പ്രൊട്ടസ്റ്റന്റ് സഭ വലിയവിളവെടുപ്പിന് വലവിരിച്ച ഒരു വിഭാഗമാണ് നാടാര്‍. മറ്റുള്ള എല്ലാ വിഭാഗങ്ങളെക്കാളും ജാതി അഭിമാനികളായിരുന്നു ഇവര്‍ എന്നുള്ളതുകൊണ്ടു തന്നെ സായിപ്പിന്റെ ജാതിക്കളി വന്‍തോതില്‍ ഇവര്‍ക്കിടയിലുണ്ടായി. ഇന്ത്യന്‍ സാഹചര്യത്തില്‍ നാടാരില്‍ ഇവര്‍ നടത്തിയത് വലിയൊരു പരീക്ഷണവുമായിരുന്നു. മണ്‍റോ തന്നെയായിരുന്നു ഇതിന്റെയും സൂത്രധാരന്‍.
ലോകത്തിലെല്ലായിടത്തും മറ്റു ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ആളുകളെ അടര്‍ത്തിയെടുത്ത് പൂര്‍വ്വകാല ബന്ധങ്ങള്‍ ഒരു സ്മരണ പോലും ശേഷിക്കാത്തരീതിയില്‍ ആളുകളെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്ത് തങ്ങളുടെതാക്കി മാറ്റുന്നതാണ് മിഷണറി പ്രവര്‍ത്തനത്തിന്റെ സാമാന്യ തത്വം. എന്നാല്‍ ഇന്ത്യയില്‍ പല സമൂഹങ്ങളിലും അത് നടന്നില്ല. അതിനുള്ള ഒന്നാമത്തെ ഉദാഹരണമായിരുന്നു നാടാര്‍ സമൂഹം. നാടാര്‍ സമൂഹം ക്രിസ്തുമതത്തിലേക്ക് ലയിക്കുകയല്ല മറിച്ച് ക്രിസ്തുമതം നാടാരിലേക്ക് ലയിക്കുകയാണ് ചെയ്തത്. അങ്ങിനെ ഒരു നാടാര്‍ യേശുവും നാടാര്‍ സഭയും പിറക്കപ്പെട്ടു.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം പിടിമുറുക്കിയതോടെ പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ ഒഴുക്ക് തുടങ്ങി.റോമന്‍ കത്തോലിക്ക സഭ അപ്പോഴേക്കും കേരളത്തില്‍ വേരുപിടിച്ച് കഴിഞ്ഞിരുന്നു. യൂറോപ്പില്‍ റോമന്‍ കത്തോലിക്ക സഭ പിളര്‍ന്നുണ്ടായതാണല്ലോ പ്രൊട്ടസ്റ്റന്റ് സഭ. പിളര്‍പ്പിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇവര്‍ തമ്മിലുണ്ടായ വാശിയും മല്‍സരവും ഇവിടെയും ഉണ്ടായിരുന്നു.
