Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഭഗവത്‌പ്രേമം അവാച്യം (ഭക്തിലക്ഷണം എഴുത്തച്ഛന്‍ കൃതികളില്‍ 3)

കീര്‍ത്തി സാഗര്‍

Print Edition: 24 July 2020

ആകാശത്തിനും അന്തരീക്ഷത്തിനും പൃഥ്‌വിക്കും ജലത്തിനും സസ്യങ്ങള്‍ക്കും സമസ്ത ദേവന്മാര്‍ക്കും ശാന്തി മുഴക്കുന്ന യജുര്‍വേദീയ പ്രാര്‍ത്ഥനയുടെ തത്ത്വശാസ്ത്രം തന്നെയാണ് രാമായണത്തിലെ ആദിത്യഹൃദയത്തിലും ഉള്ളത്.

സമസ്തപദാര്‍ത്ഥങ്ങളുടേയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്നത് ഒരേ ഈശ്വരനാണെന്ന ഈശാവാസ്യോപനിഷത് മന്ത്രം

”ഈശാവാസ്യമിദം സര്‍വം
യത്കിം ച ജഗത്യാം ജഗത്
തേനത്യക്തേന ഭുഞ്ജീഥാ:
മാ ഗൃധ: കസ്യസ്വിത്ധനം”
(ഈശാവാസ്യോപനിഷത്, 1)

ഇക്കാര്യത്തെത്തന്നെയാണ് ആദിത്യഹൃദയവും സ്പഷ്ടമാക്കുന്നത്. പക്ഷേ ഇതേ ഈശ്വരനെ തന്നെയാണ് നാം പലതായിക്കാണുന്നത്. ഇത് വ്യഭിചാരഭക്തിയെ പ്രചരിപ്പിക്കുന്നു. ഹരിനാമകീര്‍ത്തനവും ഇതു തന്നെ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്നു.

”ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ”

ഈശ്വരന്‍ ഒന്നേയുള്ളു. നാം ആ പരമസത്യത്തെ പല പേരിട്ടു വിളിക്കുന്നു. ഏകമായിരിക്കുന്ന ആ സത്യത്തെ രണ്ടെന്നു കണ്ടതാണ് സമസ്ത പ്രശ്‌നങ്ങള്‍ക്കും കാരണം. ഞാന്‍ എന്റേത് എന്നും അന്യന്‍ അന്യന്റേത് എന്നും രണ്ടായി വിഭജിച്ച് കാണുന്നതാണ് മത്സരബുദ്ധിക്കും ദുഃഖത്തിനും കാരണഭൂതമായിത്തീര്‍ന്നത്. എല്ലാം ഒന്നുതന്നെയാണെന്ന ഏകത്വബുദ്ധി ഉടലെടുത്താല്‍ സകല ദുഃഖങ്ങളും ദുരീകരിക്കപ്പെടും. പലതാണെന്ന തോന്നല്‍ ഒരു മിഥ്യയാണ്. വെള്ളം നിറച്ചുവച്ചിരിക്കുന്ന അനേകം പാത്രങ്ങളില്‍ ഒരേ സൂര്യന്‍ പ്രതിബിംബങ്ങളെ സൃഷ്ടിക്കുന്ന പോലെയാണത്. പലതായി കാണപ്പെടുമ്പോഴും അനേകം അത് സൂക്ഷ്മതലത്തില്‍ ഒന്നായിത്തന്നെ നിലനില്‍ക്കുന്നു. സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിതമായ വൈവിദ്ധ്യമാര്‍ന്ന ആഭരണങ്ങളെല്ലാം സ്വര്‍ണ്ണം തന്നെ ആയിരിക്കുന്നതുപോലെയാണ് നാനാത്വത്തില്‍ ഏകത്വബുദ്ധിയുടെ ശാസ്ത്രീയത. ഇത് അദ്വൈതാനുഭൂതിയുടെ ഉയര്‍ന്ന തലമാണ്.

ആദിത്യഹൃദയത്തിന്റെ പ്രയോജനം
ഈ മന്ത്രം ശ്രദ്ധാഭക്തിയോടെ നിത്യവും ജപിക്കുന്നതിന്റെ പ്രയോജനങ്ങള്‍ ആചാര്യന്‍ നമുക്ക് വാഗ്ദാനം നല്‍കുന്നു.

