1805 വരെ നാല് ലക്ഷമായിരുന്ന പ്രതിവര്‍ഷ കപ്പമാണ് 1805 മുതല്‍ ഒറ്റയടിക്ക് എട്ട് ലക്ഷമാക്കുന്നത്. നാല് ലക്ഷം കപ്പമുള്ള കാലത്ത് തന്നെ കപ്പ കുടിശ്ശിക ഉണ്ടായിരുന്നു. എട്ട് ലക്ഷം പ്രതിവര്‍ഷ കപ്പം എന്ന ഭീമമായ തുക ബ്രിട്ടീഷ് കമ്പനി അടിച്ചേല്‍പ്പിച്ചപ്പോള്‍ സ്വഭാവികമായും ദളവയായ വേലുത്തമ്പിയും രാജാവും എതിര്‍ത്തിട്ടുണ്ടാകണം. കാരണം ഈ നികുതി ചുമത്തുന്നതില്‍ കമ്പനി കാണിക്കുന്ന ഉപാധികളും വിട്ടുവീഴ്ചകളും അതാണ് കാണിക്കുന്നത്. അതി ബുദ്ധിമാനായ മെക്കാളെ പ്രഭു കുഴിച്ച ഉപാധി കുഴിയില്‍ വേലുത്തമ്പി വീഴുകയായിരുന്നു. 1805, 1806 എന്നീ വര്‍ഷങ്ങളില്‍ ആറു ലക്ഷം രൂപ അടച്ചാല്‍ മതിയെന്നും തുടര്‍ന്ന് 8 ലക്ഷം വീതം അടയ്ക്കണമെന്നും കമ്പനി നല്‍കിയ സാമാശ്വസ വാഗ്ദാനത്തില്‍ ഒപ്പുവെക്കുകയായിരുന്നു തിരുവിതാംകൂര്‍. 1807 മുതല്‍ 8 ലക്ഷം അടക്കേണ്ട സ്ഥാനത്ത് 6 ലക്ഷം തന്നെയെ അടക്കുവാന്‍ തിരുവിതാംകൂറിന് കഴിഞ്ഞുള്ളു.
1805 ലെ ഈ കരാര്‍ മുതല്‍ 1809 ലെ വേലുത്തമ്പിയുടെ ആത്മഹത്യ വരെയുള്ള 5 വര്‍ഷക്കാലം ബ്രിട്ടീഷ് അധിനിവേശത്തിനും പ്രൊട്ടസ്റ്റന്റ് മതവല്‍ക്കരണത്തിനുമെതിരെ നിരന്തരം പോരാടുന്ന ഒരു യോദ്ധാവിനെയാണ് വേലുത്തമ്പിയിലൂടെ ചരിത്രം കാണിച്ചുതരുന്നത്. അതായത് വേലുത്തമ്പി ഒരിക്കലും മെക്കാളെയുടെയോ ബ്രിട്ടന്റെയോ ഏജന്റായിരുന്നില്ലെന്ന് ചുരുക്കം. അങ്ങിനെ ആയിരുന്നെങ്കില്‍ വേലുത്തമ്പിക്ക് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു.
മതപ്രചരണത്തിന് ബ്രിട്ടീഷുകാര്‍ കാണിക്കുന്ന അമിത താല്‍പ്പര്യം വേലുത്തമ്പിയെ ഉല്‍ക്കണ്ഠപ്പെടുത്തി. മതസന്നിവേശത്തിലൂടെ ബ്രിട്ടീഷ് പാദസേവകരെ സൃഷ്ടിക്കുകയും തിരുവിതാംകൂറിനെ ലോകാവസാനംവരെ ബ്രിട്ടന്റെ കോളനിയാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് വേലുത്തമ്പി തിരിച്ചറിഞ്ഞു -ക്രിസ്തുമതം ഇവിടെ സ്ഥാപിതമായാല്‍ ക്ഷേത്രങ്ങളുടെ മുകളില്‍ ക്രൈസ്തവ പതാക പാറിക്കളിക്കുമെന്നും ജാതി വിശ്വാസ പരിഗണനയില്ലാതെ ബ്രാഹ്മണ സ്ത്രീകളുമായി നിര്‍ബന്ധ വിവാഹം നടക്കുമെന്നും വേലുത്തമ്പി പ്രവചിച്ചിരുന്നു.
