ലോകം കൊറോണ വൈറസിനെതിരെ പടപൊരുതുന്ന ഈ വേളയില്‍ ഭാരത-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം വലിയ പ്രാധാന്യത്തോടെയാണ് ആഗോളസമൂഹം വീക്ഷിക്കുന്നത്. ഗല്‍വാന്‍ താഴ്വരയില്‍ ഭാരതത്തിനായി ഇരുപത് സൈനികര്‍ ജീവനര്‍പ്പിച്ചപ്പോള്‍ ചൈനയ്ക്ക് മുപ്പത്തഞ്ച് മുതല്‍ അന്‍പത് പട്ടാളക്കാരെ വരെ നഷ്ടമായി എന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതത്തിന്റെ ഭാഗമായ കാലാപാനി, ലിപുലേഹ്, ലിംബിയാധുര എന്നീ പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ച് നേപ്പാള്‍ പുതിയ മാപ്പ് തയ്യാറാക്കിയതും ബംഗ്ലാദേശില്‍ ചൈന അന്തര്‍വാഹിനി നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചതും മറ്റും ഒറ്റതിരിഞ്ഞ സംഭവവികാസങ്ങളായി കാണാന്‍ കഴിയില്ല. ആഗോള വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന വസ്തുത അംഗീകരിക്കുന്നതിനോടൊപ്പം, അതിന്റെ കാരണങ്ങളും വരാനിരിക്കുന്ന ഫലങ്ങളും വിശകലനം ചെയ്യുകയാണ് ഈ ലേഖനം.
മാറുന്ന ലോകക്രമം
ശീതയുദ്ധത്തിനും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും ശേഷം അമേരിക്ക എന്ന ലോകശക്തിയെ ആശ്രയിച്ചുനിന്ന ആഗോളരാഷ്ട്രീയത്തിന്റെ സ്വഭാവം ചൈനയുടെ വരവോടുകൂടി മാറിത്തുടങ്ങിയിരുന്നു. 9/11 ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ തുടരുന്ന യുദ്ധത്തില്‍ വലിയ സാമ്പത്തിക നഷ്ടം അമേരിക്കയ്ക്ക് സംഭവിച്ചിട്ടുണ്ട്. എത്രയും വേഗം അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള സാധ്യത ഒബാമയുടെ കാലം തൊട്ടേ അമേരിക്ക ആരാഞ്ഞിരുന്നു. ഇപ്പോള്‍ ഖത്തറില്‍ താലിബാനുമായി തിടുക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സമാധാനകരാര്‍ വരെ എത്തി കാര്യങ്ങള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തെറ്റായ നയങ്ങളും അമേരിക്കയുടെ തകര്‍ച്ചയെ അഭിമുകീകരിക്കുന്ന സാമ്പത്തികരംഗവും ലോക രാജ്യങ്ങള്‍ക്കിടയില്‍ അവരുടെ താരമൂല്യം നന്നേ കുറച്ചിട്ടുണ്ട്. അവിടെയാണ് ചൈന അപകടമാം വിധം കൈകടത്തല്‍ നടത്തുന്നത്.
അമേരിക്കയുടെ ജി.ഡി.പി 22 ലക്ഷം യു.എസ് ഡോളേഴ്സ് ആണ്, ചൈനയുടേതാകട്ടെ 14 ലക്ഷം യു.എസ്.ഡിയും (ഇന്ത്യയുടേത് 3 ലക്ഷം യു.എസ്.ഡി ആണ് ). പക്ഷെ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് അമേരിക്കയുടേതിലും വളരെ കൂടുതലാണ്. മൂന്നാം ലോക രാജ്യങ്ങളിലേക്ക് കടമായും പ്രൊജക്റ്റ് നിക്ഷേപമായും വലിയ തുകയാണ് ചൈന നല്‍കുന്നത്. അവരുടെ കടക്കെണിയില്‍ (Debt trap) ചെറുരാജ്യങ്ങളെ പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ചൈന ഇങ്ങനെ ചെയ്യുന്നത്. എന്ത് വിലകൊടുത്തും പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (OBOR) സാക്ഷാത്കരിക്കുക എന്ന ഉദ്ദേശവും ചൈനയ്ക്കുണ്ട്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ (POK) കൂടി ചൈന-പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോറും (CPEC) അണിയറയില്‍ തയ്യാറാകുന്നുണ്ട്. 62 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഈ പദ്ധതിക്കായി ചൈനീസ് ഭരണകൂടം മാറ്റിവെച്ചിട്ടുള്ളത്. ഭാരതത്തിന്റെ ഭാഗമായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലൂടെ ഈ പദ്ധതി കടന്നുപോകുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് ഭാരതം ഈ പദ്ധതിയില്‍ നിന്ന് മാറിനില്‍ക്കുകയാണ്.