”താപത്രയവും വിഷാദവും തീര്‍ന്നുപോ-
മാപത്തു മറ്റുള്ളവയുമകന്നുപോം
ശത്രുനാശം വരും രോഗവിനാശനം
വര്‍ദ്ധിക്കുമായുസ്സു സത്കീര്‍ത്തി വര്‍ദ്ധനം
നിത്യമാദിത്യഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാ ജപിക്കെടോ!”

അധിഭൂതം, അധിദൈവം, അദ്ധ്യാത്മം എന്നിങ്ങനെയുള്ള താപത്രയങ്ങള്‍ ഒഴിഞ്ഞു പോകും. ഭക്തിയും ഏകാഗ്രതയും ഉച്ചാരണശുദ്ധിയും ഇല്ലാതെ തെറ്റായി ജപിച്ചാല്‍ വെറുതെ സമയം പാഴാക്കുന്നതിനു തുല്യമാകും. മന്ത്രത്തിന്റെ ഫലം കിട്ടാതെ നിരാശരാകേണ്ടിയും വരും. ആചാര്യന്‍ മന്ത്രപ്രയോജനങ്ങളായി പറഞ്ഞു വച്ചിരിക്കുന്ന കാര്യങ്ങള്‍ പരമസത്യമാണ്. പക്ഷേ മന്ത്രതത്ത്വം മനസ്സിലാക്കി ജപിക്കണം. മന്ത്രങ്ങളുടെ പ്രവര്‍ത്തനം സംഭവിക്കുന്നത് സൂക്ഷ്മമണ്ഡലങ്ങളിലാണ്. അതായത് മനുഷ്യന്റെ ഉള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രദ്ധയോടെ സാധന ചെയ്യുമ്പോള്‍ ഉപാസകന് ജ്ഞാനം ലഭിക്കുന്നു. ശരീരമനോബുദ്ധികളുടെയും പ്രാണങ്ങളുടെയുമെല്ലാം വിമലീകരണം സംഭവിക്കുന്നു. പരമാത്മതലം വരെ ഉയര്‍ന്നു ചെല്ലാന്‍ കെല്പുള്ള ഗരുഡച്ചിറകുകളാണീ മന്ത്രങ്ങള്‍.

ഹരിനാമകീര്‍ത്തനത്തിലൂടെ അവിച്ഛിന്നാനുരാഗ സിദ്ധി
സ്വന്തം കര്‍മ്മമണ്ഡലത്തില്‍ പ്രവര്‍ത്തന നിരതരാകുന്നതിനു മുമ്പ് ഓരോരുത്തരും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍, തത്ത്വദര്‍ശനത്തിന്റെ ഗാംഭീര്യം, ഭക്തി എന്നിവയെല്ലാം കൊണ്ട് മുഖരിതമാണ് ഹരിനാമകീര്‍ത്തനം. ഈ കീര്‍ത്തനാലാപത്താല്‍ ഹൃദയവിമലീകരണം സംഭവിക്കുന്നു. ജീവിതം ഒരു മഹോത്സവമാകുന്നു. ആനന്ദത്തിന്റെ ഉറവിടം അവരവരുടെ ഉള്ളില്‍ തന്നെയാണ്. ആ ജ്ഞാനമാണ് ഹരിനാമകീര്‍ത്തനം നമുക്ക് പകര്‍ന്നു നല്‍കുന്നത്. ഓരോരുത്തരുടേയും ഉള്ളില്‍ കുടികൊള്ളുന്ന ‘ഞാന്‍’ തന്നെയാണ് ആനന്ദം. അത്യന്തം ഹൃദ്യമായ സുഗന്ധം നാഭിയിലിരുന്നിട്ട് അതിനെ കാണാതെ പുല്‍ത്തലപ്പുകളില്‍ അന്വേഷിച്ചു നടക്കുകയാണ് കസ്തൂരിമാന്‍. സുഗന്ധത്തിന്റെ ഉറവിടം തേടിയലയുന്ന കസ്തൂരിമാനെപ്പോലെയാണ് മനുഷ്യന്‍ ആനന്ദം ഭൗതികജഗത്തില്‍ അന്വേഷിക്കുന്നു. ഭൗതികപദാര്‍ത്ഥങ്ങളിലുള്ള മോഹം ആനന്ദത്തെയല്ല, ദുഃഖത്തെയാണ് പ്രദാനം ചെയ്യുന്നത്.

