ജാതിവിവേചനത്തിന്റെ ഇരുണ്ട കാലത്ത് നിശ്ചലാവസ്ഥയില്‍ ശ്വാസം മുട്ടിപ്പിടഞ്ഞ ഒരു വലിയ ജനസമൂഹത്തെ സനാതന ധര്‍മ്മ മൂല്യത്തില്‍ അടിയുറച്ച് ചലനാത്മകമാക്കിയ മഹാത്മാ അയ്യന്‍കാളിയുടെ ജന്‍മദിനം ആഗസ്റ്റ് 28നാണ്.
മനുഷ്യരായി ജനിക്കുകയും മനുഷ്യരെ പോലെ ജീവിക്കാനാവാതെ മണ്ണടിയുകയും ചെയ്ത ജനവിഭാഗം, രോദനത്തോടെ നെഞ്ചകം തകര്‍ന്ന് ഈ ദുരിതക്കയത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഒരു രക്ഷകന്‍ വരേണമേ എന്ന പ്രാര്‍ത്ഥനയുടെ ഫലമായി 157 വര്‍ഷം മുമ്പാണ് അയ്യന്‍കാളി ജനിച്ചത്. ഇന്നും ജനകോടികളുടെ ഹൃദയത്തില്‍ അയ്യന്‍കാളി ജീവിക്കുന്നത് അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടേയും അവകാശ നേട്ടങ്ങളുടേയും പരിണിത ഫലമാണ്. അയ്യന്‍കാളി ആദര്‍ശധീരനും ഹിന്ദുത്വാഭിമാനിയുമായ അജയ്യനായിരുന്നു. മതപരിവര്‍ത്തനത്തിനെതിരെ അദ്ദേഹം കൈക്കൊണ്ട നീക്കങ്ങള്‍ സ്മരണീയമാണ്. ചിരഞ്ജീവിയായി കാലത്തെ അതിജീവിച്ച് അയ്യന്‍കാളി എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുമെങ്കിലും അര്‍ഹിക്കുന്ന പരിഗണന കേരളത്തില്‍ അയ്യന്‍കാളിയുടെ സ്മരണയ്ക്ക് ഉണ്ടായിട്ടില്ല. പുതിയ തലമുറകള്‍ക്ക് അയ്യന്‍കാളിയും അദ്ദേഹം കടന്നുവന്ന വഴികളും പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
തിരുവനന്തപുരത്തിനിന്നും പതിനഞ്ച് കിലോമീറ്റര്‍ തെക്കുള്ള നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍ വില്ലേജില്‍ വെങ്ങാനൂരില്‍ അയ്യന്‍ – മാല ദമ്പതികളുടെ മകനായാണ് കാളി ജനിച്ചത്. 1863 ആഗസ്ത് 28 ന് (1039ചിങ്ങം 14) അവിട്ടം നക്ഷത്രത്തിലായിരുന്നു ജനനം. യൗവ്വനാരംഭത്തില്‍ അച്ഛന്റെ പേരു ചേര്‍ത്ത് ആളുകള്‍ കാളിയെ അയ്യന്‍കാളി എന്നു വിളിച്ചുതുടങ്ങി. മാല പെറ്റത് പത്തു മക്കളെ. അതില്‍ രണ്ടുപേര്‍ അകാലത്തില്‍ പൊലിഞ്ഞു. ശേഷിച്ചത് എട്ടുമക്കള്‍. സീമന്തപുത്രനായിരുന്നു കാളി. ചാത്തന്‍, ഗോപാലന്‍, വേലായുധന്‍, വേലുക്കുട്ടി എന്നിവര്‍ ആണ്‍മക്കളും കണ്ണ, ചിന്ന, കുഞ്ഞി എന്നീ പെണ്‍മക്കളുമാണ് സഹോദരങ്ങള്‍. പുലയ സമുദായത്തിലാണ് അയ്യന്‍കാളി ജനിച്ചത്.