ബ്രിട്ടീഷ് മിഷണറിമാരുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി മതം മാറിയവരില്‍ ഭൂരിപക്ഷത്തിനും മനം മാറിയില്ല. അവര്‍ പരമ്പരാഗതമായ വിശ്വാസങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ഇത് മതം മാറ്റത്തിന് പണം മുടക്കിയ മിഷണറിമാരെ കോപാകുലരാക്കി. ഏതെങ്കിലും പ്രദേശം കേന്ദ്രീകരിച്ച് മതം മാറ്റം സംഘടിപ്പിക്കുവാനും അവര്‍ക്ക് സംരക്ഷണം നല്‍കുവാനും മിഷണറിമാര്‍ തീരുമാനിച്ചു. തഞ്ചാവൂരിലായിരുന്നു അതിന് മുമ്പ് പ്രൊട്ടസ്റ്റന്റ് സഭാപ്രവര്‍ത്തനം ഉണ്ടായിരുന്നത്. രണ്ടാമത്തെ മതപരിവര്‍ത്തന കേന്ദ്രമായി കാണുന്നത് മൈലാടിയാണ്. മൈലാടിയില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തി അവരെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ കോളനികളാക്കി സംരക്ഷിക്കുകയെന്നതായിരുന്നു പ്രധാന പരിപാടി. ഇങ്ങനെ ബ്രിട്ടീഷുകാരുടെ ആജ്ഞാനുവര്‍ത്തികളായ സമൂഹത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സൃഷ്ടിക്കൂക. ഇവിടെ പലരും മതം മാറുകയും തിരിച്ചുവരികയും ചെയ്തു കൊണ്ടിരുന്നു. മൈലാടിയില്‍ പള്ളി സ്ഥാപിച്ച് അതിന് ചുറ്റും പുതുക്രിസ്ത്യാനികളെ കുടിയിരുത്തി. എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കിയാല്‍ അവര്‍ ഉറച്ചുനില്‍ക്കും എന്നതായിരുന്നു മെക്കാളെ സായിപ്പിന്റെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ നാട്ടുകാരില്‍ നിന്നുളള എതിര്‍പ്പും തിരുവിതാംകൂറിന്റെ തീരുമാനവും മതപരിവര്‍ത്തനത്തിനെതിരായിരുന്നു.
സംരക്ഷണം കിട്ടാതായതോടെ മിഷണറി പ്രവര്‍ത്തനം തളര്‍ന്നു. മിഷണറി സംഘം പതിവുപോലെ മെക്കാളെയെ സമീപിച്ചു. പ്രൊട്ടസ്റ്റന്റ് പാതിരി റിംഗില്‍ ടോബിയെ മൈലാടിയുടെ ചുമതല ഏല്‍പ്പിക്കുകയാണെന്നും ടോബി ഇനി മൈലാടിയില്‍ തന്നെ ഉണ്ടാകുമെന്നും പള്ളിക്കുള്ള സ്ഥലം തിരുവിതാംകൂറില്‍ നിന്ന് വാങ്ങിക്കണമെന്നും മെക്കാളെയോട് മിഷണറി സഭ ആവശ്യപ്പെട്ടു. പള്ളിക്കുളള സ്ഥലം മാത്രമല്ല പള്ളിക്കുള്ള പണവും താന്‍ നല്‍കാമെന്ന് മെക്കാളെ സഭയ്ക്ക് ഉറപ്പുനല്‍കി. മെക്കാളെയുടെ ഉറപ്പില്‍ കൊല്ലത്ത് വെച്ച് റിംഗിള്‍ ടോബി വേലുത്തമ്പിയെ കാണാനെത്തി. എന്നാല്‍ വേലുത്തമ്പി ഇവരോട് ഒരു താല്‍പ്പര്യവും കാണിച്ചില്ലെന്ന് മാത്രമല്ല സ്ഥലവും അനുവദിച്ചില്ല. അതിനുള്ള വ്യക്തമായ കാരണവും വേലുത്തമ്പി പറഞ്ഞു. ബ്രിട്ടീഷുകാരോടും മതപരിവര്‍ത്തന പരിപാടിയോടും സമൂഹത്തിന് എതിര്‍പ്പായതിനാല്‍ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയും. അടുത്ത ഡിസംബര്‍ മാസം രാജാവ് ശുചീന്ദ്രത്തെ ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ തെക്കന്‍ യാത്ര ചെയ്യുന്നുണ്ട്. അപ്പോള്‍ ആലോചിക്കാം.