”അനാദിനിധനം ബ്രഹ്മ
ശബ്ദതത്ത്വം യദക്ഷരം
വിവര്‍ത്തതേƒര്‍ഥ ഭാവേന
പ്രക്രിയാ ജഗതോ യതഃ”

എന്ന ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തിലെ വാഗ്ദര്‍ശനം എഴുത്തച്ഛന്റെ ‘ഏകാക്ഷരത്തിലിതടങ്ങുന്നു സര്‍വവും’ എന്ന ആധ്യാത്മദര്‍ശനത്തെ സാധൂകരിക്കുന്നു. ആദിയും അന്തവുമില്ലാത്ത ശബ്ദതത്ത്വമാണ് ബ്രഹ്മം. ഹരിനാമകീര്‍ത്തനം അക്ഷരബ്രഹ്മത്തെയാണ് കീര്‍ത്തിക്കുന്നത്.

‘ആദ്യക്ഷരത്തിലുളവായോന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിനടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ’

സര്‍വാക്ഷരവിസ്തരമായ പരമാത്മാവിനെ, ആദ്യക്ഷരാല്‍ ഓരോന്നെടുത്ത് അന്‍പത്തൊന്നക്ഷരങ്ങളിലൂടെ എഴുത്തച്ഛന്‍ വാഴ്ത്തുന്നു. ഈ ശബ്ദബ്രഹ്മദര്‍ശനത്താല്‍ ജ്ഞാനികള്‍ വാക്ക് ഈശ്വരന്റെ ജ്ഞാനശക്തിയാണെന്നുറച്ച് ഭിന്നരീതിയില്‍ വാഗര്‍ഥവിചാരം നടത്തി. എങ്കിലും സാരത്തില്‍ അവയൊന്നു തന്നെ. പരയെന്ന ആദ്യക്ഷരത്തിനു യാതൊന്നും സംഭവിക്കുന്നില്ല. പരയാണ് അനുക്രമം പശ്യന്തിയും മദ്ധ്യമയും വൈഖരിയുമായി വികസിച്ച് ലോകത്തു പ്രചരിച്ചുകൊണ്ടിരിക്കുന്ന വിവിധ ഭാഷകളായും ഇതര പ്രാപഞ്ചിക പദാര്‍ത്ഥങ്ങളായും അനുഭവപ്പെടുന്നത്. അവരവരുള്‍പ്പെടെ ഈ ലോകത്തു കാണപ്പെടുന്നതെല്ലാം ആദ്യക്ഷരത്തിലുണ്ടായി ആദ്യക്ഷരത്തില്‍ നിലനിന്ന് ആദ്യക്ഷരത്തില്‍ ലയിക്കുന്ന അനുഭവം മാത്രമാണെന്ന് എഴുത്തച്ഛന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത് സ്‌ഫോടസങ്കല്പമാണ്.

ഈശ്വരാരാധനയ്ക്കുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചു ഹിന്ദുപുരാണങ്ങളില്‍ സുവ്യക്തമായ സമ്പ്രദായങ്ങള്‍ വിവരിച്ചിട്ടുണ്ട്.
”ധ്യാനം കൃതയുഗേ, യജ്ഞമാം ത്രേതയില്‍,
പിന്നേതു ദ്വാപരം തന്നിലാമര്‍ച്ചനം,
കീര്‍ത്തനമല്ലോ കലിയില്‍വേണ്ടുന്നതു-
മാര്‍ത്തിവിനാശന സേവകളിങ്ങനെ”

കൃതയുഗത്തില്‍ ധ്യാനവും ത്രേതായുഗത്തിനു യജ്ഞവും ദ്വാപരയുഗത്തില്‍ അര്‍ച്ചനയും കലിയുഗത്തില്‍ കീര്‍ത്തനവുമെന്നതാണു ഹിന്ദുവിന്റെ ആരാധനാക്രമം.

