന്തുനുള്ളി കിട്ടിയ വേതനം കൊണ്ട് സമ്പാദിച്ചതെല്ലാം അവരോടൊപ്പം ചെളിമണ്ണിലടിയിലായിപ്പോയി. ഇപ്പോള്‍ പെട്ടിമുടിയില്‍ പഴയ ലയങ്ങള്‍ പലതുമില്ല, കടകളില്ല, വാഹനങ്ങളില്ല, അവിടെ ജീവിച്ചിരുന്ന മനുഷ്യരില്ല. എല്ലാം മണ്‍കൂനകള്‍ക്കുള്ളിലായി. മഴ ഇനിയും തിമിര്‍ത്തു പെയ്യാം, ഉരുള്‍ ഇനിയും പൊട്ടാം. പക്ഷേ മുന്‍കരുതലുകള്‍ എടുക്കാതെ മുന്നോട്ടു പോയാല്‍ ദുരന്തങ്ങള്‍ക്കു ശേഷമുള്ള വിലാപങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്രിതര്‍ക്കുള്ള ധനസഹായവും കൊണ്ട് എന്തുനേട്ടം?
മൂന്നാര്‍ എന്ന പ്രദേശത്തെ സിംഹഭാഗവും ഇപ്പോഴും ടാറ്റാ ടീ യുടെ പുതിയ രൂപമായ കണ്ണന്‍ ദേവന്‍ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി (കെ.ഡി.എച്ച്.പി) യുടെ കൈവശത്തിലാണ്. 24,000 ഹെക്ടറില്‍ വിസ്തൃതമായി കിടക്കുന്ന 7 വമ്പന്‍ എസ്റ്റേറ്റുകള്‍, 16 ഫാക്ടറികള്‍, 12,000 തൊഴിലാളികള്‍, കൂടാതെ മാനേജ്‌മെന്റ് ജീവനക്കാര്‍, അനുബന്ധ തൊഴിലാളികള്‍, അങ്ങനെ കണ്ണന്‍ദേവന്‍ സാമ്രാജ്യം വിസ്തൃതമായിരിക്കുന്നു. ഒരു വര്‍ഷത്തില്‍ 22 മില്യണ്‍ കിലോ ചായപ്പൊടിയുടെ ഉത്പാദനം എന്നു പറയുമ്പോള്‍ തന്നെ കണ്ണന്‍ദേവന്‍ എന്താണെന്നു മനസ്സിലാക്കാം. 136 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കെ.ഡി.എച്ച്.പി തൊഴിലാളികള്‍ക്ക് ഷെയറുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണെന്ന് അവകാശവാദം ഉന്നയിക്കുമ്പോള്‍ കമ്പനിയിലെ തൊഴിലാളികളുടെ ജീവിതനിലവാരം എവിടെ നില്‍ക്കുന്നുവെന്നും ജീവിതസാഹചര്യം എങ്ങനെയാണെന്നും പരിശോധിക്കേണ്ടതായിട്ടുണ്ട്. ഒറ്റമുറി ലയങ്ങള്‍ തൊട്ട് പത്തുമുറി ലയങ്ങള്‍ വരെയുള്ള, കല്ലുകൊണ്ട് ഭിത്തി നിര്‍മ്മിച്ച തകരം കൊണ്ട് മേഞ്ഞ തൊഴുത്തിനു സമാനമായ വാസസ്ഥലങ്ങളിലാണ് തൊഴിലാളികള്‍ ഇപ്പോഴും താമസിക്കുന്നത് എന്നത് അത്ഭുതത്തോടു കൂടി മാത്രമേ കാണുവാന്‍ കഴിയൂ. തലമുറകളായി ഒരേ ലയത്തില്‍ ജീവിച്ച് മരിക്കുന്നവരാണ് കൂടുതല്‍ തൊഴിലാളികളും. വര്‍ഷാവര്‍ഷം ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി നിസ്സാരമായ തുക കമ്പനി കൊടുക്കുന്നുവെന്നതല്ലാതെ പുതിയതായി ഒരു ലയവും നിര്‍മ്മിച്ച് തൊഴിലാളികള്‍ക്ക് കൊടുത്തിട്ടില്ല എന്നതാണ് വസ്തുത. 136 വര്‍ഷത്തെ പാരമ്പര്യം പറയുന്ന കമ്പനിയിലെ തൊഴിലാളികള്‍ക്ക് അത്രയും തന്നെ പഴക്കമുള്ള ലയങ്ങളുടെ കഥയും പറയുവാനുണ്ട്.
