ലോകം നിലനില്‍ക്കുന്നത് ത്യാഗത്താലാണ്. ത്യാഗം കുറയുകയും ഭോഗം വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് നാശകാരണം. ഭോഗം അഥവാ കാമം തെറ്റെന്ന സങ്കല്പം ഭാരതീയമല്ല.
‘ധര്‍മ്മാƒവിരുദ്ധോ ഭൂതേഷു
കാമോസ്മി ഭരതര്‍ഷഭ:’ എന്നത് ഭഗവദ്ഗീതയുടെ സന്ദേശമാണ്. ധര്‍മ്മവിരുദ്ധമല്ലാത്ത കാമം അഥവാ സുഖഭോഗവും ഞാന്‍ തന്നെ.
സുഖഭോഗങ്ങള്‍ തെറ്റാവുന്നത് അത് പങ്കുവയ്ക്കാത്തപ്പോഴാണ്. പങ്കുവയ്ക്കാന്‍ സ്വാര്‍ത്ഥത കുറയണം. സ്വാര്‍ത്ഥത മൃഗത്വമാണ്. നിസ്വാര്‍ത്ഥതയാണ് മനുഷ്യന്റെ അടയാളം. ധാര്‍മ്മിക ജീവിതമെന്നത് ഈ മനുഷ്യത്വത്തോടു കൂടിയ കര്‍മ്മങ്ങളാണ്. പങ്കുവയ്ക്കലിന്റെ തത്വശാസ്ത്രമാണ് സമൂഹ ജീവിതത്തെ നിലനിര്‍ത്തുന്നത്.
പങ്കുവയ്ക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നടക്കണം. ഒന്ന് ആര്‍ജ്ജിക്കണം. മറ്റൊന്ന് നേടുന്നതനുസരിച്ച് കൊടുത്തുകൊണ്ടേയിരിക്കണം. അതിനര്‍ത്ഥം ത്യാഗം ചെയ്യാന്‍ സന്നദ്ധരാവുന്നവര്‍ കഠിനാദ്ധ്വാനികളുമാകണമെന്നാണ്. അദ്ധ്വാനിക്കാതെ ആര്‍ജ്ജനം സാദ്ധ്യമല്ലല്ലോ. നിഷ്‌ക്രിയന് ധാര്‍മ്മിക ജീവിതം നയിക്കാനോ ത്യാഗമനോഭാവത്തോടെ ജീവിക്കാനോ സാദ്ധ്യമല്ല. നേടല്‍ മാത്രമാവുകയും കൊടുക്കല്‍ നാമമാത്രമാവുകയോ തീരെ ഇല്ലാതാവുകയോ ചെയ്യുമ്പോഴും സമൂഹത്തിന്റെ സന്തുലനം നഷ്ടപ്പെടും. അത് സംഘര്‍ഷത്തിനു കാരണമാകും. ഇതു രണ്ടും നാം മുമ്പ് കണ്ടിട്ടുണ്ട്. വിഭവങ്ങളുടെ വലിയ ഏറ്റക്കുറച്ചിലുകള്‍ ലോകത്ത് എത്രയെല്ലാം രക്തച്ചൊരിച്ചിലുകള്‍ സൃഷ്ടിച്ചിരിക്കുന്നു. പങ്കുവയ്ക്കലിന്റെ സഹകരണവും സംതൃപ്തിയും നാം ഈ കൊറോണക്കാലത്തും പ്രളയകാലത്തും കണ്ടു. ഇല്ലാത്തവരെ, നഷ്ടപ്പെട്ടവരെ, ദുരിതമനുഭവിക്കുന്നവരെ ഒക്കെ തേടി അത്രയും കഷ്ടമനുഭവിക്കാത്തവര്‍ സഹായഹസ്തവുമായി എത്തി. മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും പക്ഷികളെയും വരെ ഊട്ടി.