”സര്‍വ്വദാ സര്‍വ്വഭാവേന സിശ്ചിന്തൈ:
ഭഗവാനേവ ഭജനീയ:”
(ഭക്തിസൂത്രം.79)

എല്ലാ നേരവും എല്ലാ പ്രകാരത്തിലും മറ്റു ചിന്തകളെല്ലാം വെടിഞ്ഞ് ഭഗവാനെത്തന്നെ ഭജിക്കേണ്ടതാകുന്നു. മനസ്സും വാക്കും കരണങ്ങളും ഈശ്വരഭജനത്തില്‍ ഏര്‍പ്പെട്ടിരിക്കണം എന്ന് ഭക്തിസൂത്രം അനുശാസിക്കുന്നു. മനസ്സില്‍ ഈശ്വരചിന്തയ്ക്കല്ലാതെ മറ്റൊരു ചിന്തയ്ക്കും ഇടം കൊടുക്കരുത്. സര്‍വ്വഭാവേന എന്നതില്‍ മനോഭാവവും ഉള്‍പ്പെടുമെങ്കിലും വീണ്ടും നിശ്ചിന്തമായിട്ട് എന്നു പറഞ്ഞിരിക്കുന്നത് ഭക്തി നിരന്തരവും അവിച്ഛിന്നവുമായിരിക്കണം എന്ന് ഊന്നിപ്പറയാന്‍ വേണ്ടിയാണ്.

”ആലോഡ്യ സര്‍വ്വശാസ്ത്രാണി
വിചാര്യ ച പുനഃ പുനഃ
ഇദമേകം സുനിഷ്പന്നം
ധ്യേയോ നാരായണഃ സദാഃ”
(മഹാഭാരതം, അനുശാസനം, 109-ാം അദ്ധ്യായം, ശ്ലോകം 10)

മഹാഭാരതത്തിന്റെ അവസാനത്തില്‍ അനുശാസനപര്‍വ്വത്തില്‍ ഇപ്രകാരം പറയുന്നു: ‘സര്‍വശാസ്ത്രങ്ങളും മഥനം ചെയ്തും, വീണ്ടും വീണ്ടും വിചാരം ചെയ്തും കിട്ടിയത് ഇതുമാത്രമാണ്: സദാ ശ്രീനാരായണനെ ഭജിക്കുക.

”സ കീര്‍ത്ത്യമാന: ശീഘ്രമേവാവിര്‍ഭവതി
അനുഭാവയതി ച ഭക്താന്‍” (80)

നിരന്തരം ഭഗവത്കീര്‍ത്തനം ചെയ്യുമ്പോള്‍ ഭഗവാന്‍ വിനാവിളംബം ആവിര്‍ഭവിക്കുകയും ഭക്തന്മാരെ തന്റെ മഹത്വത്തെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല അവര്‍ക്ക് ഭഗവദ്ദര്‍ശനവും ഭഗവാന്റെ സാലോക്യസാരൂപ്യാദികളും ലഭിക്കുന്നുവെന്നും ഭക്തിസൂത്രം പറയുന്നു.

ഈ കീര്‍ത്തന മാഹാത്മ്യം നമുക്ക് ഹരിനാമകീര്‍ത്തനത്തില്‍ ദര്‍ശിക്കാം. ഭക്തിയുടെ 12 പടികളില്‍ അവസാനത്തെ പടിയായ അവിച്ഛിന്നാനുരാഗസിദ്ധി നമുക്ക് കീര്‍ത്തനത്തിലൂടെ ലഭിക്കുന്നു. ലോകത്തു കാണുന്നതെല്ലാം നാരായണന്റെ അഥവാ അവരവരുടെ ഇഷ്ടദേവതയുടെ പ്രതിബിംബങ്ങള്‍. നാരായണനെക്കുറിച്ചുള്ള നാമസങ്കീര്‍ത്തനം സര്‍വ്വവും നാരായണമയമാക്കിത്തീര്‍ക്കുന്നു.

”യാതൊന്നു കാണ്മതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായനമഃ”

ഓരോ വസ്തുവിലും ഇഷ്ടദേവനെ കാണാനായാല്‍ എല്ലാം ആദരണീയം. തന്റെ ഭക്തിയിലൂടെ ഈശ്വരപ്രേമം ലഭിച്ച ഭക്തനാണ് ഇപ്രകാരം സംഭവിക്കുന്നത്.