കെ.ഡി.എച്ച്.പിയില്‍ പ്രധാനമായും മൂന്നു തൊഴിലാളി സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഉള്ളത് എ.ഐ.ടി.യു.സിയിലാണ്. രണ്ടാം സ്ഥാനം ഐ.എന്‍.ടി.യു.സി മൂന്നാം സ്ഥാനം സി.ഐ.ടി.യു. നാമമാത്രമായി ചില ഡിവിഷനുകളില്‍ മറ്റ് തൊഴിലാളി സംഘടനകളും പ്രവര്‍ത്തിക്കുന്നു. കാലാകാലങ്ങളായുള്ള മേല്‍ സൂചിപ്പിച്ച ട്രേഡ് യൂണിയനുകളിലെ പ്രവര്‍ത്തനംകൊണ്ട് തൊഴിലാളികള്‍ക്ക് കാര്യമായ ഒരു വളര്‍ച്ചയും ഉണ്ടായില്ല. എന്നാല്‍ തൊഴിലാളി സംരക്ഷകരായി വന്ന മേല്‍പ്പറഞ്ഞ ട്രേഡ് യൂണിയനുകള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും നല്ല വളര്‍ച്ചയുണ്ടായി എന്ന് എല്ലാവര്‍ക്കും അറിയാം. പാവപ്പെട്ട തൊഴിലാളികളെ വച്ച് വിലപേശി വീര്‍പ്പിച്ച കീശകളുള്ള ഈ നേതാക്കള്‍ തൊഴിലാളികളെ രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുകയും പല ട്രേഡ് യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളായി മാറുകയും ചെയ്തു.
മാനേജ്‌മെന്റും യൂണിയന്‍ നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ഇരകളാണ് കെ.ഡി.എച്ച്.പിയിലെ തൊഴിലാളികള്‍. അര്‍ഹമായ ശമ്പളമോ, ബോണസ്സോ, ജീവിതസാഹചര്യങ്ങളോ നല്‍കാതെ മൂന്നാറിന്റെ മരം കോച്ചുന്ന തണുപ്പില്‍, പൊട്ടിപ്പൊളിഞ്ഞ, ചോര്‍ന്നൊലിക്കുന്ന, ബലക്ഷയം സംഭവിച്ച ലയങ്ങളില്‍ ജീവിക്കുകയാണ് അവരിപ്പോഴും. സ്ത്രീ തൊഴിലാളികളോടുള്ള വിവേചനവും കൂലിക്കുറവും ജോലി ഭാരം കൂടുതലും യൂണിയന്‍ നേതാക്കളുടെ ഭാഗത്തുനിന്നുള്ള അവഗണനയും കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് 2015 ഒക്‌ടോബറില്‍ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്ഭുതമായി മാറിയ ഒരു കൂട്ടായ്മയും സമരവും നടന്നത്. അതിനെ ”പൊമ്പിളൈ ഒരുമൈ” എന്നു പേരിട്ട് കെ.ഡി.എച്ച്.പിയിലെ സ്ത്രീതൊഴിലാളികള്‍ മൂന്നു പ്രബലയൂണിയനുകളെയും വെല്ലുവിളിച്ച് അനീതിക്കെതിരെ ശബ്ദമുയര്‍ത്തി സമരവുമായി മൂന്നാറിന്റെ തെരുവുകളിലേക്കിറങ്ങി. അന്നവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് ഇപ്പോള്‍ വളരെ പ്രസക്തിയുണ്ട്.
”കൂടത്തൊപ്പി നാങ്കള്‍ക്ക്, സൂട്ടും കോട്ടും ഉങ്കള്‍ക്ക്.
പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക്, ഏസി റൂമുകള്‍ നിങ്കള്‍ക്ക്.
കാടികഞ്ഞി നാങ്കള്‍ക്ക്, ചിക്കന്‍ മട്ടന്‍ നിങ്കള്‍ക്ക്.
കൊളുത്തു നുള്ളുവത് നാങ്കെ, കാശടിക്കത് നീങ്കെ”.
