മാപ്പിളലഹളയെ മഹത്വവല്‍ക്കരിക്കാനുള്ള സിനിമാനീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്
കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും അവരുടെ ബുദ്ധിജീവികളുമാണ്. ഇതിനുപിന്നില്‍ ദേശദ്രോഹപരവും സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതുമായ അജണ്ടയുണ്ട്. ഈ നീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേരള പോലീസില്‍ പ്രശസ്തമായ സേവനമനുഷ്ഠിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ഡോ.ടി.പി. സെന്‍കുമാര്‍ ഇത്തരം ശക്തികളുടെ നീക്കങ്ങള്‍ തുറന്നുകാട്ടുന്നു ‘കേസരി’ക്കനുവദിച്ച അഭിമുഖത്തില്‍.
കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നല്‍കിയ സംഭാവന ചെറുതല്ലെന്ന് കാണാന്‍ സാധിക്കും. ഇസ്ലാമിക തീവ്രവാദത്തിന് താത്വിക വിശദീകരണം നല്‍കുകയും കൂടെക്കൊണ്ട് നടത്തുകയും ചെയ്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. 1921-ലെ മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമാക്കിയതും മദനിയെന്ന മതഭീകരനെ മഹാനായി ചിത്രീകരിച്ചതും തിരഞ്ഞെടുപ്പ് സമയത്ത് പിഡിപി, എസ്ഡിപിഐ തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തിയതും ഇടതുപക്ഷം തന്നെ. ഇതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ലക്ഷ്യംവെക്കുന്നത് താത്കാലിക വോട്ടുബാങ്ക് മാത്രമായിരിക്കുമോ? അതിനപ്പുറം വല്ല ലക്ഷ്യവുമുണ്ടായിരിക്കുമോ.
♠ഇടതുപക്ഷത്തിന്റെ നേതാക്കള്‍ക്ക് ചിന്താശേഷി ഇല്ലാത്തതുകൊണ്ട് അവര്‍ താത്കാലികമായ വോട്ടുബാങ്ക് ലക്ഷ്യം വെയ്ക്കുന്നു. കമ്മ്യൂണിസവും ഇസ്ലാമും പരസ്പരം വിരുദ്ധ ധ്രുവങ്ങളിലുള്ള ആശയഗതിക്കാരാണെന്നത് കമ്മ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കുന്നില്ല. ഇത് രണ്ടും മ്യൂച്ചലി എക്‌സ്‌പ്ലോസീവ് ആണ്. ഞാന്‍ പല രാഷ്ട്രീയക്കാരോടും ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അപ്പോള്‍ അവര്‍ സ്വകാര്യമായി വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചൊക്കെ സംസാരിക്കും. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഇത് പുറത്ത് പറയാന്‍ പറ്റില്ല. അവരുടെ അടുത്ത തലമുറയ്ക്ക് എന്ത് സംഭവിക്കും എന്ന് അവര്‍ ചിന്തിക്കുന്നില്ല. അതാണ് പ്രശ്‌നം. അടുത്ത തലമുറയ്ക്ക് എന്ത് സംഭവിക്കും എന്ന് മുന്‍കൂട്ടി കാണുകയാണെങ്കില്‍ അവര്‍ ഇപ്പഴേ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്.
(1) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങള്‍ക്ക് കയറിപ്പറ്റാന്‍ പറ്റിയ മേഖലയാണെന്ന് മുസ്ലീം തീവ്രവാദികള്‍ മനസ്സിലാക്കി. അതിലേക്ക് അവര്‍ നുഴഞ്ഞുകയറി. (2) സാമ്പത്തികമായും വോട്ടുബാങ്കുപരമായും തങ്ങള്‍ക്ക് നേട്ടം കിട്ടുന്നതാണോ എന്നത് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിന്തിച്ചത്. ഈ രണ്ടു ചിന്തകളാണ് അവരെ മുന്നോട്ടു നയിച്ചത്. ഇത് രണ്ടും കിട്ടിയപ്പോള്‍ ഈ തീവ്രവാദികള്‍ക്ക് വളരെയധികം പ്രാധാന്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കല്പിച്ച് കൊടുത്തു.