ഇന്ത്യാരാജ്യം അപ്പോള്‍ ഏകദേശം ബ്രിട്ടീഷ് കൈപ്പിടിയിലായിരുന്നു. ഈ കൊച്ചു രാജ്യത്തെ മന്ത്രി ഭൂമിക്ക് വേണ്ടിയുള്ള തങ്ങളുടെ ആവശ്യം ഗൗനിക്കാത്തതില്‍ ബ്രിട്ടീഷ് കമ്പനിക്കും മിഷണറി മാര്‍ക്കും ദേഷ്യമുണ്ടായിരുന്നു. അവര്‍ വേലുത്തമ്പിയെ ശത്രു എന്ന നിലയ്ക്ക് ലക്ഷ്യം വെച്ചുകഴിഞ്ഞിരുന്നു.
ഒരു ഭാഗത്ത് ഹിന്ദുസമൂഹത്തെ തകര്‍ക്കാന്‍ ആംഗ്ലിക്കന്‍ മിഷണറിമാര്‍ ശ്രമിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് മറ്റു സഭകളെ ഇല്ലാതാക്കുവാനും ശ്രമം നടന്നിരുന്നു. റോമന്‍ കത്തോലിക്ക സഭയുടെ പരിശീലനം സിദ്ധിച്ച മിഷണറി സംഘങ്ങള്‍ അവരുടെ സഭാ സംവിധാനം കാര്യക്ഷമമായി നടത്തിയിരുന്നതിനാല്‍ ആംഗ്ലിക്കന്‍ സഭ പരിവര്‍ത്തനത്തിനായി മററു സഭകളെയാണ് ഉന്നം വെച്ചത്. മലങ്കര മാര്‍തോമസഭയായിരുന്നു ആദ്യത്തെ ഉന്നം. മലങ്കര സഭക്കുള്ളില്‍ നുഴഞ്ഞുകയറുകയെന്ന ലക്ഷ്യത്തോടെ പ്രൊട്ടസ്റ്റന്റ് സഭ ബുക്കാനന്‍ എന്നൊരാളെ കളത്തിലിറക്കി. ഇന്ത്യയിലെ പൗരസ്ത്യ സിറിയന്‍ മാര്‍ തോമസഭകളെ കുറിച്ച് പഠിക്കുവാന്‍ വരുന്ന ഒരു പഠിതാവിന്റെ വേഷമായിരുന്നു ഇദ്ദേഹത്തിന്. മലങ്കര നസ്രാണി സഭയെ ആംഗ്ലിക്കന്‍ സഭയോട് ചേര്‍ക്കുകയെന്നത് മാത്രമായിരുന്നു ഈ പഠിതാവിന്റെ ലക്ഷ്യം. തിരുവിതാംകൂര്‍ രാജാവിന്റെ അടുത്ത് ഈ പഠിതാവ് വന്നത് അവിടെ മതം മാറാന്‍ നില്‍ക്കുന്ന പുതുക്രിസ്ത്യാനികള്‍ക്ക് പള്ളി പണിയുവാന്‍ സ്ഥലം നല്‍കണമെന്ന് പറയുവാനായിരുന്നു. പഠിതാക്കളുടെ വേഷത്തിലും ചരിത്ര ഗവേഷകന്മാരുടെ വേഷത്തിലും ഒരു പാട് മിഷണറിമാര്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ വരികയും അവര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യാര്‍ത്ഥംചരിത്രരചനകള്‍ നടത്തുകയും ചെയ്തു. ഇതൊക്കെ പിന്നിട് ഔദ്യോഗിക ചരിത്രമായി മാറ്റപ്പെടുക മാത്രമല്ല ദേശവിരുദ്ധ ശക്തികളുടെ കയ്യിലെ ആയുധങ്ങളായി മാറുകയും ചെയ്തു.
