പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന പ്രച്ഛന്ന യുദ്ധം മതിയാക്കി ചൈന ഭാരതവുമായി നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പാകിസ്ഥാനെയും ഇസ്ലാമിക ഭീകരവാദികളെയും മാവോയിസ്റ്റുകളെയും ഒക്കെ മുന്‍നിര്‍ത്തി ബാഹ്യവും ആഭ്യന്തരവുമായ നിരവധി പോരാട്ടങ്ങള്‍ ഭാരതത്തിനെതിരെ നടത്തിവന്ന ചൈന ഇപ്പോള്‍ എന്തുകൊണ്ടാണ് അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് വന്നത്? മറ്റെല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞതുകൊണ്ട് എന്നാണതിനുത്തരം. പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഭാരതത്തിനെതിരെ പലവട്ടം വെട്ടിയത് ചൈനയായിരുന്നു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. പാകിസ്ഥാനെ ആണവായുധം വരെ നല്കി ഭാരതത്തിനെതിരെ പ്രത്യക്ഷവും പരോക്ഷവുമായ പല പോരാട്ടങ്ങള്‍ നടത്തിയിട്ടും ഒരു യുദ്ധത്തില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
ഭാരതത്തിന്റെ ആഭ്യന്തര മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും മാവോയിസ്റ്റുകളെയും ജിഹാദികളെയും മുന്‍നിര്‍ത്തി ചൈന നടത്തിയ നീക്കങ്ങളും നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭാരതീയ ദേശീയവാദത്തിന്റെ രാഷ്ട്രീയ രൂപമായ ഭാരതീയ ജനതാ പാര്‍ട്ടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതോടെ ചൈനയുടെ കളികളൊന്നും പഴയതു പോലെ വിജയിക്കുന്നില്ലെന്നു മാത്രമല്ല അന്താരാഷ്ട്ര രംഗത്ത് ഭാരതത്തിന്റെ ശബ്ദത്തിനു കിട്ടുന്ന അംഗീകാരം തങ്ങള്‍ക്കു കിട്ടുന്നില്ലെന്ന തോന്നലും ചൈനയെ പിടികൂടിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. 1962 ലെ ഭാരത-ചൈനാ യുദ്ധത്തില്‍ ഭാരതത്തിനുണ്ടായ പരാജയം ചൂണ്ടിക്കാട്ടി ഭാരതത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ഭയപ്പെടുത്തി നിര്‍ത്തുന്നതുപോലെ മോദി ഗവണ്‍മെന്റിനെ വിരട്ടി നിര്‍ത്താനാവില്ല എന്ന സത്യം ചൈന തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
ഭാരതത്തിന്റെ ആഭ്യന്തര രംഗത്ത് നേപ്പാള്‍ മുതല്‍ കേരളത്തിലെ നിലമ്പൂര്‍ വരെ ചൈന പണവും ആയുധവും നല്കി പടുത്തുയര്‍ത്തിയിരുന്ന മാവോയിസ്റ്റ് ഇടനാഴിയെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ശിഥിലമാക്കാന്‍ കഴിഞ്ഞു. കാശ്മീരിനെ മറയാക്കി ഭാരതവിരുദ്ധ പോരാട്ടം നടത്തിവന്നിരുന്ന ജിഹാദികളെയും സായുധമായും അല്ലാതെയും തകര്‍ക്കുന്നതില്‍ ഭാരതം വിജയിച്ചു മുന്നേറുകയാണ്. ഭാരതത്തിന്റെ സാമ്പത്തിക രംഗവും കുതിപ്പിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു. അമേരിക്കയും റഷ്യയുമടക്കമുള്ള വന്‍ശക്തി രാഷ്ട്രങ്ങളൊക്കെ ഭാരതവുമായി മുമ്പുള്ളതിനേക്കാള്‍ അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന സാഹചര്യവും സംജാതമായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ലോകശക്തിയാകാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് ഭാരതം വിഘാതമെന്ന ചിന്ത അവരെ പിടികൂടിയിരിക്കുന്നു. ഇതൊക്കെയാണ് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലം.
വുഹാനിലെ വൈറോളജി ലാബില്‍ നിന്നും ചൈന അഴിച്ചുവിട്ട കൊറോണ വൈറസ് ലോകമാകെ പിടിമുറുക്കി ഉണ്ടാക്കിയിരിക്കുന്ന പ്രശ്‌നങ്ങള്‍ അവരെ ലോകവേദിയില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നു. വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമെന്ന ചൈനയുടെ പരിവേഷം അവരുടെ സാമ്പത്തിക കുതിപ്പിനും കടിഞ്ഞാണിട്ടിരിക്കുകയാണ്. ചൈനയില്‍ മുതല്‍മുടക്കിയവന്‍ കമ്പനികള്‍ പലതും ഭാരതത്തിലേക്ക് പറിച്ച് നടപ്പെടാന്‍ പോവുകയാണ്. ഇതും ചൈനയെ വിറളിപിടിപ്പിക്കാന്‍ പോന്ന സംഗതിയാണ്. ചൈനയുടെ അധിനിവേശമോ അടിച്ചമര്‍ത്തലോ നേരിടേണ്ടി വന്നിട്ടുള്ള ഹോങ്കോങ്ങ്, ടിബറ്റ്, തൈവാന്‍, വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ വളര്‍ന്നുവരുന്ന ശക്തമായ ചൈനീസ് വിരോധവും അവരെ ഒരു സൈനിക നീക്കത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ലഡാക്ക് മേഖലയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഭാരത സൈന്യവുമായി ചൈനീസ് സൈന്യം ഏറ്റുമുട്ടുവാനും ഇരു ഭാഗത്തും ആള്‍ നാശമുണ്ടാക്കാനും ഇടയാക്കിയ സംഭവവികാസങ്ങളുടെ പശ്ചാത്തലം ഇങ്ങനെയാണ് ഉരുത്തിരിഞ്ഞത്.
സിക്കിമിനടുത്ത് ദോക്ക് ലാമില്‍ 71 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനുശേഷം പത്തിമടക്കി പിന്മാറേണ്ടിവന്ന ചൈന പൊടുന്നനെ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയുടെ മേല്‍ അവകാശവാദമുന്നയിച്ചുകൊണ്ട് ഭാരതത്തിന്റെ ഭൂപരിധിയിലേക്ക് അതിക്രമിച്ചുകയറി സംഘര്‍ഷമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. 1962 ലെ യുദ്ധ പരാജയത്തിനു ശേഷം ചൈനീസ് അതിര്‍ത്തിയില്‍ ഭാരത സേനയുടെ സുഗമമായ നീക്കത്തിനുതകുന്ന യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ ചൈന അനുവദിച്ചിരുന്നില്ല. ചൈനയെ ഭയന്നിരുന്ന മുന്‍ സര്‍ക്കാരുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കൈ എടുത്തില്ലെന്നതാണ് സത്യം. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കംമുതല്‍ ഭാരതത്തിന്റെ അതിര്‍ത്തികളെ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി റോഡുകളും പാല ങ്ങളും തുരങ്കങ്ങളും എയര്‍സ്ട്രിപ്പുകളും അതിര്‍ത്തികളിലും അനുബന്ധ പ്രദേശങ്ങളിലും നിര്‍മ്മിച്ചുപോരുന്നു. ഈ നീക്കങ്ങളൊക്കെ ചൈനയുടെ സാമ്രാജ്യവ്യാപന മോഹങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഭാരതത്തിന്റെ പരമാധികാരമുള്ള ഭൂപരിധിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ തങ്ങള്‍ പടയോട്ടം നടത്തിക്കളയുമെന്ന ഭീഷണിയൊക്കെ ഭാരതത്തിനു മേല്‍ ചിലവാകുന്ന കാലം കഴിഞ്ഞുപോയെന്ന് ചൈന മനസ്സിലാക്കാന്‍ പോവുകയാണ്.
