1883 മെയ് 28-നാണ് വിനായക ദാമോദര്‍ സാവര്‍ക്കര്‍ ജനിച്ചത്. പിതാവ് ദാമോദര്‍ പാന്ത് സാവര്‍ക്കര്‍; ജന്മദേശം മഹാരാഷ്ട്രയിലെ ഗുഹാഗര്‍. ജ്യേഷ്ഠന്‍ ഗണേഷ്. ഒമ്പതാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു, പതിനാറാം വയസ്സില്‍ അച്ഛനെയും. അക്കാലത്ത് തന്നെയാണ് ജീവിതം രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാവര്‍ക്കര്‍ പ്രതിജ്ഞയെടുത്തത്. ചപേക്കര്‍ സഹോദരന്മാരാണ് അതിന് പ്രചോദനമായത്. മഹാരാഷ്ട്രയില്‍ പ്ലേഗ് പടര്‍ന്ന് പിടിച്ച് ജനങ്ങള്‍ മരിച്ച് കൊണ്ടിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ രാജ്ഞിയുടെ കിരീടധാരണാഘോഷങ്ങള്‍ കേമമാക്കുന്നതിന് വേണ്ട ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. ജനങ്ങള്‍ ക്ഷുഭിതരായി. ചപേക്കര്‍ സഹോദരന്മാര്‍ ബ്രിട്ടീഷുദ്യോഗസ്ഥരെ വധിക്കുകയും പിന്നീട് അവരെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തൂക്കിലേറ്റുകയും ചെയ്തു. സാവര്‍ക്കറെ ഈ സംഭവം വല്ലാതെ വേദനിപ്പിക്കുകയും സ്വാധീനിക്കുകയും ഈ വിഷയത്തില്‍ ഒരു കവിത രചിക്കുകയും ചെയ്തു. സ്‌കൂള്‍ പഠനകാലത്ത് ‘മിത്രമേള’ എന്നൊരു സംഘടന രൂപീകരിക്കുകയും ഒരു ജിംനേഷ്യം തുടങ്ങുകയും ചെയ്തു. ഗണേശോത്സവം, ശിവാജി ജയന്തി എന്നിവ ആഘോഷിച്ചു. മഹാന്മാരുടെ ജീവചരിത്രങ്ങള്‍ക്ക് പ്രചാരം കൊടുക്കുകയും ദേശഭക്തിഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുമായിരുന്നു.
പൂണെയിലെ ഫര്‍ഗുസന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സഹപാഠികളുടെ കൂടെ താമസിച്ച് പഠിച്ചാണ് ഡിഗ്രി സമ്പാദിച്ചത്. ‘അഭിനവഭാരതം’ എന്നൊരു സംഘടന ഉണ്ടാക്കിയതിനായിരുന്നു കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പതിനാറാം വയസ്സില്‍ പിതാവ് മരിച്ചതിനാല്‍ ഭാര്യ യമുനയുടെ പിതാവായ ബാബു സാഹിബ് ചിപ്ലുങ്കര്‍ എന്ന ആളുടെ അഭിലാഷപ്രകാരം ഇംഗ്ലണ്ടില്‍ നിയമപഠനത്തിന് ചേര്‍ന്നു. ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കുന്ന പ്രസ്താവന കൊടുക്കാന്‍ വിസമ്മതിച്ചതുകൊണ്ട്, അദ്ദേഹം ബാരിസ്റ്റര്‍ പരീക്ഷ പാസ്സായിട്ടും സര്‍ട്ടിഫിക്കറ്റിന് അര്‍ഹനായില്ല. വിപ്ലവകാരികള്‍ക്ക് ആയുധം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി അദ്ദേഹം രഹസ്യമായി ബോംബ് നിര്‍മ്മാണം, തോക്ക് നിര്‍മ്മാണം എന്നിവയില്‍ പരിശീലനം നേടുകയും യുവാക്കളെ പരിശീലിപ്പിക്കുകയും ചെയ്തു. ഈ വിഷയങ്ങളില്‍ പാരീസില്‍ നിന്ന് കൊച്ചു പുസ്തകങ്ങള്‍ അച്ചടിച്ച് ഇന്ത്യയിലേയ്ക്ക് ഒളിച്ച് കടത്തുകയും ചെയ്തു. അതില്‍ തോക്ക് ഒളിപ്പിച്ചു. അതിലൊന്ന് ഉപയോഗിച്ചാണ് അനന്ത് കന്‍ഹരെ എന്ന യുവവിപ്ലവകാരി ജേക്‌സണ്‍ സായ്പിനെ വധിച്ചത്. ഇതില്‍ സാവര്‍ക്കറുടെ പങ്ക് സംശയിക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ കിട്ടി. ജ്യേഷ്ഠന്‍ ബാബാറാവുവും അറസ്റ്റ് ചെയ്യപ്പെട്ടു. ക്ഷുഭിതനായ മദന്‍ലാല്‍ ധിംഗ്ര സര്‍കര്‍സണ്‍ വില്ലിയെ വെടിവെച്ച് കൊന്ന് കൊലക്കയര്‍ ഏറ്റുവാങ്ങി. യുവാക്കളെ ആവേശഭരിതരാക്കാന്‍ ഇറ്റാലിയന്‍ വിപ്ലവകാരി മുസ്സോളിനിയുടെ ജീവചരിത്രവും 1857ലെ ലഹളയുടെ ചരിത്രവും സാവര്‍ക്കര്‍ എഴുതിയിരുന്നു.