വേദമാണിക്യം എന്ന ഒരു പുലയ സമുദായക്കാരനെ മുമ്പില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ തിരുവിതാംകൂറില്‍ ആ വിഭാഗത്തിനുള്ളില്‍ മതം മാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഭാഗത്ത് നേതൃത്വം നല്‍കിയത്. ഈ വേദമാണിക്യം ദളിതനായിരുന്നുവെന്ന് ദളിത് ക്രൈസ്തവ വിഭാഗവും അതല്ല നാടാര്‍ ആയിരുന്നുവെന്ന് നാടാര്‍ ക്രിസ്ത്യാനി വിഭാഗവും അവകാശപ്പെടുന്നുണ്ട്. വൈദേശിക യൂറോപ്യന്‍ മതത്തെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് ജാതിയൊന്നും പ്രശ്‌നമായിരുന്നില്ല. മതം മാറിയിട്ടും ജാതി മാറാത്ത ഇവിടത്തെ ജാത്യാഭിമാനികള്‍ക്ക് ആവശ്യംപോലെ ഉപയോഗിക്കുവാന്‍ പാകത്തിന് ചരിത്രങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടാണ് സായിപ്പ് ഇവിടെ നിന്ന് പോയത്. ഹിന്ദുമത പരിഷ്‌ക്കരണ വാദികള്‍ ജാതിവ്യവസ്ഥക്കെതിരെ പ്രവര്‍ത്തിച്ചപ്പോള്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയെ ചൂഷണം ചെയ്യുകയും തങ്ങള്‍ക്ക് വഴങ്ങുന്ന ഓരോ ജാതികളെയും തങ്ങളുടെ മതത്തിന്റെ തന്നെ ഭാഗമാക്കുകയും ചെയ്തു.
ക്രിസ്ത്യാനിയായതിന് ശേഷം വേദമാണിക്യത്തിനുണ്ടായ സാമ്പത്തിക അഭിവൃദ്ധി ആളുകള്‍ ശ്രദ്ധിച്ചിരുന്നെങ്കിലും മിഷണറിമാര്‍ആഗ്രഹിച്ചിരുന്ന പോലെ മറ്റ് ആളുകളെ ആകര്‍ഷിച്ചില്ല. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്ക് എതിര്‍പ്പും ശക്തമായിരുന്നു. ഇതുമൂലം മതംമാറ്റ വലയത്തില്‍പ്പെട്ട ആളുകളെ വിളിച്ച് കൂട്ടി രാത്രിയിലൊക്കെയാണ് മതം മാറ്റപ്രക്രിയയായ ജ്ഞാനസ്‌നാനം നടന്നിരുന്നത്.
കാര്‍ഷികവൃത്തിയും അതുപോലെയുള്ള പറമ്പ് പണികളും മറ്റ് ജോലികളുമായി കഴിഞ്ഞിരുന്ന ഒരാളായിരുന്നു വേദമാണിക്യം. മഹാരശന്‍ എന്ന യഥാര്‍ത്ഥ പേര് മതംമാറ്റത്തെ തുടര്‍ന്ന് വേദമാണിക്യം എന്നാക്കുകയായിരുന്നു. മഹാരശന്‍ വലിയൊരു ഹൈന്ദവ ശിവ മുരുക ഭക്തനായിരുന്നുവെന്നും പൂജാരിയായിരുന്നുവെന്നും യഥാര്‍ത്ഥ ദൈവത്തെത്തേടിയലഞ്ഞ് ഒടുവില്‍ ദൈവസ്ഥാനം പ്രൊട്ടസ്റ്റന്റ് ക്രിസ്തുവിലാണെന്ന് കണ്ടെത്തി മതം മാറി പ്രൊട്ടസ്റ്റന്റ് ആയി എന്നുമുള്ള ഒരു കഥ ഈ മഹാരശന്റെ കഥയോടൊപ്പം പ്രൊട്ടസ്റ്റന്റുകള്‍ ഇറക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാര്‍ മതം മാറ്റുവാന്‍ വേണ്ടി മുമ്പില്‍ നിര്‍ത്തിയിട്ടുള്ള ഓരോ ഹിന്ദുവിന്റെ കൂടെയും ഇത്തരത്തിലുള്ള അദ്ഭുതകഥകള്‍ മിഷണറിമാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇങ്ങനെ മതം മാറ്റത്തിന് മുമ്പില്‍ നിര്‍ത്തുന്നവരെ ഹിന്ദു പൂജാരിമാരായും വലിയ ഹൈന്ദവ ഭക്തന്മാരുമൊക്കെയായിട്ടാണ് അവതരിപ്പിക്കുക. മുസ്ലിം സമുദായത്തിലെ ഒരാളെപ്പോലും തങ്ങള്‍ സൃഷ്ടിക്കുന്ന അദ്ഭുത കഥകള്‍ക്ക് നടുവില്‍ നിര്‍ത്തുവാന്‍ ഒരു സഭയും ഇന്നേവരെ ധൈര്യപ്പെട്ടിട്ടില്ല.