”തത്പ്രാപ്യ തദേവാവലോകയതി,
തദേവ ശൃണോതി
തദേവ ഭാഷയതി, തദേവ ചിന്തയതി

ഈശ്വരപ്രേമം ലഭിച്ച ഭക്തന്‍ അതുതന്നെ കാണുന്നു; കേള്‍ക്കുന്നു; അതിനെക്കുറിച്ചുതന്നെ സംസാരിക്കുന്നു; നിനയ്ക്കുന്നു എന്ന് നാരദഭക്തിസൂത്രം. അവിച്ഛിന്നവും അനുഭവരൂപവും അതിസൂക്ഷ്മവുമായ പ്രേമം അതായത് അവിച്ഛിന്നാനുരാഗസിദ്ധി ലഭിച്ച ഭക്തനു സംഭവിക്കുന്ന അവസ്ഥ. അവന്റെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും മനസ്സും വ്യാപരിക്കുന്നത് പ്രേമത്തെക്കുറിച്ചുമാത്രമാണ്. കാണുന്നതെല്ലാം നാരായണന്മാരെ കേള്‍ക്കുന്നതെല്ലാം നാരായണശ്രുതികള്‍. പ്രേമാവിഷ്ടന്റെ സമസ്തസത്തയും പ്രേമമഗ്നമാണ്.
‘നാസ്തി തേഷു ജാതിവിദ്യാരൂപകുലധനക്രിയാദിഭേദഃ’
എന്നു നാരദഭക്തിസൂത്രം പറയുന്നതുപോലെ ഭക്തന് ജാതി, വിദ്യരൂപം, കുലം, ധനം, തൊഴില്‍ എന്നിവയടിസ്ഥാനമാക്കിയുള്ള ഭേദങ്ങളൊന്നുമില്ല. ഈ സൂത്രം നമ്മെ സാര്‍വലൗകികമനസ്തത്ത്വത്തിലേക്കാണ് നയിക്കുന്നത്.

ഈശ്വരസ്മരണ ആര്‍ക്ക്, എപ്പോള്‍, എവിടെവച്ച് വേണമെങ്കിലും, ഏതവസ്ഥയിലും നടത്താവുന്നതാണ് എന്നുള്ള വിപ്ലവ പ്രഖ്യാപനവും ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ നടത്തി.

”ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമി തൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ”

മനുഷ്യജന്മത്തില്‍ ഈശ്വരഭജനത്തിനും സത്യസാക്ഷാത്ക്കാരത്തിനും ഒരേ അര്‍ഹത തന്നെയാണെന്ന് ഇവിടെ വ്യക്തമാക്കുന്നു, സമര്‍ത്ഥിക്കുന്നു. ഈശ്വരാരാധനയ്ക്ക് ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രചണ്ഡാലന്മാര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേശ്യകള്‍ക്കും കൂടി അധികാരമുണ്ട്. ജലം വേറെ തിരമാലകള്‍ വേറെയെന്നല്ല, സ്വര്‍ണ്ണം തന്നെ ആഭരണങ്ങളായി ചമയുന്നു. അതുപോലെയത്രേ നാമും എന്ന് തുക്കാറാം(ഗാഥ, 36.77) പാടിയ അവസ്ഥയിലേക്ക് ഏവരുമെത്തിച്ചേര്‍ന്നാല്‍ സാര്‍വലൗകികമായ സഹചിത്തതയായി. സര്‍വലോകസമസുഖത്തെ ഈ സമദര്‍ശനത്തിലൂടെ അനുഭവിക്കാം.

ഭക്തിയുടെ കൊതുമ്പുവള്ളത്തില്‍ കയറിയാല്‍ ഏതു വേദാന്തസാഗരവും കടക്കാമെന്നു സാധാരണക്കാരനോട് ഉദ്‌ഘോഷിച്ചത് എഴുത്തച്ഛന്‍ രചിച്ച ഹരിനാമകീര്‍ത്തവും അദ്ധ്യാത്മരാമായണവും മഹാഭാരതവും മഹാഭാഗവതവുമാണ്.

