ആദ്യത്തെ ദിവസം എത്ര വലിയ കൗതുകത്തോടെയാണ് ശാഖയില്‍ പങ്കെടുത്തതെന്ന് ഓര്‍മ്മയില്ലേ..? എത്ര രസകരമാണല്ലേ ആ ഓര്‍മ്മകള്‍.. പരിചയമില്ലാത്ത ഭാഷയിലുള്ള ആജ്ഞ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നതും, പിന്നെ തൊട്ടു മുന്നിലുള്ള ആളെ നോക്കി അദ്ദേഹം ചെയ്യുന്നത് അതേപടി അനുകരിക്കാന്‍ ശ്രമിച്ചതും, സമ്യക് നോക്കാന്‍ തിരിഞ്ഞ അഗ്രേസറോടൊപ്പം വട്ടം കറങ്ങി അബദ്ധം പിണഞ്ഞ് ജാള്യനായതുമൊക്കെ പെട്ടെന്നെങ്ങനെ മറക്കാനാണ്.. ഒരുപക്ഷേ ജീവിതത്തിലെ പുതിയ അനുഭവമായതു കൊണ്ടാവാം, പ്രഥമദര്‍ശനത്തിന്റെ കാഴ്ചകളൊന്നും എന്റെ മനസ്സില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല.. ശാഖാ ദര്‍ശനത്തിന്റെ ആ ഓര്‍മ്മകളാണ് തുടര്‍ന്നും പങ്കുവെക്കുന്നത്…
ശാഖയാരംഭിക്കാനായി സംഘസ്ഥാന്‍ വൃത്തിയാക്കുമ്പോഴും മുഖ്യശിക്ഷകന്റെ ശ്രദ്ധ സമയത്തിലായിരുന്നു. കാരണം ഇടയ്ക്കിടെ അദ്ദേഹം സമയം നോക്കുന്നുണ്ടായിരുന്നു. അതിനിടെ പെട്ടെന്നാണദ്ദേഹം ഗൗരവത്തിലായത്.. സംഘസ്ഥാന്റെ പിന്നിലേക്ക് എല്ലാവരെയും ഇറക്കി നിര്‍ത്തി അദ്ദേഹം വിസില്‍ മുഴക്കി. പിന്നാലെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ സംഘ ദക്ഷ എന്ന ആജ്ഞയും നല്‍കി… തുടക്കക്കാരനായതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ആളെ നോക്കി ചെയ്‌തോളൂ എന്ന് ആരോ പിന്നില്‍ നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. അങ്ങനെ ആദ്യമായി ഞാനും സംഘ ആജ്ഞക്ക് വിധേയനായി. ആരമ എന്ന ആജ്ഞ തൊട്ടുപിന്നാലെ വന്നു. അത് പക്ഷേ നോക്കി പെട്ടെന്നനുകരിക്കാന്‍ സാധിച്ചു. പിന്നീട് ശാഖാ മധ്യേ മുഖ്യശിക്ഷകന്‍ ദക്ഷയും ആരമയുമൊക്കെ വിശദീകരിച്ചും, സ്വയം ചെയ്തുകാട്ടിയുമൊക്കെ പഠിപ്പിച്ചു തന്നു. ദക്ഷ നില്‍ക്കുന്ന കാര്യത്തില്‍ അദ്ദേഹം വലിയ കര്‍ക്കശക്കാരനായിരുന്നു. കാല്‍പത്തി അല്പം വിടര്‍ത്തി, മുഷ്ടി നല്ലവണ്ണം ചുരുട്ടി, വിടവില്ലാതെ കൈ ശരീരത്തോട് ചേര്‍ത്ത്, താടിയുയര്‍ത്തി, മുന്നോട്ട് നോക്കി, അനങ്ങാതെ ദക്ഷയില്‍ എല്ലാവരും നില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം കൃത്യമായി നിരീക്ഷിച്ച് ഉറപ്പു വരുത്തുമായിരുന്നു. വലിയ ശ്രദ്ധയും ഏകാഗ്രതയും വേണ്ട പ്രയോഗമായിരുന്നു ദക്ഷ. ശരീരത്തെയും, മനസ്സിലെ സകല ചിന്തകളേയും ഒരു നിമിഷം കൊണ്ട് സ്തംഭിപ്പിക്കുന്ന ആജ്ഞയായതിനാല്‍ ദക്ഷയില്‍ നിന്ന് മോചനം ലഭിക്കുന്ന ആരമ വലിയൊരാശ്വാസമായിരുന്നു.
പക്ഷേ പിന്നീട് പ്രവാസത്തിന്റെ ഭാഗമായി ശാഖയില്‍ ഇടക്കിടെ വന്നിരുന്ന മുതിര്‍ന്ന ചുമതലയുള്ള ചേട്ടന്മാര്‍ ആ ധാരണയും തിരുത്തി. ആരമ (Stand easy) ആയാസരഹിതമായി നില്‍ക്കാനുള്ള ആജ്ഞയാണെങ്കിലും മുപ്പത് സെ.മീ ഇടതുകാല്‍ ഇടത്തേക്ക് നീക്കി വച്ച്, കൈകള്‍ പിന്നില്‍ കോര്‍ക്കുന്നതും ഒഴിച്ചാല്‍ മറ്റ് സ്ഥിതികളിലൊന്നും ദക്ഷയുമായി യാതൊരു വ്യത്യാസവും പാടില്ലെന്നവര്‍ നിഷ്‌കര്‍ഷിച്ചു. ആരമയിലും ഒട്ടും ഇളകാന്‍ പാടില്ല, ദൃഷ്ടി പോലും മാറ്റാതെ രണ്ട് കാലിലും ഉറച്ചു തന്നെ നില്‍ക്കണം. ആരമയില്‍ അലസമായി നിന്നതിന്റെ പേരില്‍ സ്‌നേഹപൂര്‍ണമായ ഒരുപാട് ശകാരങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പതുക്കെ പതുക്കെ ദക്ഷയും ആരമയും ജീവിതത്തിലും എനിക്കേറെ പ്രിയപ്പെട്ട ആജ്ഞകളായി മാറി. കാരണം ഈ രണ്ടാജ്ഞകളും എന്റെ ജീവിതത്തെയാകെ അടിമുടി മാറ്റിമറിച്ച വലിയൊരു സന്ദേശം നല്‍കുകയുണ്ടായി. ആ സന്ദേശം പങ്കുെവക്കാം.
ശാഖാ ജീവിതം നാള്‍ക്കു നാള്‍ മുന്നോട്ടു പോകവേയാണ് എന്നിലെ മാറ്റങ്ങള്‍ എനിക്ക് തന്നെ അനുഭവപ്പെട്ടു തുടങ്ങിയത്. ദക്ഷ എന്ന ആജ്ഞ കേവലം ശരീരത്തെ മാത്രമായിരുന്നില്ല സ്തംഭിപ്പിച്ചത്. അച്ചടക്കമില്ലാത്ത, ക്രമരഹിതമായ കൗമാര ജീവിതത്തിനുള്ള സ്തഭ കൂടിയായി നാളുകള്‍ കഴിയും തോറും ദക്ഷ മാറുകയായിരുന്നു. കൗമാരത്തിന്റേതായ ഒരുപാട് വികൃതികളുമായിട്ടായിരുന്നല്ലോ ഞാന്‍ ശാഖയിലേക്കെത്തിയത്. ഡിസ്റ്റിങ്ഷനോടെ പത്താം തരം പാസ്സായെങ്കിലും കലാലയ ജീവിതത്തില്‍ ലഭിച്ച സ്വാതന്ത്ര്യം ആഘോഷമാക്കിയപ്പോള്‍ പ്രിഡിഗ്രി കഷ്ടിച്ച് കയറിക്കൂടിയതേയുള്ളൂ. അങ്ങിനെ കോളേജില്‍ പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് പോളിയില്‍ ചേരുന്നത്. അവിടേയും പഠനത്തില്‍ ഉദാസീനത തുടര്‍ന്നു. ക്ലാസ് ഒഴിവാക്കി സിനിമക്ക് പോകലും സഭ്യേതരമായ ഭാഷാ പ്രയോഗങ്ങളുമുള്‍പ്പെടെ കൗമാരത്തിന്റെ സകല വികൃതിത്തരങ്ങളുമായി നടക്കുന്ന സമയത്താണ് ശാഖയിലെത്തിപ്പെടുന്നത്. ദക്ഷ ആ അച്ചടക്കമില്ലായ്മക്കുള്ള സ്തഭ കൂടിയായി മാറി. ശാഖയിലെ നല്ല കൂട്ടത്തില്‍ ചെന്നുപെട്ടതോടെ വികൃതികളെനിക്കും ചേര്‍ന്നതല്ലെന്ന ബോധം പതുക്കെ മനസ്സിലുറച്ചു തുടങ്ങി. അങ്ങനെ പതുക്കെ പതുക്കെ അതില്‍ നിന്നെല്ലാം മുക്തനാവാന്‍ തുടങ്ങി.