ഇതിനു മുമ്പ് വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസാണ് ചൈനയുടെ നിഗൂഢ നീക്കങ്ങളെ തുറന്നുകാട്ടിക്കൊണ്ട് ഭാരതത്തിന്റെ യഥാര്‍ത്ഥ പ്രതിയോഗി ചൈനയാണെന്ന് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ചൈനയെ പ്രതിരോധിക്കാനുള്ള നിരവധി നടപടികള്‍ പ്രാവര്‍ത്തികമാക്കിപ്പോന്നു. 3488 കിലോമീറ്റര്‍ വരുന്ന ഭാരത ചൈനീസ് അതിര്‍ത്തിയിലേക്ക് കരമാര്‍ഗ്ഗമുള്ള സൈനിക നീക്കം സുഗമമാക്കുക എന്ന ലക്ഷ്യംവച്ച് നിരവധി പാലങ്ങളും റോഡുകളും തുരങ്കങ്ങളും നിര്‍മ്മിക്കുക ഉണ്ടായി. ബ്രഹ്മപുത്രയ്ക്ക് മുകളിലൂടെ കിലോമീറ്ററുകള്‍ നീളുന്ന പാലം നിര്‍മ്മിക്കുക മാത്രമല്ല, നദിയുടെ അടിയിലൂടെ ഒരു ശത്രുവിനും ആക്രമിക്കാന്‍ കഴിയാത്ത തുരങ്ക പാതകള്‍ വരെ ഭാരതം നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം അതിര്‍ത്തിയില്‍ 6000 കിലോമീറ്റര്‍ റോഡാണ് ഭാരതം നിര്‍മ്മിച്ചത്. ചെമ്പന്‍ വ്യാളിയുടെ പല്ലും നഖവും പറിക്കാന്‍ പോന്ന സൈനിക തന്ത്രങ്ങള്‍ തന്നെയാണ് ഭാരതം തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.
യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിലേക്കും, ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പിലേക്കുമുള്ള ഭാരതത്തിന്റെ അംഗത്വത്തെ ഇത്ര നാളും എതിര്‍ത്തിരുന്ന ചൈന ഭാരതത്തെ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെടുത്താന്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുന്ന നയതന്ത്ര നീക്കമാണ് ഇപ്പോള്‍ ഭാരതം നടത്തിക്കൊണ്ടിരിക്കുന്നത്. യു.എന്‍ രക്ഷാസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭാരതത്തിനുണ്ടായ തകര്‍പ്പന്‍ ജയം സത്യത്തില്‍ ചൈനക്കുള്ള സന്ദേശം കൂടിയാണ്.
ചൈനയുടെ അധിനിവേശത്തിനെതിരെ പൊരുതിമരിച്ച ഭാരത സൈനികരുടെ ബലിദാനം പാഴിലാവില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ചൈനീസ് വ്യാളിക്കുള്ള സന്ദേശമുണ്ട്. ചൈനയെ സാമ്പത്തികമായും സൈനികമായും നേരിടുക എന്ന ദ്വിമുഖ തന്ത്രമായിരിക്കും ഭാരതം നടപ്പിലാക്കാന്‍ പോകുന്നത്. അതിന്റെ ആദ്യ പടിയായി വേണം റെയില്‍വെ ചൈനീസ് കമ്പനിയുമായി ഏര്‍പ്പെട്ട കോടികളുടെ കരാര്‍ റദ്ദാക്കിയത്. കൊറോണാനന്തരം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടിരിക്കുന്ന ചൈനക്ക് ഭാരതത്തിന്റെ മാര്‍ക്കറ്റില്‍ നേരിടുന്ന ഏത് തിരിച്ചടിയും മാരകമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഭാരത-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ നിഗൂഢാനന്ദം മറച്ചുവയ്ക്കാത്ത ഇന്ത്യന്‍കമ്മ്യൂണിസ്റ്റുകള്‍ക്കും പാക് പക്ഷപാതികളായ ജിഹാദികള്‍ക്കുമുള്ള മറുപടി അതിര്‍ത്തിയില്‍ നിന്ന് വൈകാതെ എത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഭാരതത്തിന്റെ അതിര്‍ത്തി കാക്കുന്നതില്‍ ഒരു പഞ്ചശീലതത്ത്വത്തിന്റെയും കെട്ടുപാടുകളില്ലാത്ത ഒരു സര്‍ക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്നത്. ഭാരതത്തിന്റെ ചുണക്കുട്ടികളായ സൈനികര്‍ എന്തു ചെയ്യണമെന്ന് നന്നായറിയാവുന്നവരാണ്. അവര്‍ ഹൃദയ രക്തംകൊണ്ട്ചരിത്രം രചിച്ച പാരമ്പര്യമുള്ളവരാണ്. ആ പൈതൃകത്തില്‍ അഭിമാനമില്ലാത്ത ജിന്ന-മാവോവാദികള്‍ക്കായി കാലം കാത്തുവച്ച മറുപടി വൈകാതെ എത്തുമെന്നു മാത്രം പറയട്ടെ.