കടയിച്ചെടുത്ത ചുരിക നാലും കൊല്ലന്‍ ആരോമരുടെ കാല്‍ക്കല്‍വെച്ചു. നാലു ചുരികയില്‍ ഒരു ചുരികയുടെ ഇരുമ്പാണി മാറ്റി, മുളയാണിവെച്ച്, പൊന്‍കാരംകൊണ്ടു വിളക്കുന്നത് കൊല്ലത്തിപ്പെണ്ണു കണ്ടതാണ്. ചന്തുച്ചേകോര്‍ കണ്ടുനില്‍ക്കേയാണ് കെട്ടിയവന്‍ മാറ്റിത്തം കാട്ടിയത്. ഇത് അറിഞ്ഞുകൊണ്ടുള്ള ചതിയാണ്. അങ്കത്തില്‍ ആരോമരെ ചതിച്ചു കൊല്ലാനാണ് ചുരികക്കണയില്‍ മുളയാണിയിട്ടു മുറുക്കുന്നത്. അങ്കം മുറുകിവരുന്നേരം ചുരിക കണയില്‍വെച്ചു മുറിഞ്ഞു വീഴും.
ആരോമരോടു സത്യം പറയണമെന്ന് കൊല്ലത്തിപ്പെണ്ണിന്റെ
മനസ്സു വെമ്പി. കഴിയില്ല.
സത്യം പറയുന്ന നിമിഷം കെട്ടിയവന്റെ തല മണ്ണില്‍ക്കിടന്നുരുളും.
അപ്പോള്‍ കൊല്ലത്തിപ്പെണ്ണിനൊരു ബുദ്ധി തോന്നി. ചുരിക നാലില്‍നിന്ന് മുളയാണിയിട്ടു മുറുക്കിയ ചുരിക അടയാളം നോക്കിക്കൊണ്ട് പൊക്കിയെടുത്തു.
”ഞാനും കറുത്തേനാര്‍ നാട്ടുകാരിയാണ് ചേകവരേ. എന്നെ ഇവിടേക്കു കെട്ടിക്കൊണ്ടു വന്നതാണ്. നിങ്ങടെ നാട്ടീന്നു പോന്നേപ്പിന്നെ ചുരികയിളക്കി ഞാന്‍ കണ്ടിട്ടില്ലല്ലോ ചേകവരേ. ഈ ചുരിക ഒന്നിളക്കിക്കാണിച്ചു തന്നാലും”
ആരോമരുടെ ചുരികയിളക്കത്തില്‍ ചുരിക കണയില്‍ മുറിഞ്ഞുവീഴുമെന്ന് കൊല്ലത്തിപ്പെണ്ണ് നിരൂപിച്ചു. ചുരികയിളക്കത്തിന്റെ ശക്തികൊണ്ടാണ് ചുരിക കണയില്‍ മുറിഞ്ഞതെന്ന് ആരോമര്‍ വിചാരിച്ചു
കൊള്ളും. ചതി ഒഴിവായിപ്പോകും. എന്നാലോ, ചുരികയിളക്കാന്‍ ആരോമര്‍ തയ്യാറായില്ല.
”പുത്തരിയങ്കത്തിനു പോകുന്ന ഞാന്‍ വെറുതെ ചുരിക ഇളക്കില്ല. ദൈവവിധിയുണ്ടെങ്കില്‍, പെണ്ണേ, പുത്തരിയങ്കം ജയിച്ചുവന്നിട്ടൊരുനാളില്‍ നീ പുത്തൂരം വീട്ടിലേക്കു വായോ. അപ്പോള്‍ ചുരികയിളക്കിക്കാണിച്ചുതരാം”
ചുരിക നാലും വീരാളിപ്പട്ടില്‍ പൊതിഞ്ഞ്് കൊല്ലത്തിപ്പെണ്ണ് ആരോമരുടെ കയ്യില്‍ വെച്ചുകൊടുത്തു.
എന്റച്ഛാ, മുത്തച്ഛാ, പുത്തൂരം വീട്ടിലെ കളരിഭരമ്പരദൈവങ്ങളേ, മുറിച്ചുരികയാണെങ്കിലും വിളങ്ങിയിരിക്കട്ടെ എന്ന് ഉള്ളാലെ പ്രാര്‍ത്ഥിച്ചു. കൊല്ലത്തിപ്പെണ്ണിന് ആരോമര്‍ പട്ടും മുറിയും സമ്മാനമായിക്കൊടുത്തു.
