1956ലെ ഹിന്ദു പിന്തുടര്‍ച്ചാനിയമം 2005ല്‍ ഭേദഗതി ചെയ്യുംമുമ്പ് ജനിച്ച പെണ്‍മക്കള്‍ക്കും കുടുംബ സ്വത്തില്‍ തുല്യാവകാശം ലഭിക്കുമെന്നുള്ള സുപ്രീംകോടതിയുടെ വിധി ഈ വിഷയത്തില്‍ ഇതുവരെയുണ്ടായ എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിക്കാന്‍ പര്യാപ്തമാണ്. ഈ വിധിയോടെ ഭരണഘടന മുന്നോട്ടുവെച്ച പൊതുസിവില്‍ നിയമത്തിന്റെ ആവശ്യകത ഒരിക്കല്‍ക്കൂടി ജനങ്ങള്‍ക്ക് ബോദ്ധ്യമായിരിക്കുകയാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത സിവില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഭാരതത്തില്‍ സ്ത്രീധനത്തിന്റെ പേരിലും സ്വത്ത് വിഭജനത്തിന്റെ പേരിലും പെണ്‍മക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാക്കാന്‍ കോടതിയുടെ ഇടപെടലുകള്‍ കൊണ്ടും സന്ദര്‍ഭോചിതം ഭാരത സര്‍ക്കാര്‍ നടത്തിവരുന്ന നിയമനിര്‍മ്മാണംകൊണ്ടും സാധിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും സമ്പത്തിന്റെ കൈമാറ്റങ്ങളില്‍ ഇന്നും പലതരത്തിലുള്ള അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. നിയമങ്ങളെ മറികടക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ചില രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. മകനു നല്‍കുന്ന അതേ പരിഗണന സ്വത്തിന്റെ കാര്യത്തില്‍ മകള്‍ക്കും നല്‍കണമെന്നുള്ള സുപ്രീം കോടതിയുടെ വിധിക്ക് ഈ സാഹചര്യത്തില്‍ ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്.
1956ലെ ഹിന്ദു പിന്തുടര്‍ച്ചാനിയമം 2005 സപ്തംബറില്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഭേദഗതി ചെയ്തിരുന്നെങ്കിലും ഈ ഭേദഗതി സംബന്ധിച്ച് ആയിരക്കണക്കിന് വ്യവഹാരങ്ങളാണ് രാജ്യത്തെ വിവിധ കോടതികളില്‍ എത്തിയത്. പല അവ്യക്തതകള്‍ ഉടലെടുക്കുകയും കോടതിവിധികള്‍ തന്നെ പരസ്പര വിരുദ്ധമായിത്തീരുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സ്വത്തില്‍ അവകാശമുണ്ടായിരുന്ന പിതാവ് നിയമം ഭേദഗതി ചെയ്യുംമുമ്പ് മരിച്ചോ എന്നത് മകളുടെ അവകാശം സംബന്ധിച്ച് പ്രസക്തമല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കൊപ്പം സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നും ഈ അവകാശം പെണ്‍മക്കള്‍ക്ക് ജന്മനാ ഉള്ളതായതിനാല്‍ പിതാവിന്റെ മരണം ഭേദഗതിക്ക് മുന്‍പാണോ എന്നത് പ്രസക്തമല്ലെന്നുമാണ് വിധിയില്‍ പറയുന്നത്. ഭേദഗതി ചെയ്ത വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലുമുള്ള കേസുകള്‍ 6 മാസത്തിനകം തീര്‍പ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
പെണ്‍മക്കളുടെ സ്വത്തവകാശം സംബന്ധിച്ച് ഇതര മതസ്ഥരുടെ ഇടയിലും വ്യത്യസ്ത നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനം നല്‍കി വിവാഹം കഴിച്ചയയ്ക്കുന്നതോടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പിതൃസ്വത്തിലുള്ള അവകാശം ഇല്ലാതാകുമെന്ന തിരുവിതാംകൂറിലെ നിയമവും ആചാരവും തെറ്റാണെന്ന് 1986ലെ പ്രസിദ്ധമായ ‘മേരി റോയി കേസ്സില്‍’ സുപ്രീംകോടതി വിധിക്കുകയുണ്ടായി. എങ്കിലും ഈ നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പെണ്‍മക്കളുടെ അവകാശം സംരക്ഷിക്കാന്‍ ആ മതത്തില്‍പെട്ടവര്‍ക്ക് എത്രത്തോളം സാധിച്ചിട്ടുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. നിയമത്തെ മറികടന്നുകൊണ്ട് പെണ്‍മക്കളെ സ്ത്രീധനവും സ്വര്‍ണ്ണവും