ഗ്രാമങ്ങളുടെ സാമ്പത്തികമടക്കമുള്ള വികസനം വഴി സാമൂഹ്യ മാറ്റമുണ്ടാക്കുക എന്നതായിരുന്നു ഗാന്ധിജിയുടെയും ദീനദയാല്‍ജിയുടെയും സ്വപ്‌നം. പഞ്ചായത്തീരാജിന് ഈ ലക്ഷ്യമുണ്ടായിരുന്നെങ്കിലും അത് ഏട്ടിലെ പശുവായി. ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് സേവാഭാരതിയുടെ ‘ഗ്രാമവൈഭവം’ പദ്ധതി. ഒരു ലക്ഷംപേര്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടുക എന്നതായിരുന്നു ഇതിന്റെ ആദ്യപടി. ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഇത് ഉദ്ഘാടനം ചെയ്തു. കര്‍ഷകദിനമായ ആഗ്സ്റ്റ് 17 വരെ ഇതു നടത്തും.
പഞ്ചായത്തുകള്‍ തോറും ‘വൈഭവശ്രീ’ എന്ന പേരില്‍ പുരുഷ സഹായസംഘങ്ങള്‍ രൂപീകരിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. സുഗന്ധദ്രവ്യങ്ങള്‍, വസ്ത്രം, സ്റ്റേഷനറി, ഇലക്ട്രിക് – ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില്പനയില്‍ ഈ കൂട്ടായ്മ ഏര്‍പ്പെടും. ഓരോ വീടും ഓരോ വ്യവസായ യൂനിറ്റായി മാറ്റുക എന്ന കൃത്യതയോടെയുള്ള ആസൂത്രണം ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഇതിനായി ഗ്രാമസേവികമാരെ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സേവാഭാരതിയുടെ സഹായം തേടി സര്‍ക്കാറും
സേവാഭാരതി സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്ക് പണം നല്‍കിയാല്‍ മതി, സ്വന്തമായി സന്നദ്ധപ്രവര്‍ത്തനം ചെയ്യണ്ട എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പല ജില്ലകളിലും സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടപ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സേവാഭാരതിയുടെ സഹായം തേടേണ്ടിവന്നു. എറണാകുളം ജില്ലയില്‍ സാമൂഹ്യ അടുക്കള പരാജയപ്പെട്ടപ്പോള്‍ അതിനെ ആശ്രയിച്ചവര്‍ പട്ടിണിയിലായി. തുടര്‍ന്നു ജില്ല മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് സാമൂഹ്യ അടുക്കളകളുടെ ചുമതല സേവാഭാരതി ഏറ്റെടുത്തു. 27 ദിവസം തുടര്‍ച്ചയായി നടത്തിയ ഈ സംവിധാനത്തില്‍ 125 പേര്‍ക്ക് ദിനം പ്രതി ഭക്ഷണം നല്‍കി. ആലപ്പുഴ ജില്ലയില്‍ കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒമ്പതു താലൂക്കുകളില്‍ ഹോമിയോ മരുന്ന് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാരിന്റെ ഭക്ഷ്യധാന്യകിറ്റുകള്‍ തയ്യാറാക്കല്‍ സേവാഭാരതി മാതൃസമിതി ഏറ്റെടുത്തു. 35000 കിറ്റുകള്‍ തയ്യാറാക്കി. ഡിഫി പ്രവര്‍ത്തകര്‍ ഏറ്റെടുത്തെങ്കിലും നിര്‍ത്തിപ്പോയതായിരുന്നു ഇത്.
മെഡിക്കല്‍ സേവനം
കോവിഡ് രോഗിയുടെ സാന്നിദ്ധ്യം മൂലം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ചില ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്റയിനില്‍ പോയി. അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ സേവാഭാരതിയെ ആണ് അധികൃതര്‍ ആശ്രയിച്ചത്. ശ്രീചിത്രയില്‍ ഏറ്റവും കൂടുതല്‍ രക്തം നല്‍കിയതിനു സേവാഭാരതിയെ അവര്‍ ആദരിക്കുകയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ രക്തം നല്‍കിയത് സേവാഭാരതിയായിരുന്നു. പ്രിന്‍സിപ്പാളും സൂപ്രണ്ടും സേവാഭാരതി പ്രവര്‍ത്തകരെ പ്രത്യേകമായി ആദരിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് പ്രചരണം
ഏറ്റവും പാവപ്പെട്ടവനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി. ഈ സഹായം സാധാരണക്കാര്‍ക്കിടയിലെത്താന്‍ സേവാഭാരതി ജില്ലകള്‍ തോറും ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു. പരമാവധിപേര്‍ക്ക് ഗുണംകിട്ടാന്‍ സാമ്പത്തിക വിദഗ്ദ്ധരെ ഉപയോഗിച്ച് പരിശീലന പരിപാടികളും നടത്തുന്നു.
ദൗത്യം തുടരുന്നു
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ കൊറോണയുടെ തുടക്കം മുതല്‍ യാത്രക്കാരുടെ താപനില പരിശോധിക്കാനുള്ള ചുമതല നിര്‍വ്വഹിക്കുന്നത് സേവാഭാരതിയാണ്. 24 മണിക്കൂറും സേവാഭാരതി പ്രവര്‍ത്തകര്‍ ഇവിടെ കര്‍മ്മനിരതരാണ്. റെയില്‍വെ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേവാഭാരതി ഈ ദൗത്യം ഏറ്റെടുത്തത്.
ഗൂഢാലോചനക്കാര്‍ ആര്?
മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സന്നദ്ധസേനയെയാണ് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനു ചുമതലപ്പെടുത്തിയത്. മറ്റുള്ളവരെ അകറ്റി നിര്‍ത്തി. എന്നിട്ടും സംസ്ഥാനത്തു ഈ മഹാമാരി നിയന്ത്രണമില്ലാതെ പെരുകുന്നു. രോഗം പരത്താന്‍ ഗൂഢാലോചനയുണ്ട് എന്നാണ് ഒരു മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്. സര്‍ക്കാരും അവരുടെ സേനയായ ‘സന്നദ്ധസേന’യും കൈകാര്യം ചെയ്യുന്ന മേഖലയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അവരുടെ ഭാഗത്തുനിന്നു മാത്രമേ ഉണ്ടാകൂ. അതുകൊണ്ടുതന്നെയാവാം ഗൂഢാലോചനക്കാര്‍ ആരെന്നു വെളിപ്പെടുത്താത്തതും.