1911 ജൂലായ് 4-നാണ് സാവര്‍ക്കറെ സെല്യുലാര്‍ ജയിലില്‍ കൊണ്ടുവന്നത്. അതിന് മുമ്പുതന്നെ പല ഇന്ത്യന്‍ വിപ്ലവകാരികളും ജയിലില്‍ ഉണ്ടായിരുന്നു. ഇരട്ടജീവപര്യന്തം (50 വര്‍ഷം) തടവ് ശിക്ഷയാണ് സാവര്‍ക്കര്‍ക്ക് വിധിക്കപ്പെട്ടത്. അക്കാലത്ത് ഡേവിഡ് ബെറി (David Berry) എന്ന അതിക്രൂരനും മനുഷ്യത്വം ലേശം പോലും ഇല്ലാത്തവനുമായ ആളായിരുന്നു ജയിലര്‍. തടവുകാരുടെ കൂട്ടത്തില്‍ ഏറ്റവും ഉന്നത വിദ്യാഭ്യാസം നേടിയ ആളായിട്ടുപോലും സാവര്‍ക്കര്‍ക്ക് ഒരു ദാക്ഷിണ്യവും ലഭിച്ചിരുന്നില്ല. കുളിക്കാന്‍ മൂന്ന് കപ്പ് വെള്ളം, കരിഞ്ഞതോ വേവാത്തതോ ആയ റൊട്ടി, കിടക്കാന്‍ ഒരു പലക ഇത്രയുമായിരുന്നു സെല്ലിലെ സൗകര്യം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സാവര്‍ക്കര്‍ എല്ലാക്ലേശങ്ങളും സഹിച്ചു. പത്ത് വര്‍ഷം 42-ാമത്തെ സെല്ലിലും പിന്നെ 123-ാമത്തെ സെല്ലിലുമായിരുന്നു. ഇന്ന് 123-ാം നമ്പര്‍ സെല്‍ സന്ദര്‍ശകര്‍ക്ക് ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. സാവര്‍ക്കറുടെ ഗീതമായ ”ജയോസ്തുതേ…” പാടി അവര്‍ തൃപ്തിയടയുന്നു. ജയിലിലിരുന്നുകൊണ്ട് അദ്ദേഹം കൃതികള്‍ രചിച്ചിരുന്നു. എഴുതിവെയ്ക്കാന്‍ സൗകര്യമില്ലാതിരുന്നതുകൊണ്ട് കല്ലിന്‍ ചീള് കൊണ്ട് ചുമരില്‍ കുറച്ചൊക്കെ കോറിയിടും. 123-ാം നമ്പര്‍ സെല്ലിലേക്ക് മാറുന്നതിന്റെ തലേന്ന് രാത്രി ഉറക്കമൊഴിച്ച് കുറെ കൃതികള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ചങ്ങലകളും കയ്യാമവും കിലുക്കി ഒരു ശബ്ദകോഡ് ഭാഷയ്ക്ക് അദ്ദേഹം രൂപം നല്‍കി.
