ഭാരതം കൊറോണ എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ്. ഇതിനിടയിലാണ് ചൈന ലഡാക്കില്‍ സംഘര്‍ഷം സൃഷ്ടിച്ചതും ഗല്‍ വാനിലെ ഏറ്റുമുട്ടലില്‍ നമ്മുടെ അതിര്‍ത്തി കാത്തുരക്ഷിക്കുകയായിരുന്ന 20 ഭാരതീയ ജവാന്മാരുടെ വീരമൃത്യുവിന് ഇടയായതും. മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്. 1962-നുശേഷം ഇതാദ്യമായാണ് ചൈനയുമായി രക്തരൂഷിതമായ ആക്രമണം ഉണ്ടായത് എന്നതും പരാമര്‍ശിക്കപ്പെടുന്നു. ചിലര്‍ ഭാരത സൈന്യത്തിന്റെ ശൗര്യം, ശക്തി, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തി, ജാഗ്രത എന്നിവയെ സംശയത്തോടെ നോക്കിക്കണ്ട് അവയെ ചോദ്യംചെയ്യാനും മുതിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയാനും, നരേന്ദ്രമോദിയെ അകറ്റിനിര്‍ത്താനും കഠിനമായി പരിശ്രമിച്ചവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് എന്ന വസ്തുത ഇക്കൂട്ടരുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. ഇവരുടെ ദീര്‍ഘദൃഷ്ടിയില്ലായ്മ, അപ്രായോഗികത, രാഷ്ട്രഭാവനയുടെ അഭാവം എന്നീ കാരണങ്ങളാണ് ഇപ്പോഴത്തേതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയാക്കിയതു തന്നെ.
ഭാരതത്തിന്റെ ഉന്നത നേതൃത്വം ദോക്‌ലാമിലും ഗാല്‍വാനിലും അതിന്റെ കരളുറപ്പും ധൈര്യവും ആത്മനിയന്ത്രണവും തെളിയിച്ചു. ഈയൊരു അനുഭവം ചൈനയ്ക്ക് ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. 1962-നുശേഷവും അവരുടെ കടന്നുകയറ്റം ഉണ്ടായിക്കൊണ്ടേയിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് ഇതുപോലെ ശക്തമായ എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. സൈന്യത്തിന്റെ ശൗര്യം, വീര്യം, ശക്തി ഇവയോടൊപ്പം രാഷ്ട്രനേതൃത്വത്തിന്റെ പങ്കും സുപ്രധാനമാണ്. 1998-ലെ പൊഖ്‌റാന്‍ അണുപരീക്ഷണ വിജയത്തിനുശേഷം ഈ വസ്തുത സ്പഷ്ടമായതാണ്. അതിലും ശാസ്ത്രജ്ഞരോടൊപ്പം നേതൃത്വത്തിന്റെ നിര്‍ണായക പങ്കും പ്രധാനമായിരുന്നു. ഭാരത ശാസ്ത്രജ്ഞര്‍ 1994-ല്‍ തന്നെ ഈ അണുപരീക്ഷണം നടത്തുന്നതിന് ശേഷി നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം അതിജീവിക്കാന്‍ അന്നത്തെ ഭരണനേതൃത്വത്തിന് ധൈര്യം ഉണ്ടായില്ല. 1998-ല്‍ അടല്‍ബിഹാരി വാജ്‌പേയി അതിനുള്ള ധൈര്യം കാണിച്ചു. വിജയകരമായ ഈ പരീക്ഷണത്തിനുശേഷം ലോകത്തില്‍ ഭാരതത്തിന്റെയും ഭാരതീയരുടെയും സ്വാധീനശക്തി വര്‍ദ്ധിച്ചു. 