രാമന്റെ നിയോഗവുമായി ലങ്കയിലേക്ക് കുതിച്ച ഹനുമാന്‍ സ്വാമിയെ വഴിയില്‍ തടഞ്ഞ സുരസ പറഞ്ഞത് ‘എനിക്ക് വിശക്കുന്നൂ നീയെനിക്ക് ആഹാരമാകണമെന്നാണ്.’ ആഞ്ജനേയനെ വിഴുങ്ങാന്‍ സുരസ അവരുടെ വായുടെ വലിപ്പം കൂട്ടി, ആഞ്ജനേയന്‍ ശരീരം വലുതാക്കി പ്രതിരോധിച്ചു. സുരസ വീണ്ടും വീണ്ടും വായുടെ വലിപ്പം കൂട്ടി. സ്വാമിയും സ്വന്തം ശരീര വലിപ്പം വീണ്ടും വീണ്ടും വര്‍ദ്ധിപ്പിച്ച് സുരസയെ വെല്ലു വിളിച്ചു. രാഷ്ട്രത്തിന്റെ താത്പര്യം സംരക്ഷിക്കുവാന്‍ ഭാരതീയ ജനത ഏല്‍പ്പിച്ച ദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ പ്രയാണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെയും മകന്‍ രാഹുലിന്റെയും അധികാരത്തോടുള്ള ആര്‍ത്തി തീര്‍ത്തിട്ടു പോയാല്‍ മതിയെന്നതാണ് സോണിയ നിരന്തരം തുടരുന്ന ആക്രോശങ്ങള്‍! ഓരോ ആക്രോശങ്ങള്‍ കഴിയുമ്പോഴും മോദിയുടെ കര്‍മ്മശേഷിയുടെ പ്രഭാവം സോണിയക്കും കൂടെ നില്‍ക്കുന്നവര്‍ക്കും കാണാനും കണക്കെടുക്കുവാനും കഴിയുന്നതിലേറയായി വളരുകയാണ്.
കൊറോണപ്രതിരോധത്തിന് ഭാരതം നടപ്പിലാക്കിയ മൂന്നാം ഘട്ട ലോക്ഡൗണ്‍ ലക്ഷ്യങ്ങള്‍ നേടി അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ നരേന്ദ്ര മോദിയോട് സോണിയയുടെ ചോദ്യം: ‘മേയ് പതിനേഴിനു ശേഷം എന്ത്’? ‘പതിനേഴിനു ശേഷം പതിനെട്ട്’ എന്ന് രാഹുല്‍ ചാടിക്കയറി മറുപടി പറഞ്ഞുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വിരുതന്മാര്‍ ട്രോളുന്നത്. രാഹുലിന്റെ മറുപടിയെ ചിരിച്ചു മറക്കാം. സോണിയയുടെ ചോദ്യത്തോടൊപ്പം മോദിയ്ക്കും ഭാരതസര്‍ക്കാറിനും ഇക്കാര്യത്തില്‍ കൃത്യമായ പദ്ധതിയില്ലെന്ന കള്ള പ്രചരണവും! കോണ്‍ഗ്രസ് വക്താവ് രണ്‍ധീര്‍ സിങ്ങ് സുര്‍ജേവാലയുള്‍പ്പടെയുള്ള പാണന്മാരാണെങ്കില്‍ കൊറോണാ ഭാരതത്തില്‍ എന്നവസാനിക്കുമെന്ന് മോദി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്!
മൂന്നാം ലോകമഹായുദ്ധമെന്ന് ലോകം വിലയിരുത്തുന്ന ഈ മഹാമാരിയെ നേരിടുന്നതില്‍ മോദിഭരണകൂടത്തിന്റെ ആസൂത്രണമികവ് ചോദ്യം ചെയ്യാനിറങ്ങിപ്പുറപ്പെടുന്നവര്‍ അതിനെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതവിഭജനം ആസൂത്രണം ചെയ്തതില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആസൂത്രണമികവുമായി താരതമ്യം ചെയ്യാന്‍ തയ്യാറാകണം. അന്നത് നെഹ്രുവിന് ആദ്യ അനുഭവമായിരുന്നുവെന്നാണെങ്കില്‍ കൊറോണയുടെ പ്രതിസന്ധി മോദിക്കെന്നല്ല ലോകത്തിനു തന്നെ പുതിയ അനുഭവമാണെന്ന് കണക്കിലെടുക്കണം.