ലോകത്ത് ഇന്നുവരെ കമ്മ്യൂണിസവും ഇസ്ലാമിസവും ഒന്നിച്ചു പോയ ചരിത്രമില്ല. കമ്മ്യൂണിസത്തില്‍ സംഭവിക്കുന്നത് ഇസ്ലാമിസത്തെ ഇല്ലാതാക്കലാണ്. ഭൗതികപരമായും ആശയപരമായും അങ്ങിനെത്തന്നെ. സൗദി അറേബ്യയില്‍ പോയി കമ്മ്യൂണിസത്തിനുവേണ്ടി ആര്‍ക്കെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? സാധിക്കില്ല. അതുപോലെ തന്നെ ഇസ്ലാമിനെക്കുറിച്ച് ചൈനയിലും.ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് അറിയാന്‍ പറ്റും. എന്നാല്‍ താത്കാലികമായി വോട്ടിനും പണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരന് അത് ചിന്തിക്കേണ്ട കാര്യമില്ല. വളരെ ചെറിയ വീക്ഷണമുള്ളവരാണ് തങ്ങളുടെ നേതാക്കളെന്ന് അണികള്‍ ഇപ്പോഴെങ്കിലും മനസ്സിലാക്കണം. പണ്ട് ബുദ്ധിപരമായി നിലവാരമുണ്ടായിരുന്ന കുറേ നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരെല്ലാം പോയി. സൈദ്ധാന്തികമായി മുന്നോട്ട് നയിക്കാന്‍ ആരുമില്ലാത്ത അവസ്ഥ.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ ദല്‍ഹിയിലെ കേരള ഹൗസില്‍ വെച്ച് പത്രക്കാരോട് കേരളം ഇങ്ങനെ പോകുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകും എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ ഇടയ്‌ക്കെങ്കിലും സത്യം വിളിച്ചു പറയുന്ന ചില നേതാക്കള്‍ സിപിഎമ്മില്‍ ഉണ്ട്.
♠അത് ശരിയാണ്. കുറേ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം വിളിച്ചുപറഞ്ഞിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഏ.കെ.ആന്റണിയും കുറേയൊക്കെ അങ്ങനെയായിരുന്നു. പിന്നീട് അദ്ദേഹവും മാറി. ഇവരെല്ലാം മാറാന്‍ കാരണം ഇങ്ങനെ വസ്തുതകള്‍ വിളിച്ചുപറഞ്ഞാല്‍ നിലനില്പില്ലാതാകും എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഇപ്പോഴും എനിക്ക് തോന്നുന്നത് അച്യുതാനന്ദന്‍ ഏ.കെ.ആന്റണിയെപ്പോലെ അത്രയും മാറിയിട്ടില്ലെന്നാണ്. വി.എസ്. മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അതുപറഞ്ഞത്. അദ്ദേഹം പറഞ്ഞത് വളരെ വസ്തുതാപരവും അടിസ്ഥാനപരവുമായ കാര്യമാണ്. എന്നാല്‍ മാധ്യമങ്ങള്‍ അതിന് വേണ്ടത്ര വാര്‍ത്താപ്രാധാന്യം നല്‍കിയില്ല. ഇതേ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ പോലീസ് എനിക്കെതിരെ കേസെടുത്തു. ഒരു ഓഫീസര്‍ ഇത്രയും കൃത്യമായിട്ട് കണക്കുകള്‍ പറയുമ്പോള്‍ ജനങ്ങള്‍ വിശ്വസിക്കും എന്നതു കൊണ്ടാകാം എനിക്കെതിരെ കേസെടുത്തത്. ഇതൊന്നും ആരും ശ്രദ്ധിക്കരുത് എന്നതാണ് ഇതിന് പുറകിലുള്ളവരുടെ താല്‍പര്യം. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കാര്യങ്ങള്‍ രഹസ്യമായി നടക്കണം. ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ട് അതിനെതിരെ പ്രതികരണങ്ങളോ പ്രതിപ്രവര്‍ത്തനങ്ങളോ ഉണ്ടാകരുത് എന്ന ഉദ്ദേശ്യത്തോടെയാണ് 2017 മുതല്‍ ഇതിന്റെ കണക്കുകള്‍ കാണിക്കുന്ന ടേബിളുകള്‍ സര്‍ക്കാര്‍ അപ്രത്യക്ഷമാക്കിയത്.
