ചേളന്നൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന ടിവി മുതല്‍ സ്മാര്‍ട്ട് ഫോണും ടാബും വരെയുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ ഗുണാത്മകമായി ഉപയോഗിച്ച് മുന്നേറാനുള്ള അവസരമായി കാണണമെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. ചേളന്നൂര്‍ എ.കെ.കെ. ആര്‍ ബോയ്‌സ് സ്‌കൂളില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് നാഷണല്‍ ടീച്ചേഴ്‌സ് യൂണിയനും ചേളന്നൂര്‍ സേവാഭാരതിയും ചേര്‍ന്ന് നല്‍കിയ ടി.വി സെറ്റുകള്‍ പ്രധാന അദ്ധ്യാപകന്‍ പി.കെ. അനില്‍ കുമാറിന് കൈമാറി സംസാ രിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സൗകര്യങ്ങള്‍ തെറ്റായ ദിശയിലേക്ക് മാറിപ്പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രതയുള്ളവരായിരിക്കണം. കോവിഡിന്റെ വിരസ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് നിരന്തരം അവബോധവും മൂല്യങ്ങളും പകര്‍ന്ന് നല്‍കാന്‍ അദ്ധ്യാപകര്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് രജിത്ത്‌രാജ് ചേളന്നൂര്‍ അധ്യക്ഷനായിരുന്നു. എന്‍ടിയു നേതാക്കളായ ശശികുമാര്‍ കെ.എം, പ്രമോദ് കുമാര്‍ നന്മണ്ട, സേവാഭാരതി പഞ്ചായത്ത് സിക്രട്ടറി പി.കെ. ഗിരീഷ് കൃഷ്ണന്‍, മനോജ് കുമാരസ്വാമി എന്നിവര്‍ സംബന്ധിച്ചു.