1948 ജൂണിനകം അധികാരക്കൈമാറ്റമെന്നത് ലോര്‍ഡ് മൗണ്ട് ബാറ്റന്റെയും ലേഡീ മൗണ്ടു ബാറ്റന്റെയും മോഹത്തിനു വഴങ്ങി 1947 ആഗസ്റ്റ് പതിനഞ്ചിലേക്ക് മാറ്റിവെച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സര്‍വ്വശക്തിയും സഹായിക്കാനുണ്ടായിരുന്നിട്ടും ലോകം കണ്ട ഏറ്റവും വലിയ ആക്രമണങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാനാകുന്ന ഒരു വിഭജന പദ്ധതി തയ്യാറാക്കി നടപ്പാക്കുവാനുള്ള ആസൂത്രണമികവ് നെഹ്രുവില്‍ ചരിത്രത്തിന് കാണാന്‍ കഴിഞ്ഞിട്ടില്ല. വിഭജനം അനിവാര്യമായിരുന്നെങ്കില്‍കൂടി അതുമായി ബന്ധപ്പെട്ടുണ്ടായ നരഹത്യകളും ആക്രമങ്ങളും മികച്ച ആസൂത്രണത്തിലൂടെ ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് പക്ഷം പിടിക്കാതെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ മനസ്സിലാക്കിയിട്ടുള്ളത്. അതൊക്കെ കഴിഞ്ഞ് സോവിയറ്റ് മോഡലില്‍ പഞ്ചവത്സര പദ്ധതികളിലേക്ക് വഴി തിരിച്ചുവിട്ട ഭരണകൂടം 1962ല്‍ ചൈന ആക്രമിച്ചപ്പോള്‍ ഭാരതത്തിന് നെഹ്രുവിയന്‍ ആസൂത്രണത്തകര്‍ച്ചയുടെ നേരനുഭവമാക്കി.
ഇവിടെ സോണിയയും കൂടെയുള്ളവരും മറക്കാതിരിക്കേണ്ട ഒരു പൊതുയാഥാര്‍ത്ഥ്യമുണ്ട്. രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്തുവാനും നടത്തുന്ന കുതന്ത്രങ്ങളുടെ ആസൂത്രണവും രാഷ്ട്രത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാന്‍ നടത്തുന്ന ആസൂത്രണവും രണ്ടാണ്.
ആ രണ്ടു തരം ആസൂത്രണങ്ങളുടെയും വിജയം നിയതിയുടെ നിയന്ത്രണത്തിനു വിധേയമാണു താനും. ഇന്ദിര മക്കള്‍ രാജീവിനെയും സഞ്ജയനെയും കൃത്യമായ ആസൂത്രണത്തോടെയാണ് വളര്‍ത്തി വലുതാക്കിയത്. അക്കാര്യം 1985ല്‍ അടല്‍ബിഹാരി വാജ്‌പേയ് സ്വന്തം ശൈലിയില്‍ വിശദീകരിച്ചു. ‘ഒരമ്മയ്ക്ക് രണ്ടു മക്കളുണ്ടായിരുന്നു. ഒരു മകനെ അമ്മ വിമാനം ഓടിക്കാന്‍ പഠിപ്പിച്ചു. മറ്റേ മകനെ രാഷ്ട്രീയവും. രാഷ്ട്രീയം പഠിപ്പിച്ച മകന്‍ വിമാനം ഓടിക്കാന്‍ നോക്കി. ദൗര്‍ഭാഗ്യകരമായ അന്ത്യമായി ഫലം. ഇപ്പോള്‍ വിമാനം ഓടിക്കാന്‍ പഠിച്ച മകന്‍ രാഷ്ട്രീയവുമായി ഇറങ്ങിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ ഗതിയെന്താകുമെന്ന് ദൈവത്തിനേ അറിയൂ!’. ഇന്ദിരയുടെ ദാരുണകൊലപാതകം നല്‍കിയ അവസരം മുതലെടുത്ത് ശവസംസ്‌കാരത്തിനു പോലും കാത്തു നില്‍ക്കാതെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജീവ് അമ്മയുടെ മരണം വോട്ടാക്കി മാറ്റുവാന്‍ തിരഞ്ഞെടുപ്പു തീയതി തന്നെ നേരത്തെയാക്കിയ വേളയില്‍ ദില്ലിയിലെ ജനങ്ങളോട് വാജ്‌പേയ്ജി പങ്കുവെച്ച സന്ദേഹം പ്രവാചകതുല്യമായിരുന്നുവെന്ന് കാലം തെളിയിച്ചു.