ആരോമരും മച്ചുനിയന്‍ ചന്തുവും കീഴൂരിടത്തില്‍ മടങ്ങിയെത്തി. മണിത്തളത്തില്‍ പുല്‍പ്പായ വിരിച്ച് കൊങ്കിയമ്മ ചേകവരെ ഇരുത്തി. വെറ്റിലച്ചെല്ലം അരികെ വെച്ചു.
കൊങ്കിയമ്മ മകനോടു ചോദിച്ചു.
”ആരാണുണ്ണീ, ആരോമരുടെ കൂടെവന്ന ചേകോര് ?”
”എളന്തളര്‍മഠത്തിലെ ചന്തുച്ചേകോരാണമ്മേ. ആരോമരുടെ അച്ഛന്‍ കണ്ണപ്പച്ചേകോരുടെ നേര്‍പെങ്ങളുടെ മകന്‍. പേരുകേട്ട അഭ്യാസിയാണ്. ആരോമരുടെ തുണയാളായിട്ടു പോകാന്‍ വന്നതാണ്.”
പിറ്റേന്ന് നേരം പുലര്‍ന്നവാറെ, ആരോമരും ചന്തുവും എഴുന്നേറ്റ് തേവാരപൂജ കഴിച്ചു. അങ്കക്കുറികള്‍ വരച്ചു. വീരാളിപ്പട്ടു ഞൊറിഞ്ഞുടുത്തു. അങ്കച്ചമയങ്ങളെടുത്തണിഞ്ഞു.
അങ്കപ്പുറപ്പാടു തുടങ്ങി. വീരാളിച്ചങ്കൂതി. കൊമ്പും കുഴലും വിളിച്ചു. പതിനെട്ടു വാദ്യങ്ങളും മുഴങ്ങി. വെണ്‍കൊറ്റക്കുട പൊങ്ങി. ആലവട്ടവും വെഞ്ചാമരവും വീശി. കൊടിതഴകള്‍ ഉയര്‍ന്നു.
ആരോമരും വാഴുന്നോരും മച്ചുനിയന്‍ ചന്തുവും പടിപ്പുരയിറങ്ങി. ആയിരം നായന്മാരുടെ അകമ്പടിയോടെ നഗരിവാതുക്കലേക്കു നടന്നു. അങ്കം കാണണമെന്ന വാശിയോടെ കൊങ്കിയമ്മയും പല്ലക്കില്‍ പുറപ്പെട്ടു.
നഗരിത്തലയ്ക്കല്‍ തൃപ്പംകോട്ടപ്പന്റെ തിരുനടയിലാണ് അങ്കത്തട്ടു പണിതീര്‍ത്തിരിക്കുന്നത്. ആരോമര്‍ അങ്കത്തട്ട് ചുറ്റിനടന്നു നോക്കി. മുളയാണിവെച്ച് മുറിപ്പലകയിട്ടു മുറുക്കിയത് ചേകവരുടെ കണ്ണില്‍പ്പെട്ടു. കള്ളച്ചതി കണ്ടറിഞ്ഞെങ്കിലും അക്കാര്യം വാഴുന്നോരോടുപോലും പറഞ്ഞില്ല. പകരം, അങ്കത്തട്ടിന്റെ ഏതുഭാഗത്താണ് മുളയാണിവെച്ച് മുറിപ്പലക മുറുക്കിയതെന്ന് അകമേ കുറിച്ചിട്ടു.
ആരോമര്‍ ഉണിക്കോനാരോടാരാഞ്ഞു.
”അങ്കത്തട്ടു പണിത വിശ്വകര്‍മ്മനെവിടെ? അവനെ ആളയച്ചു വരുത്തണം. അവന്റെ പണിയാളരും വന്നിരിക്കണം”
ഉടനെ നായന്മാര്‍ വിശ്വകര്‍മ്മനെ അന്വേഷിച്ച് അവന്റെ കുടിയിലെത്തി. പണിയാളരേയും കൂട്ടി വേഗം നഗരിത്തലയ്ക്കലെത്തണമെന്നായി നായന്മാര്‍.
(തുടരും)