ഒരു സമൂഹമെന്ന നിലയ്ക്ക് ഭാരതം ഇടക്കാലത്ത് പരാജയപ്പെടാന്‍ കാരണം ഈ കര്‍മ്മശാസ്ത്രം – ആര്‍ജ്ജനത്തിന്റെ തത്വശാസ്ത്രം – മറന്നതാണ്. നിഷ്‌ക്കാമമെന്നതിനെ നിഷ്‌ക്രിയതയെന്നു തെറ്റിദ്ധരിച്ചു. നിസ്സംഗതയെ ആത്മീയതയെന്നു വ്യാഖ്യാനിച്ചു. അതിന്റെ ഉത്തരവാദിത്തം മുഴുവനും മഹാഗുരു ശങ്കരാചാര്യരുടെ തലയിലേറ്റിവച്ചു. ആചാര്യന്റെ ‘ജഗന്മിഥ്യ’ എന്നത് നിഷ്‌ക്രിയതക്കുള്ള ആഹ്വാനമെങ്കില്‍ അദ്ദേഹം സ്വയം എന്തിന് ഒരു ക്ഷണം പോലും പാഴാക്കാതെ നിരന്തര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു? കര്‍മ്മശാസ്ത്രത്തിന്റെ ദുര്‍വ്യാഖ്യാനമാണ് ഹിന്ദു സമൂഹത്തെ അധ:പതിപ്പിച്ചത്. ചില തൊഴില്‍ ശ്രേഷ്ഠമെന്നും ചിലത് അപകൃഷ്ടമെന്നും പ്രഖ്യാപിച്ചു. മിക്ക തൊഴിലിനും പതിത്വം കല്പിച്ചു.
ഒരിക്കല്‍ ശ്രീനാരായണ ഗുരുവിനോട് ഒരു ഭക്തന്‍ ഒരു പ്രശ്‌നം ഉന്നയിച്ചു. ഈഴവരൊക്കെ ഇപ്പോള്‍ സ്വയം ക്ഷൗരം ചെയ്യുന്നു. എന്തൊരു അധ:പതനമാണിത്. ഭക്തന് ഈ പരിണാമം സഹിക്കുന്നില്ല. ഇത്തരം ഹീനമായ തൊഴിലൊക്കെ എടുക്കാന്‍ കീഴ്ജാതിക്കാരുണ്ടല്ലോ. ഗുരു ചോദിച്ചത്, ശൗചം സ്വയമല്ലെ ചെയ്യുന്നത്. അത് മറ്റാരെക്കൊണ്ടെങ്കിലുമാണോ? അതിലും മോശമാണോ ക്ഷൗരം? ഈ മാനസികാവസ്ഥയാണ് നാം വീഴാന്‍ കാരണം. പതിത്വം കല്പിക്കപ്പെട്ട തൊഴില്‍ ചെയ്യുന്നവരില്‍ അത് അപകര്‍ഷബോധം സൃഷ്ടിച്ചു. അപകര്‍ഷത അധ:പതനവും. അങ്ങനെ പാവന കര്‍മ്മവും പതിത കര്‍മ്മവും ഉണ്ടായി.
എല്ലാ തൊഴിലും ആവശ്യമായിരിക്കെ ചിലത് എങ്ങനെയാണ് നീച കര്‍മ്മമായത്? കര്‍മ്മത്തിലെ പതിത്വം ജീവിതത്തെയും പതിപ്പിച്ചു. സമൂഹത്തിന് ഉയര്‍ച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ ശ്രേഷ്ഠ – അപകൃഷ്ട മനസ്സ് ഉപേക്ഷിക്കണം. എല്ലാ രംഗവും ശ്രേഷ്ഠം, എല്ലാ കര്‍മ്മവും പാവനം. ഇതു ബോധ്യപ്പെടുത്താനാണ് മഹാഭാരതത്തില്‍ ഇറച്ചിവെട്ടുകാരനായ ശൂദ്രനെക്കൊണ്ട് ആഢ്യ ബ്രാഹ്മണന് ജ്ഞാനോപദേശം ചെയ്യിച്ചത്; വ്യാധഗീത.
എല്ലാ കര്‍മ്മവും (തൊഴിലും) സമൂഹപുരോഗതിക്ക് ആവശ്യമാണ്. അതിലൂടെ ഐശ്വര്യവും സമ്പത്തും. ഇവ വര്‍ദ്ധിക്കുന്നതനുസരിച്ച് പങ്കുവയ്ക്കലും വര്‍ദ്ധിക്കണം. ഈ നേടലിന്റെയും നല്‍കലിന്റെയും തത്വമാണ് ഗുരുദക്ഷിണയില്‍ അടങ്ങിയിരിക്കുന്നത്.