റോമന്‍ കത്തോലിക്ക സഭയോട് മാര്‍ത്തോമസഭയ്ക്കുള്ള വിദ്വേഷം മുതലെടുക്കുവാനും അതിലൂടെ കേരളത്തില്‍ ശക്തമായ അടിത്തറയുള്ള മാര്‍ത്തോമ സഭയോട് ഒട്ടിനില്‍ക്കുവാനും പ്രൊട്ടസ്റ്റന്റ് സഭ നിരന്തരമായി പണിയെടുത്തു കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി മലങ്കര മാര്‍ത്തോമ സഭയുടെ പള്ളികളില്‍ പ്രൊട്ടസ്റ്റന്റ് പാതിരിമാര്‍ പ്രസംഗിക്കുവാന്‍ തുടങ്ങി. വൈദേശിക സഭകളില്‍ നിന്ന് മറക്കുവാന്‍ കഴിയാത്ത നിരവധി ദുഷ്ടാനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള മലങ്കര സഭ പ്രൊട്ടസ്റ്റന്റുകാരന്റെ സ്‌നേഹപ്രകടനത്തെയും സംശയത്തോടു കൂടിയാണ് കണ്ടത്. മലങ്കര സഭയുടെ ആസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയിട്ടാണെങ്കിലും തങ്ങളുടെ സാന്നിദ്ധ്യം നാട്ടിലെമ്പാടും പരമാവധി വ്യാപിപ്പിക്കുക എന്നതായിരുന്നു പ്രൊട്ടസ്റ്റന്റ് തന്ത്രം. മതപരമായോ ജാതിപരമായോ വിവേചനങ്ങള്‍ നേരിടാതിരുന്ന ഒരു വിഭാഗമാണ് യഥാര്‍ത്ഥ ഭാരത നസ്രാണികള്‍ എന്ന് വിളിക്കാവുന്ന മാര്‍ത്തോമ ക്രിസ്ത്യാനികള്‍. ക്രിസ്തു ശിഷ്യനായ സെന്റ് തോമാസിനാല്‍ മതം മാറ്റപ്പെട്ട നമ്പൂതിരിമാരാണ് തങ്ങളുടെ മുന്‍ഗാമികള്‍ എന്ന് അവര്‍ എന്നും വിശ്വസിച്ചിരുന്നു. വൈദേശിക ക്രൈസ്തവ സഭകളെപ്പോലെ മതംമാറ്റജ്വരം ഇവരെ കാര്യമായി ബാധിച്ചിരുന്നില്ല. പക്ഷെ ഇവര്‍ സൃഷ്ടിച്ച ക്രൈസ്തവ പ്രതലത്തില്‍ നിന്നുകൊണ്ട് പ്രൊട്ടസ്റ്റന്റ സഭ ഇവിടത്തെ ഒന്നാം സഭയാകാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു.
മനുഷ്യന്റെ ജീവിതപ്രാരാബ്ധങ്ങളിലും ബുദ്ധിമുട്ടുകളിലും ഇടപെട്ട് ഉഴലുന്നവരെ പ്രലോഭനങ്ങളില്‍ കുടുക്കി മതം മാറ്റുന്നതാണ് എല്ലാ മതപരിവര്‍ത്തനക്കാരും ചെയ്യുന്നത്. ഇതിന്റെ ആസൂത്രണ മികവോടെയുള്ള അരങ്ങേറ്റമായിരുന്നു തിരുവിതാംകൂറില്‍ പ്രൊട്ടസ്റ്റന്റ് സഭ നടത്തിയത്. തിരുവിതാംകൂറില്‍ വിജയം കണ്ട ഈ പദ്ധതി പിന്നീടവര്‍ പരമാവധി വ്യാപിപ്പിച്ചു.
1801-ല്‍ വേലുത്തമ്പിയെ തിരുവിതാംകൂറിലെ ദളവയായി നിയമിച്ചു. അധികാര ക്രമത്തില്‍ രാജാവിന് തൊട്ടു താഴെയായിരുന്നു ദളവ സ്ഥാനം. 1800ല്‍ തിരുവിതാംകൂര്‍ റസിഡന്റായി ബ്രിട്ടീഷ് കമ്പനി നിയമിച്ച കേണല്‍ മെക്കാളെയുടെ കൂടി താല്‍പര്യാര്‍ത്ഥമായിരുന്നു വേലുത്തമ്പിയുടെ നിയമനം. മെക്കാളെയുടെ അടുത്ത ആളായിട്ടാണ് വേലുത്തമ്പി അറിയപ്പെട്ടിരുന്നത്.
