മലപ്പുറം: അയോധ്യയില്‍ നടത്തിയ ഖനനത്തില്‍, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സുപ്രീം കോടതിവിധി നീതിപൂര്‍വ്വവും അങ്ങേയറ്റം പ്രശംസനീയവുമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ റീജ്യണല്‍ ഡയറക്ടര്‍ പത്മശ്രീ കെ.കെ.മുഹമ്മദ് പറഞ്ഞു.
ഒരുപറ്റം കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചതാണ് അയോധ്യ വിഷയം വഷളാവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന അധിനിവേശകാലത്തുണ്ടായ തെറ്റുകള്‍ക്ക് ഇന്നത്തെ മുസ്ലീങ്ങള്‍ ഉത്തരവാദിയല്ല എന്നതിനൊപ്പം അന്നു ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ ചില മുസ്ലീങ്ങള്‍ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീം കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കുംവിധം ഇടപെടരുതെന്ന ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ആഹ്വാനം ഏറെ ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ മീറ്റ് വഴി നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.എന്‍.മധുസൂദനന്‍ പിള്ള, ഡോ.എം.മോഹന്‍ദാസ്, കെ.സി. സുധീര്‍ബാബു തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.