അങ്ങനെ ആസൂത്രണം അപ്രസക്തമാക്കുന്ന ഇടപെടലുകള്‍ കാലം നടത്താറുണ്ടെന്ന ഉള്‍ക്കാഴ്ചയോടെ തന്നെ നെഹ്രു കുടുംബ വാഴ്ച അരക്കിട്ടുറപ്പിച്ച ആസൂത്രണത്തിന്റെയും ആ കുടുംബവാഴ്ചക്കാലത്തെ ആസൂത്രണങ്ങളുടെയും മികവുകള്‍ പഠന വിഷയമാക്കാവുന്നതാണ്. ഗാന്ധി വധത്തിന്റെ പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച ശരിയായ രീതിയിലും ദിശയിലുമുള്ള അന്വേഷണത്തിനു വഴിമുടക്കുകയും കമ്മ്യൂണിസ്റ്റു പക്ഷ സഖാക്കളുടെ സഹായത്തോടെ ആ കുറ്റം ഹിന്ദുത്വ ദേശീയതയുടെ വക്താക്കളുടെ നേരെ ക്രൂരമായും അടിസ്ഥാനരഹിതമായും തിരിച്ചുവിട്ട് ദേശീയതയുടെ രാഷ്ട്രീയധാരയെ തത്കാലത്തേക്ക് തടസ്സപ്പെടുത്തുകയും ചെയ്തു. ചൈനീസ് യുദ്ധവേളയില്‍ ചൈനാചാരന്മാരുടെ റോള്‍ ഏറ്റെടുത്ത് കമ്മ്യൂണിസ്റ്റു പക്ഷം നല്‍കിയ അവസരം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റു രാഷ്ട്രീയ പക്ഷത്തെ ദേശവിരുദ്ധ പക്ഷം എന്ന അവര്‍ അര്‍ഹിക്കുന്ന ഇടം നല്‍കി അവരെ ഭാവി ഭാരത രാഷ്ട്രീയത്തില്‍ അപ്രസക്തരാക്കി. അങ്ങനെ ഭാരതരാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷങ്ങളായ ഇടതുവലതുപക്ഷങ്ങള്‍ക്ക് കടിഞ്ഞാണിട്ടതിനു സമാന്തരമായി കോണ്‍ഗ്രസ്സിനുള്ളിലെ പ്രമുഖരെ കാമരാജ് പ്ലാനിലൂടെ ഒതുക്കി. അതിനു മുമ്പുതന്നെ പ്രമുഖരെ കടത്തിവെട്ടി ഇന്ദിരയെ എഐസിസി അദ്ധ്യക്ഷയാക്കി കുടുംബവാഴ്ചയ്ക്കു വഴി വെടിപ്പാക്കി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി താഷ്‌കെന്റില്‍ വെച്ച് ഇല്ലാതാക്കപ്പെട്ടതോടെ ഇന്ദിര സിംഹാസനസ്ഥയായി. ഇന്ദിര ഇല്ലാതായിടത്താണ് അധികാരം കുടുംബത്തിന്റെ കൈപിടിയില്‍ തന്നെ ഒതുക്കുവാനുള്ള ആസൂത്രണം പിഴവില്ലാതെ നടപ്പാക്കപ്പെട്ടത്. രാജീവ് ഇല്ലാതായ ശേഷം ചെറിയ ഇടവേളക്കുശേഷം സീതാറാം കേസരിയെന്ന വയോധികനെ ചെവിക്കു പിടിച്ച് പുറത്താക്കി സോണിയ കസേരയില്‍ കയറിയിരുന്ന് ഞാനാണിനി കോണ്‍ഗ്രസ് അദ്ധ്യക്ഷ എന്ന് പ്രഖ്യാപിച്ചപ്പോഴും ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ നീങ്ങി. പിന്നീടാണ് പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കാത്ത അവസ്ഥയായത്. വിനീത വിധേയനായിരുന്ന രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ എന്തു സഹായവും ചെയ്യുവാന്‍ തയാറായിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയാകൂവാന്‍ സോണിയയക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന സൂചന നല്‍കുന്ന ലിസ്റ്റുമായി രാഷ്ട്രപതി ഭവനിലെത്തിയത്. എന്തു ചെയ്യാം മുലായം സിങ്ങ് യാദവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റെ വീട്ടിലെത്തി ലാല്‍കൃഷ്ണ അദ്വാനിയുമായി ആശയവിനിമയം ചെയ്യതോടെ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ പോയി. സോണിയയുടെ ആസൂത്രണം പൊളിഞ്ഞു. 