നല്‍കി കുടുംബത്തില്‍നിന്നു പിരിച്ചയക്കുന്ന ആചാരം ഇന്നും നടന്നുവരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളിലും ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കുമിടയില്‍ സ്വത്തു സംബന്ധമായ തുല്യാവകാശം നിലവില്‍ വന്നിട്ടില്ല. ഇസ്‌ലാമിക വ്യക്തിനിയമത്തിലെ സ്വത്തവകാശം സംബന്ധിച്ച ലിംഗപരമായ അസമത്വവും അസന്തുലിതാവസ്ഥയും പരിഹരിക്കപ്പെടണം എന്നാവശ്യപ്പെടുന്ന ഹരജികള്‍ സുപ്രീംകോടതിയുടെ തന്നെ പരിഗണനയിലുണ്ട്. എല്ലാ സമുദായങ്ങളിലും നിലവില്‍ വരേണ്ട തുല്യനീതിയെക്കുറിച്ച് ഹിന്ദു പിന്തുടര്‍ച്ചാ നിയമത്തെ അടിസ്ഥാനമാക്കി വഴികാട്ടുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. എങ്കിലും എല്ലാ വ്യക്തിനിയമങ്ങളും പരിശോധിച്ച് പെണ്‍മക്കള്‍ക്ക് തുല്യനീതി ഉറപ്പുവരുത്താനും അത് ഫലപ്രദമായി നടപ്പില്‍ വരുത്താനും ഒട്ടേറെ കടമ്പകള്‍ ഇനിയും കടക്കേണ്ടതുണ്ടെന്നാണ് ഭാരതത്തില്‍ ഇന്നുനിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യം സൂചന നല്‍കുന്നത്.
ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത തരത്തിലുള്ള ഒരു പരിവര്‍ത്തനം ഇന്ന് ഭാരതത്തില്‍ പ്രകടമാണ്. നടപ്പാക്കേണ്ടതെന്ന് ഭരണഘടന നിര്‍ദ്ദേശിച്ചിരുന്ന പല ആശയങ്ങളും ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി നടപ്പാക്കാതിരിക്കുകയായിരുന്നു മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തിരുന്നത്. അതേസമയം ഈ ആശയങ്ങള്‍ ഓരോന്നായി നടപ്പാക്കാന്‍ ഇന്ന് ഭാരതം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഭരണഘടനാവിരുദ്ധമെന്ന തെറ്റായ പ്രചാരണം നടത്തി പുരോഗതിക്ക് തടസ്സം നില്‍ക്കുകയാണ് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് കക്ഷികള്‍ ചെയ്യുന്നത്.
ജമ്മുകാശ്മീര്‍ വിഷയത്തില്‍ 2019ല്‍ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഭീകരരെ അമര്‍ച്ച ചെയ്ത് അവിടെ സമാധാനം കൊണ്ടുവരാനും കാശ്മീരിനൊപ്പം ജമ്മുവിന്റെയും ലഡാക്കിന്റെയും സന്തുലിതമായ വികസനം ഉറപ്പുവരുത്താനും സഹായിക്കുന്നതായിരുന്നു. തികച്ചും ഭരണഘടനാനുസൃതമായിരുന്നു ഈ തീരുമാനം. 370-ാം വകുപ്പിനെ താല്‍ക്കാലികമായാണ് ഭരണഘടനപോലും വിഭാവനം ചെയ്തിരുന്നത്. അതുപോലെ ദീര്‍ഘകാലമായി നിലനിന്ന ശ്രീരാമജന്മഭൂമി പ്രശ്‌നവും ശാശ്വതമായി പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടനയുടെ ആദ്യപതിപ്പില്‍ ശ്രീരാമന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഭാരതത്തിന്റെ ദേശീയപുരുഷനാണ് ശ്രീരാമന്‍ എന്നു വ്യക്തമാക്കിയവരായിരുന്നു ഭരണഘടനാശില്പികള്‍. അതുപോലെ തന്നെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഭാരതത്തില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ജാതി, മത ഭേദമെന്യേ എല്ലാ ഭാരതീയര്‍ക്കും ഇന്ത്യന്‍ പീനല്‍ കോഡ് എന്ന പൊതുക്രിമിനല്‍ നിയമമാണുള്ളത്. ഒരു പൊതുസിവില്‍ നിയമം ഇല്ലാത്തതുകൊണ്ടാണ് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നിവയില്‍ പല നിയമങ്ങളും ഒപ്പം ഒട്ടേറെ ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നത്. 2019ല്‍ മുത്തലാഖ് നിയമം കൊണ്ടുവന്ന് ഒരു വലിയ അനാചാരത്തെ കുറ്റകരമാക്കിയ കേന്ദ്ര സര്‍ക്കാര്‍ വൈകാതെ പൊതു സിവില്‍ നിയമം കൊണ്ടു വന്ന് ഭാരതത്തെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പ്രകടമാണ്.