പ്രദേശത്തെ ഒട്ടുമിക്ക രാജ്യങ്ങളുമായും ചൈനയ്ക്ക് അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ജപ്പാന്‍, ഫിലിപ്പിയന്‍സ്, വിയറ്റ്‌നാം, സൗത്ത് ചൈനാ കടലിലെ മറ്റു രാജ്യങ്ങള്‍ എന്നവ അതില്‍ ഉള്‍പ്പെടുന്നു. ലോകം കൊറോണ വൈറസിന്റെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് ചൈന അവരുടെ അതിര്‍ത്തികളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഏഷ്യയിലെ വലിയ ശക്തിയായ ഭാരതത്തിന്റെ വളര്‍ച്ചയെ തടയുക എന്ന ലക്ഷ്യത്തോടെ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്ട്രിംഗ് ഓഫ് പേള്‍സ് (String of Pearls). മറ്റുരാജ്യങ്ങളിലുള്ള തങ്ങളുടെ സൈനിക, വാണിജ്യ തുറമുഖങ്ങള്‍/കേന്ദ്രങ്ങള്‍ ഉപയോഗിച്ച് ഭാരതത്തെ വലയം ചെയ്യുക എന്നതാണ് ഈ പദ്ധതികൊണ്ട് ചൈന ലക്ഷ്യം വെയ്ക്കുന്നത്. വര്‍ധിച്ച സൈനികബലവും കുതിച്ചുയരുന്ന സാമ്പത്തിക മേഖലയും ചൈനയുടെ കരുത്താണ്. അനിയന്ത്രിതമായി ഉയരുന്ന ചൈനയുടെ കരുത്ത് തടുക്കണമെങ്കില്‍ ഭാരതം കൂടിയേ തീരൂ എന്ന തിരിച്ചറിവാണ് ലോക രാജ്യങ്ങള്‍ക്ക് ഇന്നുള്ളത്. അതിനാലാണ് അമേരിക്ക-ഓസ്ട്രേലിയ-ജപ്പാന്‍-ഭാരത സഖ്യം നിലവില്‍ വന്നതും ജി-7 -ല്‍ ഭാരതം കൂടി അംഗമാകണം എന്ന് അമേരിക്ക ആഗ്രഹം പ്രകടിപ്പിക്കുന്നതും.
ഇന്ത്യ – ചൈന ബന്ധം സാധ്യമോ ?
