രാഷ്ട്രീയ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് എഴുപത്തിമൂന്ന് സംവത്സരങ്ങള്‍ പിന്നിട്ടെങ്കിലും ഭാരതം കൊളോണിയല്‍ അധീശശക്തികള്‍ അടിച്ചേല്‍പ്പിച്ച മാനസിക പാരതന്ത്ര്യത്തില്‍ നിന്നും വിമുക്തമായി കഴിഞ്ഞു എന്ന് പറയാനാവില്ല. അതിനു കാരണം ദേശീയ മൂല്യങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള തനതായ ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതില്‍ നാം ശ്രദ്ധിക്കാതിരുന്നതായിരുന്നു. ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി പണം വകയിരുത്തുന്നതില്‍പ്പോലും നാം അലംഭാവം കാട്ടിയിരുന്നു. ഈ പ്രശ്‌നത്തിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആവിഷ്‌ക്കാരത്തോടെ പരിഹാരമായിരിക്കുന്നത്. ഏഴു ദശാബ്ദങ്ങളായി അസാധ്യമെന്നു കരുതിയിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കാണ് നരേന്ദ്ര മോദി ഗവണ്‍മെന്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പരിഹാരം കണ്ടിരിക്കുന്നത്. അതില്‍ ഐതിഹാസികമെന്ന് എന്തുകൊണ്ടും വിശേഷിപ്പിക്കാവുന്ന ഒരു തീരുമാനമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രൂപീകരണം.
മുപ്പതു കോടിയില്‍പരം ജനങ്ങള്‍ നിരക്ഷരതയില്‍ കഴിയുന്ന ഒരു രാജ്യത്തിന് ആധുനിക ലോകത്തിനൊപ്പം പുരോഗമിക്കാനാവില്ല. നിരക്ഷരതയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം കൂടിയേ കഴിയു. സ്വാതന്ത്ര്യത്തിന്റെ മുന്നുപാധിയായി സാര്‍വ്വത്രിക വിദ്യാഭ്യാസത്തെ കണ്ട സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ഒക്കെ സ്വപ്‌നങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ പൂവണിഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യം പ്രാപിച്ചിട്ട് ഏഴ് ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും ലോക നിലവാരമുള്ള ഒരു സര്‍വ്വകലാശാല പോലും ഭാരതത്തിലില്ല എന്നതാണ് സത്യം. നളന്ദയുടെയും തക്ഷശിലയുടെയും പാരമ്പര്യമുണ്ടായിരുന്ന ഭാരതത്തിന്റെ ഈ ഗതികേടിനാണ് പരിഹാരമുണ്ടാകാന്‍ പോകുന്നത്. ഭാരതത്തിലെ എഴുനൂറില്‍പ്പരം യൂണിവേഴ്‌സിറ്റികളില്‍ നിന്നായി പഠിച്ചിറങ്ങുന്ന മൂന്നു കോടി വിദ്യാര്‍ത്ഥികളില്‍ കേവലം 20 ശതമാനത്തിനാണ് എന്തെങ്കിലും ജോലിക്ക് യോഗ്യത ഉള്ളത് എന്ന അറിവ് നമ്മെ ഞെട്ടിക്കാന്‍ പോന്നതാണ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഇത്തരം പ്രശ്‌നങ്ങളെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. 2017 ജൂണ്‍ 24 ന് ബഹിരാകാശ ശാസത്രജ്ഞനായ ഡോ.കസ്തൂരി രംഗന്റെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതി കരട് രേഖ 2019 മെയ് 30 ന് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചു. യു ജി.സി, എന്‍.സി.ഇ.ആര്‍.ടി തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങള്‍, എഴുപത്തിനാല് വിവിധ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, നിരവധി സംഘടനകള്‍, 217 പ്രമുഖ വ്യക്തികള്‍ എന്നിവരില്‍ നിന്നെല്ലാം ആശയങ്ങള്‍ സമാഹരിച്ച് സമഗ്രമായി രൂപപ്പെടുത്തിയതാണ് ദേശീയ വിദ്യാഭ്യാസ നയം. നാലര വര്‍ഷത്തിനിടെ ലഭിച്ച രണ്ടു ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ നയ രൂപീകരണത്തില്‍ പരിഗണിക്കപ്പെട്ടു എന്നതു തന്നെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ സമഗ്രതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുന്നതോടെ നമ്മുടെ വിദ്യാഭ്യാസ രംഗം അടിമുടി മാറും. മൂന്നു മുതല്‍ പതിനെട്ട് വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാര്‍വ്വത്രിക വിദ്യാഭ്യാസം സാദ്ധ്യമാകാന്‍ പോവുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കണക്കാക്കാതിരുന്ന അങ്കണവാടികളും നഴ്‌സറി ക്ലാസ്സുകളും ഇനി മുഖ്യധാരയിലേക്ക് വരുന്നു എന്നതാണ് പരമപ്രധാനമായ ഒരു സംഗതി. വികസിത രാജ്യങ്ങളെല്ലാം ഏറെ ഗൗരവത്തോടെ കണ്ടിരുന്ന ശിശു വിദ്യാഭ്യാസത്തിന് ഇതോടെ ഭാരതത്തിലും പ്രാധാന്യം കൈവരുകയാണ്.