”ദേവദത്താമിമാം വീണാം
സ്വരബ്രഹ്മവിഭൂഷിതാം
മൂര്‍ച്ഛയിത്വാ ഹരികഥാം
ഗായമാനശ്ചരാമ്യഹം”

എന്ന് നാരദന്‍ ഭാഗവതത്തില്‍ പാടി. ഈശ്വരന്‍ കനിഞ്ഞു തന്ന ശബ്ദബ്രഹ്മവിഭൂഷിതമായ ഈ വീണയും മീട്ടി ഈശ്വരകഥതന്നെ പാടിപ്പാടി ഞാന്‍ സഞ്ചരിക്കുന്നു എന്ന്. ഇതു തന്നെയാണ് എഴുത്തച്ഛനും ചെയ്തത്. തന്റെ ശബ്ദബ്രഹ്മഭൂഷിതമായ ആത്മവീണ ഉപയോഗിച്ച് ലോകാനന്ദപ്രദമായി പാടിയതും ഈശ്വരകഥയും വേദസാരങ്ങളുമാണ്.

‘അദ്ധ്യാത്മ രാമായണം, മഹാഭാരതം തുടങ്ങിയ കൃതികള്‍ രചിച്ചത് യോഗിയായ എഴുത്തച്ഛനാണ്. സാധാരണമനുഷ്യജീവിയുടെ ഭൗതികബുദ്ധിതലത്തില്‍ നിന്നേറെ ഉയര്‍ന്നു മഹാപ്രപഞ്ചത്തിന്റെ പ്രകൃതിപുരുഷതത്ത്വത്തെ സ്വാത്മാവിലുയര്‍ത്തി അതോടൊപ്പം വളര്‍ന്നുനിന്നു താനറിയാതെ ഉദീരണം ചെയ്തു പോവുകയാണെഴുത്തച്ഛന്‍. അതിനാല്‍ ആ കൃതികളെമ്പാടും ആത്മീയ വചനപ്രഭാപ്രവാഹമായി. ഭക്തിക്കു തന്നെയായിരുന്നു എഴുത്തച്ഛന്റെ കൃതികളില്‍ പ്രാമുഖ്യം. പക്ഷേ തന്റെ കൃതികളില്‍ ഭക്തിയെ ആവിഷ്‌കരിച്ചത് പല രീതികളിലായിരുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിക്കു നല്ല സ്വാധീനമുള്ള പ്രൗഢമായ രചനയായിരുന്നു. എന്നാല്‍ ഭാരതം കിളിപ്പാട്ടാകട്ടെ ഭക്തിയോടൊപ്പം കാവ്യാത്മകത്വത്തിനും സ്ഥാനം കൊടുത്തുകൊണ്ടുള്ള കലാപരമായ ശൈലിയായിരുന്നു. ഭക്തിക്കും സാഹിത്യത്തിനും ഒരേപോലെ പ്രാധാന്യം കൊടുത്തുവെന്നു സാരം. അദ്ദേഹത്തിന്റേതാണെന്നും അല്ലെന്നും തര്‍ക്കം നിലനില്‍ക്കുന്ന ഭാഗവതത്തിലാകട്ടെ ഭക്തി മുഖ്യധാരയില്‍ അണമുറിയാതെ പ്രവഹിച്ച്, ലളിതമായ ഒരു സമീപനം സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ എഴുത്തച്ഛന്റെ കൃതികളെല്ലാം തന്നെ മമ്മടന്‍ കാവ്യപ്രകാശത്തില്‍ നല്‍കിയ കാവ്യപ്രയോജനവാദത്തെ സാധൂകരിക്കുന്നതാണ്.

‘കാവ്യം യശസേƒര്‍ത്ഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യ: പരനിര്‍വൃതയേ
കാന്താസമ്മിതനയോപദേശയുജേ’

ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചു തരാന്‍ പര്യാപ്തമായ സാഹിത്യദര്‍ശനങ്ങളും തത്ത്വചിന്തകളും എഴുത്തച്ഛന്‍ എന്ന കവിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നത് കാണാം.
നാരദഭക്തിസൂത്രത്തില്‍ ഭക്തിയെ നിര്‍വ്വചിച്ചിരിക്കുന്നത്