90 ബില്യണ്‍ യു.എസ് ഡോളറിന്റെ വാണിജ്യമാണ് ഭാരതവും ചൈനയും തമ്മിലുള്ളത്. അതിലും 63 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി ചൈനയ്ക്കനുകൂലമായുണ്ട്. ചൈന ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നാണ് ഭാരതം. ഗല്‍വാന്‍ താഴ്വരയിലെ പട്ടാള സംഘര്‍ഷത്തിനുശേഷം ഭാരതത്തില്‍ #BoycottChina എന്ന ക്യാമ്പയിന്‍ വലിയ ജനപിന്തുണ ലഭിച്ചിരുന്നു. സംഭവത്തിന്റെ ദിവസങ്ങള്‍ക്ക് ശേഷം ഛിലജഹൗ െഎന്ന ചൈനീസ് കമ്പനിയുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുപോകുന്നതും നമ്മള്‍ കണ്ടു. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ സമഗ്രാധിപത്യമാണ് എന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചുകൂടാ. നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാമഗ്രികളില്‍ വലിയൊരുശെതമാനം ചൈനയില്‍ നിന്നുള്ള ഇറക്കുമതികളാണ്. ചൈനീസ് ഉല്‍പന്നങ്ങളെല്ലാം നിരോധിക്കണം എന്ന ആശയം തികച്ചും വൈകാരികമാണ്, അതിനാല്‍ തന്നെ ഈ ഒരു നിമിഷത്തില്‍ അത് പ്രയോഗികമല്ലതാനും. അത് വര്‍ഷങ്ങള്‍ വേണ്ടിവരുന്ന ഒരു പ്രക്രിയയാണ്. കൊറോണയുടെ ഉത്ഭവത്തിനിശേഷം നൂറുകണക്കിന് വിദേശ കമ്പനികളാണ് അവരുടെ നിര്‍മ്മാണശാല ചൈനയില്‍ നിന്ന് മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റാന്‍ തയ്യാറെടുക്കുന്നത്. വലിയ സാധ്യതയാണ് അത് ഭാരതത്തിന് മുന്നില്‍ തുറന്നിടുന്നത്.
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ചൈന വലിയ ഒരു വിലങ്ങുതടിയാണ്. ആഗോള ഭീകരവാദത്തിന്റെ ഉത്ഭവസ്ഥാനമായ പാക്കിസ്ഥാന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകവഴി അവരുടെ ലക്ഷ്യം ഭാരതം തന്നെയാണ്. ജെയ്ഷെ മൊഹമ്മദ് (JeM) ഭീകരവാദി മസൂദ് അസറിനെ തീവ്രവാദിയായി യുണൈറ്റഡ് നേഷന്‍സ് (UN) പ്രഖ്യാപിക്കുന്നത് ആദ്യം ചൈന എതിര്‍ത്തിരുന്നു. പിന്നീട് ആഗോള സമ്മര്‍ദത്തിന്റെ ഫലമായി അവര്‍ക്കാ എതിര്‍പ്പ് പിന്‍വലിക്കേണ്ടിവന്നു. വലിയ തോതിലുള്ള സാമ്പത്തിക നിക്ഷേപങ്ങള്‍ പാക്കിസ്ഥാനില്‍ ചൈന നടത്തിയിട്ടുണ്ട്. അതില്‍ സി.പി.ഇ.സിയും ഗ്വാദര്‍ തുറമുഖവും ചിലതുമാത്രമാണ്. പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ ലോഞ്ച്പാഡുകളില്‍ നിന്ന് ലഷ്‌കര്‍ തീവ്രവാദികള്‍ ഭാരതത്തിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ ഭാരതത്തിന്റെ കരസേന ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍, സേനയുടെ ശ്രദ്ധ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ അതിര്‍ത്തിയിലേക്ക് തിരിച്ചുവിട്ട് തീവ്രവാദികളുടെ നുഴഞ്ഞുകടത്തല്‍ സുഗമമാക്കാനുള്ള ശ്രമമാണോ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് എന്ന് സംശയിച്ചുപോയാലും അതില്‍ തെറ്റില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതും ചൈനയെ ചൊടിപ്പിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കണ്ടു. ഒരു പരമാധികാര രാജ്യമായ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ചൈന ഉല്‍ഘണ്ഠപ്പെടേണ്ടതില്ലല്ലോ! ചൈന കയ്യടക്കിവെച്ചിട്ടുള്ള അക്‌സായി-ചിന്‍ പ്രദേശം ഭാരതത്തിന്റേതാണെന്നും അത് തിരിച്ചുപിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഉള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ ചൈന ആശങ്കപ്പെടുന്നുണ്ട് എന്നത് തീര്‍ച്ചയാണ്.