കണക്കുകള്‍ മൂടിവെയ്ക്കുന്നതിനെക്കുറിച്ചാണ് അങ്ങ് പറഞ്ഞത്. ലൗജിഹാദ് കേരളത്തില്‍ ഏറെ വിവാദമായ ഒരു വിഷയമാണല്ലോ. കോടതിയും പോലീസും പറയുന്നു അങ്ങനെയൊന്നില്ലെന്ന്. എന്നാല്‍ നമ്മുടെ കണ്‍മുന്നില്‍ കാണുന്നത് ഇതിന് നേരെ വിപരീതവും.
♠ഈ വിഷയം വളരെ ലാഘവത്തോടെയാണ് നമ്മുടെ ഭരണകൂടവും പോലീസും കാണുന്നത്. പോലീസ് കൊടുക്കുന്ന റിപ്പോര്‍ട്ടിനനുസരിച്ചാണ് കോടതിക്ക് നിലപാടെടുക്കുവാന്‍ സാധിക്കുക. ഔദ്യോഗികമായി ലൗജിഹാദ് എന്നൊരു സംഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്. ഇതൊരു പ്രവര്‍ത്തനം മാത്രമാണ്. ഇങ്ങനെയൊരു പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ആരാണ് അതിനുപുറകില്‍ എന്നും കണ്ടുപിടിക്കണം. പ്രണയം എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ളതാണ്. പരമാവധി അത് ബാധിക്കുക രണ്ട് കുടുംബത്തേയും. എന്നാല്‍ ഇവിടെ ഇതിനുപുറകില്‍ ഒരു സംഘടിത പ്രവര്‍ത്തനം നടക്കുന്നു. ഒരു മതവിഭാഗത്തിലേക്ക് മാത്രം മതംമാറ്റം നടക്കുന്നു. കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങളുണ്ട്. ഇതിലെ കുട്ടികള്‍ പരസ്പരം കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുക സ്വാഭാവികം. എന്നാല്‍ ഇതില്‍ ഒരു മതവിഭാഗത്തിലേക്ക് മാത്രം മറ്റു മതവിഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ മതംമാറി പോകുമ്പോള്‍ അത് അസ്വാഭാവികമാകുന്നു. സാധാരണ രീതിയിലാണെങ്കില്‍ ഏകദേശം ഒരേപോലെയാണ് മതംമാറ്റം ഉണ്ടാകേണ്ടത്. മറ്റ് മതത്തില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് മാത്രമായി സ്ത്രീകള്‍ പോകുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്താണ് അവരുടെ ഉദ്ദേശ്യം, എന്തിന് അവരെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
1996ല്‍ ജമാഅത്തെ ഇസ്ലാമിയുടെ തൃശ്ശൂരിലെ ഓഫീസ് റെയ്ഡ് ചെയ്തപ്പോള്‍ അവിടെ നിന്ന് കിട്ടിയ പുസ്തകത്തില്‍ എഴുതിവെച്ചിരിക്കുന്നത,് ‘ജനാധിപത്യ രാജ്യങ്ങളില്‍ അധികാരം പിടിച്ചെടുക്കുന്നത് വോട്ടുവഴിയാണ്. അതിന് ജനസംഖ്യ വര്‍ദ്ധിപ്പിക്കണം. ജനസംഖ്യ വര്‍ദ്ധിക്കാന്‍ കൂടുതല്‍ പ്രസവം നടക്കണം. അതിന് കൂടുതല്‍ സ്ത്രീകള്‍ വേണം. അതുകൊണ്ട് മറ്റു മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളേയും സ്ത്രീകളേയും പരമാവധി ആകര്‍ഷിക്കണം. നമ്മുടെ സ്ത്രീകളെ മറ്റുവിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ആകര്‍ഷിക്കുന്നതു കണ്ടാല്‍ അവനെ ഇല്ലാതാക്കണം’ എന്നായിരുന്നു. ഇതിന്റെ ബലത്തിലാണ് രാജീവ്, സന്തോഷ്, മോഹനചന്ദ്രന്‍ തുടങ്ങി നിരവധി കൊലപാതകങ്ങള്‍ നടന്നത്. ലൗജിഹാദികളുടെ കെണിയില്‍പ്പെടുന്ന പെണ്‍കുട്ടികളെ ഒരു പ്രത്യേകതരത്തിലുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നു. പിന്നെ അവനെ കൈവിടാന്‍ അവള്‍ക്കാവില്ല. ഇത് കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ആര്‍ഷവിദ്യാ സമാജത്തിലെ ശ്രുതിഭട്ടും ആതിരയും ചിത്രയുമൊക്കെ അവരുടെ അനുഭവങ്ങള്‍ പകര്‍ത്തിവച്ച പുസ്തകങ്ങള്‍ വായിച്ചു നോക്കണം.
രണ്ടുതരത്തിലാണ് ഇത് ബാധിക്കുന്നത്. ഒരു ഭാഗത്ത് സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്തുള്ള സ്ത്രീകളുടെ എണ്ണം കുറയുന്നു. ഇത് അല്‍-ഖ്വയ്ദ പോലുള്ള ഭീകരസംഘടനകളുടെ ആശയമാണ്. ജനാധിപത്യരാജ്യങ്ങളില്‍ അധികാരം പിടിക്കണമെങ്കില്‍ ജനസംഖ്യ വര്‍ദ്ധിക്കണം. ഒരു 30-35 ശതമാനം മുസ്ലീം ജനസംഖ്യ എത്തിയാല്‍ അവിടെ അധികാരം പിടിച്ചെടുക്കാമെന്നാണ് അവരുടെ തിയറി പറയുന്നത്. അപ്പോള്‍ അതിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് അവര്‍ ചെയ്യുന്നത്. അത് കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയമല്ല. ഇത്രയും സംഘടിതമായി പണവും മറ്റു പ്രലോഭനങ്ങളുമുപയോഗിച്ച് പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതിനാണ് ലൗജിഹാദ് എന്നു പറയുന്നത്. ഇതൊരു സംഘടനയല്ല; പ്രവര്‍ത്തനമാണ്. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് ഇങ്ങനെയൊരു സംഘടന ഇല്ല എന്നാണ്. അതൊരിക്കലും ഉണ്ടാകില്ലല്ലോ. ലൗജിഹാദ് എന്ന പ്രവര്‍ത്തനം നടത്താന്‍ അഥവാ ഗാന്ധര്‍വ്വ വിവാഹം നടത്താന്‍ എന്നു പറഞ്ഞ് ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമോ? ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധിക്കില്ല. ഇതൊരു പ്രവര്‍ത്തനമാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ലാന്‍ഡ് ജിഹാദ് എന്ന പദപ്രയോഗവും കേള്‍ക്കാറുണ്ട്. എന്താണ് വസ്തുത?