‘സം ത്വസ്മിന്‍ പരമപ്രേമരൂപാ’
– ഭക്തിയാകട്ടെ ഈശ്വരനോടുളള പരമപ്രേമമാകുന്നുവെന്നും, ‘അമൃതസ്വരൂപാ ച’ – ഭക്തി അമൃതരൂപിണിയും ആകുന്നുവെന്നുമാണ്. ഭക്തിലക്ഷണത്തില്‍ ഭക്തിയുടെ അനുഭവം
‘അനിര്‍വചനീയം പ്രേമസ്വരൂപം’ എന്നും ‘മൂകസ്വാദനവത്’ എന്നും
‘ഗുണരഹിതം കാമനാരഹിതം പ്രതിക്ഷണ-
വര്‍ധമാനം സൂക്ഷ്മതരം അനുഭവരൂപം’ (54) എന്നുമാണ്. ഭക്തിയുടെ യഥാര്‍ത്ഥരൂപം അനിര്‍വ്വചനീയമാണ്. ഇത് ഭക്തിസാധനയുടെ അഗ്രിമപീഠമായ അവിച്ഛിന്നാനുരാഗത്തില്‍ നമ്മെ പ്രതിഷ്ഠിക്കുന്നു. ഭഗവത്‌പ്രേമം അനുഭവിക്കാമെന്നല്ലാതെ വര്‍ണ്ണിക്കാനാകില്ല. മൂകന്‍ സ്വാദ് അനുഭവിക്കുന്നപോലെയാണത്. അവന് അതിന്റെ അനുഭവം അന്യരെ പറഞ്ഞു മനസ്സിലാക്കാനാകില്ല. ഭഗവദ്‌പ്രേമം ഗുണരഹിതവും കാമനാതീതവും സ്വാര്‍ത്ഥശൂന്യവും പ്രതിനിമിഷം വര്‍ദ്ധിക്കുന്നതും അതീവ സൂക്ഷ്മവും അനുഭവൈകവേദ്യവും ആകുന്നു. അതായത് അവാച്യമാണ്. ഈ ഭക്തിലക്ഷണങ്ങള്‍ എഴുത്തച്ഛന്റെ കൃതിയിലും സമ്മേളിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞ ഭഗവത്കഥകളെല്ലാം അനുപദം ആസ്വാദ്യകരവും (സ്വാദു സ്വാദു പദേ പദേ – ഭാഗവതം) ഭക്തിസംവര്‍ദ്ധകവുമാണ്. ഭക്തി കര്‍മ്മജ്ഞാനയോഗത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന സങ്കല്പമായിരുന്നു എഴുത്തച്ഛന്. അച്യുതന്റെ അടിമലര്‍ ഭജിക്കുന്നവന് ക്രമേണ ഭക്തിയും വിരക്തിയും ജ്ഞാനവും വന്നുചേര്‍ന്ന് അവസാനം സാക്ഷാത്തായ ശാന്തിയടയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഭാഗവതത്തില്‍ (ഭാഗവതം 11.2.43) പറയുന്നുണ്ട്.

”ത്രിസത്യസ്യ ഭക്തിരേവ ഗരീയസീ
ഭക്തിരേവഗരീയസി” (ഭക്തിസൂത്രം 81)

നിത്യനായ ഈശ്വരനെ പ്രാപിക്കാന്‍ ഭക്തിതന്നെ ശ്രേഷ്ഠമായ ഉപായം. ഈ ഉപായമാണ് തുഞ്ചത്താചാര്യനും സ്വീകരിച്ചത്. ”ത്രികാലാബാധിതനായ സര്‍വ്വേശ്വരനെ പ്രാപിക്കാന്‍ ഏറ്റവും സുലഭവും സുഗമവും ആയ മാര്‍ഗ്ഗം ഭക്തിയാകുന്നു. സാധാരണകാലത്തിലും ഫലകാലത്തിലും ഇതരമാര്‍ഗ്ഗങ്ങളേക്കാള്‍ ഭക്തിയാണ് ശ്രേഷ്ഠം. ഭക്തിയുടെ മാധുര്യം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരും മാധുര്യം അനുഭവിച്ചിട്ടില്ലാത്തവരും എന്തുതന്നെ പറഞ്ഞാലും ഭക്തനറിയാം ആനന്ദസ്വരൂപനായ സര്‍വ്വേശ്വരനെ പ്രാപിക്കാനും അവിടുത്തെ മഹിമ അനുഭവിക്കാനും ഭക്തിമാര്‍ഗ്ഗപഥികനു മാത്രമേ കഴിയൂ എന്ന്”. ഇതെല്ലാം ഭക്തിയുടെ സര്‍വ്വാതിശായിത്വത്തെ സൂചിപ്പിക്കുന്നു. ഭക്തന്, സാധകന്, യോഗികള്‍ക്ക് ബ്രഹ്മസാക്ഷാത്ക്കാരത്തിന് സര്‍വ്വാത്മാവായ ശ്രീഭഗവാനില്‍ പുലര്‍ത്തുന്ന ഭക്തിയോളം മംഗളകരമായി മറ്റൊരു മാര്‍ഗ്ഗവും ഇല്ല എന്ന് ഭാഗവതത്തില്‍ ആചാര്യന്‍ തന്റെ ദര്‍ശനത്തെ ഊന്നിപ്പറയുന്നുണ്ട്, ദൃഢീകരിക്കുന്നുണ്ട്.