ഹാര്‍വാഡ്, യേല്‍ സര്‍വകലാശാലകള്‍ക്ക് ചൈനയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഫണ്ടിംഗ് ലഭിക്കുന്നുണ്ട് എന്ന് അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ വാര്‍ത്ത വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ബി.ബി.സി മുതലായ ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. ഭാരതത്തിലും അരങ്ങേറുന്ന പല സമരകോലാഹലങ്ങളുടെ സാമ്പത്തികസ്രോതസ്സ് പരിശോധിച്ചാല്‍ അത് ചൈനയിലേക്ക് നീണ്ടുപോകും. മനുഷ്യാവകാശത്തെ പറ്റി ഘോരം ഘോരം പ്രസംഗിക്കുന്ന പല ബുദ്ധിജീവികളും ചൈനീസ് ഭരണകൂടം നടത്തുന്ന നരനായാട്ടിനെപ്പറ്റി നിശബ്ദത പുലര്‍ത്തുന്നു. കാശ്മീര്‍ വിഷയത്തില്‍ ചന്ദ്രഹാസമെടുക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (OIC)) ചൈനയിലെ ഷിന്‍ജിയാങ് പ്രാവശ്യയിലെ ഉയ്ഗര്‍ മുസ്ലിങ്ങളോട് അവിടുത്തെ സര്‍ക്കാര്‍ കാട്ടുന്ന വിവേചനങ്ങളെക്കുറിച്ചു സംസാരിക്കില്ല.അതാണ് ധനത്തിന്റെ ശക്തി !
ചൈന സോഷ്യലിസ്റ്റ് രാജ്യമായ ഭാരതത്തെ ഒരിക്കലും ആക്രമിക്കില്ല എന്ന നെഹ്രുവിന്റെ മിഥ്യാധാരണയാണ് 1962-ലെ വലിയ പരാജയത്തിലേക്ക് നമ്മെ നയിച്ചത്. അതിനുശേഷം 1967-ല്‍ സിക്കിമിലെ നാതുല പാസ്സിലും 1975 -ല്‍ അരുണാചലിലെ തുളുങ്-ല യിലും ചൈനയും-ഭാരതവും സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടു. 2017-ല്‍ ഡോക്ക്‌ലാമിലും സംഘര്‍ഷമുണ്ടായി എങ്കിലും അത് സൈനികരുടെ മരണത്തില്‍ കലാശിച്ചിരുന്നില്ല. ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രു പാക്കിസ്ഥാന്‍ ആണ് എന്ന ധാരണ വളര്‍ത്തിയെടുക്കുന്നതില്‍ കാലാകാലങ്ങളായി രാഷ്ട്രീയനേതൃത്വം ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ചൈന നിശബ്ദമായി അവരുടെ അതിര്‍ത്തികളില്‍ റോഡ് ഉള്‍പ്പെടെ ഉള്ള സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടേയിരുന്നു. ഭാരതം അതിര്‍ത്തി റോഡുകളുടെ കാര്യത്തില്‍ തുലോം പിന്നിലാണെന്ന് 2013-ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി പാര്‍ലമെന്റില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇപ്പോഴും ചൈനയുടെ ഭാഷ സംസാരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2008-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒപ്പിട്ട ഒരു ധാരണാപത്രത്തിന്റെ വിവരങ്ങള്‍ അടുത്തിടെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ചൈന അതിര്‍ത്തിയില്‍ നടത്തിയ അതിക്രമങ്ങളെ അപലപിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതുവരെ തയ്യാറായിട്ടുമില്ല.