♠ഒരു വിഭാഗം പ്രത്യേകിച്ച് ഇസ്ലാം മതവിഭാഗക്കാര്‍ തങ്ങളുടെ ഭൂമി മറ്റു മതവിഭാഗക്കാര്‍ക്ക് വില്‍ക്കാതിരിക്കുകയും മറ്റ് മതവിഭാഗക്കാരുടേത് കൂടുതല്‍ വില കൊടുത്ത് വാങ്ങിക്കൂട്ടുകയും ചെയ്യുന്നതാണ് ലാന്‍ഡ് ജിഹാദ്. ഇതൊന്നും ഔപചാരികമായി എവിടെയും കാണാന്‍ സാധിക്കില്ല. അനൗപചാരികമായി മതത്തിന്റെ ഉള്ളില്‍ എടുക്കുന്ന തീരുമാനമാണ്. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ചില പ്രദേശങ്ങളില്‍ മറ്റു മതക്കാര്‍ക്ക് പോയി സ്ഥലം വാങ്ങാന്‍ സാധിക്കില്ല. എനിക്ക് നേരിട്ട് അനുഭവമുള്ള നിരവധി സംഭവങ്ങള്‍ ഉണ്ട്.
കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വ്യാപനത്തെക്കുറിച്ച് പറയുമ്പോള്‍ അതിനുകാരണം 1992ലെ ബാബറി മസ്ജിദ് തകര്‍ക്കലാണ് എന്ന ഒരു വാദം കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും ചില മതേതര ബുദ്ധിജീവി നാട്യക്കാരും ഉന്നയിക്കാറുണ്ട്. ഈ സംഭവത്തില്‍ വ്രണിതഹൃദയരായ കുറച്ച് മുസ്ലീം യുവാക്കള്‍ തീവ്രവാദത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു എന്നാണ് അവരുടെ വാദം. എന്താണ് അങ്ങയുടെ നിലപാട്.
♠ബാബരി കെട്ടിടം അങ്ങ് ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ്. അവിടെ ആര്‍ക്കും ഇല്ലാതിരുന്ന വികാരമാണ് ആയിരക്കണക്കിന് കിലോമീറ്റര്‍ ഇപ്പുറമുള്ള കേരളത്തിലെ ആളുകള്‍ക്ക് വ്രണപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ഇവിടെ നാമൊക്കെ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്തും 1921ലെ മാപ്പിളലഹള കാലത്തും എത്രയെത്ര ക്ഷേത്രങ്ങള്‍ ധ്വംസിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നും ആരുടേയും വികാരം വ്രണപ്പെട്ടിട്ടില്ലല്ലോ. ഇസ്ലാം കേരളത്തില്‍ എത്തിയതും വളര്‍ന്നതും സമാധാനപരമായാണ്. ഇവിടുത്തെ ഹിന്ദുരാജാക്കന്മാര്‍ എല്ലാവരേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ അവസാനം ഒട്ടകത്തിന് തല ചായ്ക്കാന്‍ ഇടംകൊടുത്ത അറബിയുടെ കഥ പോലെയായി ഇവിടുത്തെ ഹിന്ദുവിന്റെ അവസ്ഥ. ഹിന്ദുക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.

