”കൗതുകകരമായൊരു കാര്യം, ഈയിടെ വായിച്ചത്, ലോകത്താകമാനമുള്ള 30 ലക്ഷം രോഗികളിലെ വൈറസിന്റെ മൊത്തം ഭാരമെടുത്താല്‍ ഒന്നര ഗ്രാമേയുള്ളൂ എന്നതാണ്. മുതലാളിത്തത്തിന്റെ ഭീമാകാരമായ സൈനിക – സാമ്പത്തിക ശക്തികള്‍, ഭരണകൂടയുക്തികള്‍, എല്ലാറ്റിനെയും നിശ്ചലമാക്കിക്കളഞ്ഞത് ഇത്ര ചെറിയ ഭാരമാണ്.” (മലയാള മനോരമ, ജൂണ്‍ 13, ‘വാചകമേള’)
അറിയപ്പെട്ട ഇടതുപക്ഷ ചിന്തകനും ലേഖകനുമായ സുനില്‍ പി. ഇളയിടത്തിന്റേതാണ് മുകളില്‍ ഉദ്ധരിച്ച വാക്യങ്ങള്‍. അടുത്തകാലത്തായി നമ്മുടെ ദിനപത്രങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിത്തീര്‍ന്നിരിക്കുന്ന ഒരു ‘കൗതുക വാര്‍ത്ത’യാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. കോവിഡ് വൈറസുകളുടെ ആകെ ഭാരം! ഈ മഹാമാരിയില്‍ നിന്നും ലോകം എന്നു വിമുക്തമാകും, അന്തമില്ലാത്ത ദുരിതമനുഭവിക്കുന്ന ലോകത്തെ കോടാനുകോടി ജനങ്ങള്‍ക്ക് എന്നത്തേക്കു മോചനം കിട്ടും, അതിനു മുമ്പായി ഇനിയും എത്ര ലക്ഷം വിലപ്പെട്ട ജീവനുകള്‍ ആഹൂതി ചെയ്യപ്പെടേണ്ടിവരും എന്നൊക്കെയോര്‍ത്തു മനവും തനുവും തകര്‍ന്നു നില്‍ക്കുന്ന ലോകജനതയ്ക്കു കോവിഡ് രോഗാണുക്കളുടെ മൊത്തം ഭാരത്തെക്കുറിച്ചുള്ള അമൂല്യമായ വിജ്ഞാനത്തെക്കുറിച്ചു വലിയ താല്പര്യമുണ്ടാകുമോ എന്നറിഞ്ഞുകൂടാ. എങ്കിലും ടി കൗതുകവാര്‍ത്തയ്ക്കു നാം ഇളയിടത്തിനോടു നന്ദി പറയണം.
പഴമനസ്സില്‍ പിടികിട്ടാത്ത കാര്യം മറ്റൊന്നാണ്. കോവിഡ് മഹാമാരിയും ‘മുതലാളിത്തവും’ തമ്മില്‍ എന്തു ബന്ധം? അതു മനസ്സിലായാലല്ലേ ഇളയിടം പരാമര്‍ശിക്കുന്ന ‘ഭീമാകാരമായ സൈനിക-സാമ്പത്തിക ശക്തികള്‍, ഭരണകൂടത്തിന്റെ യുക്തികള്‍’ ഈ പ്രയോഗങ്ങളുടെ പൊരുള്‍ പിടികിട്ടുകയുള്ളൂ? (ഇവിടെ ഒരു കാര്യം ഏറെ പ്രസക്തമാണെന്നു തോന്നുന്നു. കോവിഡ് മഹാമാരിയെയും മുതലാളിത്തത്തെയും തമ്മില്‍ ബന്ധിപ്പിച്ചു ചര്‍ച്ച ചെയ്യുന്ന കേരളത്തിലെ തന്നെ ആദ്യത്തെ ഇടതുപക്ഷ ലേഖകനല്ല ഇളയിടം. അദ്ദേഹത്തെക്കാള്‍ സീനിയറായ ചില സൈദ്ധാന്തികന്മാരുടെ ലേഖനങ്ങള്‍ ഇതിനകം തന്നെ വായനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കണം. ഈ ലേഖകനെപ്പോലെ പരിമിതമതികളായ അവരില്‍ ചിലര്‍ക്കെങ്കിലും ഈ ‘കോറിലേഷന്‍’ ദുര്‍ഗ്രഹമായി തുടരുന്നുണ്ടെങ്കിലും.)