വ്യാളിയെ തുരത്താന്‍ ആന ചെയ്യേണ്ടത്
നയതന്ത്രത്തില്‍ ചൈനയെ വ്യാളിയായും ഭാരതത്തെ ആനയായും വിശേഷിപ്പിക്കാറുണ്ട്. ആനയുടെ ചലനം പതുക്കെയാണ് പക്ഷെ മുന്നോട്ട് വെയ്ക്കുന്ന കാലടികള്‍ ദൃഢതയോടെയാവും. ഭാരതത്തിന്റെ അയല്‍ക്കാരെല്ലാം തന്നെ ചൈനയുടെ കടക്കെണിയില്‍ വീണുപോയിട്ടുണ്ട്. അതില്‍ നേപ്പാളും, പാക്കിസ്ഥാനും, ലങ്കയും, ബംഗ്‌ളാദേശും ഉള്‍പ്പെടുന്നു. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തിന് പകരമായി ഭാരതം ഇറാനില്‍ വികസിപ്പിച്ചെടുക്കുന്ന ചബഹര്‍ തുറമുഖം രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പക്ഷെ അമേരിക്കന്‍ ഉപരോധം കാരണം ഇറാന്‍ ചൈനയോട് അടുക്കുന്നതും ഭാരതത്തിന് പുതിയ തലവേദനയാണ്.
ഭാരതത്തിന്റെ വിദേശനയത്തില്‍ കാതലായ മാറ്റം ചൈനയെ പ്രതിരോധിക്കുന്നതില്‍ അനിവാര്യമാണ്. സോഫ്റ്റ് പവര്‍ എന്ന രീതി മാറ്റി ഹാര്‍ഡ് പവര്‍ നയതന്ത്രം ഭാരതം പുറത്തെടുക്കേണ്ട സമയമാണിത്. എന്നും ഭാരതത്തിന്റെ സഖ്യകക്ഷി ആയിരുന്ന നേപ്പാള്‍ പോലും ചൈനയുടെ സമ്പത്തിന് മുന്നില്‍ ആ ബന്ധം ഉപേക്ഷിക്കുന്നത് വരെ എത്തി കാര്യങ്ങള്‍. അഫ്ഘാന്‍ സമാധാന കരാറിനോട് അനുബന്ധമായി നടന്ന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനില്‍ വലിയ തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭാരതം ഉള്‍പ്പെട്ടിരുന്നില്ല എന്നത് നിരാശാജനകമായ കാര്യമാണ്. അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ഭരണം ഉണ്ടായാല്‍ കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടാവും. ഇതുപോലെയുള്ള പ്രതിസന്ധികളെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടത് അനിവാര്യമാണ്. അമേരിക്കയുടെ ശക്തി ആഗോളതലത്തില്‍ ശോഷിച്ചു വരുന്ന ഈ കാലത്ത് ചൈനാ വിരുദ്ധ മുന്നണിയുടെ മുഖമാവാന്‍ ഭാരതത്തിന് കഴിയണം. ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിനോടൊപ്പം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെനന്റില്‍ (R&D) കൂടുതല്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ തയ്യാറാകണം.
ഇത്രയും നാള്‍ ഭാരതം ‘വണ്‍ ചൈന’ നയമാണ് പിന്തുടര്‍ന്നത്. പ്രശ്നബാധിതമായ ഹോംഗ് കോങ്ങ്, തായ്വാന്‍ മുതലായ സ്ഥലങ്ങള്‍ ചൈനയുടെ ഭാഗമായാണ് ഭാരതം ഇത്രയും നാളും കണക്കാക്കിയത്. തായ്വാന്‍ രാഷ്ട്രപതിയായി ത്സായ് ഇങ്-വെന്‍ ചുമതലയേറ്റപ്പോള്‍ ബി.ജെ.പിയുടെ എം.പി മാരായ മീനാക്ഷി ലേഖിയും രാഹുല്‍ കസ്വാനും അവര്‍ക്ക് അഭിനന്ദന സന്ദേശം അയയ്ച്ചിരിന്നു. ‘വണ്‍ ചൈന’ നയത്തില്‍ നിന്ന് സര്‍ക്കാര്‍ മാറിചിന്തിക്കുന്നു എന്ന ശക്തമായ നിലപാട് അഭിനന്ദനാര്‍ഹമാണ്. റഷ്യയില്‍ നിന്ന് 33 യുദ്ധവിമാനങ്ങള്‍ അടിയന്തിരമായി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് തന്നെ വാങ്ങിയ എസ്-400 ന്റെ (യുദ്ധവിമാനങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാനാവുന്ന മിസൈല്‍) പറഞ്ഞതിലും നേരത്തെ കൈമാറാന്‍ സന്നദ്ധരാണെന്ന് നിര്‍മ്മാതാക്കള്‍ ഭാരത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഭാരത സേനയുടെ ആയുധങ്ങള്‍ നവീകരണത്തിലും ഗുണമേന്മയുള്ള ജീവരക്ഷാ ഉപകരണങ്ങള്‍ സംഭരിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധചിലത്തേണ്ടതുണ്ട്.