1901ല്‍ വിവാഹിതരായ സാവര്‍ക്കര്‍ – യമുന ദമ്പതികള്‍ക്ക് 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമേ ദാമ്പത്യജീവിതം തുടങ്ങാന്‍ യോഗമുണ്ടായുള്ളു. 1901 മുതല്‍ പൂണെയിലെ പഠനം, പിന്നെ ഇംഗ്ലണ്ടില്‍, പിന്നെ വീട്ട് തടങ്കല്‍ തുടര്‍ന്ന് ‘കാലാപാനി’ യില്‍. 1925ല്‍ ഒരു മകളുണ്ടായി. പേര് പ്രഭാത്. രത്‌നഗിരിയില്‍ 1924 മുതല്‍ 37 കാലഘട്ടത്തില്‍ വീട്ട് തടങ്കലില്‍ കഴിഞ്ഞു. തൊട്ടുകൂടായ്മ ഹിന്ദുമതത്തിന്റെ ശാപമായി കരുതിയ അദ്ദേഹം അതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും അധഃകൃത സമുദായങ്ങളോടൊപ്പം പന്തിഭോജനങ്ങള്‍ നടത്തുകയും പതിതപാവന്‍ മന്ദിരം സ്ഥാപിക്കുകയും ചെയ്തു. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ ഭാരതം വിഭജിക്കപ്പെട്ടതും അതോടനുബന്ധിച്ചുണ്ടായ അഭയാര്‍ത്ഥി പ്രവാഹപ്രശ്‌നങ്ങളും കലാപങ്ങളും അദ്ദേഹത്തെ കഠിനമായി വേദനിപ്പിച്ചു. ഇതായിരുന്നില്ല താന്‍ സ്വപ്‌നം കണ്ട ഹിന്ദുസ്ഥാന്‍ എന്ന് അറിഞ്ഞ് അദ്ദേഹം ദുഃഖിച്ചു. അനുഭവിച്ച കണക്കറ്റ ദുരിതങ്ങള്‍ തുല്യതയില്ലാത്തതും വിവരണാതീതവുമായിരുന്നു. അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗത്തെ പറ്റി വ്യത്യസ്താഭിപ്രായം ഉണ്ടാകുമെങ്കിലും ഭാരതാംബയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തെ പറ്റി ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. എന്തായാലും സ്വാതന്ത്ര്യസമരസേനാനികളുടെ മുന്‍നിരയില്‍ തന്നെ അദ്ദേഹത്തിന് സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടുണ്ട്.
1921 മാര്‍ച്ച് 1ന് ഗാന്ധിജിയുമായും 1940 ജൂണ്‍ 22ന് നേതാജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 1931 ഏപ്രില്‍ 25ന് മുംബൈ അയിത്തോച്ചാടന കൗണ്‍സിലിന്റെയും 1937 ഡിസംബര്‍ 30ന് കര്‍ണാവതിയിലെ ഹിന്ദു മഹാസഭയുടെയും 1938 ഏപ്രില്‍ 15ന് 22-ാമത് മഹാരാഷ്ട്രാ സാഹിത്യസമ്മേളനത്തിന്റെയും അദ്ധ്യക്ഷനായിരുന്നു. 1943 നവംബര്‍ 5ന് മറാത്തി സിനിമാ ശതാബ്ദി ആഘോഷ കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. 1945 ഏപ്രില്‍ 19ന് ബറോഡയിലെ ഹിന്ദു മഹാസഭാ കോണ്‍ഫറന്‍സിന്റെയും 1956 നവംബര്‍ 10ന് ജോഡ്പൂരിലെ ഹിന്ദു മഹാസഭയുടെയും ഉദ്ഘാടകനായി. ഗാന്ധിജിയുടെ വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരി 5ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഒരു വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായി. മുംബൈ ഗവര്‍ണര്‍ (1923) സര്‍ ജോര്‍ജ്ജും മഹാരാഷ്ട്രാ ഗവര്‍ണര്‍ പ്രകാശവും (1964) സാവര്‍ക്കറെ വസതിയില്‍ ചെന്ന് കണ്ടു. 1946ല്‍ ജ്യേഷ്ഠ സഹോദരനും സഹ വിപ്ലവകാരിയുമായ ബാബാറാവു (ഗണേശ്) മരണത്തിന് കീഴടങ്ങി. 1957 മെയ് 28ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം ജന്മദിനം ആഘോഷിച്ചു. 1959 ഒക്‌ടോബര്‍ 8ന് പൂണെ യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍ ഡി.ലിറ്റ് ബിരുദം സാവര്‍ക്കറുടെ വസതിയില്‍ ചെന്ന് സമ്മാനിച്ചു. 1964 ഒക്‌ടോബറില്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന് പ്രതിമാസം 300 രൂപ പെന്‍ഷന്‍ അനുവദിച്ചു. സാവര്‍ക്കറുടെ ദുരിതപൂരിതവും വിശ്രമരഹിതവുമായ ജീവിതത്തിന്റെ നൂറിലൊരംശം പോലും ഇവിടെ പരാമര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ‘ഭാരതരത്‌നം’ കൊടുക്കണമെന്ന് ഒരു രാഷ്ട്രീയ നേതാവ് ഈയിടെ പറഞ്ഞപ്പോഴുണ്ടായ ബഹളം ഓര്‍ക്കുകയാണ്.
ഗുരുതരമായ രോഗം ബാധിച്ച അദ്ദേഹം 1966 ഫെബ്രുവരി 1 മുതല്‍ മരണം വരെ പ്രായോപഗമന വ്രതമെടുക്കാന്‍ തീരുമാനിക്കുകയും ഫെബ്രുവരി 26ന് 83-ാം വയസ്സില്‍ ഭസ്മാന്തം ശരീരമാവുകയും ചെയ്തു.
(അവസാനിച്ചു)