കേരളത്തില്‍ ഇസ്ലാമിന്റേതായി ഒരു പ്രശ്‌നമുണ്ടാകുന്നത് ഹൈദരാലിയുടേയും ടിപ്പുവിന്റെയും ആക്രമണത്തിനുശേഷമാണ്. ഇതിനെക്കുറിച്ചുള്ള ടിപ്പുവിന്റെ തന്നെ എഴുത്തുകുത്തുകളുണ്ട്. ഇന്നഭാഗത്തെ ഹിന്ദുക്കളെ മുഴുവന്‍ അള്ളാഹുവിന്റെ മതത്തില്‍ ചേര്‍ത്തു കഴിഞ്ഞു, ബാക്കിയുള്ളവരെ ചേര്‍ത്തു കൊണ്ടിരിക്കുകയാണ് എന്നൊക്കെ. ധാരാളം ലിഖിതമായ തെളിവുകള്‍ തന്നെയുണ്ട്. ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കുന്നതല്ല. വാള്‍മുനയില്‍ ആയിരക്കണക്കിന് പേരെ നിരത്തി നിര്‍ത്തിയാണ് ഈ കൂട്ട മതംമാറ്റങ്ങള്‍ നടത്തിയത്. അതിനുശേഷം 1921ല്‍ നടന്ന മാപ്പിള ലഹളയില്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൊല്ലുകയും മതംമാറ്റുകയും ചെയ്തു. എന്നിട്ടുപോലും 1971വരെയുള്ള ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ രണ്ടാമത്തെ ഭൂരിപക്ഷമുള്ള മതവിഭാഗം ക്രിസ്ത്യാനികള്‍ ആയിരുന്നു. 1971ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ വര്‍ദ്ധനവ് രേഖപ്പെടുത്തിയ വര്‍ഷം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ വര്‍ദ്ധനവ് ശതമാനമനുസരിച്ച് കേരളത്തിലാണ് ഉണ്ടായത്. കുടുംബാസൂത്രണം നടപ്പിലാക്കിയപ്പോള്‍ ഒരുമതവിഭാഗം മാത്രം അത് അംഗീകരിക്കാന്‍ തയ്യാറായില്ല. 1970കളിലാണ് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലകളിലേക്ക് കൂടുതല്‍ ആളുകള്‍ പോകാന്‍ തുടങ്ങിയത്. ഗള്‍ഫ് അന്ന് വലിയൊരളവില്‍ വഹാബിസത്തിന്റെ പിടിയിലായിരുന്നു. ഐ.എസ്.ഐ. സ്‌പോണ്‍സേര്‍ഡ് ആയിട്ടുള്ള പാകിസ്ഥാനികള്‍ക്ക് വളരെയധികം സ്വാധീനം അവിടെ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നും പോയ കുറേപേര്‍ക്ക് ഇവിടെ അതുവരെ ഇല്ലാതിരുന്ന വഹാബിസവും തീവ്രമതചിന്തയും പകര്‍ന്നുകിട്ടാനിടയായി. അത് അവര്‍ കേരളത്തിലേക്ക് പറിച്ചുനട്ടു. അതാണ് കേരളത്തിലെ തീവ്രവാദത്തിന് അടിസ്ഥാനമിട്ടത്. അതിന്റെ തുടര്‍ച്ചയായാണ് ‘ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ’ എന്ന ‘സിമി’ ഉണ്ടാകുന്നത്. അവര്‍ അന്ന് മതിലുകളായ മതിലുകളില്‍ മുഴുവന്‍ ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം എഴുതി. എന്നാല്‍ അതിനുതാഴെ മറ്റാരോ ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ’ എന്ന മറു മുദ്രാവാക്യവും എഴുതി. ഇതൊക്കെയാണ് ആദ്യകാലങ്ങളില്‍ നടന്നത്. 1992ല്‍ അല്ല ഗള്‍ഫില്‍ വഹാബിസത്തിന്റെ സ്വാധീനം ഉണ്ടാകുന്നതും സിമിയുടെ പ്രവര്‍ത്തനത്തിലൂടെ തീവ്രവാദം തലപൊക്കിത്തുടങ്ങുന്നതും. സിമിയെ നിരോധിച്ചപ്പോള്‍ അത് മറ്റ് പല രൂപങ്ങളിലായി മാറി പ്രവര്‍ത്തനം തുടങ്ങി. അതുപോലെ 1991ല്‍ ത്തന്നെയാണ് മദനി ഐ.എസ്.എസ്. ഉണ്ടാക്കുന്നത്. അപ്പോഴൊന്നും ബാബറി കെട്ടിടം തകര്‍ത്തിരുന്നില്ല. 92 ഡിസംബറിലാണ് അത് തകര്‍ന്നത്. അപ്പോള്‍ 92ല്‍ കെട്ടിടം തകര്‍ക്കുമെന്ന് കരുതി 91ല്‍ തന്നെ മദനി ഐഎസ്എസ് ഉണ്ടാക്കിയതായിരിക്കുമോ? ഇതൊക്കെ വെറുതെ ഉയര്‍ത്തുന്ന വാദങ്ങളാണ്. തീവ്രവാദത്തെ പിന്നീട് ഈ സംഭവവുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതാണ് ഞങ്ങളെ തീവ്രവാദത്തിലേക്ക് നയിച്ചത് എന്ന് വാദിക്കാന്‍ വേണ്ടിയുള്ള കാരണങ്ങള്‍. ഇടതുപക്ഷ ചരിത്രകാരന്മാരും ബുദ്ധിജീവികളും ഇതിനെ വളരെയധികം പിന്തുണച്ചു.
