പൗരത്വ നിയമത്തിനെതിരായ സമരം നടന്ന നാളുകളില്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന് ‘ഇരുപത്തൊന്നില്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്നായിരുന്നല്ലോ. ഏതു സമയത്തും കുത്താന്‍ പാകത്തില്‍ ഉറയില്‍ നിന്ന് പുറത്തെടുത്ത ആ ‘മലപ്പുറം കത്തി’യാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഓരോ ചലനത്തെയും നിയന്ത്രിക്കുന്നത് എന്നുവേണം വിചാരിക്കാന്‍. 1921ലെ മാപ്പിള ലഹളയിലെ കുപ്രസിദ്ധ വില്ലനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ വരാന്‍ പോകുന്ന സിനിമകള്‍ ഈ രാഷ്ട്രീയത്തെ അഭ്രപാളികളില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 1921ന്റെ ശതാബ്ദി 2021ല്‍ ആഘോഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള ജിഹാദികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രമമാരംഭിച്ചിരുന്നെങ്കിലും ഇത്രവേഗം സിനിമാ ചര്‍ച്ചകളുടെ രൂപത്തില്‍ ഇത് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വരുമെന്ന് ആരും കരുതിയിരുന്നില്ല. കൊറോണ ബാധിച്ച് നടുവൊടിഞ്ഞു കിടക്കുന്ന ഒരു കാലത്തിലിരുന്നുകൊണ്ട് നൂറു വര്‍ഷം മുമ്പു നടന്ന ഒരു കുപ്രസിദ്ധ സംഭവം ചര്‍ച്ച ചെയ്യുന്നതിന്റെ ഔചിത്യമില്ലായ്മയൊന്നും ഈ രാഷ്ട്രീയ സിനിമക്കാരെ ബാധിച്ചില്ല. കമ്മ്യൂണിസ്റ്റ് – ജിഹാദി അജണ്ടകള്‍ കേരളത്തിന്റെ മണ്ണില്‍ നടപ്പാക്കുന്നതിനപ്പുറം ഒരു ലക്ഷ്യവും ഇക്കൂട്ടര്‍ക്കില്ല എന്നതു വ്യക്തമാണ്.
1921ല്‍ മലബാറില്‍ നടന്ന മാപ്പിള ലഹളയെ ആസ്പദമാക്കി നാല് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആഷിഖ് അബുവിന്റെ ‘വാരിയംകുന്നന്‍’, പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയംകുന്നന്‍’, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിക്കുന്ന ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’, അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921’ എന്നിവയാണ് ഈ സിനിമകള്‍. ഇതില്‍ ആദ്യത്തെ മുന്നെണ്ണവും മാപ്പിള ലഹളയെ വെള്ളപൂശാനും ലഹളയ്ക്കു നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെങ്കില്‍ ഈ സിനിമകളോടുള്ള ഒരു പ്രതികരണമെന്ന നിലയില്‍ ചരിത്രവസ്തുതകള്‍ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അലിഅക്ബറിന്റെ ‘1921’ ഒരുങ്ങുന്നത്.
മാപ്പിള ലഹളയെ വെള്ളപൂശാനുള്ള ശ്രമം ഇതിനുമുമ്പും കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, ലീഗ് കക്ഷികളുടെയും അവര്‍ക്ക് സ്തുതി പാടുന്ന ചരിത്രകാരന്മാരുടെയും ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല എന്നതിന്റെ തെളിവു കൂടിയാണ് ചരിത്രത്തിന്റെ ഈ പുതിയ കെട്ടിയെഴുന്നള്ളിപ്പുകള്‍. 1921ല്‍ എന്താണ് മലബാറില്‍ നടന്നത്, എന്തെല്ലാം വസ്തുതകളാണ് ജനങ്ങളില്‍ നിന്നു മറച്ചുവെക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര്‍ ആഗ്രഹിക്കുന്നത് എന്നതിനെല്ലാം കൃത്യമായ രേഖകള്‍ ലഭ്യമാണ്. ചരിത്രം ശരിയായി വായിക്കുന്നവര്‍ക്ക് ഇവയില്‍ നിന്ന് സത്യം കണ്ടെത്താന്‍ കഴിയും. മാത്രമല്ല 1921ലെ മാപ്പിള ലഹളയുടെ ദുരിതം അനുഭവിച്ചവരും അവരുടെ പിന്മുറക്കാരും ഇന്നും മലബാറിന്റെ മണ്ണില്‍ ജീവിച്ചിരിക്കെ അവരുടെ അനുഭവസാക്ഷ്യങ്ങളേക്കാള്‍ വലിയ എന്തു തെളിവുകളാണ് സത്യം മനസ്സിലാക്കാന്‍ വേണ്ടത്? ഖിലാഫത്ത് പ്രക്ഷോഭത്തിനുമുമ്പും മലബാറില്‍ നിരവധി മാപ്പിളലഹളകള്‍ നടന്നിരുന്നു. ഇവയൊന്നും ജന്മി-കുടിയാന്‍ സമരമോ ബ്രിട്ടീഷ് വിരുദ്ധ സമരമോ ആയിരുന്നില്ല. ഖിലാഫത്ത് പ്രക്ഷോഭം വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഓടിനടന്നാണ് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങളെ സംഘടിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ വേദിയിലേക്ക് ആനയിച്ചത്. പക്ഷെ ഗാന്ധിജിയടക്കമുള്ള നേതാക്കള്‍ ചിന്തിച്ചതില്‍ നിന്നു വ്യത്യസ്തമായി, സംഘടിതരായ മുസ്ലീങ്ങള്‍ക്ക് ഹാലിളകുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജയിലിലായ സമയത്ത് പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുത്ത മുസ്ലീം മതഭീകരവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലാണ് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ നടന്നത്. വ്യാപകമായ മതംമാറ്റങ്ങള്‍, മാനഭംഗങ്ങള്‍, കൂട്ടക്കൊലകള്‍, ക്ഷേത്രനശീകരണം എന്നിവയിലൂടെ നിസ്സഹായമായ ഹിന്ദുസമൂഹത്തെ തകര്‍ത്ത് തരിപ്പണമാക്കിയത് ഇക്കൂട്ടരാണ്. ഒരു ലക്ഷത്തോളം പേരാണ് മാപ്പിള ലഹളയിലൂടെ അഭയാര്‍ത്ഥികളായതെന്ന് ഡോ.ആനിബസന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരൊന്നും ജന്മിമാരായിരുന്നില്ല, സര്‍വ്വസാധാരണക്കാരായ ഹിന്ദുക്കളായിരുന്നുവെന്ന് അഭയാര്‍ത്ഥി ക്യാമ്പുകളിലെ ചിത്രങ്ങള്‍ കണ്ടാലറിയാം. ഗാന്ധിജിയും അംബേദ്കറും അടക്കമുള്ള നേതാക്കള്‍ ഇതിനെ മാപ്പിള ലഹളയായി തന്നെയാണ് കണ്ടിരുന്നത്. അന്നത്തെ പത്രങ്ങളും അനുഭവസ്ഥരുടെ ഓര്‍മ്മകളുമെല്ലാം ഇത് ഹിന്ദുവംശഹത്യ എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട മാപ്പിള ലഹളയായിരുന്നുവെന്നതിന്റെ തെളിവുകളാണ് നല്‍കുന്നത്.
സ്വന്തമായ ആശയസംഹിതകളെല്ലാം നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങള്‍ കടമെടുത്ത് മാപ്പിളലഹളയെ വെള്ളപൂശാനുള്ള ശ്രമത്തിലാണ്. ചരിത്രസംഭവത്തെക്കുറിച്ച് വിവാദമുണ്ടായപ്പോള്‍ ചരിത്രകാരന്മാര്‍ എന്തെങ്കിലും പറയും മുമ്പ് മുഖ്യമന്ത്രിതന്നെ വാരിയംകുന്നനെ മഹാനാക്കിയതിനു പിന്നില്‍ ഇടതുപക്ഷത്തിന്റെ ഒളി അജണ്ടയാണ്. മാപ്പിള ലഹള കഴിഞ്ഞ് ഏതാണ്ട് 25 വര്‍ഷക്കാലം ഇതൊരു മാപ്പിള ലഹള മാത്രമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. 1947ല്‍ മാപ്പിള ലഹളയുടെ 25-ാം വാര്‍ഷികമായപ്പോഴാണ് മുസ്ലീം സമുദായത്തെ കൂടെ കൊണ്ടുവരിക എന്ന കമ്മ്യൂണിസ്റ്റ് അജണ്ടയുടെ ഭാഗമായി ഈ ലഹളയെ കര്‍ഷക കലാപമായും ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യസമരമായും ചിത്രീകരിക്കാന്‍ ശ്രമമാരംഭിച്ചത്. ഇതില്‍ പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉയര്‍ത്തിയപ്പോള്‍, ഇത് സ്വാതന്ത്ര്യസമരമല്ലെന്നു പറഞ്ഞ് അന്നത്തെ ആഭ്യന്തരമന്ത്രി ആവശ്യം നിരസിക്കുകയാണ് ചെയ്തത്. മാപ്പിളലഹളയ്ക്ക് സാക്ഷ്യം വഹിച്ച കോണ്‍ഗ്രസ് നേതാവായിരുന്ന കെ.മാധവന്‍ നായര്‍ രചിച്ച ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തില്‍ അന്നത്തെ സംഭവങ്ങള്‍ വിശദമായി പ്രതിപാദിച്ചിരുന്നു. പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യസമരക്കാരായി അംഗീകരിച്ച് പെന്‍ഷന്‍ നല്‍കുകയും അവരെ പിന്തുടര്‍ന്ന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുകയുമാണ് ചെയ്തത്. ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയതിന് കിട്ടിയ പ്രതിഫലമാണ് ഈ പെന്‍ഷനെന്ന് പല മാപ്പിളമാരും കരുതിയിരുന്നു. ”ഞാനാണ് നമ്പീശനെ കൊന്നത്, എനിക്കിനിയും പെന്‍ഷന്‍ കിട്ടിയിട്ടില്ല, ഇവിടുന്ന് അതൊന്ന് ശരിയാക്കിത്തരണം” എന്ന് കെ.പി. കേശവമേനോനെ സമീപിച്ച് അപേക്ഷിച്ച ഒരു ലഹളക്കാരനെ കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ചരിത്രവസ്തുതകള്‍ ചര്‍ച്ച ചെയ്യുന്നതും ചരിത്ര സംഭവങ്ങള്‍ സിനിമയാക്കുന്നതും തെറ്റല്ല. പക്ഷെ അത്ചരിത്രത്തെ വെള്ളപൂശാനാവരുത്. വില്ലന്മാരെ നായകന്മാരാക്കാനും ആകരുത്. ഈ രീതിയിലാണ് 1921ലെ മാപ്പിള ലഹളയുടെ ഓര്‍മ്മകള്‍ കേരളത്തിന്റെ മണ്ണിലേക്ക് പുനരാനയിക്കുന്നതെങ്കില്‍ നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ അത് സൃഷ്ടിക്കുന്ന ആശയപരമായ ഭിന്നിപ്പുകളും അകല്‍ച്ചകളും വളരെ വലുതായിരിക്കും. അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ച് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് – ജിഹാദി ശക്തികള്‍ക്ക് അടിയറവെക്കണോ എന്ന് കേരളീയ സമൂഹം ചിന്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.