ആദ്യത്തെ സംശയം ഇതാണ് – മുതലാളിത്തം, മുതലാളിത്തേതരം എന്ന ഒരു നൂറ്റാണ്ടിനു മുമ്പേ വളരെ പ്രസക്തവും തികച്ചും സ്വാഭാവികമായും വ്യാപകമായും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതുമായ, വര്‍ഗ്ഗീകരണം ഇന്നു പ്രസക്തമാണോ? (കോവിഡിനെ തല്‍ക്കാലം വിടുക) വളരെ സ്ഥൂലമായി പറഞ്ഞാല്‍, സാമ്പത്തിക ശാസ്ത്രത്തിന്റെയായാലും സാമൂഹിക ശാസ്ത്രത്തിന്റെയായാലും രാഷ്ട്രമീമാംസയുടെയായാലും കാഴ്ചപ്പാടുകളില്‍ ഈ വിഷയത്തെക്കുറിച്ച് എത്ര മൗലികമായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. തികഞ്ഞ ലാഘവത്തോടെ ”ജന്മി മുതലാളി പൗരോഹിത്യ നാടുവാഴി ദുഷ്പ്രഭുത്വത്തെ”ക്കുറിച്ചു വികാരം കൊണ്ടിരുന്ന അമ്പതുകളിലെ സാദാ ബുദ്ധിജീവികളുടെ വാചാടോപം ഇന്നുതിരിഞ്ഞു നോക്കുമ്പോള്‍ എത്ര ബാലിശവും ഉപരിപ്ലവവും ആയിത്തോന്നുന്നു. സാമ്പത്തികശാസ്ത്രത്തിന്റെയും രാഷ്ട്രമീമാംസയുടെയും മാത്രമല്ല, സാമാന്യ ജനങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ത്തന്നെ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഈ വിഷയത്തെക്കുറിച്ച് എത്ര അടിസ്ഥാനപരമായ മാറ്റമാണ് വന്നുഭവിച്ചിട്ടുള്ളത്. വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സമീപനവും തന്നെ എത്ര മാത്രം മാറിയിരിക്കുന്നു. ആര്‍തര്‍ ലൂയിസും റോസ്റ്റോയും ഫ്രീഡ്മാനും എന്നേ കാലഹരണപ്പെട്ടു. അമര്‍ത്ത്യസെന്നും തോമസ്പിക്കറ്റിയുമാണ് ഇന്നു നമ്മുടെ ചിന്തയെ നയിക്കുന്നത്. ഇത് ഒരു ഉദാഹരണം മാത്രമാണ്. വിനാശകരവും വിവേകശൂന്യവുമായ കല്‍ക്കട്ടാ തീസീസിന്റെ കാലത്തു നിന്നും, കുപ്രസിദ്ധമായ സ്റ്റാലിനിസ്റ്റ് ‘ശുദ്ധീകരണ’ പ്രക്രിയകളില്‍ നിന്നും, എന്തിന്, ബാലിശമാംവണ്ണം ലളിതവല്‍ക്കരിക്കപ്പെട്ട, സമസ്ത വേദികളിലും മുഴങ്ങിക്കേട്ടിരുന്ന, മുതലാളിത്ത-മുതലാളിത്തേതര സംബന്ധികളായ സമവാക്യങ്ങളില്‍ നിന്നും, യാന്ത്രികവും സാമ്പ്രദായികവുമായ താരതമ്യങ്ങളില്‍ നിന്നും ഗുണദോഷ വിചിന്തനങ്ങളില്‍ നിന്നും വിധി നിഷേധങ്ങളില്‍ നിന്നുമൊക്കെ നമ്മുടെ ചിന്താസരണി സാരമായിത്തന്നെ വഴിമാറിപ്പോയിട്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സ്വയം സിദ്ധമായി നാം ഗണിച്ചു പോന്ന പല സങ്കല്പങ്ങളും സിദ്ധാന്തങ്ങളും കാലഗതിയില്‍ കടപുഴകിപ്പോയിരിക്കുന്നു. ധൈഷണിക മേഖലയില്‍ ഇത്ര വ്യാപകവും വിപുലവും അടിസ്ഥാനപരവുമായ വികാസപരിണാമങ്ങള്‍ വന്നു കൂടിയതിനു ശേഷവും പഴയ സ്റ്റഡിക്ലാസ്സ് രീതിയില്‍ വിഷയമേതായാലും മുതലാളിത്ത-മുതലാളിത്തേതര ശൈലിയില്‍ ഒഴുക്കന്‍ മട്ടില്‍ ചിന്തിക്കുന്നതിന്റെ സാംഗത്യവും സാധുതയും ചിന്തനീയമാണ്. ”പുരാണമിത്യേവ ന സാധു സര്‍വ്വം” എന്നു പരിണത പ്രജ്ഞനായ ഇളയിടത്തെ അനുസ്മരിപ്പിക്കുന്നതു സാഹസമായിരിക്കുമല്ലോ.