സ്‌ക്കൂള്‍ വിദ്യാഭ്യാസത്തെ നാലു തട്ടുകളായി തിരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറ്റൊരു സവിശേഷത. അങ്കണവാടി, നഴ്‌സറി, ഒന്ന്, രണ്ട് ക്ലാസുകള്‍ ചേരുന്ന പ്രാഥമികതലത്തെ ഫൗണ്ടേഷന്‍ എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഇവിടെ പഠനം ആയാസ രഹിതവും രസകരവുമാകണമെന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളെ പ്രിപ്പറേറ്ററി ആയി കണക്കാക്കും. ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടം എത്തുമ്പോഴേയ്ക്കും ഗൗരവപൂര്‍ണ്ണമായ പഠന പ്രക്രിയ ആരംഭിച്ചിട്ടുണ്ടാകും. ഒമ്പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സെക്കന്‍ഡറി തലമാണ് സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ നാലാം ഘട്ടം.
അഞ്ചാം ക്ലാസ്സ് വരെ ബോധന മാധ്യമം മാതൃഭാഷയാകുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശമാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ശാസ്ത്രമടക്കം ഏതു വിഷയവും മാതൃഭാഷയിലൂടെ ഗ്രഹിക്കും പോലെ മറ്റ് ഭാഷകളിലൂടെ ഗ്രഹിക്കാനാവില്ലെന്ന വിദ്യാഭ്യാസ വിചക്ഷണന്മാരുടെ, കാലങ്ങളായുള്ള അഭിപ്രായമാണ് ഇവിടെ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ആറാം ക്ലാസ്സ് മുതല്‍ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുണ്ടാവും എന്നതാണ് മറ്റൊരു സവിശേഷ നിര്‍ദ്ദേശം. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരമെന്നതു പോലെ തന്നെ ഭാവിയില്‍ സംരംഭക മനോഭാവം വളര്‍ത്താനും വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാനുമൊക്കെ ഇതുകൊണ്ട് കഴിയും.