”ന യുജ്യമാനയാ ഭക്ത്യാ:
ഭഗവത്യഖിലാത്മനി
സദ്യശോƒസ്തി ശിവഃപന്ഥാ
യോഗിനാം ബ്രഹ്മസിദ്ധയേ”
(ഭാഗവതം 3.25.19)
(അവസാനിച്ചു)

കുറിപ്പുകള്‍
1. ഡോ. സി കെ ചന്ദ്രശേഖരന്‍ നായര്‍, എഴുത്തച്ഛന്റെ ആഖ്യാനകല, തുഞ്ചന്‍പഠനങ്ങള്‍, എഡിറ്റര്‍. പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍, കറന്റ് ബുക്‌സ്, പുറം 107.
2. ഡോ. സി കെ ചന്ദ്രശേഖരന്‍ നായര്‍, എഴുത്തച്ഛന്റെ ആഖ്യാനകല, തുഞ്ചന്‍പഠനങ്ങള്‍, എഡിറ്റര്‍. പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍, കറന്റ് ബുക്‌സ്, പുറം 112.
3. വടക്കുംകൂര്‍ രാജരാജവര്‍മ്മ, ‘അവതാരിക’ ശ്രീ മഹാഭാരതം കിളിപ്പാട്ട്, എന്‍.ബി.എസ്. പതിപ്പ്, (കോട്ടയം, എസ്.പി.സി.എസ്, 1977), പുറം 15.
4. ‘”The change from Ezhuthachan’s Adh: Ramayana to his Mahabharatha is like the one from flower to fruit” Dr. C. Achuthamenon, Ezhuthachan and His Age, P 127.
5. കേരളസാഹിത്യചരിത്രം, ഉള്ളൂര്‍; കേരള സര്‍വ്വകലാശാലാ പ്രകാശനം, തിരുവനന്തപുരം, അഞ്ചാംപതിപ്പ്; 1990; പുറം 597
6. ചിന്താരത്‌നത്തിന്റെ സന്ദേശം, പ്രൊഫ. ചെങ്കല്‍ സുധാകരന്‍, തുഞ്ചന്‍ പഠനങ്ങള്‍, പുറം. 249, 250.
7. ചിന്താരത്‌നത്തിന്റെ സന്ദേശം, എഴുത്തച്ഛന്‍/അനുഭവം, പ്രൊഫ. വി മധുസൂദനന്‍ നായര്‍, പുറം.85.
8. സിദ്ധിനാഥാനന്ദസ്വാമി, വ്യാഖ്യാനം, നാരദഭക്തിസൂത്രങ്ങള്‍, ശ്രീരാമകൃഷ്ണമം, മാര്‍ച്ച് 2007, പുറം 159.

സഹായകഗ്രന്ഥങ്ങള്‍
1. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
2. മഹാഭാരതം കിളിപ്പാട്ട്
3. ഭാഗവതം കിളിപ്പാട്ട്
4. നാരദഭക്തിസൂത്രങ്ങള്‍
5. ഹരിനാമകീര്‍ത്തനം
6. ചിന്താരത്‌നം
7. ഭഗവദ്ഗീത

Tags: ഭക്തിലക്ഷണം എഴുത്തച്ഛന്‍ കൃതികളില്‍
Share10TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

‘മൂര്‍ഖതയും ഭീകരതയും’

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്ന മാധ്യമങ്ങള്‍

സര്‍വമതസമ്മേളനം ശതാബ്ദി നിറവില്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies