അയോദ്ധ്യ ജന്മഭൂമിയില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹാക്ഷേത്രം ഉയരാന്‍ പോകുന്നതിന് സാക്ഷ്യം വഹിക്കാന്‍ കാലാകാലങ്ങളായി കാത്തിരുന്ന ഭക്തവൃന്ദത്തിന് അഭിമാനനിമിഷമാണ് ഈ ഓഗസ്റ്റ് 5 ലെ പുണ്യമുഹൂര്‍ത്തം. ഈ അഭിമാനനിമിഷത്തിന് ലക്ഷങ്ങളുടെ ജീവത്യാഗവും മഹാതപസ്സും, കഠിനപ്രയത്‌നവും ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് സംഘത്തിന്റെ പുനലൂര്‍ ജില്ലയില്‍ നടന്നിട്ടുള്ള ഭൂതകാല പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഒരെത്തിനോട്ടമാണ് – സ്മരണയാണ് വളരെ സംക്ഷിപ്തമായ ഈ ലേഖനം.
1990 ഒക്‌ടോബര്‍ 10-ന് നിശ്ചയിച്ചിരുന്ന കര്‍സേവ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുതിയതായി രൂപംകൊണ്ട പുനലൂര്‍ ജില്ലയില്‍ വളരെ ഉത്സാഹത്തോടെ നടന്നു. ഈ ഉത്സാഹത്തേയും ആവേശത്തേയും കെടുത്തുന്നതിനു വേണ്ടി വെടിവയ്പും ലാത്തിചാര്‍ജ്ജും ലോക്കപ്പ് മര്‍ദ്ദനവും എല്ലാം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് നമ്മുടെ പ്രവര്‍ത്തനം മുന്നോട്ടുപോയി. ഈ ലേഖകന്‍ ഈ സമയത്ത് പുനലൂര്‍ ജില്ലാ കാര്യവാഹ് ആയിരുന്നു.
അയോദ്ധ്യയില്‍ നിന്നും അരണി കടഞ്ഞെടുത്ത ജ്യോതി വഹിച്ചുകൊണ്ടുള്ള രഥയാത്രാ
പര്യടനം, ദീപം പകരല്‍ (വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും) താലൂക്ക് കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍, വിജയയാത്രകള്‍, വമ്പിച്ച ബഹുജനപങ്കാളിത്തത്തോടുകൂടി ശിലാപൂജകള്‍, ഘോഷയാത്രകള്‍, രാമനാമജപയജ്ഞം, ജില്ല കേന്ദ്രീകരിച്ച് ഹിന്ദു മഹാസമ്മേളനം ഇവയെല്ലാം വിജയകരമായി നടന്നു.
കുളത്തൂപ്പുഴയില്‍ പോലീസ് വെടിവയ്പ്
അയോദ്ധ്യയില്‍ നിന്നും ജ്യോതിയും വഹിച്ചുകൊണ്ടുള്ള രഥയാത്രയ്ക്ക് കുളത്തൂപ്പുഴയില്‍ അഭൂതപൂര്‍വ്വമായ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ഭവനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ദീപം പകര്‍ന്നുനല്‍കി. ദീപം കെടാവിളക്കായി സൂക്ഷിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ധാരാളം അമ്മമാരും സഹോദരിമാരും കുട്ടികളും പങ്കെടുത്ത വന്‍ പരിപാടിയാണ് ഇവിടെ നടന്നത്.
സാമൂഹ്യവിരുദ്ധരുടെയും അസഹിഷ്ണുക്കളുടെയും അഴിഞ്ഞാട്ടം
രാമക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്ന ഒരുകൂട്ടം അസഹിഷ്ണുക്കളും, സാമൂഹ്യവിരുദ്ധരും ചേര്‍ന്ന് കുളത്തൂപ്പുഴ ഠൗണില്‍ ദീപങ്ങള്‍ സൂക്ഷിച്ചിരുന്ന കടകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച് വന്‍ നാശനഷ്ടങ്ങള്‍ വരുത്തി. അടുത്ത ദിവസം അതായത്, 1990 ഒക്‌ടോബര്‍ 18 ന് അക്രമത്തില്‍ പ്രതിഷേധിച്ച് സമാധാനപരമായ പ്രതിഷേധപ്രകടനം നടന്നു. ഇതില്‍ ധാരാളം അമ്മമാരും പങ്കെടുത്തിരുന്നു. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രതിഷേധക്കാര്‍ രാമനാമം ജപിച്ച് വളരെ ശാന്തരായി കുളത്തൂപ്പുഴ ഠൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രം ജംഗ്ഷനിലേക്ക് നീങ്ങി. പോലീസ് അവരെ പിന്തുടര്‍ന്നു. ക്ഷേത്രഭാഗത്ത് രാമനാമം ജപിച്ചുകൊണ്ടിരുന്ന നിരപരാധികളായ, ശാന്തരായ രാമഭക്തര്‍ക്കു നേരേ യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് തുരുതുരാ വെടിവച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസ് പാലിക്കേണ്ട ഒരു മാനദണ്ഡവും ഇവിടെ പാലിച്ചിരുന്നില്ല.