2004ല്‍ ഭാരതീയ ജനതാപാര്‍ട്ടിയേക്കാള്‍ വിരലിലെണ്ണാവുന്ന സീറ്റുകളേ കൂടുതല്‍ കിട്ടിയുള്ളൂവെങ്കിലും തട്ടിക്കൂട്ടിയ മുന്നണിയുടെ നേതാവായി പ്രധാനമന്ത്രിയാകാന്‍ അവകാശവാദവുമായി രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിനെ കാണാനെത്തിയെങ്കിലും ഭരണഘടന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വ്യക്തമാക്കപ്പെട്ടതോടെ പദവി ഡോ മന്‍മോഹന്‍ സിങ്ങിനു നല്‍കി പിന്‍സീറ്റ് ഡ്രൈവിങ്ങിനു വഴിതേടേണ്ടി വന്നു. രാഷ്ട്രീയ അധികാരത്തിന് ലക്ഷ്യമിട്ടു നടത്തിയ ആസൂത്രണം വീണ്ടും യഥാര്‍ത്ഥ ലക്ഷ്യം നേടാത്ത ഗതികേടിലാണ് സോണിയ ചെന്നുപെട്ടത്.
2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കു ശേഷവും സോണിയയുടെ ആസൂത്രണ കമ്മീഷന്‍ അധികാരം തിരിച്ചു പിടിക്കുവാനുള്ള കുതന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. പൗരത്വ(ഭേദഗതി) നിയമത്തിനെതിരെ നടത്തിയ ന്യായീകരിക്കാനാവില്ലാത്ത സമരങ്ങളും ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും ശക്തികള്‍ തുടര്‍ന്നു പോന്ന ജനാധിപത്യ വിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും കടന്നുവന്ന കോവിഡ് 19ന്റെ പ്രഹരവും കൂടിയാകുമ്പോള്‍ ഭാരതം പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലെത്തുമെന്നും അത് ഭരണപിടിച്ചെടുക്കലിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഉള്ള അതിമോഹം കാര്യക്ഷമമായ കൊറോണാ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞതിന്റെ നിരാശയാണ് സോണിയാപക്ഷത്തിന്റെ ഈവക ചോദ്യങ്ങളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും വായിച്ചെടൂക്കാവുന്നത്.
ഏതു തരം മഹാമാരിയും പ്രകൃതിക്ഷോഭവും ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി അവയുടെ സാദ്ധ്യതകള്‍ പ്രവചനാതീതമായിരിക്കും എന്നതുതന്നെയാണ്. ഇങ്ങനെയൊരു മഹാരോഗം പടരുവാന്‍ പോകുന്നൂവെന്ന സൂചനകള്‍ ചൈനയിലെ അധികാരകേന്ദ്രങ്ങളില്‍ നിന്നും സോണിയക്കോ രാഹുലിനോ വധേരയ്‌ക്കോ സീതാറാം യച്ചൂരിക്കോ പാക്-ചൈനാ അച്ചുതണ്ടിനു വേണ്ടപ്പെട്ടവരായ ഒവൈസിയ്‌ക്കോ ഡി രാജയ്‌ക്കോ സ്വാഭാവികമായും മുന്‍കൂര്‍ ലഭിച്ചിട്ടുണ്ടാകാം. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ഭാരത സര്‍ക്കാറിനോ ലോകാരോഗ്യ സംഘടനയില്‍ നിന്നും മറ്റ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതിനുശേഷമേ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയുമായിരുന്നുള്ളൂവെന്ന പരിമിതി തീര്‍ച്ചയായും വസ്തുതയാണ്. പക്ഷേ രോഗം പ്രചരിച്ചു കഴിഞ്ഞ വുഹാനില്‍ നിന്നും ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് നാട്ടിലേക്കു കൊണ്ടുവരുന്നതിലാരംഭിച്ച സത്വര നടപടികളുടെ ചടുലത ഭാരത്തിലെ പൊതുസമൂഹത്തില്‍’മോദി ഹേ തോ മുമ്കീന്‍ ഹേ’ (മോദിയുണ്ടെങ്കില്‍ കാര്യം നടക്കും) എന്ന വിശ്വാസം ആവര്‍ത്തിച്ചുറയ്ക്കുവാനുള്ള അവസരം ഒരുക്കി. ഭാരതത്തിലെ രോഗബാധിതരുടെ എണ്ണം വളരെ പരിമിതമായിരുന്ന സമയത്തുതന്നെ സാമൂഹിക അകലം പാലിക്കുവാനും ശുചിത്വം പാലിക്കുവാനുമുള്ള സന്ദേശം ഭാരതമാകെ നല്‍കി. ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് വിവിധഘട്ടങ്ങളിലായി പൊതു സമാജത്തെ രോഗപ്രതിരോധത്തിന് ഒരുക്കിയെടുത്തു. രോഗനിര്‍ണ്ണയ പരിശോധനയ്ക്കാവശ്യമായ സാമഗ്രികളും അടിസ്ഥാന ചികിത്സാ സൗകര്യങ്ങളും വിഭവശേഷിയും യുദ്ധകാല വേഗതയോടെ ഒരുക്കിയെടുത്തു. ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പോലീസ് സേനയും പൊതുസേവനമേഖലയും അടങ്ങുന്ന വിപുലമായ മനുഷ്യവിഭവശേഷി സജ്ജമാക്കി. രാഷ്ട്രം ഒന്നടങ്കം അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന ബോധം വളര്‍ത്തിയെടുത്തതും ഭൗതികമായുള്ള അകലം പാലിക്കുമ്പോഴും ഒരു മനസ്സോടെ മഹാമാരിയെ നേരിടുന്നതിനുള്ള ആശയും ആവേശവും ജനങ്ങള്‍ക്കു നല്‍കുന്ന മോദിനേതൃത്വപ്രഭാവം ലോകം കണ്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളില്‍ കൂടെയാണ് നാം കടന്നു പോകുന്നത്.
ഒപ്പം തന്നെ ലോക്ക് ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികളെയും പ്രതികൂല സാഹചര്യത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും നേരിടുന്നതിന് ആസൂത്രണതലത്തിലും പ്രയോഗവത്കരണതലത്തിലും കാട്ടിയ മികവും മോദിഭരണകൂടത്തില്‍ ജനാധിപത്യഭാരതത്തിന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ജനകോടികള്‍ക്ക് ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങളെത്തിച്ചു. ജന്‍ധന്‍ അക്കൗണ്ടിലൂടെയും പ്രധാന്‍ മന്ത്രി കിസാന്‍ യോജനയിലൂടെയും അത്യാവശ്യത്തിനുള്ള പണം സാധാരണക്കാരിലേക്കെത്തിച്ചു. സൗജന്യ പാചകവാതക വിതരണമുള്‍പ്പടെയുള്ള മറ്റു നപടികളിലൂടെയും ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആപത്ഘട്ടത്തില്‍ സാധാരണക്കാരനു താങ്ങായി മാറി.’ആത്മനിര്‍ഭര ഭാരതം’ ലക്ഷ്യമാക്കിയുള്ള ഇരുപതുലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതിയിലൂടെ ഉദ്പാദന-സേവന മേഖലകളെയും വിതരണശൃംഖലയേയും കാര്യക്ഷമമായ തിരിച്ചുവരവിന്റ വഴിയിലേക്കെത്തിക്കുമ്പോള്‍ തന്നെ സാധാരണ ഉപഭോക്താവിന്റെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള സമഗ്രവും സകാരാത്മകവുമായ ഇടപെലിനും മോദി സര്‍ക്കാര്‍ തയാറായിരിക്കുന്നു. ഈ കാര്യം പഠിക്കുമ്പോഴാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും പോലുള്ള ചുവടുവെപ്പുകള്‍ക്ക് സോണിയയും യച്ചൂരിയും അടങ്ങുന്ന പ്രതിപക്ഷം ഹിന്ദുവിരുദ്ധ വര്‍ഗീയശക്തികളെയും രാഷ്ട്ര വിരുദ്ധ പ്രതിലോമകാരികളെയും കൂടെ ചേര്‍ത്ത് വഴിമുടക്കുവാന്‍ പണിയെടുത്തതിലൂടെ ഉണ്ടായ കാലവിളംബം ശാസ്ത്രീയമായ ആസൂത്രണത്തിന് എത്രമാത്രം തടസ്സമായിയെന്ന് വ്യക്തമാകുന്നത്.
Comments