നേടുകയും അതിന്നനുസരിച്ചു കൊടുക്കുകയും ചെയ്യണമെന്നു പറയാന്‍ എളുപ്പമാണ്. കൊടുക്കേണ്ടി വരുമ്പോള്‍, ത്യജിക്കേണ്ടി വരുമ്പോള്‍ കൈ വിറയ്ക്കും. കാരണം പ്രാകൃത മനുഷ്യന്‍ സ്വാര്‍ത്ഥനായിരിക്കും. അതിനെ അതിജീവിക്കണമെങ്കില്‍ കൊടുത്തു ശീലിക്കണം. അത്തരമൊരു ശീലം നേടുന്നതിനുംകൂടിയാണ് ഗുരുദക്ഷിണ ശാഖയില്‍ നടത്തുന്നത്. കൊടുത്തു കൊടുത്ത് അതൊരു ശീലമാവും. അത്തരം നല്ല ശീലങ്ങളാണ് പ്രാകൃത മനുഷ്യനെ സംസ്‌കൃത മനുഷ്യനാക്കുന്നത്. സംഘത്തിന് ഫണ്ട് ശേഖരണം മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ അത് പലരില്‍ നിന്നും പിരിവെടുത്താല്‍ കിട്ടുമായിരുന്നു. ആദ്യമൊക്കെ സംഘകാര്യം ചെയ്തിരുന്നതും അങ്ങനെയായിരുന്നല്ലോ. ആദരണീയനായ മദനമോഹന മാളവ്യ എത്രപണം വേണമെങ്കിലും പിരിച്ചു തരാം എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ജി അതു നിഷേധിച്ച കാര്യം നമുക്കറിയാം. പണത്തിനല്ല പ്രാമുഖ്യം, വ്യക്തിക്കാണ്. നിസ്വാര്‍ത്ഥനായ, ത്യാഗിയായ വ്യക്തികള്‍ ഉണ്ടാവണം. അത്തരം ഗുണവാന്മാരായ വ്യക്തികളെക്കൊണ്ടേ സമൂഹത്തില്‍ പരിവര്‍ത്തനം വരുത്താന്‍ പറ്റൂ.
ഗുരുദക്ഷിണയുടെ മറ്റൊരു ഉദ്ദേശ്യം സമര്‍പ്പണഭാവമാണ്. ത്യാഗവും സമര്‍പ്പണവും രണ്ടാണ്. ത്യാഗം ചിലത്, അല്ലെങ്കില്‍ എല്ലാം ശ്രേഷ്ഠമായ ഒന്നിനു വേണ്ടി വേണ്ടെന്നു വയ്ക്കലാണ്; ഉപേക്ഷിക്കലാണ്. അപ്പോള്‍ സമര്‍പ്പണമോ? അത് ഏറ്റെടുക്കലാണ്. ഞാന്‍ കുടുംബത്തിനു വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ചു എന്നു പറഞ്ഞാല്‍ ജീവിതത്തെ ഉപേക്ഷിക്കലല്ല. സംഘത്തിനു വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ചു എന്നു പറഞ്ഞാല്‍ ജീവിതത്തെ ഉപേക്ഷിക്കലല്ല, പിന്നെയോ സംഘകാര്യം പൂര്‍ണമായും ഏറ്റെടുക്കുകയാണ്. അതു പ്രചാരകന്മാര്‍ മാത്രമല്ല; മറ്റെല്ലാവരും. ഒരു കാര്യം ഏറ്റെടുത്തു എന്നതിന്റെ അടയാളം തന്റെ മറ്റെല്ലാ കാര്യങ്ങളും ഏറ്റെടുത്തതിന്റെ സുഗമമായ നടത്തിപ്പിനായി ചിട്ടപ്പെടുത്തും; പുന:ക്രമീകരിക്കും.
സ്വയംസേവകര്‍ ഗുരുദക്ഷിണ സമര്‍പ്പണം നടത്തുന്നത് സംഘം ഗുരുവായി സ്വീകരിച്ചിരിക്കുന്ന ഭഗവദ്ധ്വജത്തിന്റെ മുന്നിലാണ്. ഗുരു എന്നത് ഒരു കഷ്ണം കാവിത്തുണിയല്ല. അതിലടങ്ങിയിരിക്കുന്ന തത്വത്തെയാണ് അഥവാ ഗുണങ്ങളെയാണ് നാം ഗുരുവായി സ്വീകരിച്ചിരിക്കുന്നത്. ജ്ഞാനവും ത്യാഗവും സമര്‍പ്പണവുമാണത്. ഉദയസൂര്യനെയും സന്ന്യാസിയെയും യജ്ഞത്തെയും ഈ മൂന്നു ഗുണങ്ങളുടെ പ്രതീകങ്ങളായി നാം അവതരിപ്പിച്ചു പോരുന്നു. ആ തത്വമാണ് നമ്മുടെ ഗുരു.