ഇരുളടഞ്ഞ കാലഘട്ടം
ജാതി വിവേചനം കൊടികുത്തി വാണിരുന്ന കാലം പുലയര്‍, പറയര്‍ തുടങ്ങിയ താഴ്ന്ന ജാതിയില്‍പെട്ട സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇരുളടഞ്ഞ കാലഘട്ടമായിരുന്നു. അവര്‍ക്ക് പൊതുവഴി നടക്കാനവകാശമില്ല. സ്വന്തമെന്നു പറയാന്‍ ഒരു തുണ്ടു ഭൂമിയില്ല. വിദ്യാലയ പ്രവേശനം താണ ജാതിക്കാര്‍ക്ക് നടക്കാത്ത സ്വപ്‌നമായിരുന്നു. മേല്‍ജാതിക്കാര്‍ എതിരെ വരുന്നതു കണ്ടാല്‍ ഓടിയൊളിക്കണം. ക്ഷേത്രപ്രവേശനം അവര്‍ക്ക് നിഷിദ്ധമായിരുന്നു. നാടുവാഴുന്ന രാജാവിനെ പോലും കാണാന്‍ പാടില്ല. കല്ലുമാല ധരിച്ചു കൊണ്ടു വേണം സ്ത്രീകള്‍ മാറു മറയ്ക്കാന്‍. പുലയരും പറയരും ജീവിക്കുന്ന കുടിലുകളെ ‘കുപ്പപ്പാട്’ എന്നേ പറയാവൂ. മുട്ടോളമെത്തുന്നവസ്ത്രം അടിത്തോലാണ്. അടിമകളെ പോലെ വയലുകളില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ സമൂഹമായിരുന്നു താണ ജാതിക്കാര്‍. ക്രൂരമായ പീഡനങ്ങള്‍ അനുദിനം ഏറ്റുവാങ്ങിയിരുന്ന ഈ സമൂഹത്തിനു വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ജന്‍മിയുടെ വയലിന്റെ ഒരറ്റത്ത് കുപ്പപ്പാടു കെട്ടിയാണ് പാര്‍ത്തിരുന്നത്. വിളകള്‍ വല്ലതുമുണ്ടാക്കിയാല്‍ അത് എടുക്കാനുള്ള അവകാശം ജന്‍മിക്കായിരുന്നു. ചന്തകളില്‍ താണ ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൂട്ടിവെച്ച് ദൂരെ മാറിനില്‍ക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരാണ് വില നിശ്ചയിക്കുക. ഉല്‍പ്പന്നങ്ങളുടെ പണം എറിഞ്ഞു കൊടുക്കും. കുഴികുത്തി അതില്‍ ഇല വെച്ച് അതിലാണ് കഞ്ഞി ഒഴിച്ചു കൊടുക്കുക. പാനീയങ്ങള്‍ ചിരട്ടയില്‍ ഒഴിച്ചു കൊടുക്കും. പ്രതികരിക്കുന്നവനെ ജന്‍മിമാരും മാടമ്പികളും മര്‍ദ്ദിച്ച് മൃതപ്രായരാക്കും. രാജാവിന് സ്വാധീനമുള്ള സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് യാതൊരു സഹായവും ലഭിച്ചിരുന്നില്ല.
സംഘബലത്തിന് ശക്തമായ അംഗങ്ങളുണ്ടായിട്ടും അസംഘടിതരായ ഇവര്‍ കാലഘട്ടത്തിന്റെ അലിഖിത ഉഗ്രശാസനകള്‍ അനുസരിച്ച് ജീവിച്ചു വന്നു. അതുകൊണ്ടാണ് നിശ്ചല സമൂഹമെന്ന് ഇവരെ വിശേഷിപ്പിച്ചത്. ജന്‍മിമാരുടേയും മാടമ്പികളുടേയും കയ്യിലെ കളിപ്പാട്ടമായിരുന്നു ഹതഭാഗ്യരായ ഈ മനുഷ്യജന്‍മങ്ങള്‍. അതേ സമയം അയ്യന്‍കാളിയുടെ അച്ഛന്‍ അയ്യന്റെ ജന്‍മി ഇതില്‍ നിന്നും വ്യത്യസ്തനായിരുന്നു. പുത്തളത്ത് തറവാട്ടിലെ പരമേശ്വരന്‍ പിള്ളയാണ് അയ്യന്‍കാളിയുടെ ജന്മി. പരമേശ്വരന്‍പിള്ള പെരുങ്കാറ്റുവിളകുന്ന് എട്ടേകാല്‍ ഏക്കര്‍ അയ്യന് സ്വന്തമായി നല്‍കിയത് ആ ജന്മിയുടെ നല്ല മനസ്സിന്റെ ഉദാഹരണമാണ്. ഒരു പുലയന്‍ ഭൂവുടമയായ ചരിത്രസംഭവം കൂടിയാണത്.
