ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പത്മനാഭ ദാസന്മാരായ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീംകോടതി വിധി അപ്രതീക്ഷിതം എന്ന് പറയാനാകില്ല. കാരണം, കേന്ദ്രസര്‍ക്കാരും തിരുകൊച്ചിയുടെ രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവും ഒപ്പിട്ട കവനന്റ് അനുസരിച്ച് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ അഥവാ ഈശ്വരസങ്കല്പം ഒരു മൈനറും അതിനെ പരിപാലിക്കുന്ന ആളെന്ന നിലയില്‍ പത്മനാഭ ദാസന് പരിപാലനത്തിനുള്ള അധികാരവും ഉണ്ട്. ക്ഷേത്രത്തിന്റെ ലക്ഷക്കണക്കിന് കോടികള്‍ വരുന്ന സ്വത്ത് മാത്രം കണ്ടാണ് അധികാരത്തില്‍ കടന്നുകയറാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയത്. ക്ഷേത്രത്തില്‍ ജനാധിപത്യം വന്നതോടെ രാജകുടുംബത്തിന് അധികാരം ഇല്ല എന്നതായിരുന്നു വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം. ഗുരുവായൂര്‍ മാതൃകയില്‍ ക്ഷേത്രത്തിന്റെ ഭരണാധികാരം പിടിക്കാനായിരുന്നു സി പി എമ്മിന്റെ ശ്രമം. പക്ഷേ, സുപ്രീംകോടതി വിധി ഈ പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കി. ഇതിന്റെ നിരാശ ഇടതുനേതാക്കളുടെ പ്രതികരണത്തിലും ചില പത്രവാര്‍ത്തകളിലും പ്രകടമായി കാണപ്പെട്ടു.
മലയാള മനോരമ ദിനപത്രത്തില്‍ ഈ വാര്‍ത്ത വളരെ കാര്യമായി തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ, ക്ഷേത്രപ്രവേശന വിളംബരം കൊണ്ടുവന്നത് ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് കയറാനാണെന്ന് മനോരമ പ്രസിദ്ധീകരിച്ചു. ചരിത്രത്തെ വളച്ചൊടിക്കാനും മാറുന്ന കാറ്റിന് അനുസരിച്ച് കാര്യങ്ങള്‍ സ്വന്തം വഴിക്ക് ആക്കാനുമുള്ള മനോരമയുടെ കഴിവ് കുപ്രസിദ്ധമാണ്. ഇതുകൊണ്ടുതന്നെ ഇത് നാളെ ചരിത്രമാക്കി മാറ്റാനുള്ള തന്ത്രവും അവരുടെ കൈകളിലുണ്ട്. ക്ഷേത്രത്തില്‍ പ്രവേശനമില്ലാതിരുന്ന അവര്‍ണ്ണര്‍ക്കു വേണ്ടിയാണ് ക്ഷേത്രപ്രവേശന വിളംബരം നടപ്പാക്കിയത്. ഭാരതീയ ചിന്തയനുസരിച്ച് സമസ്ത ചരാചരങ്ങളിലും ഒരേ ഈശ്വരാംശമാണുള്ളത്. അതുകൊണ്ടുതന്നെ അവര്‍ണ്ണനെന്നോ സവര്‍ണ്ണനെന്നോ ജാതിമത വ്യത്യാസമില്ലാതെ ഏതു വിശ്വാസിക്കും ഏതു ക്ഷേത്രത്തിലും ആരാധിക്കാന്‍ കഴിയണം. പക്ഷേ, അത് വിശ്വാസികള്‍ക്ക് മാത്രമാണ്. ക്ഷേത്രങ്ങളെ അവമതിക്കാനും അപമാനിക്കാനുമുള്ള ശ്രമമാണെങ്കില്‍ വിശ്വാസികള്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും. ഈ കോടതിവിധിയോട് വളരെ മോശമായി പ്രതികരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രതികരിച്ചിരുന്നു. ഇസ്ലാമിന്റെ മോചനം ഇന്ത്യയിലൂടെ എന്ന് പോസ്റ്റര്‍ വെച്ചവര്‍ക്ക് ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍ തന്നെ എന്ന് പ്രതികരിച്ച ചുണക്കുട്ടികള്‍ പോസ്റ്റ് ഇട്ടവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തന്നെ മറുപടി നല്‍കി. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളില്‍ പാമ്പും പല്ലിയും ഈച്ചയും പൂച്ചയും കയറുന്നുണ്ട്. അവര്‍ ഹിന്ദുക്കളാണോ എന്നായിരുന്നു ഒരു ചോദ്യം. ‘അതേ, അവ ഹിന്ദുക്കളാണ്. അവ സുന്നത്തും മാമോദീസയും നടത്തിയിട്ടില്ലല്ലോ’ എന്നായിരുന്നു മറുപടി. ജോസ് പുത്തന്‍മാളിക എന്ന പെന്തക്കോസ്ത് നേതാവിന് പത്മനാഭന്റെ നിധിയേക്കാള്‍ ഏറ്റവും വിലപിടിപ്പുള്ള മഹാവിഷ്ണുവിന്റെ പ്രതിമ ഉരുക്കി പെന്‍ഷന്‍ ഫണ്ട് ഉണ്ടാക്കണം എന്നാണ് ആവശ്യം. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രം മാര്‍പാപ്പയാണ്. ഇവയടക്കം നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്നത്. മാധ്യമം ദിനപത്രത്തിന് കോടതിവിധിയോടുള്ള അസഹിഷ്ണുത ഒരു രീതിയിലും മറച്ചുവെയ്ക്കാനായില്ല.