വെടിവയ്പില്‍ 21 വയസ്സുള്ള മണികണ്ഠന്‍ കൊല്ലപ്പെട്ടു. ഒരമ്മയുടെ ഏകമകനായിരുന്നു മണികണ്ഠന്‍. നിരവധിയാളുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ജീവച്ഛവങ്ങളായി ഇന്നും അവര്‍ ജീവിക്കുന്നു. തൊഴില്‍ ചെയ്യാന്‍ കഴിയാത്തതുമൂലം ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. ഇങ്ങനെയുള്ള നിസ്സഹായരുടെ പേര് ചുവടെ ചേര്‍ക്കുന്നു.
1) മുരളീധര കുരുക്കള്‍ (ഇടതുകൈമുട്ടിന് താഴെ തകര്‍ന്നു) 2) ജിതേന്ദ്രകുമാര്‍ (കൈയ്ക്ക് സ്വാധീനമില്ലാതെ കഴിയുന്നു) 3) മംഗലത്ത് മുരളീധരന്‍ (വയറ്റില്‍ ഗുരുതര പരിക്ക്) 4) തടത്തിവിള ബാബു (ഇടതുകാല്‍ത്തുട തകര്‍ന്നു), 5) ലോഡിംഗ് തൊഴിലാളി ബാബു (ഇപ്പോഴും വെടിയുണ്ട ഷോള്‍ഡറില്‍ പേറുന്നു 6) ഭാസ്‌ക്കരന്‍പിള്ള (കാലില്‍ ഗുരുതര പരിക്ക്).
പെട്ടിക്കട കൊണ്ടുപജീവനം നടത്തിയിരുന്ന രാധയെപ്പോലുള്ള നിരവധി പാവങ്ങളുടെ കൊച്ചുകൊച്ചു പെട്ടിക്കടകളും മുറുക്കാന്‍ കടകളും വലിച്ചെറിഞ്ഞു നശിപ്പിച്ചു. കുളത്തൂപ്പുഴ ക്ഷേത്രത്തിന്റെ മുന്നിലുള്ള പ്ലാവില്‍ വെടിയുണ്ട തറച്ച പാടുകള്‍ ഇപ്പോഴും നമുക്ക് കാണാം.
നേതാക്കളുടെ അറസ്റ്റ്
കുളത്തൂപ്പുഴ ഠൗണിലും മറ്റും കാര്യങ്ങള്‍ കൈവിടാതെ ജാഗ്രതയോടെ പ്രവര്‍ത്തിച്ച നേതാക്കന്മാരായ ഉണ്ണികൃഷ്ണന്‍, രാജേന്ദ്രന്‍, ബാലചന്ദ്രന്‍, ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റോഡില്‍ വച്ചും സ്റ്റേഷനില്‍ വച്ചും അതിക്രൂരമായി മര്‍ദ്ദിച്ചു. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് ഇവരുടെ പേരില്‍ കേസ്സെടുത്തു. 60 ദിവസത്തിലധികം ഇവര്‍ ജയിലില്‍ കഴിഞ്ഞു.
കര്‍സേവകര്‍
നിരവധിയാളുകള്‍ കര്‍സേവകരായി അയോദ്ധ്യയില്‍ പോയിട്ടുണ്ട്.
മാരൂര്‍ സുധാകരന്‍ (വാഹിനി പ്രമുഖ്), വിളക്കുടി അജിത് കുമാര്‍, കൊട്ടാരക്കര ശശി, പുന്നല ശ്രീധരന്‍ വൈദ്യന്‍, പുനലൂര്‍ മുരുകന്‍, കമുകുംചേരി വേലപ്പന്‍, പട്ടാഴി രാഘവന്‍പിള്ള സാര്‍, പന്തപ്ലാവ് ഗോപിനാഥന്‍പിള്ള, ഇവരെക്കൂടാതെയും കര്‍സേവകര്‍ അയോദ്ധ്യയില്‍ പോയിട്ടുണ്ട്.