അനുഭവത്തിന്റെ തീച്ചൂളയില്‍
സ്വസമുദായമായ പുലയരടക്കമുള്ള താണ ജാതിക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നീറുന്ന ചിത്രങ്ങള്‍ കണ്ടുകൊണ്ടുള്ള ബാല്യമായിരുന്നു അയ്യന്‍കാളിയുടേത്. മേല്‍ജാതിക്കാരന്റെ മുറ്റത്ത് അറിയാതെ ചവിട്ടിപ്പോയപ്പോഴും, ജാതീയതയുടെ വേലിക്കെട്ടു നോക്കാതെ ഉയര്‍ന്ന ജാതിക്കാരുടെ മക്കളോടൊപ്പം കളിക്കുമ്പോള്‍ തൊടുത്തുവിട്ട പന്ത് മേലാളന്റെ പുരയിടത്തില്‍ പതിച്ചപ്പോഴും ഏറ്റുവാങ്ങേണ്ടി വന്ന പരിഹാസവും ആക്ഷേപവുമാണ് അയ്യന്‍കാളിക്ക് സമൂഹത്തില്‍ നിന്നുണ്ടായ ആദ്യാനുഭവങ്ങള്‍. ഇതോടെ മേല്‍ജാതിക്കാരുടെ മക്കളുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു. ഇത് കാളിയുടെ പുതിയ പദ്ധതികള്‍ക്കുള്ള തുടക്കമായി. അനുഭവങ്ങള്‍ ഒട്ടേറെയുണ്ടായ ബാല്യത്തില്‍ നിന്നും യൗവ്വനത്തിലേക്ക് പ്രവേശിച്ചതോടെ അയ്യന്‍കാളി സമുദായത്തിലും വെങ്ങാനൂരിലും ശ്രദ്ധാകേന്ദ്രമായി. തമിഴും മലയാളവും കൂട്ടിക്കുഴച്ചു കൊണ്ടുള്ള സംസാരരീതിയാണ് അക്കാലത്തുണ്ടായിരുന്നത്. വെങ്ങാനൂരിലെ നീലകേശിയുടെ ഭക്തനായ അയ്യന്‍കാളി യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കലാപ്രകടനങ്ങളിലൂടെ യുവാക്കളെ സംഘടിപ്പിക്കാന്‍ അനായാസം അയ്യന്‍കാളിക്ക് കഴിഞ്ഞു. കാക്കാരിശ്ശി നാടകം, ഹരിശ്ചന്ദ്ര നാടകം, പാട്ടുകള്‍ തുടങ്ങി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തന്നെ എഴുതി അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് പുലയസമുദായത്തില്‍ പ്രതീക്ഷാനിര്‍ഭരമായ ഒരിളക്കം തട്ടിക്കാന്‍ സാധിച്ചു. യുവാക്കളുടെ സംഘത്തിന് കളരി പരിശീലനം നല്‍കുന്നതിലും കാളി ശ്രദ്ധ വച്ചു. ഈ സംഘം അയ്യന്‍കാളിപ്പട എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
അതേസമയം അയ്യന്‍കാളിയുടെ ചുവടുവയ്പ് ഉള്‍ക്കിടിലത്തോടെയാണ് ജന്‍മിമാരും മേല്‍ജാതിക്കാരും കണ്ടത്. അയ്യന്‍കാളിയാകട്ടെ താണ ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടതൊക്കെ നേടിയെടുക്കാനുള്ള നീക്കവും തുടങ്ങി. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ശ്രീനാരായണ ഗുരുദേവനെക്കണ്ട് അനുഗ്രഹവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സ്വീകരിച്ച അയ്യന്‍കാളി ഇതിനിടെ 1888 മാര്‍ച്ചില്‍ മഞ്ചാം കുഴി വീട്ടില്‍ ചെല്ലമ്മയെ വിവാഹം ചെയ്തു. തുടര്‍ന്ന് തെക്കെ വിളയിലേ കുന്നില്‍ പുതിയ വീടു വച്ച് താമസം തുടങ്ങി. പ്ലാവറത്തല എന്നായിരുന്നു വീട്ടു പേര്.
സഞ്ചാര സ്വാതന്ത്ര്യ സമരങ്ങള്‍
താണ ജാതിക്കാര്‍ക്ക് പൊതുവഴി നടക്കാനുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള അയ്യന്‍കാളിയുടെ സമരങ്ങള്‍ ചരിത്രപരമാണ്. അതില്‍ ആദ്യത്തെ തീരുമാനമായിരുന്നു വില്ലുവണ്ടി യാത്ര. മേല്‍ജാതിക്കാരും ജന്‍മികളുമൊക്കെയാണ് വില്ലുവണ്ടിയില്‍ യാത്ര ചെയ്യാറുള്ളത്. ഇതിനു വേണ്ടി കാളകളെ വാങ്ങി. അയ്യന്‍കാളിയുടെ വില്ലുവണ്ടിയില്‍ കാളകളെ തെളിച്ചത് കൊച്ചാപ്പിയായിരുന്നു. തീണ്ടാളന്റെ വില്ലുവണ്ടി യാത്ര കണ്ടു വെകിളി പിടിച്ച മേല്‍ജാതിക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ആ തടസ്സങ്ങള്‍ തൃണവല്‍ഗണിച്ചു കൊണ്ടു മുന്നേറി. കലികയറിയ മാടമ്പികള്‍ തീണ്ടാളരുടെ വീടുകള്‍ ആക്രമിച്ചു. അക്രമത്തെ പ്രതിരോധിക്കാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തു. സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യന്‍കാളിയും സംഘവും ബാലരാമപുരത്ത് പൊതുവഴി നടന്നു. അവര്‍ ചാലിയത്തെരുവില്‍ എത്തിയപ്പോഴും തടസ്സവും തുടര്‍ന്ന് സംഘട്ടനവുമുണ്ടായി. ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് കഴക്കൂട്ടം, നേമം, നെയ്യാറ്റിന്‍കര, അമരവിള, ആറാലുംമൂട്, പരശുവയ്ക്കല്‍, പെരുമ്പഴുതൂര്‍, പാറശ്ശാല, കണിയാപുരം എന്നിവിടങ്ങളിലൊക്കെ തീണ്ടാളര്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു പ്രക്ഷോഭം നടത്തി. ഇതിനിടെ ചായക്കടയില്‍ അയിത്തജാതിക്കാരോടുള്ള വിവേചനത്തിനെതിരേയും അയ്യന്‍കാളി പ്രക്ഷോഭത്തിനിറങ്ങി.
(തുടരും)