മഹാരശന്‍ മതം മാറി വേദമാണിക്യം ആയതോടെ സ്ഥിതി മാറി. വെറുമൊരു കൃഷിക്കാരനായിരുന്ന ഇയാള്‍ ബ്രിട്ടീഷ് കമ്പനിയുടെ അടുത്ത ആളായി മാറി. ബ്രിട്ടീഷ് റസിഡന്റിലും അദ്ദേഹത്തിന്റെ ഓഫീസിലും വേദമാണിക്യത്തിന് പിടിപാടുകളായി. തിരുവിതാംകൂറിനെ നിയന്ത്രിക്കുന്ന റസിഡന്റ് ഓഫീസിലെ പ്രധാനപ്പെട്ട ഒരാളായി മാറി വേദമാണിക്യം. രാജാവിനെ കാണുവാനും മന്ത്രിമാരെ കാണുവാനുമൊക്കെ റസിഡന്റിന്റെയും മിഷണറിമാരുടെയും പ്രതിനിധിയായി സായിപ്പമാരോടൊപ്പം വേദമാണിക്യവും പോകുവാന്‍ തുടങ്ങി. ഇഷ്ടംപോലെ പണവും പദവിയും. തന്റെ സമുദായത്തിനുള്ളിലും വേദമാണിക്യത്തിന് ഗമ വന്നു. തന്റെ മതം മാറ്റമാണ് തന്റെ ഉയര്‍ച്ചക്ക് കാരണമെന്ന് ഇയാള്‍ എല്ലാവരോടും പറഞ്ഞു. മതം മാറുന്നവര്‍ക്കെല്ലാം ഈ സൗഭാഗ്യം കൈവരുമെന്ന് അവര്‍ ഉറപ്പ് കൊടുത്തു. പണവും പ്രചരണവും ഏറെ നടത്തിയിട്ടും കാര്യമായ വിളവെടുപ്പ് നടക്കാത്തതിനാല്‍ സഭയും കലിപ്പിലായിരുന്നു. ഇതിനൊരു പരിഹാരമായി വേദമാണിക്യത്തിന്റെ വീട്ടിലെ 40 പേരെ പ്രൊട്ടസ്റ്റന്റ് പാതിരി റിംഗില്‍ ടോബി ഒരു നാള്‍ മതംമാറ്റി.
മിഷണറിമാര്‍ക്ക് ഭൂമി കൊടുക്കുവാന്‍ രാജാവിനുണ്ടായ ഏറ്റവും വലിയ ബുദ്ധിമുട്ട് സമൂഹത്തിന് മതം മാറ്റ പാതിരിമാരോടുള്ള എതിര്‍പ്പായിരുന്നു. രാജ്യത്തിന്റെ പട്ടാളവും റസിഡന്റും ഇഷ്ടം പോലെ പണവും ഉണ്ടായിട്ടും മിഷണറി സംഘത്തിന് പള്ളി പണിയാന്‍ തിരുവിതാംകൂറില്‍ ഭൂമി കിട്ടിയില്ലെന്നുള്ളത് വല്ലാത്ത കുറച്ചിലായി. ഒടുവില്‍ മൈലാടുരിനടുത്ത് ഒരു പ്രദേശം വിലയ്ക്ക് വാങ്ങി. അതിന് ബൈബിളിലെ കനാന്‍ദേശം എന്ന് അര്‍ത്ഥം വരുന്ന കനാനൂര് എന്ന് പേര് നല്‍കി. തിരുവിതാംകൂറിനെ ക്രൈസ്തവവല്‍ക്കരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ ഉള്ളിലിരുപ്പ് ആദ്യമായി പരസ്യമായി പുറത്തുവന്ന സംഭവമായിരുന്നു ഈ നാമകരണം.