പക്ഷേ ആദ്യം ആ മാറ്റം ഞാന്‍ സ്വയംസേവകനാണെന്ന് അറിയാവുന്നവരുടെ മുന്നില്‍ മാത്രമായിരുന്നു. എല്ലാവരുടേയും ജീവിതത്തെ formal(ഔപചാരികം) എന്നും casual (അനൗപചാരികം) എന്നും രണ്ടായി തിരിക്കാമല്ലോ. ഒരു വ്യക്തിയുടെ ഔപചാരിക വേളകളിലെ സ്വഭാവവും അനൗപചാരിക സമയങ്ങളിലെ പെരുമാറ്റവും ഒരുപോലെയല്ലല്ലോ. കാരണം ഔപചാരിക ജീവിതത്തില്‍ നമ്മെ നിരീക്ഷിക്കുന്നവര്‍ ഒരുപാടുണ്ടാവും. നമ്മള്‍ മിക്കവാറും സമൂഹ മധ്യത്തിലുമായിരിക്കും. എന്നാല്‍ അനൗപചാരിക വേളകള്‍ മിക്കവാറും സ്വകാര്യമായിരിക്കും. അവിടെ നമ്മളൊറ്റക്കോ അല്ലെങ്കില്‍ നമ്മുക്കേറ്റവും വേണ്ടപ്പെട്ടവരോ മാത്രമേ ഉണ്ടാവുകയുള്ളൂ. ദക്ഷയെ ഔപചാരിക സമയവുമായും ആരമയെ അനൗപചാരിക സമയവുമായും ഉപമിക്കാം. കാരണം ഔപചാരികമായ വേളകളിലാണല്ലോ നാം ദക്ഷ നല്‍കാറുള്ളത്. അതുകൊണ്ട് തന്നെ ദക്ഷയില്‍ സ്ഥിതി ശരിയാണോയെന്ന് സൂഷ്മമായി നിരീക്ഷിക്കാന്‍ ഒരുപാട് കണ്ണുകളുമുണ്ടാവും. എന്നാല്‍ ആരമയില്‍ അത്രയുമുണ്ടാകാറില്ല. ജീവിതത്തിലെ ഔപചാരിക സമയങ്ങളില്‍ ദക്ഷ എന്നെ നേര്‍വഴിക്ക് നയിച്ചുവെന്നത് ശരിയാണ്. അപ്പോഴും അനൗപചാരിക വേളകളില്‍ ഞാന്‍ പഴയ ഞാനായി തന്നെ തുടര്‍ന്നിരുന്നുവെന്നതാണ് സത്യം.
അതിന് മാറ്റം വന്നത് പതിവു പോലെ ശാഖാ കാര്യവാഹ് മണ്ഡലയില്‍ നല്‍കിയ സന്ദേശത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചപ്പോഴാണ്. അദ്ദേഹം പറഞ്ഞു.. ‘നമ്മള്‍ ശാഖയില്‍ വരുന്ന ഒരു മണിക്കൂര്‍ മാത്രമല്ല ഇരുപത്തിനാല് മണിക്കൂറും സ്വയംസേവകര്‍ തന്നെയാണെന്നോര്‍മ്മ വേണം. നാലാള്‍ക്കാരുടെ മുമ്പില്‍ സ്വയംസേവകനായി നില്‍ക്കാനും പെരുമാറാനും നമ്മുക്കെല്ലാവര്‍ക്കും സാധിക്കും. പക്ഷേ ആരും ശ്രദ്ധിക്കാനില്ലാത്തപ്പോഴോ? പൂജനീയ ഗുരുജി എപ്പോഴും പറയുമായിരുന്നു. സംഘത്തിന് പ്രചാരണ മാധ്യമങ്ങളുടെ ആവശ്യമില്ല. കാരണം സംഘത്തിന്റെ ഏറ്റവും വലിയ പ്രചാരണ മാധ്യമം സ്വയംസേവകനാണെന്ന്. സമാജം സംഘത്തെ അറിയുന്നത് സ്വയംസേവകരില്‍ കൂടിയാണ്. സ്വയംസേവകരുടെ മധുരമായ പെരുമാറ്റവും, സംസാരവും, നിസ്വാര്‍ത്ഥമായ രാഷ്ട്ര സ്‌നേഹവും സംവേദനക്ഷമതയും അനുഭവിച്ചറിഞ്ഞവരില്‍ സംഘത്തെകുറിച്ച് യാതൊരു സംശയവും ഉണ്ടാവില്ല. പക്ഷേ ശാഖയില്‍ വരുന്ന ഒരു മണിക്കൂര്‍ മാത്രം സ്വയംസേവകനായി ജീവിച്ചാലത് സാധ്യമല്ല. സദാസര്‍വദാ സ്വയംസേവകന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ സമാജത്തില്‍ സംഘത്തിന്റെ പ്രതിരൂപമാകാന്‍ സാധിക്കൂ.