ആഗോളപരമായി നോക്കിയാല്‍ പാലസ്തീനിലെ സംഭവങ്ങളും പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുണ്ടായ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും അഫ്ഗാനിസ്ഥാനിലുണ്ടായ സംഘര്‍ഷങ്ങളുമൊക്കെയാണ് തീവ്രവാദം വേരുപിടിച്ചുവരാന്‍ ഇടയായത്. ഗള്‍ഫുമായുള്ള ബന്ധം ഈ തീവ്രവാദ പ്രവര്‍ത്തനത്തിന് ആക്കംക്കൂട്ടി. ഇപ്പോള്‍ അവിടെ പരിഷ്‌കരണം തുടങ്ങി. അന്ന് വഹാബിസം തീവ്രമായിട്ടുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ പരിഷ്‌ക്കരണം നടക്കുകയാണ്. ഈ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍കൂടിയാണ്. പക്ഷെ പാകിസ്ഥാന്‍ ഇപ്പോഴും ഭീകരരാഷ്ട്രമായി തുടരുന്നു. മറ്റു ചിലര്‍ പറയും ഗുജറാത്ത് കലാപമാണ് തീവ്രവാദത്തിന് കാരണമെന്ന്. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചുനോക്കിയാല്‍ 2002ലെ കലാപം വളരെ ചെറിയ ഒന്നാണെന്ന് കാണുവാന്‍ കഴിയും. ഇതിനേക്കാള്‍ എത്രയോ വലിയ കലാപങ്ങള്‍ ഇതിന് മുമ്പ് നടന്നിട്ടുണ്ട്. അപ്പോള്‍ 92 ഉം 2002 ഉം ഒക്കെ വെറുതെ പറയുന്ന കാരണങ്ങളാണ്.
സദ്ദാംഹുസൈനെ അമേരിക്ക തൂക്കിക്കൊന്നതിന് കേരളത്തില്‍ ഇവര്‍ ഹര്‍ത്താലുണ്ടാക്കിയില്ലേ? ഇന്ത്യയില്‍ നിന്ന് പോയവരോ ആര്‍.എസ്.എസ്സുകാരോ ഒന്നുമല്ലല്ലോ ഇതു ചെയ്തത്. മുല്ലപ്പൂ വിപ്ലവത്തില്‍ വെസ്റ്റ് ഏഷ്യയില്‍ എത്ര ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. അവിടെ പിന്നാക്കവിഭാഗങ്ങളിലെ സ്ത്രീകളെ മുഴുവന്‍ – ആ വംശത്തെത്തന്നെ ഇല്ലാതാക്കി. ഇതിനൊക്കെ ആര്‍.എസ്.എസ്സുകാരാണോ ഉത്തരവാദി? മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട്, എന്തെങ്കിലും പറയാന്‍ വേണ്ടി പറയുകയാണ്.
(തുടരും)