തിന്നും കുടിച്ചും രമിച്ചും മദിച്ചും അവസാനം ചാവാന്‍ വേണ്ടിയുള്ള ഒരു ജീവിതത്തിന്റെ ആരംഭം – അതാണ് ഒരു മനുഷ്യജന്‍മത്തിന്റെ പ്രസക്തി. അതിലപ്പുറമെന്താണ് ജീവിതം? വെറുതെ ഇരിക്കുമ്പോള്‍ ആണ്ടവന്‍ ആലോചിക്കാറുണ്ട്. ജനിപ്പിച്ചവര്‍ ഒരു പഴം തുണിയെപ്പോലെ ഉപേക്ഷിച്ച് കടന്നുപോയിട്ടും ജീവിക്കാനായിരുന്നു വിധി. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ചോപ്പന്‍ വേലായുധന്റേയും കല്ല്യാണിയുടേയും മകനായി. ഈ കുമരമംഗലത്ത്. അല്ല കോരങ്ങത്ത് — ആണ്ടവന്റെ പഴണിയില്‍ നിന്ന് മംഗലസ്വരൂപിയായ കുമാരന്റെ തിരുസന്നിധിയിലേക്കുതന്നെ – ഒരിക്കലും ഉപേക്ഷിച്ച അച്ഛനമ്മമാരോട് അയാള്‍ക്ക് ദേഷ്യം തോന്നിയിട്ടില്ല. അല്ലെങ്കിലും അവരെ കുറിച്ച് ചിന്തിക്കുവാന്‍ വേലായുധന്‍ ചോപ്പന്‍ ഒരവസരം നല്‍കിയിട്ടില്ല. എന്നിട്ടും ഇടയ്ക്ക് രാത്രിയില്‍ ഒരു പേക്കിനാവുപോലെ അമ്മ വന്ന് വിളിക്കുന്നത് ആണ്ടവന്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ ഞെട്ടിയുണര്‍ന്നിട്ടുമുണ്ട്. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അവര്‍ ഉപേക്ഷിച്ചത് നന്നായി എന്നേ തോന്നിയിട്ടുള്ളു. അല്ല അവരെ താനുപേക്ഷിച്ചത്. അല്ലെങ്കിലും ഒരു ജന്‍മത്തിന്റെ കണക്കെടുത്തു നോക്കിയാല്‍ എല്ലാം ലാഭമാണ്. പക്ഷെ അതാരും സമ്മതിക്കാറില്ല എന്ന് മാത്രം. മനുഷ്യന് എന്നും നഷ്ടത്തിന്റെ കണക്കേ അറിയു- അവനെപ്പോഴും നഷ്ടത്തെ കുറിച്ചേ സംസാരിക്കു- പക്ഷെ ജീവിതം തന്നെ ഒരു ലാഭമാണെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും അവന് മരിയ്ക്കാറായിരിക്കും. അപ്പോള്‍ ആ ലാഭം ആസ്വദിക്കുവാനും കഴിയില്ല. ഓര്‍മ്മകളുടെ കയറ്റു കട്ടിലില്‍ കയറി കിടക്കുന്നത് ആണ്ടവന് എന്നും പ്രിയങ്കരമാണ്. ചെറുപ്പകാലത്തെ കുറിച്ചുള്ള ചെറിയ ഓര്‍മ്മകളേ അയാള്‍ക്കൊള്ളു – യഥാര്‍ത്ഥ അച്ഛനെയും അമ്മയേയും കുറിച്ച് – അവ്യക്തമായ ചില ഓര്‍മ്മകള്‍ – പക്ഷെ അത് – അത് മാത്രം മതി അത് തന്നെ ധാരാളം.