അടുത്തിടെ ഭാരതവും ഓസ്ട്രേലിയയും തമ്മില്‍ ഒപ്പിട്ട പ്രതിരോധ കരാറില്‍ ഇന്‍ഡോ-പസഫിക് പ്രദേശത്ത് രണ്ടു രാജ്യങ്ങളും സഹകരണം ഉറപ്പുവരുത്തും എന്ന് പരാമര്‍ശിക്കുന്നു. കൊറോണ വിഷയത്തില്‍ ചൈനയ്ക്കെതിരായ നിലപാടെടുത്തതിനാല്‍ ചൈന ശത്രുപക്ഷത്തു നിര്‍ത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ചൈനയുടെ ശത്രുപക്ഷത്തു നില്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ അത്യന്താപേക്ഷിതമാണ്. ഭാരതം ദശാബ്ദങ്ങളോളം പിന്തുടര്‍ന്ന ചേരി-ചേരാ നയം പൂര്‍ണമായി ഉപേക്ഷിക്കേണ്ടതാണ്. അതിശക്തമായ ചൈന ഭാരതത്തിന് വരും കാലങ്ങളില്‍ വലിയ ഭീഷണി തന്നെയാവും. ചൈന വിട്ട് ഭാരതത്തിലേക്ക് വരുന്ന വിദേശ കമ്പനികള്‍ക്ക് സുഗമമായി ഇവിടെ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക വഴി കൂടുതല്‍ നിക്ഷേപങ്ങള്‍ ഭാരതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. അതിനായി സ്‌കില്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ ഇലക്ട്രോണിക്സിലും മറ്റും വിദഗ്ദ്ധരായ തൊഴിലാളികളെ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ ചൈനയുടെ പണം പറ്റി രാജ്യത്തെ കുരുതിക്കളമാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണം. അതിര്‍ത്തിക്കകത്തെ ഒറ്റുകാരോളം വരില്ല രാജ്യത്തിന് പുറത്തെ ശത്രുക്കള്‍.
താല്‍കാലികമായി ഗല്‍വാന്‍ താഴ്വരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്തിരിഞ്ഞു എങ്കിലും അധിനിവേശ ശ്രമങ്ങള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവും എന്നത് തീര്‍ച്ചയാണ്. ലഡാക്ക് പോലെ തന്നെ ചൈന അരുണാചല്‍ പ്രദേശിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ഉപഗോഗിച്ച് ഭാരതത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരു യുദ്ധത്തിന് ഇരുരാജ്യങ്ങളും തയ്യാറാവില്ല എന്ന് ഉറപ്പിച്ചുപറയാമെങ്കിലും ചൈനയുടെ ധാര്‍ഷ്ട്യത്തിനു അതേ ഭാഷയില്‍ മറുപടി കൊടുത്തേ മതിയാകു. മാറുന്ന ലോകക്രമത്തില്‍ ഭാരതത്തിന് അമേരിക്ക പോലെയോ റഷ്യ പോലെയോ ഒരു അധികാര കേന്ദ്രമായി മാറാനുള്ള സാധ്യത തെളിയുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകത്തെ ഭാരതം നയിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ അതിലൂടെ സാക്ഷാത്കരിക്കാന്‍ രാഷ്ട്രത്തിന് കഴിയും.