പെട്ടിമുടിയില്‍ ദുരന്തരാനന്തരം മന്ത്രിമാരും ജനപ്രതിനിധികളും സന്ദര്‍ശനത്തിനായെത്തി. കേരളമുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററില്‍ പറന്നിറങ്ങുവാനുള്ള ഹെലിപ്പാഡിന്റെ അപര്യാപ്തത കൊണ്ടാണോ, കലിതുള്ളി നില്‍ക്കുന്ന കാലാവസ്ഥയെ ഭയപ്പെട്ടിട്ടാണോ എന്നറിയില്ല, അദ്ദേഹം പരിവാരങ്ങളെ അയച്ചു. ഡല്‍ഹിയില്‍ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി കേരള നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ടു നല്‍കുമെന്നറിയിച്ചു. ഭൂമികയ്യേറ്റങ്ങളെ കലവറയില്ലാതെ സഹായിച്ചിരുന്ന മന്ത്രി എം.എം. മണിയും എം.എല്‍.എ രാജേന്ദ്രനും പൂങ്കണ്ണീരുമായി ദുരന്തഭൂമിയിലെത്തി. പക്ഷെ ദുരന്തം പുറംലോകമറിഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ എന്നും സേവനത്തിന്റെ നിലക്കാത്ത ഊര്‍ജ്ജപ്രവാഹവുമായി പാഞ്ഞെത്തുന്ന സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പെട്ടിമുടിയിലുമെത്തി. ആദ്യമൃതശരീരം കണ്ടെത്തി പോലീസിനെ ഏല്പിച്ചതും സേവാഭാരതി പ്രവര്‍ത്തകരാണ്. പിന്നീടങ്ങോട്ട് ദുരന്ത നിവരാണ സംഘത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് കയ്യും മെയ്യും മറന്ന രക്ഷാപ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്. ഒരു സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മറ്റൊരു സംഘം ഭക്ഷണപ്പൊതികളുമായി ദുരന്തമുഖത്തെത്തി. പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഭക്ഷണം നല്കി. കോരിച്ചൊരിയുന്ന മഴയെയും മഞ്ഞിനേയും ചവിട്ടിയാല്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകുന്ന ചെളിക്കുണ്ടിനെയും വകവയ്ക്കാതെ മേഘക്കീറുകള്‍ക്കിടയിലൂടെ പ്രഭാതകിരണങ്ങള്‍ ഭൂമിയിലേക്ക് വരുമ്പോള്‍ മുതല്‍ വന്‍മലക്കപ്പുറത്തേക്ക് അസ്തമയസൂര്യന്‍ മറയുന്നതുവരെ സേവനചതുരരായി നിന്നിരുന്ന സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനു പകരം, മന്ത്രി എം.എം. മണിയുടെ സന്ദര്‍ശനദിവസം അവരെ പെരിയവര പാലത്തിന് സമീപം പോലീസ് തടഞ്ഞുനിര്‍ത്തി. മൂന്നുദിവസമായി പെട്ടിമുടി പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുവാന്‍ പോലും കഴിയാത്ത വൈദ്യുതി മന്ത്രിയ്ക്ക് സേവാഭാരതി പ്രവര്‍ത്തകരെ കണ്ടാല്‍ ഹാലിളകുമത്രെ. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്ന ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു എന്നതായിരുന്നു പോലീസ് പറഞ്ഞ ന്യായം. പക്ഷെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ്സിന് അവരെ കടത്തിവിടേണ്ടതായി വന്നു. സ്വയമേവ സന്നദ്ധ പ്രവര്‍ത്തനത്തിന് വന്നവരെ ദുരന്തഭൂമിയിലേക്ക് കടത്തിവിടാത്ത മനുഷ്യത്വരഹിത പ്രവൃത്തിക്കും പെട്ടിമുടി സാക്ഷിയായി. നിറയെ പാല്‍ ചുരത്തി നില്‍ക്കുന്ന പശുവിന്റകിട്ടിലും ചോര തേടി ചെല്ലുന്ന കൊതുകിനെപോലെ എല്‍ഡിഎഫ് കണ്‍വീനര്‍ സേവാഭാരതി പ്രവര്‍ത്തകരെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നതും കണ്ടു. പക്ഷേ വിമര്‍ശനങ്ങള്‍ക്ക് മറുപടി കര്‍ത്തവ്യത്തിലൂടെയും കര്‍മ്മത്തിലൂടെയും സേവനത്തിലൂടെയും സേവാഭാരതി ലോകത്തിന് കാണിച്ചുകൊടുത്തു. മരണം മാടിവിളിച്ച ദുരന്ത ഭൂമിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുവാന്‍ സഹായിക്കുക മാത്രമല്ല, പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോകുന്നതിന് മുമ്പ് അവ ചെളി കഴുകി വൃത്തിയാക്കുന്ന ജോലിയും സേവാഭാരതി കൃത്യമായി ചെയ്തിരുന്നു. ദുരന്തഭൂമിയില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള റ്റാറ്റാ ടിയുടെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നിടത്തും സേവാഭാരതി പ്രവര്‍ത്തകരെ നിയോഗിച്ചിരുന്നു. മാത്രവുമല്ല, പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനു ശേഷം മൃതശരീരങ്ങള്‍ ട്രാക്ടറില്‍ കയറ്റി സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശവസംസ്‌കാരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തുകൊണ്ട് സേവനത്തിന്റെ ഉദാത്തമാതൃകയായി മാറുകയായിരുന്നു സേവാഭാരതി.