കഥകള്‍ മധുരതരമാണ്. പക്ഷെ അവനവന്റെ കഥ ആര്‍ക്കും മധുരിക്കില്ല – ആണ്ടിയ്ക്കും അങ്ങനെ തന്നെ – ആണ്ടി എന്ന് കാരണവന്‍മാര്‍ വിളിയ്ക്കുമ്പോള്‍ എന്തോ ഒരു പേടി തോന്നാറുണ്ടായിരുന്നു അയാള്‍ക്ക്. കാരണം ഓര്‍മയില്‍ ഒരു ഗ്രാമം നിഴല്‍ വിരിച്ചു നില്‍ക്കുന്നുണ്ട്. ആണ്ടിപ്പെട്ടി. – പഴണിയില്‍ നിന്ന് കുറച്ചേറെ ദൂരമുണ്ട്. ആ ഗ്രാമത്തിലെത്താന്‍ – അത് തന്നെ വിടാതെ പിന്‍തുടരുന്നതുപോലെ, ആ വിളി ആദ്യ കാലങ്ങളില്‍ അസ്വസ്ഥത ഉളവാക്കിയിരുന്നു. ഇപ്പോഴല്ല പണ്ട് –
പിന്നെ ഒരിക്കല്‍ അവിടെ ഒന്ന് കാണണമെന്ന് തോന്നി. പോയി, പക്ഷെ –
ജന്‍മാന്തരങ്ങളുടെ ഭാണ്ഡം അത് വെറുതെ തലയില്‍ കയറ്റിവച്ചിരിക്കുകയാണ് ഓരോരുത്തരും. എത്രവലിച്ചെറിഞ്ഞാലും പാരമ്പര്യത്തിന്റെ ഏതെങ്കിലും ഒരുകണം നമ്മെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെ ഒന്ന് തന്നെയും പിന്‍തുടരുന്നുണ്ടെന്ന് വളരെ വൈകിയാണറിഞ്ഞ്. എത്ര ശ്രമിച്ചിട്ടും പറിച്ചെടുക്കാനാകാത്ത ഒരു കണിക. ആ കണിക ചിലപ്പോള്‍ സ്ഥലകാല ബോധമില്ലാതെ ഉണര്‍ന്നു വരും. അപ്പോള്‍ പിന്നെ പറയുന്നതും ചെയ്യുന്നതുമൊന്നും എന്താണെന്നറിയില്ല. എന്തിനാണെന്നറിയില്ല. അത്തരം ചെയ്തികളുടെ ചങ്ങലകളില്‍ തളച്ചിട്ടിരിക്കുകയാണ് തന്റെ ജീവിതമെന്ന് ആണ്ടവനറിയാം. ആ ചങ്ങലയുണ്ടാക്കിയ വ്രണങ്ങള്‍ പഴുത്ത് പുഴുവരിച്ച് ദുര്‍ഗന്ധമുള്ള ചോരയും ചലവും ഒലിക്കുമ്പോള്‍ അസഹ്യമായ വേദന കൊണ്ട് പിടഞ്ഞു കരയാറുണ്ട്. ഹൃദയം നുറുങ്ങിയുള്ള ആ കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഇടയ്ക്ക് അത് പുറത്ത് ചാടുക തന്നെ ചെയ്യും. ജരാനര ബാധിച്ച മനസ്സുമായി ഇനിയും അരങ്ങത്ത് നില്‍ക്കുന്നത് ശരിയല്ല. പിഴച്ചതാളങ്ങളില്‍ വേച്ച് വേച്ച് വീഴുന്നതു വരെ കാത്തിരിക്കുവാനും വയ്യ- അതിന് മുമ്പ് അയാളെ ഒന്ന് കാണണം. അത് വല്ലാത്ത ഒരാഗ്രഹമായിരുന്നു. അതുകൊണ്ടാണ് അയ്യപ്പന്‍ നായരോട് പറഞ്ഞത്. ‘അയ്യപ്പന്‍ നായരേ തീരെ സുഖം ല്യ – പോവാറായീന്ന് ആരോ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേള്‍ക്കാറുണ്ട്. അതിന് മുമ്പ് ഏഴൂര്‍ മനയ്ക്കലെ ഉണ്ണിനമ്പൂരിയെ ഒന്നു കാണണം. അവസാനത്തെ ആഗ്രഹം ന്ന് തന്നെ പറയാം. ഒന്ന് സഹായി യ്‌ക്കോ?’ അയ്യപ്പന്‍ നായരോട് പറയാം. അല്ലങ്കില്‍ അയാളോടേ പറയാന്‍ കഴിയു! അയ്യപ്പന്‍ നായര്‍ കുറച്ചുനേരം ഒന്നു മിണ്ടാതെ ആണ്ടവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി. പുച്ഛമോ പരിഹാസമോ തോന്നുമെന്നാണ് പ്രതീക്ഷിച്ചത്. തെറ്റി. സഹതാപം മാത്രമായിരുന്നു ആ നോട്ടത്തില്‍. ‘അത് – അതിപ്പൊ എന്ത് പറഞ്ഞിട്ടാ ആ കുട്ടിയെ വിളിച്ച് വര്ത്താ ?’ അയ്യപ്പന്‍ നായര്‍ക്ക് അതായിരുന്നു സംശയം. – ‘എന്ത് പറഞ്ഞിട്ടായാലും വേണ്ടില്യ നിക്ക് ഒന്നു കണ്ടേ പറ്റു. – എന്തെങ്കിലും ഒരു വഴി ണ്ടാക്കിത്തരണം -‘യാചനയുടെ സ്വരമായിരുന്നു അത്. അയ്യപ്പന്‍ നായര്‍ക്ക് അത് മനസ്സിലാവുകയും ചെയ്തു. ‘ആത്തേരോട് ഒന്ന് ചോദിക്കട്ടെ. തിരുമേനിണ്ടായിരുന്നു ച്ചാല്‍ ഒരു ബുദ്ധിമുട്ടും ണ്ടായിരുന്നില്ല. എന്തായാലും ഞാന്‍ ശ്രമിക്കാം ‘അയ്യപ്പന്‍ നായര്‍ കൈയൊഴിഞ്ഞില്ല. ഇന്നലെ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘എന്തായാലും രണ്ടീസത്തിനുള്ളില്‍ വരും – വിളിച്ച് പറഞ്ഞിട്ടുണ്ട്. ‘
വരും എന്ന് കേട്ടപ്പോഴാണ് വല്ലാത്ത ഒരാധി കേറിയത്. എന്താ പറയാ – എന്തിനാ വിളിച്ചൂന്ന് ചോദിച്ചാല്‍, ചിന്തകളുടെ ചങ്ങല പൊട്ടിയിരുന്നു – അറപ്പും വെറുപ്പും തോന്നുന്ന ചിന്തകള്‍ ഉരഗങ്ങളെപ്പോലെ ശരീരമാകെ ഇഴഞ്ഞ് നടക്കുന്നത് അയാള്‍ അറിഞ്ഞു. ഒരു നിമിഷം അയാള്‍ ഏഴൂര്‍ മനയ്ക്കലെ ഭവത്രാതന്‍ നമ്പൂരിയെ കുറിച്ച് ഓര്‍മ്മിച്ചു. സ്‌കൂളിലും കോളേജിലും ഒന്നിച്ച് പഠിച്ചവരാണ്. മുത്തനമ്പൂരിയുടെ നിര്‍ബന്ധം കാരണമാണ് തനിക്ക് പഠിക്കാന്‍ തന്നെ കഴിഞ്ഞത്. വല്യ തിരുമേനി എന്ന് നാട്ടുകാര്‍ മുഴുവന്‍ വിളിച്ചിരുന്ന നീലകണ്ഠന്‍ നമ്പൂതിരി വലിയ വേദ പണ്ഡിതനായിരുന്നു. ജാതി ബോധമോ ഉച്ചനീചത്വമോ തൊട്ടു തീണ്ടാത്ത പരമ സാത്വികന്‍. അദ്ദേഹത്തിന്റെ മകന്‍ ഭവത്രാതന്റെ കൂടെ തന്നെയും പഠിപ്പിക്കണമെന്ന് വേലായുധന്‍ ചോപ്പനെ നിര്‍ബന്ധിച്ചത് വല്യ തിരുമേനി ആയിരുന്നു. ‘മിടുക്കനാണവന്‍. അവന്‍ നാലക്ഷരം പഠിക്കട്ടെ – ഇനിയുള്ള കാലത്ത് വിദ്യാഭ്യാസം നിര്‍ബന്ധമാണ്.’ എന്ന് വേലായുധന്‍ ചോപ്പനെ എപ്പോഴും അദ്ദേഹം ബോധിപ്പിച്ചു കൊണ്ടേയിരുന്നു. വല്യ തിരുമേനി പറഞ്ഞാല്‍ അത് വേദവാക്യമായിരുന്നു വേലായുധന്‍ ചോപ്പന്. ഇന്റര്‍ മിഡിയേറ്റ് കഴിഞ്ഞപ്പോള്‍ ആയുര്‍വേദം പഠിപ്പിച്ചാലോ എന്ന ഒരു തോന്നല്‍ ചോപ്പനുണ്ടായിരുന്നു. കുലത്തൊഴിലായ വൈദ്യം വിട്ടു പോവാതിരിക്കാന്‍ ഒരു വഴി എന്നായിരിക്കണം അദ്ദേഹം ചിന്തിച്ചത്. വല്യമ്പൂരി പറഞ്ഞു. ‘അവന്‍ കോളേജില്‍ പോവട്ടെ. നമ്മുടെ നാട്ടില്‍ മണ്ണാന്‍ സമുദായത്തില്‍ നിന്ന് ആദ്യത്തെ ഡിഗ്രിക്കാരനായി അവന്‍ വരട്ടെ.’