2014 മുതല്‍ രാഷ്ട്രവിരുദ്ധ, തീവ്രവാദ്രപവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ പാകിസ്ഥാനോടും ചൈനയോടുമുള്ള ഭാരതത്തിന്റെ നടപടികളില്‍ അടിസ്ഥാനപരമായ മാറ്റം കാണപ്പെടുന്നുണ്ട്. ഉറി വ്യോമാക്രമണം, ബാലാക്കോട്ട്, ദോക്‌ലാം, ഗാല്‍വാന്‍, കാശ്മീരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പാക് പിന്തുണയുള്ള ഭീകരവാദത്തെ ചെറുക്കല്‍ എന്നിവയിലെല്ലാം ഈ മാറ്റം വ്യക്തമാണ്. നാളിതുവരെ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന അതിര്‍ത്തിപ്രദേശങ്ങളില്‍ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ നിര്‍മ്മാണം, നേരത്തെ പാകിസ്ഥാന്റെയും ഇപ്പോള്‍ ചൈനയുടെയും അധീനതയിലുള്ള അക്‌സായി ചിന്‍ എന്ന ഭാരത പ്രദേശം തിരിച്ചെടുക്കുന്നതിനുള്ള ആഗ്രഹം- ഇവ സുദൃഢവും ധൈര്യശാലിയും ദീര്‍ഘദൃഷ്ടിയുള്ളതുമായ നേതൃത്വത്തിന്റെ ലക്ഷണങ്ങളാണ്. ഇതും ചൈനയുടെ പരിഭ്രാന്തിക്ക് കാരണമായിരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഭാരതത്തില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്ന ചില ശക്തികളും അസ്വസ്ഥരാകുന്നുണ്ട്.
1962-ല്‍ ചൈനയുമായുണ്ടായ യുദ്ധത്തില്‍ ഭാരത സൈന്യത്തിന്റെ അനുപമമായ ശക്തിയും സമര്‍പ്പണവും ഉണ്ടായിരുന്നിട്ടുകൂടി നമ്മള്‍ പരാജയപ്പെട്ടു. ഇതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് ഭരണ നേതൃത്വത്തിന്റെ ദീര്‍ഘദൃഷ്ടിയില്ലായ്മ. രണ്ടാമത്തേത് ഒരു യുദ്ധത്തിന് വേണ്ടതായ യാതൊരു തയ്യാറെടുപ്പും ഇല്ലാതിരുന്നത്. ചൈനയുടെ സാമ്രാജ്യത്വ മോഹത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ശ്രീ ഗുരുജിയും മറ്റനേകം ദീര്‍ഘദര്‍ശികളായ നേതാക്കന്മാരും ചൈനയെ ‘ഭായീ-ഭായീ’ എന്നു പറഞ്ഞ് അടുപ്പിച്ചു നിര്‍ത്തുന്നതിലുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ മുന്നറിയിപ്പ് പൂര്‍ണമായും അവഗണിച്ചുകൊണ്ട് സുരക്ഷാദൃഷ്ടിയിലുള്ള തയ്യാറെടുപ്പുകള്‍ ഒന്നും നടത്താതെ ചൈനയോട് അടുത്തതിന്റെ പരിണതഫലമാണ് 1962-ലെ യുദ്ധവും ലജ്ജാകരവും ദയനീയവുമായ പരാജയവും. ഈ സംഭവത്തിനു ശേഷമാണ് ഭാരതസൈന്യത്തെ സുസജ്ജമാക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ സൈന്യം സുസജ്ജമായതുകൊണ്ട് മാത്രമായില്ല. ഭരണനേതൃത്വം പക്വതയാര്‍ന്നതും ദൃഢവുമായിരിക്കണം.
