ഇവിടെ
കൊടുമുടിസമാനമായ
ഈ ഫഌറ്റിന്റെ ഉച്ചിയില്‍
ഞാന്‍ സുരക്ഷിതയാണ്
നീയോ?
താഴെ
മരണത്തിന്റെ രേണുക്കള്‍
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്
പകരുന്നതിന്റെ
തിരക്ക് മാത്രമേയുള്ളൂ
ഒരിക്കലും ഉറങ്ങാത്ത
ഈ മഹാനഗരം
തലചായ്ച്ചുറങ്ങുന്നതു
കാണുമ്പോള്‍
വല്ലാത്ത അപരിചിതത്വം
ഇടക്ക് ആംബുലന്‍സുകളുടെ
പൊട്ടിക്കരച്ചിലില്‍
തെരുവുകള്‍ ഞെട്ടിഉണരുന്നു
പിന്നെ
കുറേനേരം
മൂക്കത്തു വിരല്‍ വച്ചു
വിതുമ്പിക്കരഞ്ഞ്
ഉണര്‍ന്നിരിക്കും
ഒടുവില്‍ മൂളിമൂളി ഉറങ്ങും
ഒരു മരണത്തിനും കെടുത്താനാകാത്ത
ജീവിതത്തിന്റെ തിരി
ചാളകളിലെ കൂരകളില്‍
മുനിഞ്ഞു കത്തുന്നത്
ദൂരെ കാണാം
ഇപ്പോള്‍
മൊബൈല്‍ ശബ്ദിക്കുമ്പോള്‍
നിന്റെ നമ്പര്‍ കണ്ടാല്‍ പോലും
ആനന്ദിക്കാന്‍ ആകുന്നില്ല
നീ സുരക്ഷിത ആയിരിക്കും
എനിക്ക് ഉറപ്പുണ്ട്
ചില ഉറപ്പുകള്‍
ജീവിതത്തിനും ഉണ്ട്
മരണത്തിന് ഉള്ളതു പോലെ