രണ്ടാമത്തെ സംശയം, കോവിഡ് മഹാമാരിയുടെ പ്രഭവസ്ഥാനത്തെപ്പറ്റിയാണ്. ”മധുരമനോഹരമനോജ്ഞ ചൈന, ആ നവജീവിതമുണര്‍ന്ന ചൈന” എന്തൊക്കെ, അധ്വാനിക്കുന്ന ജനവിഭാഗം മാത്രമല്ല, ‘പേരില്‍ പതിഞ്ഞ’ ബുദ്ധിജീവികള്‍വരെ ആവേശത്തോടെ പുകഴ്ത്തിപ്പാടിയിരുന്ന ചൈനയിലെ വൂഹാന്‍ എന്ന പ്രദേശത്താണ് കോവിഡ് രോഗാണുവിന്റെ ജനനം. കോവിഡിനെക്കുറിച്ചുള്ള ഏതു പ്രതികൂല പരാമര്‍ശത്തിനും അതിരൂക്ഷമായി പ്രതികരിക്കുന്ന ചൈനീസ് ഭരണ മേധാവികള്‍ പോലും നിഷേധിച്ചിട്ടില്ലാത്ത ഒരു വസ്തുതയാണിത്. ഇനിയൊരു സന്ദേഹം ടി രോഗാണുവിന്റെ ഉല്പത്തിയെപ്പറ്റിയാണ്. അമേരിക്കയുടെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് എന്ന പെരിഞ്ചക്കോടന്‍ ആരോപിക്കുന്നിടത്തോളം നമുക്കു പോകേണ്ട, അതിനു സ്വീകാര്യമായ തെളിവുകളും നാളിതുവരെ ലഭിച്ചിട്ടില്ല – ലോകജനതയെ നശിപ്പിക്കാനായി (”ക്ഷയായ ജഗതോ ങ്കഹിതാ:” എന്നു ഗീത പറയുന്നതുപോലെ) ചൈനീസ് ഭരണകൂടം ബോധപൂര്‍വ്വം ഈ വിഷജന്തുവിനെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചു എന്ന് അദ്ദേഹത്തിന്റെ മറ്റു പല ഉന്മത്തപ്രലപനങ്ങളെപ്പോലെ ഇതും ചിരിച്ചു തള്ളാവുന്നതേയുള്ളൂ. പക്ഷേ അസുഖകരമായ ഒരു സംശയം അവശേഷിക്കുന്നു. ഈ വിപദ്ബീജം എവിടെ നിന്നു വന്നു? ”ഇയം വിസൃഷ്ടി: കുത ആബഭൂവ” എന്നു ഋഗ്വേദത്തിലെ പ്രസിദ്ധമായ ”നാസദീയ സൂക്ത”ത്തിന്റെ ദ്രഷ്ടാവായ മഹര്‍ഷി അദ്ഭുതവിവശനായി ചോദിക്കുന്ന ചോദ്യം തന്നെ! ഒരു വസ്തുത അനിഷേധ്യമാണ്. കോവിഡ് ബാധ ആദ്യമായി കണ്ടെത്തിയതു ചൈനയിലാണ്. അണുപ്രപഞ്ചത്തിന്റെ മൊത്തം ഭാരം കൃത്യമായി ശ്രദ്ധിച്ച ഇളയിടം (അദ്ഭുതമെന്നു പറയട്ടെ) ശ്രദ്ധിക്കാതെപോയ ഒരു വസ്തുത ഇതാണ്. ഏതെങ്കിലും ‘മുതലാളിത്ത’ രാഷ്ട്രത്തിന്റെ ‘ഭീമാകാരമായ സൈനിക – സാമ്പത്തിക ശക്തികള്‍’ അല്ല ഈ മാരക ജന്തുവിന്റെ പിറവിക്ക് ഉത്തരവാദികള്‍.