2013 ഡിസംബര്‍ 6-ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത് കണ്ടു. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ”ഭാരതവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യ നിര്‍മ്മാണ രംഗത്ത് ചൈന വളരെ മുന്‍പന്തിയിലാണ്. അവരുടെ അടിസ്ഥാനസൗകര്യ വികസനം ഭാരതത്തെക്കാള്‍ വളരെ മികച്ചതാണ്. അതിര്‍ത്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നത് ഏറ്റവും നല്ല രക്ഷാമാര്‍ഗമാണ് എന്നതായിരുന്നു സ്വതന്ത്രഭാരതത്തിന്റെ കുറേ വര്‍ഷങ്ങളായി നിലനിന്നിരുന്ന നയം. അവികസിതമായ അതിര്‍ത്തികള്‍ വികസിതമായ അതിര്‍ത്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സുരക്ഷിതമാണന്ന ഒരു ചിന്തയുണ്ട്. അതുകൊണ്ട് കുറേ വര്‍ഷങ്ങളോളം അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡുകളോ വൈമാനിക കേന്ദ്രങ്ങളോ ഒന്നും നിര്‍മ്മിച്ചില്ല. അക്കാലത്തെല്ലാം ചൈന അവരുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി അവര്‍ നമ്മെക്കാള്‍ വളരെ മുന്‍പിലാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും ശേഷിയുടെയും കാര്യത്തില്‍ നമ്മളുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ വളരെ മുന്‍പിലാണ്. ഞാന്‍ അത് സമ്മതിക്കുന്നു. ഇത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.”
സ്വാതന്ത്ര്യത്തിനുശേഷം ഉടനെതന്നെ ഭാരതത്തിന്റെ വിദേശ, പ്രതിരോധ, സാമ്പത്തിക നയങ്ങള്‍ എല്ലാംതന്നെ തെറ്റായ ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രതിരോധ നയത്തിന്റെ ഉദാഹരണം നമ്മള്‍ മുകളില്‍ കണ്ടുകഴിഞ്ഞു. ഇനി സാമ്പത്തിക നയത്തിന്റെ കാര്യമെടുക്കാം. ഗ്രാമകേന്ദ്രീകൃതമായ ഒരു വികേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയ്ക്ക് ഊന്നല്‍ കൊടുക്കേണ്ടിയിരുന്ന സ്ഥലത്ത് മഹാനഗരങ്ങള്‍ക്ക് ചുറ്റുമായി കേന്ദ്രീകരിച്ച സാമ്പത്തിക വ്യവസ്ഥയാണ് നടപ്പിലാക്കിയത്. ഇതുകാരണം ഭാരതത്തിന്റെ 70 ശതമാനം സമൂഹവും ജീവിക്കുന്ന ഗ്രാമങ്ങള്‍ എന്നും അവികസിതങ്ങളായി തുടര്‍ന്നു. ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം, ചികിത്സാസൗകര്യം, തൊഴില്‍ എന്നിവയ്ക്കുവേണ്ടി സ്വന്തം ഗ്രാമം ഉപേക്ഷിച്ച് ദൂരെയുള്ള നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടതായിവന്നു. ഇത്തരം നയങ്ങളുടെ ഭയാനകമായ പരിണതഫലം ഇപ്പോള്‍ ഈ കൊറോണാ മഹാമാരിയുടെ കാലത്ത് നമ്മള്‍ കാണാനിടയായി. തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലിടങ്ങളില്‍ അന്യഥാബോധം അനുഭവപ്പെടുകയും, അവര്‍ കിട്ടുന്ന ഏത് മാര്‍ഗവും അവലംബിച്ച് സ്വഗ്രാമങ്ങളിലേക്ക് തിരിക്കുകയും ചെയ്തു. കുടിയേറ്റത്തിലൂടെ, അവര്‍ സ്വജനങ്ങളില്‍നിന്നും സ്വന്തം മണ്ണില്‍നിന്നും സ്വന്തം സംസ്‌കാരത്തില്‍ നിന്നും അകന്നുകഴിഞ്ഞിരുന്നു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത് കൃഷിയില്‍നിന്നാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടപ്പിലാക്കിയ നയങ്ങള്‍ മൂലം കൃഷിയും കൃഷിക്കാരനും അവഗണിക്കപ്പെട്ടു.
(തുടരും)
വിവര്‍ത്തനം: ഡോ.എം.ജെ.ജയശ്രീ