ഈ മുദ്രാവാക്യം അവര്‍ ഉയര്‍ത്തിയത് മാനേജ്‌മെന്റിനെതിരെ മാത്രമായിരുന്നില്ല, മറിച്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കെതിരെ കൂടി ആയിരുന്നു. അവര്‍ താമസിക്കുന്ന ലയങ്ങള്‍ക്കു പകരം ഉറപ്പുള്ള വാസഗൃഹങ്ങള്‍ നിര്‍മ്മിച്ച് തരണമെന്നുള്ളത് അവരുടെ പ്രധാന ആവശ്യമായിരുന്നു. കാരണം ലയങ്ങളുടെ ദയനീയാവസ്ഥ അവര്‍ക്കറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയില്ലല്ലോ. പക്ഷേ ‘പെമ്പിളൈ ഒരുമൈ’യെ തകര്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ മേല്‍പ്പറഞ്ഞ ട്രേഡ് യൂണിയന്‍, രാഷ്ട്രീയ നേതൃത്വം ഒരുക്കുകയും അവരുടെ കൂട്ടായ്മയ്ക്ക് ബലക്ഷയം സംഭവിപ്പിക്കുകയും ചെയ്തു. അങ്ങനെ തൊഴിലാളികളുടെ ആവശ്യങ്ങളും മൂന്നാറിന്റെ കോടമഞ്ഞില്‍ മാഞ്ഞുപോയി.
2007 കാലഘട്ടത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റുന്നതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നുകാണിച്ച്, വലിയ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ ധാരാളം കെട്ടിടങ്ങള്‍ പൊളിച്ചുകളഞ്ഞു. അന്ന് പൊളിക്കലിനെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടാതിരുന്ന സാഹചര്യത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും പൊളിച്ചു മാറ്റലല്ല, പിടിച്ചെടുത്ത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആവശ്യക്കാരെ പുനഃരധിവസിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. കെ.ഡി.എച്ച്.പിയില്‍ യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി മൂന്നാര്‍ കേന്ദ്രീകരിച്ച് ബി.എം.എസ് ഒരു മേഖല രൂപീകരിക്കുകയും ആ മേഖലയുടെ ഇന്‍ചാര്‍ജ്ജായി അന്ന് ബി.എം.എസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഈ ലേഖകനെ നിയോഗിക്കുകയും ചെയ്തു. മൂന്നാര്‍ പൊളിക്കലിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് മുന്‍നിരയിലുണ്ടായിരുന്ന ബി.എം.എസ് അന്നു പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്ന് പിന്നീട് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നു. മൂന്നാറിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത് നിയമവിരുദ്ധമാണെന്നും ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ കാണിച്ച ആര്‍ജ്ജവം പാവപ്പെട്ട തൊഴിലാളികള്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കാന്‍ കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ.
ഇടുക്കി ജില്ലയില്‍ മാത്രമല്ല, ഉരുള്‍പൊട്ടലിനു സാധ്യതയുള്ള കേരളത്തിലെ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി മുന്‍കരുതല്‍ എടുക്കുകയാണ് അത്യാവശ്യമായി ചെയ്യേണ്ടതാണ്. വിലപ്പെട്ട മനുഷ്യജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ പ്രഖ്യാപിക്കുന്ന തുകയുടെ പകുതിപോലും ഇപ്രകാരമുള്ള പഠനത്തിന് ആവശ്യമില്ലായെന്നതാണ് വസ്തുത. ഒരു ദിവസം 30-40 സെന്റീമീറ്റര്‍ മഴ ഒരിടത്തു തന്നെ പെയ്യുമ്പോള്‍ അത് ഉരുള്‍പൊട്ടലിന് കാരണമായേക്കാം. ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ ആധുനിക ഉപഗ്രഹചിത്രങ്ങള്‍ വച്ച് കണ്ടെത്തി അപകടം മുന്‍കൂട്ടി പ്രവചിക്കാന്‍ ഉതകുന്ന മഴമാപിനികള്‍ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ മനുഷ്യജീവന്‍ രക്ഷിക്കാന്‍ കഴിയും. പീരുമേട്, ദേവികുളം താലൂക്കുകളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പല വന്‍കിട റിസോര്‍ട്ടുകളും നിലനില്‍ക്കുന്നത് ഇപ്രകാരമുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളിലാണ്. മലയിടിച്ചില്‍ ഉണ്ടായാല്‍ ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അഗാധമായ കൊക്കയിലേക്ക് പതിക്കും. കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുവാദം കൊടുക്കുമ്പോള്‍, ഇപ്രകാരമുള്ള ദുര്‍ബലപ്രദേശമാണോയെന്ന സര്‍ട്ടിഫിക്കറ്റും കൂടി ആവശ്യമാകുന്ന തരത്തില്‍ നിയമഭേദഗതി ഉണ്ടാകേണ്ടതായിട്ടുണ്ട്.