ചിതാഭസ്മനിമഞ്ജനം കുളത്തൂപ്പുഴയില്‍
തര്‍ക്കമന്ദിരത്തിന്റെ മുകളില്‍ കയറി അതിസാഹസികമായി മകുടത്തില്‍ കാവിക്കൊടി പാറിച്ച കോത്താരി സഹോദരന്മാരുടെ ചിതാഭസ്മം ആദരപൂര്‍വം സ്വീകരിച്ച് വമ്പിച്ച ജനസാന്നിദ്ധ്യത്തില്‍ കുളത്തൂപ്പുഴ ഠൗണില്‍ രാമനാമജപഘോഷയാത്ര നടത്തി രാമനാമമന്ത്രമുഖരിതമായി അന്തരീക്ഷത്തില്‍ കുളത്തൂപ്പുഴ ശ്രീ ധര്‍മ്മശാസ്താവിന്റെ തിരുമുമ്പിലുള്ള കടവില്‍ നിമഞ്ജനം ചെയ്തു.
1992 ഡിസംബര്‍ 6-ാം തീയതി നടന്ന രണ്ടാം കര്‍സേവയില്‍ തര്‍ക്കമന്ദിരം തകര്‍ന്നുവീണു. തുടര്‍ന്ന് ഡിസംബര്‍ 10ന് നരസിംഹറാവു ഗവണ്‍മെന്റ് 9 സംസ്ഥാന ബി.ജെ.പി. സര്‍ക്കാരുകളെ പിരിച്ചുവിടുകയും ആര്‍.എസ്.എസിനെ നിരോധിക്കുകയും ചെയ്തു. നിരോധനസമയത്ത് ഈ ലേഖകനെ അറസ്റ്റ് ചെയ്തു. 16 ദിവസം കൊട്ടാരക്കര സബ്ജയിലില്‍ കഴിഞ്ഞു. കൂടാതെ എന്റെ മകന്റെ പഠനമുറി പോലീസ് പൂട്ടി സീല്‍ ചെയ്തു. നിരോധനം നീക്കി വളരെ കഴിഞ്ഞാണ് മുറി തുറന്നു കിട്ടിയത്. അതും അന്നത്തെ ഡി.ജി.പി. ജയറാംപടിക്കലിനെ കണ്ടതിനു ശേഷം മാത്രം.
1993 ജൂണ്‍ 13 ന് പഥസഞ്ചലനം – നിരോധനം. ലാത്തിചാര്‍ജ്ജ് – അറസ്റ്റ് – ലോക്കപ്പ് മര്‍ദ്ദനം
സംഘനിരോധനം നീക്കിയ 1992 ജൂണ്‍ 13 ന് ഹിന്ദുചേതനാദിനമായി – വിജയദിനമായി – ആഘോഷിക്കുന്നതിന് സര്‍കാര്യവാഹിന്റെ ആഹ്വാനമുണ്ടായിരുന്നു. ജില്ലാകേന്ദ്രങ്ങളില്‍ പഥസഞ്ചലനം നടത്തുവാനായിരുന്നു ആഹ്വാനം. അതനുസരിച്ച് നമ്മള്‍ പുനലൂരില്‍ വച്ച് പരിപാടി നടത്തുന്നതിന് നിശ്ചയിച്ചു. അന്നേ ദിവസം കൊല്ലം കളക്ടര്‍ ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് 93 ജൂണ്‍ 13 ന് വൈകിട്ട് 5 മണിക്ക് പുനലൂര്‍ പട്ടണത്തില്‍ പഥസഞ്ചലനം നടത്തി. വന്‍തോതില്‍ സ്വയംസേവകര്‍ നിര്‍ഭയരായി പോലീസ് ഭീഷണി
വകവയ്ക്കാതെ പഥസഞ്ചലനത്തില്‍ പങ്കെടുത്തു. 3 കേന്ദ്രങ്ങളില്‍ നിന്നാണ് സഞ്ചലനം
ആരംഭിച്ചത്. (പി.ഒ. ജംഗ്ഷന്‍, കൃഷ്ണന്‍ കോവില്‍, ശിവന്‍കോവില്‍ റോഡ്, ഓവര്‍ ബ്രിഡ്ജ്). സഞ്ചലനം വളരെയധികം മുന്നോട്ടു നീങ്ങി. പിന്നീട് സഞ്ചലനത്തില്‍ പങ്കെടുക്കാത്തവരേയും വിവിധ സ്ഥലങ്ങളില്‍ നിന്നും ബസുകളിലും മറ്റ് വാഹനങ്ങളിലും വന്നവരേയും പോലീസ് വളഞ്ഞിട്ട് പിടിച്ച് എല്ലാവരേയും പൊതിരെ തല്ലി. തുടര്‍ന്ന് എല്ലാവരേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പുതിയതായി നിര്‍മ്മിച്ച സ്റ്റേഷന്‍ കെട്ടിടത്തിലെ വലിയ ഹാളില്‍ നിലത്തു വെള്ളമൊഴിച്ചിട്ടിരുന്നു. പുറത്തുണ്ടായിരുന്ന നൂറുകണക്കിന് സ്വയംസേവകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് ഓടിച്ചു. തുടര്‍ന്ന് സ്റ്റേഷനിലുള്ള സ്വയംസേവകരെ നിഷ്ഠൂരമായി മര്‍ദ്ദിച്ചു. കബീര്‍ എന്ന പോലീസുകാരന്‍ ഒരു ട്യൂബ് ലൈറ്റ് ഒരു പ്രവര്‍ത്തകന്റെ തോളില്‍ അടിച്ചുപൊട്ടിച്ചു. പലരുടേയും ദേഹത്ത് കുത്തി പരുക്കേല്പിച്ചു. സ്വയംസേവകര്‍ വേദന കൊണ്ടു പുളഞ്ഞ് കൂട്ടനിലവിളി ഉയര്‍ന്നു.
ഇതിനിടയില്‍ ഡി.വൈ.എസ്.പി. ശശിധരന്‍ ”ആ ദിവാകരനെ” ഇങ്ങു കൊണ്ടു വാ എന്നാജ്ഞാപിച്ചു. അപ്പോഴേയ്ക്കും ”അദ്ദേഹം ഞങ്ങളുടെ ജില്ലാ കാര്യവാഹാണ്, തൊട്ടുപോകരുത്” എന്നുപറഞ്ഞ് എന്റെ ചുറ്റും സ്വയംസേവകര്‍ വലയം തീര്‍ത്തു. ഈ സമയം ക്രുദ്ധനായ ഡി.വൈ.എസ്.പി. ഒരു പോലീസുകാരനില്‍ നിന്നും ലാത്തി വാങ്ങി അടിക്കാന്‍ തുടങ്ങി. അതോടൊപ്പം പോലീസുകാരും നരനായാട്ട് തുടങ്ങി. ഈ സമയം എന്റെ അടുത്തു നിന്നിരുന്ന കുളത്തൂപ്പുഴ എസ്.ഐ. ശിവകുമാര്‍ വടി കൊണ്ട് എന്റെ തലയില്‍ 3 അടി അടിച്ചു. ഞാന്‍ തല പൊത്തി ഇരുന്നുപോയി. തലയില്‍ നിന്നും രക്തമൊലിച്ചു.
ഇതിനു ശേഷം ഞാനുള്‍പ്പെടെ പരിക്കേറ്റ 25 പേരെ പുനലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പുനലൂരിനു ചുറ്റുമുള്ള പോലീസ് സ്റ്റേഷനുകളില്‍ പാര്‍പ്പിച്ചു. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി.
കിരാതമായ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം കൊല്ലം ജില്ലയാകെ ഹര്‍ത്താല്‍ ആചരിച്ചു. വൈകിട്ട് പുനലൂര്‍ കെ.എസ്.ആര്‍.റ്റി.സി. ജംഗ്ഷനില്‍ ഡോ. സീതാറാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്വര്‍ഗ്ഗീയ കെ.ജി.മാരാര്‍ജിയും കെ.രാമന്‍പിള്ള സാറും പങ്കെടുത്ത് സംസാരിച്ചിരുന്നു. വമ്പിച്ച ജനക്കൂട്ടം ശ്രോതാക്കളായുണ്ടായിരുന്നു.
ധീര ബലിദാനിയായ കുളത്തൂപ്പുഴ മണികണ്ഠനേയും ജീവച്ഛവങ്ങളായി ഇന്നും ജീവിക്കുന്ന എന്റെ സഹപ്രവര്‍ത്തകരേയും ക്രൂരമര്‍ദ്ദനത്തിന് വിധേയരായ മറ്റനേകരേയും ഇത്തരുണത്തില്‍ ആദരപൂര്‍വം സ്മരിക്കുന്നു