അടുത്ത പ്രശ്‌നം കോവിഡ് രോഗാണുവിന്റെ ജൈത്രയാത്രയുടെ കഥയാണ്. ജൂണ്‍ 12 നു ലഭ്യമായ വിവരങ്ങളനുസരിച്ച് ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി എന്നീ ‘മുതലാളിത്ത’ രാഷ്ട്രങ്ങളേക്കാള്‍ രോഗികളുടെ എണ്ണം വളരെക്കൂടുതലുള്ളത് റഷ്യയിലാണ് – 5.11 ലക്ഷം (ബ്രിട്ടനില്‍ 2.93 ലക്ഷം, ജര്‍മ്മനിയില്‍ 1.87 ലക്ഷം, ഇറ്റലിയില്‍ 2.36 ലക്ഷം) ‘മുതലാളിത്ത ഭരണകൂടയുക്തി’ സിദ്ധാന്തത്തിന് ഇവിടെയും കാല്‍ വഴുതുന്നുവെന്നര്‍ത്ഥം. (”സോവിയറ്റെന്നൊരു നാടുണ്ടത്രെ, പോവാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം!” എന്നു പാടിയ അമ്പതുകളിലെ നാണിയമ്മയെന്ന പഴയ വീട്ടമ്മയെ ദുഃഖത്തോടെ ഓര്‍ക്കട്ടെ. മുപ്പതുകൊല്ലം മുമ്പ് നാണിയമ്മയുടെ സ്വര്‍ഗ്ഗരാജ്യമായ ‘സോവിയറ്റ്’ ഛിന്നഭിന്നമാവുകയും റഷ്യ ഒരു പരമാധികാര സ്വതന്ത്ര രാജ്യമായി രൂപമെടുക്കുകയും ചെയ്തതു സമീപകാല ചരിത്രം).
‘ആംഗ്ലോ – അമേരിക്കന്‍ അച്ചുതണ്ടിന്റെ’ (അമ്പതുകളില്‍ ഏറ്റവും ‘പോപ്പുലര്‍’ ആയിരുന്ന മറ്റൊരു ക്ലീഷേ) വക്കാലത്തൊന്നും എണ്‍പതു കഴിഞ്ഞ ഈ ലേഖകനില്ല. പക്ഷെ പ്രഗല്ഭമതിയായ ഇളയിടത്തിനെ സവിനയം ഒരു സംഗതി അനുസ്മരിപ്പിക്കട്ടെ – പ്രത്യയശാസ്ത്രപരമായ ആവേശത്തിനു വിധേയനായി, വസ്തുതകളെ അവഗണിക്കുന്നത് ഉചിതമല്ല. അദ്ദേഹത്തിനു തീര്‍ച്ചയായും അറിവുള്ളതു പോലെ, അനുദിനമെന്നോണം വിജ്ഞാനത്തിന്റെ സമസ്ത മേഖലകളുടെയും ചക്രവാളങ്ങള്‍ വികസ്വരമാവുകയാണ്, വിവരസാങ്കേതിക വിദ്യയുടെ സാര്‍വ്വത്രികമായ സഹായത്തോടെ വിശേഷിച്ചും. നാം താലോലിക്കുന്ന, വിടപറയാന്‍ മടിക്കുന്ന, പല സങ്കല്പങ്ങളും കാണെക്കാണെ കാലഹരണപ്പെടുന്ന അനിദം പൂര്‍വ്വമായ ഒരു കാലഘട്ടത്തിലാണല്ലൊ നാം ജീവിക്കുന്നത്.
പിന്‍മൊഴി
ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് അസ്വാസ്ഥ്യജനകമായ ഒരു വാര്‍ത്ത വന്നുചേര്‍ന്നത്. ഒരു ‘രണ്ടാംവരവി’ ന്റെ ഭീഷണിയുയര്‍ത്തി ചൈനയില്‍ – അതെ, മാവോയുടെയും ഡെന്‍ സിയാവോ പിങ്ങിന്റെയും ‘സാംസ്‌കാരിക വിപ്ലവ’ത്തിന്റെയും ഈറ്റില്ലത്തില്‍ – കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു! തലസ്ഥാനമായ ബീജിങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രങ്ങളിലൊന്നായ സിന്‍ഫാദി മാര്‍ക്കറ്റാണത്രെ കോവിഡ് ബാധയുടെ രണ്ടാമൂഴത്തിന്റെ പ്രഭവ കേന്ദ്രം. ഇതിനകം തന്നെ 45 പേരില്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു; മാര്‍ക്കറ്റ് മേഖലയില്‍ ‘ലോക്ക് ഡൗണ്‍’ പ്രാബല്യത്തിലായിക്കഴിഞ്ഞു. ട്രംപ് സായ്‌വിന്റെ ശാപം ഫലിക്കുകയാണോ?