ജ്ഞാനം രണ്ടു തരത്തിലുണ്ടെന്ന് ആചാര്യന്മാര്‍ പറഞ്ഞു വച്ചിരിക്കുന്നു. ആത്മജ്ഞാനവും ഭൗതികജ്ഞാനവും. ജ്ഞാനവിജ്ഞാനങ്ങള്‍. ഇവ രണ്ടു തരത്തില്‍ നേടാം. ബാഹ്യമായ കാര്യങ്ങളിലൂടെ സത്യാന്വേഷണം നടത്തി, അന്വേഷണം അന്തരാത്മാവിലേക്ക് എത്തുന്നു. അതുപോലെ തിരിച്ചും. അന്തരംഗത്തില്‍ അനുഭവിച്ച സത്യത്തെ ബാഹ്യ പ്രപഞ്ചത്തില്‍ അനുഭവിക്കുന്നു. രണ്ടായാലും സത്യാന്വേഷണംതന്നെ. രണ്ടും ബോധോദയത്തിന്റെ മുഹൂര്‍ത്തത്തില്‍ ഒരു ബിന്ദുവില്‍ ലയിക്കുന്നു. അതിനെയാണല്ലോ സത്യസാക്ഷാത്ക്കാരമെന്നും അദ്വൈതാനുഭൂതിയെന്നും മറ്റും പറയുന്നത്. ലോക ജീവിതത്തിന് ഇതുരണ്ടും ആവശ്യമാണ്. ഏതെങ്കിലും ഒന്നു വേണ്ടെന്നു വച്ചവര്‍ക്ക് ഏതെങ്കിലും തരത്തില്‍ അധഃപതനമുണ്ടായിട്ടുണ്ട്.
നവോത്ഥാനന്തര യൂറോപ്പ് ഭൗതികതയില്‍ ആറാടി, മതവിരോധത്തിന്റെ പേരില്‍ ആത്മീയതയെ അവഗണിച്ചു. ഫലം അസ്വസ്ഥതയും സംഘര്‍ഷവും. ഭാരതത്തില്‍ വേദസാരത്തെ ഉപേക്ഷിച്ചപ്പോള്‍ അകര്‍മ്മണ്യതയും ഉച്ചനീചത്വവും. ഫലം, പട്ടിണിയും ദാരിദ്ര്യവും അടിമത്തവും. ഇതു രണ്ടും മനസ്സിലാക്കിയതുകൊണ്ടാണ് പടിഞ്ഞാറുള്ളവര്‍ ഭാരതത്തില്‍ നിന്ന് ആത്മീയത സ്വീകരിക്കുകയും, അവിടെനിന്ന് നാം ഭൗതിക പുരോഗതിയുടെ പാഠം പഠിക്കുകയും വേണമെന്ന് സ്വാമി വിവേകാനന്ദന്‍ ആഹ്വാനം ചെയ്തത്. ഈ ദ്വിമുഖ ജ്ഞാനം നേടലാണ് ഗുരുപൂജയുടെ മറ്റൊരു തത്വം. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കാര്യം മുമ്പു സൂചിപ്പിച്ചു.
തത്വപൂജയാണ് നമ്മെ സംബന്ധിച്ച് ഗുരുപൂജ. അതിനു മുന്നില്‍ സമ്പൂര്‍ണസമര്‍പ്പണം ചെയ്യുകയെന്നാല്‍ ആ തത്വ സാക്ഷാത്ക്കാരത്തിനായി നാം നമ്മെ സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം.
അതിലൂടെ ആ ആദര്‍ശം നാം ഏറ്റെടുത്തിരിക്കുന്നു. ഏറ്റെടുത്തതിന് അനുഗുണമായി നാം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തണം. വ്യവഹാരങ്ങളെ ക്രമപ്പെടുത്തണം. വ്യക്തി ജീവിതവും രാഷ്ട്ര ജീവിതവും സാമഞ്ജസ്യത്തിലെത്തണം; അഭിന്നമാവണം. അതിലൂടെയേ രാഷ്ട്രവൈഭവം സാക്ഷാത്കൃതമാവൂ.