തുടര്‍ന്നദ്ദേഹം ഗുരുജിയെ ഉദ്ധരിച്ചു പറഞ്ഞ കാര്യങ്ങളാണ് എന്റെ കണ്ണ് തുറപ്പിച്ചത്. ഗുരുജി പറഞ്ഞത്രേ.. ‘ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം എങ്ങനെ അറിയാം..? നാലാളുടെ മധ്യത്തിലെ ഒരുവന്റെ പെരുമാറ്റം കണ്ടാണ് എല്ലാവരും അയാളുടെ സ്വഭാവത്തെ വിലയിരുത്താറുള്ളത്. എന്നാല്‍ ആ വിലയിരുത്തല്‍ ശരിയല്ല. കാരണം അതയാളുടെ യഥാര്‍ത്ഥ സ്വഭാവമല്ല തന്നെ. ഒരാള്‍ ഒറ്റക്ക് ആരും ശ്രദ്ധിക്കാനില്ലാത്ത അവസരത്തില്‍ ഒരു മുറിയിലാണ് എന്ന് വിചാരിക്കുക. അപ്പോഴയാള്‍ എന്തൊക്കെ ചിന്തിക്കുന്നു, പറയുന്നു, പെരുമാറുന്നു അതാണ് അയാളുടെ യഥാര്‍ത്ഥ സ്വഭാവം… ‘ അര്‍ത്ഥം, ആരും ശ്രദ്ധിക്കാനില്ലാത്ത സമയത്തും ശാഖയില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഗുണങ്ങള്‍ അതേപടി സ്വയംസേവകന് ജീവിതത്തില്‍ പുലര്‍ത്താനാവണം… അത് കേട്ടപ്പോള്‍ എന്റെ ഉള്ള് നൊന്തു.. അതുവരെ നാലാളുടെ മുമ്പില്‍ മാത്രമാണല്ലോ സ്വയംസേവകനായിരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പശ്ചാത്താപം തോന്നി. അന്നുമുതല്‍ ഗുരുജി ദിശകാട്ടിയതു പോലെ അനൗപചാരിക സമയത്തും ഞാനൊരു ഉത്തമ സ്വയംസേവകനായിരിക്കും എന്ന് മനസ്സിലുറപ്പിച്ചു. ആ ബോധ്യവും ജാഗ്രതയും പതുക്കെ എല്ലാ വികൃതികളില്‍ നിന്നും മുക്തനാവാന്‍ എന്നെ സഹായിക്കുകയും ചെയ്തു.
അപ്പോഴാണ് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ ആരമ സ്ഥിതിയില്‍ ഞാന്‍ കാട്ടിയിരുന്ന അലസത ശ്രദ്ധിച്ച് അത് തിരുത്താന്‍ നിര്‍ബന്ധിച്ചതിന്റെ കാരണമെനിക്ക് ബോധ്യപ്പെട്ടത്. അനൗപചാരിക വേളകളില്‍ നന്മകളില്‍ നിന്ന് വ്യതിചലിക്കാതെ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ സാധിക്കുമ്പോഴാണ് നാം ഉത്തമ സ്വയംസേവകരാവുന്നത്. അതുകൊണ്ട് തന്നെ ഒരു സ്വയംസേവകന്റെ വളര്‍ച്ചയില്‍ ദക്ഷയ്ക്കുള്ളതു പോലെ പ്രാധാന്യം ആരമയ്ക്കുമുണ്ടെന്ന വലിയ തിരിച്ചറിവാണ് മണ്ഡലയിരുന്നപ്പോള്‍ ലഭിച്ച ചെറിയ സന്ദേശമെനിക്ക് പകര്‍ന്ന് നല്‍കിയത്. അതുകൊണ്ട് ദക്ഷയില്‍ (formal life) സ്വയംസേവകന്റെ സ്ഥിതി ശരിയാണോയെന്ന് ഏത്ര പ്രാധാന്യത്തോടെ നമ്മള്‍ ശ്രദ്ധിക്കുമോ, അത്രയുമോ അതിലേറെയുമോ ശ്രദ്ധയും, നോട്ടവും ആരമയിലെ (Casual life) സ്വയംസേവകന്റെ സ്ഥിതിക്കും നാം നല്‍കേണ്ടതുണ്ടെന്ന് സാരം. മാത്രമല്ല ആരമയില്‍ നമ്മുടെ സ്ഥിതി അത്യുത്തമമായാല്‍ പിന്നെ ദക്ഷയുടെ കാര്യം പറയേണ്ടതില്ലല്ലോ.