രാജവാഴ്ച്ചക്കാലത്ത് ഭാരതത്തിലെ നിരവധി നാട്ടുരാജാക്കന്മാര്‍ അവരുടെ ഭരദേവതമാരെ മുന്‍നിര്‍ത്തിയായിരുന്നു നാടുവാണിരുന്നത്. അതുകൊണ്ടുതന്നെ ഭരദേവതാസങ്കേതങ്ങളില്‍ സ്വര്‍ണ്ണവും പണവും സമര്‍പ്പിക്കുന്നതില്‍ രാജാക്കന്മാര്‍ മത്സരിച്ചിരുന്നു. പുരാതന ഭാരതത്തിന്റെ ട്രഷറികളായിരുന്നു പല മഹാക്ഷേത്രങ്ങളും. ഭാരതത്തെ ആക്രമിക്കുവാന്‍ അതിര്‍ത്തി ഭേദിച്ചെത്തിയ പരദേശിസൈന്യങ്ങള്‍ ക്ഷേത്രങ്ങളെ ആക്രമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവയിലെ അളവറ്റ സമ്പത്തായിരുന്നു. ഗുജറാത്തിലെ സോമനാഥക്ഷേത്രം മുഹമ്മദ്ഗസ്‌നി പതിനേഴു തവണ ആക്രമിച്ച് കൊള്ളചെയ്തതായി ചരിത്രം പറയുന്നു. ഉത്തരഭാരതത്തിലെ ഒട്ടുമിക്കക്ഷേത്രങ്ങളും മുസ്ലീം അക്രമികളാല്‍ ആക്രമിക്കപ്പെടുകയും അളവറ്റ സമ്പത്തുകള്‍ കൊള്ളചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഹൈദരാലിയും ടിപ്പുവും, ഖിലാഫത്ത് ലഹളക്കാലത്ത് മാപ്പിളകലാപകാരികളും കേരളത്തിലെ നിരവധി ക്ഷേത്രങ്ങള്‍ ആക്രമിച്ച് തകര്‍ക്കുകയും കൊള്ളയടിക്കുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ അങ്ങിനെ വ്യാപകമായി തകര്‍ക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ അനന്തകോടി വിലമതിക്കുന്ന നിധിനിക്ഷേപങ്ങള്‍ ഇന്നും സുരക്ഷിതമായിരിക്കുന്നത്.
ജനാധിപത്യ ഭാരതത്തിലും ഹിന്ദുക്കളും അവരുടെ ആരാധനാലയങ്ങളും അരക്ഷിതമാണ്എന്നതിന്റെ തെളിവായിരുന്നു ശ്രീപത്മനാഭസ്വാമിയുടെ നിലവറയിലെ നിധിനിക്ഷേപങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ശ്രമങ്ങള്‍. അത്തരം ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഇക്കഴിഞ്ഞ ദിവസം ഭാരതത്തിന്റെ പരമോന്നത കോടതി അസന്നിഗ്ദ്ധമായി പുറപ്പെടുവിച്ച ഉത്തരവ്. ഈ ഉത്തരവിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ നാള്‍വഴി പരിശോധിക്കുമ്പോള്‍ ഒരു കാര്യം ബോധ്യമാകും. കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും കൊള്ളയടിക്കാനും ഹൈദരാലിയും ടിപ്പുവും നടത്തിയ ശ്രമങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത് പ്രധാനമായും കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കളാണെന്ന കാര്യം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അളവറ്റ നിധിനിക്ഷേപങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതൃത്വം ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നു തട്ടിയെടുക്കുവാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിത്തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. ഒറ്റക്കല്‍മണ്ഡപത്തിലെ തൂണുകള്‍ വെള്ളി പൂശുവാനായി നിലവറയില്‍ നിന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് വെള്ളി എടുത്തതിനെ നിധി അപഹരിക്കാനുള്ള ശ്രമമായി ചിത്രീകരിച്ചുകൊണ്ട് വിഷയം കോടതിയിലെത്തിക്കുവാന്‍ മുന്‍കൈ എടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് അച്യുതാനന്ദനായിരുന്നു. ക്ഷേത്രം പിടിച്ചെടുത്ത് തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്ന കമ്മ്യൂണിസ്റ്റ് നികൃഷ്ട തന്ത്രമായിരുന്നു ഇതിനു പിന്നില്‍. ദേവസ്വം ബോര്‍ഡുകളുടെ മറവില്‍ കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങള്‍ നിര്‍ബാധം കൊള്ളയടിക്കാന്‍ ഇന്ന് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്കാവുന്നുണ്ട്. അതിന്റെ ഉദാഹരണമായിരുന്നു പ്രകൃതിദുരന്തങ്ങളുടെ മറവില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം പത്തുകോടി രൂപ ഇടതുപക്ഷ സര്‍ക്കാര്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും വസൂലാക്കിയത്.
വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ആദ്യം നടപ്പിലാക്കിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഭരദേവതയായി ആരാധിച്ചുപോരുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രം രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍ തുടരുന്നത് 1949-ല്‍ ഇന്ത്യാഗവണ്‍മെന്റുമായുണ്ടായ ഉടമ്പടി അനുസരിച്ചാണ്. രാജ കുടുംബത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ ആദ്യം ചെയ്തത്. ക്ഷേത്രത്തിലെ അമൂല്യ നിധികള്‍ പൊതുസ്വത്താണെന്ന പ്രചരണം ബോധപൂര്‍വ്വം ഇവര്‍ അഴിച്ചുവിട്ടു. വ്യവഹാരങ്ങള്‍ക്കൊടുവില്‍ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അമൂല്യ നിധികള്‍ മ്യൂസിയത്തില്‍ വെക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നേടുന്നതില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വം വിജയിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ വിധി രാജകുടുംബത്തിനും ഭക്തജനങ്ങള്‍ക്കും അനുകൂലമായി വന്നിരിക്കുകയാണ്. ഈ വിധി ദൂരവ്യാപകമായ അലയൊലികള്‍ ഉണ്ടാക്കാന്‍ പോന്ന ഒന്നാണ്. രാഷ്ട്രീയ മുക്തമായ ക്ഷേത്രഭരണമെന്ന ഹിന്ദുസമൂഹത്തിന്റെ ചിരകാല മോഹത്തിലേക്കുള്ള പ്രഥമ പദമാണ് ശ്രീപദ്മനാഭക്ഷേത്രത്തിന്റ കാര്യത്തിലുണ്ടായിരിക്കുന്ന സൃപ്രീം കോടതി വിധി എന്നു വേണം വിലയിരുത്താന്‍. ക്ഷേത്ര സ്വത്തിന്മേലുള്ള ആത്യന്തികമായുള്ള അവകാശം പ്രതിഷ്ഠക്കാണ് എന്നും ക്ഷേത്ര ഭരണം നടത്തേണ്ടത് വിശ്വാസികള്‍ ആണ് എന്നതുമാണ് കോടതി വിധിയുടെ കാതല്‍. ഇത് ഗുരുവായൂര്‍, ശബരിമല തുടങ്ങിയ മഹാക്ഷേത്രങ്ങളടക്കം എല്ലാ ദേവസ്വങ്ങളെയും ബാധിക്കാവുന്ന ഒരു വിധിയാണ്.
ക്ഷേത്ര വിശ്വാസമില്ലാത്ത രാഷ്ട്രീയക്കാരുടെ അധികാര വാഴ്ചകൊണ്ട് തകരുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ വിമോചന കാഹളമാണ് ഈ കോടതിവിധിയിലൂടെ മുഴക്കപ്പെട്ടിരിക്കുന്നത്. ഭരണഘടന അനുവദിക്കുന്ന ആരാധനാസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥിക്ഷേത്രവും തിരുവനന്തപുരത്ത് ചട്ടമ്പിസ്വാമിസ്മാരക മണ്ഡപവും ഒക്കെ അടുത്തകാലത്ത് പിടിച്ചെടുത്തത്. 1971-ല്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രംവക കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് മതേതരസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്. ഇത്തരം നടപടികള്‍ക്ക് അറുതിവരുത്താനുതകുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതി വിധി.