ഡിഗ്രി കഴിഞ്ഞിട്ട് എന്താ കാര്യം എന്നൊന്നും വേലായുധന്‍ ചോപ്പനറിയില്ല. പക്ഷെ തന്റെ മകന്‍ പഠിച്ച് വല്യാളാവണം എന്ന് അയാള്‍ക്കും ആഗ്രഹമുണ്ടായി രുന്നു. പിന്നെ തിരുമേനി പറഞ്ഞാന്‍ അതിനെതിര്‍വാക്കുമില്ല. കോളേജില്‍ നിന്ന് അപേക്ഷോ ഫോറം വരുത്തിച്ചതും പൂരിപ്പിച്ചതും അയച്ചതും തിരുമേനി തന്നെ. മകന്‍ ഭവത്രാതനും ആണ്ടവനും ഒരുമിച്ചാണ് കോളേജിലും ചേര്‍ന്നത്. എല്ലാം പഴയ കാലം. ഇന്ന് ഇപ്പോള്‍ വല്യനമ്പൂതിരിയുടെ പേരക്കുട്ടി ഇല്ലത്തെ കുട്ടി എന്ന് എല്ലാവരും വിളിയ്ക്കുന്ന സ്‌കന്ദന്‍ നമ്പൂതിരി എഞ്ചിനീയറിംഗ് ബിരുദത്തിന് പഠിക്കുകയാണ്. അത് കാണാന്‍ വല്യ നമ്പൂതിരിയൊ ഭവത്രാതനോ ഇന്നില്ല. വല്യ നമ്പൂരിയുടെ വേളി ഇല്ലത്തിന്റെ അകത്ത് എവിടെയോ പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ടെത്രെ. വല്യ നമ്പൂതിരി മരിച്ചതില്‍ പിന്നെ അവരെ ആരും പുറത്തെങ്ങും കണ്ടിട്ടില്ല. ഇപ്പോള്‍ പിന്നെ ആ വഴിയ്‌ക്കൊന്നും പോകാറുമില്ല. പൊതുവേ നടക്കാന്‍ പ്രയാസമുണ്ട്. ഇപ്പോള്‍ തീരെ വയ്യാതെയും ആയി. ഇനി സമയം നോക്കി കിടക്കുക തന്നെ. അടുത്ത വീട്ടിലെ ശങ്കരന്റെ കെട്ട്യോളും കുട്ട്യോളും ഉള്ളത് കൊണ്ട് സമയത്തിന് ഭക്ഷണം കിട്ടും. അടിച്ചുവാരലും അലക്കലും ഒക്കെ അവര്‍ ചെയ്യുന്നുണ്ട്. അവര്‍ തനിക്കാരാ – എന്ന് ചോദിച്ചാല്‍ ആര്‍ക്കും ആരും ഒന്നുമല്ല എന്ന് മാത്രമാണുത്തരം. അല്ലെങ്കില്‍ വേലായുധന്‍ ചോപ്പന് താനാരാണ് ? ഇല്ലത്തുള്ളവര്‍ക്ക് അയ്യപ്പന്‍ നായരരാണ്? ഒക്കെ ഒരു നിയോഗമാണ്. ഒരു ജന്‍മത്തിന് ഒരു പാട് നിയോഗങ്ങളുണ്ട്. നിയോഗങ്ങള്‍ക്കനുസരിച്ചാണ് കര്‍മ്മങ്ങള്‍ – തന്റെ നിയോഗവും കര്‍മ്മവും അവസാനിക്കാറായിരിക്കുന്നു. അതെ – അവസാനിക്കേണ്ടത് അവസാനിക്കുക തന്നെ വേണം. വലിച്ചു നീട്ടുന്നതിന്നതിനനുസരിച്ച് എന്തിനും ബലക്ഷയം സംഭവിയ്ക്കും. തന്റെ അവസാനത്തിന്റെ ആരംഭമായി എന്ന് മനസ്സിന്നകത്തിരുന്ന് ആരൊക്കെയൊ പറയുന്നുണ്ട്. ഒരവസാനം മറ്റു പലതിന്റേയും ആരംഭം കൂടിയാണല്ലോ. പഴുത്ത് ചീഞ്ഞാലും അടര്‍ന്ന് വീഴാന്‍ മടിച്ച് മരുത്തോട് പറ്റിപ്പിടിയ്ക്കുന്ന ഫലങ്ങള്‍ ചീഞ്ഞളിഞ്ഞ് ആര്‍ക്കും ഉപയോഗമില്ലാതെയാവും. പാകമാകുമ്പോള്‍ വീഴണം. അപ്പോള്‍ ആര്‍ക്കും ശല്യമാവാതെയെങ്കിലും മാറാന്‍ കഴിയും.പല പ്രാവശ്യം ഹരിച്ചും ഗുണിച്ചും അയാള്‍ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടായിരുന്നു. അതോടെ ആഴക്കടലിന്റെ ഒരു ശാന്തത അയാളുടെ മുഖത്തും തെളിഞ്ഞു കണ്ടിരുന്നു.
(തുടരും)