ആലുവ: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അധികാരം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് തന്ത്രവിദ്യാപീഠം. ഭക്തജനങ്ങളുടെ പ്രാര്‍ത്ഥന സാര്‍ത്ഥകമാക്കിയതും ധര്‍മ്മത്തിന്റെ വിജയവുമാണ് സുപ്രീംകോടതി വിധിയെന്ന് തന്ത്ര വിദ്യാപീഠം പ്രസിഡണ്ട് അഴകത്ത് ശാസ്തൃശര്‍മ്മന്‍നമ്പൂതിരിപ്പാട്, വര്‍ക്കിംഗ് പ്രസിഡണ്ട് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി എന്‍.ബാലമുരളി എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തൃപ്പടി ദാനമായി സമര്‍പ്പിച്ച് ക്ഷേത്ര ആചാരങ്ങള്‍ പരിരക്ഷിച്ചുകൊണ്ട് പത്മനാഭദാസനായിട്ടാണ് തിരുവിതാംകൂര്‍ രാജാവ് ക്ഷേത്ര ഭരണം നടത്തിയത്. മതേതര സര്‍ക്കാറില്‍ നിന്നും, ക്ഷേത്ര ഭരണം സ്വതന്ത്രമാവണമെന്ന ഭക്തജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തെ സാധൂകരിക്കുന്നതും ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കെ.പി ശങ്കരന്‍ നായര്‍, കുട്ടികൃഷ്ണ മേനോന്‍ തുടങ്ങിയവരുടെ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കിട്ടിയ അംഗീകാരവും കൂടിയാണ് സുപ്രീം കോടതി വിധിയെന്നും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.