സുപ്രീംകോടതി വിധി രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അധികാരം, പ്രത്യേകിച്ചും കവനന്റ് വഴിയുള്ള അധികാരം നിലനില്‍ക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ത്തിയത്. 1971 ല്‍ 26-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയത് ശ്രീപത്മനാഭന്റെ ഉടമസ്ഥതയെയും ബാധിക്കുമെന്നും അതോടെ കൊട്ടാരത്തിന് ക്ഷേത്രത്തില്‍ അധികാരമില്ലെന്നുമായിരുന്നു വാദം. രാജ്യം മുഴുവന്‍ സകല സ്വത്തുക്കളോടെയും പത്മനാഭന് അടിയറവ് വെച്ച മാര്‍ത്താണ്ഡവര്‍മ്മ തന്റെ വംശപരമ്പര മുഴുവന്‍ പത്മനാഭ ദാസന്മാരായി ശ്രീപത്മനാഭന് വേണ്ടി ഭരണം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ടു തന്നെ തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള അധികാരം തനിക്കില്ലെന്ന് ശ്രീ ചിത്തിര തിരുനാള്‍ അന്ന് ചര്‍ച്ചയ്ക്ക് വന്ന വി.പി. മേനോനെ ബോദ്ധ്യപ്പെടുത്തി. ഭരണഘടന ഉണ്ടാക്കുമ്പോള്‍ രാജാക്കന്മാരുമായി ഉണ്ടാക്കിയ കവനന്റില്‍ 1949 മെയ് 27 ന് ക്ഷേത്രത്തിലുള്ള രാജകുടുംബത്തിന്റെ അധികാരം വ്യക്തമായി പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ മറ്റു ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ച കാര്യങ്ങളും കവനന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയ്ക്ക് രൂപം കൊടുത്ത മഹാരഥന്മാര്‍ നല്‍കിയ വാക്കുകള്‍ ഇന്ദിരാഗാന്ധി ഭരണഘടനാ ഭേദഗതിയിലൂടെ തകര്‍ത്തെറിഞ്ഞത് വിപ്ലവകരമായ മാറ്റം എന്നാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്. പക്ഷേ, പല രാജകുടുംബങ്ങളും ഇതു മൂലം അരപ്പട്ടിണിക്കാരോ മുഴുപ്പട്ടിണിക്കാരോ ആയി മാറി. രാജാക്കന്മാര്‍ക്ക് കൊടുത്തിരുന്ന പ്രിവിപേഴ്‌സ് അടക്കമുള്ള അധികാരങ്ങളും അവകാശങ്ങളും ഭരണഘടനാ ഭേദഗതി ഇല്ലാതാക്കിയപ്പോഴും കവനന്റിലെ മൂന്നാം അദ്ധ്യായത്തിലെ ഒന്നാം ഭാഗത്തിലെ 18-23 വരെയുള്ള ഭാഗങ്ങള്‍ അടങ്ങിയ പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ ഭേദഗതി വരുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ചിത്തിര തിരുനാള്‍ മഹാരാജാവ് നാടു നീങ്ങിയതോടെ അവസാനത്തെ രാജാവിനുള്ള അധികാരം തീര്‍ന്നു എന്ന വാദത്തിന്റെ മുന കോടതി ഒടിച്ചു. പുരാതന കാലം മുതല്‍ പത്മനാഭ ദാസന്‍ എന്ന പേരില്‍ സ്ഥാനിയ്ക്കുള്ള അധികാരം കാലാതീതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു രാജാവ് മരിച്ചതോടെ അത് അവസാനിക്കുന്നില്ല. ഈ കണ്ടെത്തലോടെ ക്ഷേത്രത്തിനുമേല്‍ രാജകുടുംബത്തിന്റെ അധികാരവും അവകാശവും പൂര്‍ണ്ണമാവുകയായിരുന്നു. ഇതിനുവേണ്ടി തിരുവിതാംകൂറിന്റെയും തൃപ്പടിദാനത്തിന്റെയും മുഴുവന്‍ ചരിത്രവും സുപ്രീംകോടതി സമഗ്രമായി തന്നെ വിലയിരുത്തി. പത്മനാഭന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കുലദൈവവും ജനങ്ങളുടെ ഇഷ്ടദൈവവുമാണെന്ന ചരിത്രസത്യം കോടതി അടിവരയിട്ട് ചൂണ്ടിക്കാട്ടി. ഒപ്പം രാജകുടുംബവും ക്ഷേത്രവുമായുള്ള ബന്ധവും. പത്മനാഭസ്വാമിയുടെ സോപാനത്തിലുള്ള ഏകാന്ത ദര്‍ശനം സ്ഥാനിയുടെയും രാജകുടുംബത്തിന്റെയും മാത്രം അധികാരമാണ്. സ്ഥാനി നഗരത്തിന് പുറത്തു പോകുന്നത് പത്മനാഭന്റെ അനുമതിയോടു കൂടിയാകണം. പത്മനാഭന്‍ ക്ഷേത്രക്കെട്ടിന് പുറത്തെഴുന്നള്ളിയാല്‍ ഉടവാളേന്തി അകമ്പടി സേവിക്കുകയും വേണം. ഈ തരത്തിലുള്ള അഭേദ്യ ബന്ധം ക്ഷേത്രപ്രതിഷ്ഠയ്ക്കു ഷെബൈത്ത് അധികാരം പൂര്‍ണ്ണമായും നല്‍കുന്നതാണെന്ന് നിരവധി കോടതി വിധികള്‍ ഉദ്ധരിച്ച് സുപ്രീം കോടതി സ്ഥാപിച്ചു. ക്ഷേത്രഭരണം സംബന്ധിച്ച് രാജകുടുംബത്തിന്റ നിര്‍ദ്ദേശം ചെറിയ ഭേദഗതിയോടെ കോടതി അംഗീകരിച്ചു. അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശക സമിതിയുമാണ് രാജകുടുംബം നിര്‍ദ്ദേശിച്ചത്. ഭരണസമിതിയില്‍ റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന് പകരം നീതിയുടെ നടത്തിപ്പ് ഉറപ്പാക്കാന്‍ ജില്ലാ ജഡ്ജിയെ തന്നെ സുപ്രീം കോടതി അദ്ധ്യക്ഷനാക്കി. ബാക്കി എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിക്കപ്പെട്ടു.
സുപ്രീം കോടതി വിധി കേരളത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തിന് മൃത്യുഞ്ജയ മന്ത്രമാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിനു മേല്‍ ഈ വിധി നല്‍കുന്ന ഉത്തരവാദിത്തവും വളരെ വലുതാണ്. പത്മനാഭ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാലിലെ മണ്‍തരി പോലും ക്ഷേത്ര മതിലിനുള്ളില്‍ തന്നെ തുടച്ചിട്ട് ഇറങ്ങുന്ന പാരമ്പര്യവും വിശുദ്ധിയും ശ്ലാഘനീയവും അഭിമാനാര്‍ഹവുമാണ്. ആ പാരമ്പര്യത്തിന് വരുംകാലത്തും ഒരു രീതിയിലും കോട്ടം തട്ടാന്‍ പാടില്ല. ആരോപണങ്ങള്‍ ഉയരാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടണം. കോടതി തന്നെ ക്ഷേത്രസ്വത്തുക്കള്‍ പൂര്‍ണ്ണമായും കാത്തു സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ടതും പലരുടെയും കൈകളില്‍ പെട്ടതുമായ മുഴുവന്‍ സ്വത്തുക്കളും തിരിച്ചു പിടിക്കണം. അഹിന്ദുക്കള്‍ ക്ഷേത്ര സമിതിയില്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു ക്ഷേത്രസമുച്ചയമായി, മാതൃകാ ഭരണ സംവിധാനമായി ഇതിനെ മാറ്റിയെടുക്കണം. എന്താണ് സുപ്രീംകോടതി ഉദ്ദേശിച്ചതും പറഞ്ഞതും എന്നതിന് അനുസരിച്ച് രാജകുടുംബത്തെയും ഉജ്ജ്വലമായ ഹിന്ദു പാരമ്പര്യത്തെയും അധിക്ഷേപിക്കാന്‍ ഒരുങ്ങി പുറപ്പെട്ടവര്‍ക്ക് മറുപടി എന്ന നിലയില്‍ ഇതിന്റെ ഭരണം മാറണം. എന്നാല്‍ മാത്രമേ ഹിന്ദു സമൂഹം പ്രതീക്ഷിക്കുന്ന പ്രയോജനം ഉണ്ടാകൂ.