ഇടുക്കി ജില്ല നില്‍ക്കുന്നത് കുറേയധികം ജലബോംബുകള്‍ക്ക് നടുവിലാണ്. ഇന്ത്യയിലെ തന്നെ വലിയ അണക്കെട്ടുകളിലൊന്നായ ഇടുക്കി ആര്‍ച്ച് ഡാം, ബലക്ഷയം കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നിയമക്കുരുക്കുകള്‍ കൊണ്ടു മാത്രം ഇപ്പോഴും ജീവനോടെ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ഡാം, മാട്ടുപ്പെട്ടി, പൊന്‍മുടി, ആനയിറങ്കല്‍, മലങ്കര ഡാം എന്നിങ്ങനെ ധാരാളം വലുതും ചെറുതുമായ ഡാമുകള്‍ക്കുപുറമെ അനവധി ചെക്കുഡാമുകള്‍ വേറെയും. ഒരു ചെറിയ ഭൂകമ്പത്തിനെപ്പോലും അതിജീവിക്കുവാന്‍ ശേഷിയില്ലാത്ത ഡാമുകളാണ് ഇവയില്‍ പലതും. കാലാകാലങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയുമെല്ലാം നിര്‍ദ്ദേശങ്ങളെ അവഗണിച്ച്, വരുന്നത് വരട്ടെ എന്ന നിലപാടിലാണ് അധികൃതര്‍ ഇപ്പോഴും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പെന്‍സ്റ്റോക്ക് പൊട്ടിയപ്പോള്‍ ഒലിച്ചുപോയ 2 മനുഷ്യജീവനുകളെ ഇതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. എങ്കില്‍ ഒരു അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.
ഉരുള്‍പൊട്ടി നിലംപരിശാക്കിയ ദുരന്തഭൂമി നമുക്ക് കാട്ടിത്തരുന്നത് ചില നേര്‍ക്കാഴ്ചകളാണ്. അധികൃതരുടെ അലംഭാവം കൊണ്ട്, സംരക്ഷിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയതുകൊണ്ട്, ആടുമാടുകളെപ്പോലെ ജീവിക്കുവാന്‍ വിധിക്കപ്പെട്ട പാവങ്ങളുടെ മൃതശരീരം പോലും കണ്ടെത്താനാവാത്ത ദുരവസ്ഥ. ജീവിതഭാരം ചുമലിലേറ്റി ശ്വാസം വലിച്ചവര്‍, നാസാദ്വാരങ്ങളിലൂടെ ചെളിമണ്ണ് കലര്‍ന്ന അവസാന ശ്വാസം വലിച്ചപ്പോഴും, മക്കളെ മാറോടണച്ചു കിടന്ന ആ മാതാപിതാക്കള്‍ക്ക് ഒന്നനങ്ങുവാന്‍ പോലുമാകാതെ മരണത്തിന് കീഴടങ്ങിയപ്പോഴും ഉടലറ്റ കബന്ധങ്ങളും കൈകാലുകള്‍ അറ്റ മൃതശരീരങ്ങളും, ചേതനയറ്റ പൈതലുകളുടെ മരവിച്ച മൃതശരീരങ്ങളും രക്ഷാപ്രവര്‍ത്തകര്‍ മാന്തിയെടുക്കുമ്പോഴും പുറംലോകം കാണാതെ ചെളിക്കുണ്ടിലമര്‍ന്നുപോയ ജീവനുകള്‍ ഇനിയും ശേഷിക്കുമ്പോഴും നാമോര്‍ക്കുക ഇനിയും ഇതുപോലുള്ള ദുരന്തങ്ങള്‍ക്ക് ഇത്തരം പാവങ്ങളെ വിട്ടുകൊടുക്കരുത്. തോട്ടം തൊഴിലാളികളെങ്കിലും അന്തസ്സായി ജീവിക്കുവാന്‍ അവര്‍ക്കും അവകാശമുണ്ട്. അത് നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും നീതിനിഷേധവുമാണ്.
(ഭാരതീയ അഭിഭാഷക പരിഷത്ത് ഇടുക്കിജില്ല പ്രസിഡന്റാണ് ലേഖകന്‍)