ക്ഷേത്രം പൊതുജനങ്ങളുടേതാണെന്നും അതിന്മേലോ സ്വത്തിന്മേലോ യാതൊരു അവകാശവാദവും ഉന്നയിക്കില്ലെന്നുമുള്ള രാജകുടുംബത്തിന്റെ നിലപാടിനെ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോഴുള്ള കോടതി ഉത്തരവുണ്ടായിരിക്കുന്നത്. ട്രസ്റ്റി എന്ന നിലയില്‍ ക്ഷേത്രം നോക്കി നടത്താനുള്ള തങ്ങളുടെ പാരമ്പര്യദത്തമായുള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടിയായിരുന്നു രാജകുടുംബം കോടതിയില്‍ വാദിച്ചത്. അത് കോടതി പൂര്‍ണ്ണമായി അംഗീകരിച്ചു എന്നു മാത്രമല്ല രാഷ്ട്രീയമുക്തമായ ഒരു മാതൃകാ ഭരണ സംവിധാനം ഉണ്ടാകുംവിധം ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച് ജില്ലാ ജഡ്ജി, രാജ പ്രതിനിധി, കേരള സര്‍ക്കാരിന്റെ പ്രതിനിധി, കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പിന്റെ പ്രതിനിധി, ക്ഷേത്രം തന്ത്രി എന്നിവര്‍ ചേരുന്ന അഞ്ചംഗസമിതിയായിരിക്കും ക്ഷേത്രം ഭരിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്നും ജസ്റ്റീസുമാരായ യു.യു.ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ച് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാത്രമല്ല ഹൈക്കോടതി നാമനിര്‍ദേശം ചെയ്യുന്ന റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി, കൊട്ടാരം പ്രതിനിധി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്എന്നിവരടങ്ങിയ ഒരു ഉപദേശകസമിതിയും ഉണ്ടാവണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും അമൂല്യമായ നിധിനിക്ഷേപം കുടികൊള്ളുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണം വ്യവസ്ഥാപിതവും സുതാര്യവുമാകാന്‍ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളാണ് പരമോന്നതകോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്. ഗുരുവായൂര്‍ ക്ഷേത്രം പോലെ രാഷ്ട്രീയക്കാരുടെയും അബ്കാരികളുടെയും തൊഴുത്താക്കി ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ഭരണസമിതിയെയും മാറ്റുവാനുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണ് സുപ്രീം കോടതിയുടെ വിധിയോടെ അട്ടിമറിഞ്ഞത്. വെട്ടിപ്പിടിച്ച രാജ്യവും സ്വത്തുവകകളും ഭരദേവതയുടെ പാദങ്ങളില്‍ 1750 ജനുവരി 17 ന് തൃപ്പടിദാനമായി സമര്‍പ്പിച്ച് ശ്രീപത്‌നാഭദാസനായി മാറിയ രാജപാരമ്പര്യമാണ് തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടേത്. ക്ഷേത്ര ദര്‍ശനത്തിനെത്തി മടങ്ങുമ്പോള്‍ കാലില്‍ പറ്റിയ പൊടിമണ്ണുപോലും തിരുമുറ്റത്ത് സമര്‍പ്പിച്ച് പോരുന്ന സംസ്‌കാരമാണ് ഈ രാജകുടുംബത്തിനുള്ളത്. അവരെ ക്ഷേത്ര സ്വത്തുക്കളുടെ അപഹര്‍ത്താക്കളായി ചിത്രീകരിച്ചുകൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ക്ഷേത്രം പിടിക്കാന്‍ തന്ത്രം മെനഞ്ഞത്. നിലവറയിലിരിക്കുന്ന കോടികള്‍ വിലമതിക്കുന്ന ഭഗവാന്റെ സ്വര്‍ണ്ണ നിക്ഷേപം തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ സൂപ്രീം കോടതിയുടെ വിധിവരുമ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍പ്പെട്ട് ആടിയുലയുകയാണ് എന്നത് കാലത്തിന്റെ കാവ്യനീതിയായി കണക്കാക്കാം.
ശബരിമല അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ മറവിലാണ് അതാതു കാലത്തെ രാഷ്ട്രീയ ഭരണനേതൃത്വം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥയ്ക്ക് അറുതി കാണുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമാകുന്ന ശുഭസൂചനയാണ് ശ്രീപത്മനാഭ ക്ഷേത്രത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള സുപ്രീം കോടതിവിധിയില്‍ നിന്നും ലഭിക്കുന്നത്. കേരളത്തിലെ ക്ഷേത്ര വിമോചന മുന്നേറ്റങ്ങള്‍ക്ക് ആക്കവും വീറും നല്‍കാന്‍ ഈ അനന്ത വിജയം കരുത്താകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.