സ്ഥലവും പള്ളിയുമായിട്ടും വിളവെടുപ്പ് പ്രതീക്ഷിച്ച പോലെ എത്തിയില്ല. മുതിര്‍ന്നവരെ ചാക്കിടാന്‍ കുട്ടികളെ പിടികൂടുന്ന വിദ്യ മിഷണറി സംഘം തുടങ്ങി. കുട്ടികളെ പാശ്ചാത്യ സംഗീതവും ഇംഗ്ലീഷുമൊക്കെ പഠിപ്പിക്കും എന്ന രീതിയില്‍ പദ്ധതികള്‍ പലതും ആസൂത്രണം ചെയ്‌തെങ്കിലും വിജയിച്ചില്ലെന്ന് മാത്രമല്ല മിഷണറിമാരുടെ പിന്നാലെ ജനങ്ങള്‍ കൂവി വിളിച്ച് ചെല്ലുവാനും തുടങ്ങി. നില്‍ക്കക്കള്ളിയില്ലാതെ റിംഗിള്‍ ടോബിയും സംഘവും കിനാനൂരില്‍ നിന്ന് സ്ഥലം വിട്ടു.
വേലുത്തമ്പി അധികാര സ്ഥാനത്ത് ഇരിക്കുന്നതു കൊണ്ടാണ് തങ്ങളുടെ സ്വാധീനത്തിലേക്ക് ജനങ്ങള്‍ വരാത്തതെന്ന് മിഷണറി സംഘം കണക്കുകൂട്ടി. അത് സത്യവുമായിരുന്നു. പട്ടാളത്തിന്റെ നിയന്ത്രണം മാത്രം പോരാ ജനങ്ങളെ കൂടി രാജാവിനെതിരാക്കിയാലേ തങ്ങളുടെ മിഷണറി പ്രവര്‍ത്തനത്തിന് മുമ്പോട്ട് പോകുവാന്‍ കഴിയൂ എന്ന് കമ്പനി-മിഷണറി സംഘം തീരുമാനിച്ചു.അതനുസരിച്ച് 1805 ലെ സൈനിക സഹായ ഉടമ്പടി പ്രകാരം തിരുവിതാംകൂര്‍ ബ്രിട്ടീഷ് കമ്പനിക്ക് ആദ്യത്തെ 2 വര്‍ഷം 6 ലക്ഷവും തുടര്‍ന്ന് നല്‍കേണ്ട 8 ലക്ഷവും കപ്പപണം കിട്ടുന്നതിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി. ഇതോടെ ജനങ്ങളുടെ മേല്‍ നികുതിഭാരം വന്‍ തോതില്‍ കൂട്ടുവാന്‍ രാജാവ് നിര്‍ബന്ധിതനായി.
സ്വന്തം രാജ്യമായ തിരുവിതാംകൂറിന്റെ പ്രതിസന്ധികളും തോല്‍വികളും കണ്ട് ആസ്വദിക്കുകയും ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടാകുന്ന വിജയങ്ങളില്‍ ആര്‍മാദിക്കുകയും ചെയ്യുന്ന കുറച്ചാളുകളെ ഉണ്ടാക്കിയെടുക്കുന്നതില്‍ മിഷണറി സംഘം വിജയിച്ചിരുന്നു. മതം മാറിയവര്‍ മാതൃ രാജ്യത്തിന്റെ ശത്രുക്കളും വിദേശിയുടെ കാലുനക്കികളുമായി മാറി. ഇത്തരം നിരവധി കാലുനക്കി ചരിത്ര പുസ്തകങ്ങള്‍ നമ്മുടെ ഗ്രന്ഥശാലകളിലും പുസ്തക കടകളിലും ഇന്നും നിറഞ്ഞിരിക്കുന്നു.
(തുടരും)