തിരുവിതാംകൂര്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി വേലുത്തമ്പി സൈനികരുടെ വേതനം വെട്ടിക്കുറച്ചു. രാജ്യാധികാരത്തില്‍ രാജാവിനും റസിഡന്റിനും താഴെ മാത്രം നില്‍ക്കുന്ന ഒരു ദളവയ്ക്ക് ഇവരറിയാതെ ഇത്തരം ഒരു തീരുമാനം എടുക്കുവാന്‍ കഴിയില്ലെന്നിരിക്കെ ഈ തീരുമാനം വേലുത്തമ്പി ദളവയുടെ മാത്രം തീരുമാനമായിട്ടാണ് അറിയപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ദളവക്കെതിരെ സൈനിക കലാപം പൊട്ടിപ്പുറപ്പെടുകയും അവര്‍ കൊട്ടാരത്തിലേക്ക് സമരം പ്രഖ്യാപിക്കുകയും വേലുത്തമ്പിയെ ദളവ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ ഘട്ടത്തില്‍ വേലുത്തമ്പി കൊച്ചിയിലേക്ക് രക്ഷപ്പെടുകയും കേണല്‍ മെക്കാളെ ബ്രിട്ടീഷ് സൈന്യത്തെ ഉപയോഗിച്ച് ഈ സൈനിക കലാപത്തെ അടിച്ചമര്‍ത്തുകയും ചെയ്തു. ചുരുക്കത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന് രാജ്യരക്ഷാര്‍ത്ഥം ഇറങ്ങുവാനുള്ള ഒരു സാഹചര്യം തിരുവിതാംകൂറില്‍ സംജാതമായെന്ന് ചുരുക്കം. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുവാനായി സൈനിക കലാപത്തിനും വേലുത്തമ്പിയുടെ കൊച്ചി പലായനത്തിനുമെല്ലാം ചരട് വലിച്ചത് മെക്കാളെയും ഉപദേഷ്ടാക്കളുമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. കാരണം ഇത് തിരുവിതാംകൂറില്‍ നടപ്പാക്കുവാന്‍ പോകുന്ന വലിയൊരു പദ്ധതിയുടെ ആദ്യ റിഹേഴ്‌സലായിരുന്നു.
തിരുവിതാംകൂറിന്റ സ്വന്തം സൈന്യം തന്നെ രാജാവിനും ദളവക്കുമെതിരെ തിരിഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ രാജ്യം സൈനികമായി അരക്ഷിതാവസ്ഥയിലാണെന്ന പ്രതീതി ഉണ്ടായി. ഈ പ്രതീതി ബ്രിട്ടീഷുകാരുടെ സൃഷ്ടിയായിരുന്നു. തിരുവിതാംകൂര്‍ ശത്രുക്കളാല്‍ ആക്രമിക്കപ്പെടുമെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. 1795 ല്‍ തിരുവിതാംകൂറും ബ്രിട്ടീഷ് കമ്പനിയും തമ്മിലുണ്ടാക്കിയ സൈനിക സഹായ സംരക്ഷണ വ്യവസ്ഥ പൊളിച്ചെഴുതണമെന്ന് മെക്കാളെ ആവശ്യപ്പെട്ടു. 1795 ലെ കരാര്‍ പ്രകാരം പ്രതിവര്‍ഷം 4 ലക്ഷം രൂപയായിരുന്നു ബ്രിട്ടീഷ് പട്ടാളം തിരുവിതാംകൂറിന്റെ സംരക്ഷണ ചിലവായി വാങ്ങിയിരുന്നതെങ്കില്‍ 1805 ലെ പുതിയ കരാര്‍ പ്രകാരം അത് 8 ലക്ഷം രൂപയായി. ഇത്രയും ഭാരിച്ച തുകക്കുള്ള കരാറില്‍ ഒപ്പ് വെക്കുവാന്‍ വിസമ്മതിച്ച തിരുവിതാംകൂര്‍ രാജാവിനെ ഒപ്പ് വെക്കുവാന്‍ പ്രേരിപ്പിച്ചതില്‍ പ്രധാനി വേലുത്തമ്പിയായിരുന്നു.