ഭാരതത്തിന്റെ വിദ്യാഭ്യാസ മേഖല ഏതാണ്ട് ഒരു കോടിയോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് എന്നതും ശ്രേദ്ധയമായ സംഗതിയാണ്. എന്നാല്‍ അഭിരുചിയോടെ എത്ര പേര്‍ അദ്ധ്യാപനത്തെ തൊഴിലായി സ്വീകരിക്കുന്നുണ്ട് എന്നതും ചിന്തിക്കേണ്ടതാണ്. അതുകൊണ്ടാണ് അദ്ധ്യാപകര്‍ക്ക് തുടര്‍ പരിശീലനങ്ങള്‍ നല്കണമെന്നും അവരെ ആധുനിക സാങ്കേതിക സാഹചര്യങ്ങള്‍ക്കിണങ്ങുംവിധം തയ്യാറാക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവേഷണ കേന്ദ്രിതമാക്കാന്‍ വിദ്യാഭ്യാസനയം സവിശേഷശ്രദ്ധ കാട്ടിയിട്ടുണ്ട്. ഗവേഷണരംഗത്തെ ശക്തമാക്കാനും പ്രത്യുത്പാദനപരമാക്കാനും നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നൊരു നവീന സംവിധാനം തന്നെ നിലവില്‍ വരാന്‍ പോകുകയാണ്. മെഡിക്കല്‍, നിയമ വിദ്യാഭ്യാസമൊഴികെ ഉന്നത വിദ്യാഭ്യാസ മേഖല മുഴുവന്‍ ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (HECI) എന്നതിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ മൊത്തം ജി.ഡി.പി.യുടെ 4.8 ശതമാനം മാത്രമാണ് നാളിതു വരെ വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി നീക്കിവച്ചിരുന്നത്. ഇത് ആറു ശതമാനമാക്കി വര്‍ദ്ധിപ്പിക്കുന്നതോടെ വിദ്യാഭ്യാസ രംഗത്തിന്റെ ആധുനികവത്ക്കരണം ത്വരിത വേഗത്തിലാക്കാന്‍ കഴിയും. അദ്ധ്യാപകര്‍ക്ക് ദേശീയ തലത്തില്‍ പൊതുപ്രൊഫഷണല്‍ മാനദണ്ഡം വരുന്നതോടെ അദ്ധ്യാപനം എന്ന തൊഴിലിന്റെ നിലവാരവും അന്തസ്സും ഉയരുകതന്നെ ചെയ്യും. രണ്ടായിരത്തി മുപ്പതോടെ അദ്ധ്യാപനത്തിനുള്ള കുറഞ്ഞ യോഗ്യത നാലു വര്‍ഷത്തെ സംയോജിത ബി.എഡ് ആയിരിക്കും. എന്നു പറഞ്ഞാല്‍ അദ്ധ്യാപന പരിശീലനത്തിന്റെ പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ശിശു വിദ്യാഭ്യാസത്തിന് രാജ്യത്ത് ഏകീകൃത പാഠ്യക്രമം വരുന്നു എന്നതാണ് മറ്റൊരു പരിവര്‍ത്തനം. ഈ മേഖലയിലെ അദ്ധ്യാപകര്‍ക്കും ആധുനിക സാഹചര്യങ്ങള്‍ക്കിണങ്ങുംവിധമുള്ള പരിശീലനങ്ങള്‍ ഉണ്ടാവും.
ബിരുദതലത്തിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ബിരുദ കോഴ്‌സുകള്‍ നാലു വര്‍ഷമാക്കി മാറ്റുന്നതോടൊപ്പം എപ്പോള്‍ വേണമെങ്കിലും കോഴ്‌സ് വിട്ടു പോകാനും സൗകര്യാനുസരണം വീണ്ടും ചേരാനുമുള്ള അവസരമുണ്ടാകും. വിട്ടു പോകുന്നതുവരെ ലഭിച്ച വിദ്യാഭ്യാസത്തിനനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ, ഡിഗ്രിയോ ലഭിക്കുന്നതാണ്. നാല് വര്‍ഷ ഡിഗ്രി കഴിയുന്നവര്‍ക്ക് നേരിട്ട് ഗവേഷകനാകാം എന്ന സവിശേഷതയും പുതിയ വിദ്യാഭ്യാസ നയം പ്രദാനം ചെയ്യുന്നു. സിലബസിനു പുറത്തുള്ള കാര്യങ്ങളിലെ വിദ്യാര്‍ത്ഥിയുടെ ഇടപെടലുകള്‍ക്കും കലാകായിക, സര്‍ഗ്ഗവാസനകള്‍ക്കും ഇനി മുതല്‍ മാര്‍ക്കുണ്ടാവും എന്നത് വിപ്ലവകരമായ മറ്റൊരു തീരുമാനമാണ്. പന്ത്രണ്ടാം ക്ലാസ്സിലെത്തുന്നതോടെ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ശാസ്ത്രവും ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്‌സും പഠിക്കാമെന്നതാണ് മറ്റൊരു സൗകര്യം. 2035ഓടെ അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യവും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആവശ്യങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഭാവാത്മക നിര്‍ദ്ദേശങ്ങള്‍ കൊണ്ട് സമ്പന്നമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയമെന്നു പറയാം.