ജീവിതത്തിന്റെ സമ്പാദ്യം
ഓര്‍ത്തുകൊണ്ടു കിടക്കവേ
കാണുന്നൂ ചെല്ലമൊന്നെന്റെ
മുന്പില് പിച്ചള ചാര്‍ത്തിയും.
മെല്ലെത്തുറന്നു നോക്കുമ്പോള്‍
കാണാമൊരു കരണ്ടകം
കൊട്ടപ്പാക്കും പാക്കുവെട്ടീം
ഉണക്കച്ചുരുള്‍ വെറ്റില
അല്പമുണ്ടതില്‍ ജാപ്പാണം
പൊകല പൊടിയായപോല്
കരണ്ടകം തുറന്നപ്പോള്‍
കട്ടകെട്ടിയ ചുണ്ണാമ്പ്,
ഇറ്റുനീര് വീഴ്ത്തവേ, യോര്‍മ്മ-
ക്കുന്നില് മഞ്ഞുരുകുന്നുവോ
പൗര്ണ്ണമിച്ചന്ദ്രനെപ്പോലെ
ഉദിക്കുന്നെന്റെ മറ്റേമ്മ*
നാലും കൂട്ടി മുറുക്കീട്ട്
മൂന്നും കൂട്ടിയൊരുക്കിടും
അതിന്റെ രുചിയെന് നാവില്‍
കൊതിയൂറുന്നുണ്ടിപ്പോഴും
കൊടുത്തുമാത്രം ശീലിച്ച
കാലം പലരു വന്നിടും
ഏറെ സ്നേഹം പകുക്കുന്ന
നേരം ചെല്ലം തുറന്നിടും.
ഭൂതകാലം ചിരിക്കുന്ന
കാഴ്ച കണ്ണിലുദിക്കവേ
വള്ളി നിക്കറില്ക്കയറി
ച്ചാടുരുട്ടുന്നു ബാല്യവും.
അതിനാലിതു താനല്ലോ
സ്വര്ഗ്ഗലോകപ്രവേശകം
പൊടിതട്ടി ക്ലാവുതീര്ത്താല്
ഇല്ലെനിക്കൊരു വാര്‍ദ്ധകം.
* മറ്റേയമ്മ (അമ്മൂമ്മ)