1795 ല്‍ വെല്ലസ്ലി പ്രഭു ബ്രിട്ടീഷ് ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റു. ബ്രിട്ടന്റെ നിര്‍ദ്ദേശാനുസരണം ഇന്ത്യയിലെ ഭരണം നടത്തുന്നതില്‍ സുപ്രധാനിയായിരുന്നു ഗവര്‍ണര്‍ ജനറല്‍. ഇദ്ദേഹം വളരെ ബുദ്ധിപൂര്‍വം ദീര്‍ഘവീക്ഷണത്തോടെ നിരവധി നാട്ടുരാജ്യങ്ങളില്‍ നടപ്പാക്കിയ സൈനിക സഹായവ്യവസ്ഥ നാട്ടുരാജാക്കന്മാര്‍ക്ക് മുന്‍കൂട്ടി കാണുവാനോ ചിന്തിക്കുവാനോ കഴിയാത്ത രീതിയില്‍ നാട്ടുരാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സ്ഥിതിയെ തകിടം മറിച്ചു -സ്വന്തം പട്ടാളം ഇല്ലാത്ത രാജാവിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കാണുവാന്‍ നമ്മുടെ ഭൂരിപക്ഷം നാട്ടുരാജാക്കന്മാര്‍ക്ക് ബുദ്ധി ഇല്ലാതെ പോയി. ഇതിനെക്കുറിച്ച് ചരിത്രകാരന്‍ എ. ശ്രീധരമേനോന്‍ ഇന്ത്യാചരിത്രത്തില്‍ ഇങ്ങനെ എഴുതുന്നു. ‘സൈനിക സഹായ വ്യവസ്ഥയ്ക്ക് അതിന്റേതായ പല ന്യൂനതകളും ഉണ്ടായിരുന്നു. തങ്ങളുടെ ശത്രുക്കള്‍ക്കെതിരായി ബ്രിട്ടീഷ് സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പുകിട്ടിയതിനെ തുടര്‍ന്ന് നാട്ടുരാജക്കന്മാര്‍ ഉത്തരവാദിത്ത ബോധം ഇല്ലാത്തവരും സുഖലോലുപന്മാരുമായി അധ:പതിച്ചു. ഇത് ഭരണരംഗത്ത് പല അഴിമതികള്‍ക്കും കാരണമായി. ഓരോ നാട്ടുരാജാവും തന്റേതായ ഒരു മര്‍ദ്ദനഭരണം സ്ഥാപിച്ചു. കാലക്രമത്തില്‍ ഇത് ജനകീയ കലാപങ്ങള്‍ക്ക് വഴിതെളിയിക്കുകയും ബ്രിട്ടീഷ് അധീശ ശക്തിക്ക് പല നാട്ടുരാജ്യങ്ങളുടെയും അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും അവയെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഒഴികഴിവുണ്ടാക്കി കൊടുക്കുകയും ചെയ്തു. ഈ വ്യവസ്ഥ പ്രകാരം നാട്ടുരാജ്യങ്ങളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പട്ടാളക്കാര്‍ തൊഴില്‍രഹിതരായി അങ്ങുമിങ്ങും അലഞ്ഞുനടന്ന് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും വമ്പിച്ച ഒരു ഭീഷണിയായിത്തീര്‍ന്നു. നാട്ടുരാജ്യങ്ങളിലെ ഭരണ നടത്തിപ്പിലും സഹായ വ്യവസ്ഥ പല കുഴപ്പങ്ങളും വരുത്തിവെച്ചു. പ്രതിരോധ ചിലവും അനിയന്ത്രിതമാംവണ്ണം കുതിച്ചുകയറി. ഇംഗ്ലീഷുകാര്‍ക്ക് ഭാരിച്ച ധനസഹായം കൊടുക്കുവാന്‍ ബാദ്ധ്യസ്ഥരായിരുന്ന നാട്ടുരാജാക്കന്മാര്‍ക്ക് അതിനുള്ള സാമ്പത്തിക കഴിവുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിച്ചു. ഇതിനെല്ലാം ഉപരി ഓരോ നാട്ടുരാജ്യങ്ങളിലെയും പ്രധാന ഉദ്യോഗങ്ങളെല്ലാം ഇംഗ്ലീഷുകാരുടെ കുത്തകയായി മാറി. ചുരുക്കത്തില്‍ സഹായ വ്യവസ്ഥ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയുടെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും മരണമണി മുഴക്കി.
(തുടരും)