ലോകത്തെവിടെയെങ്കിലും മതപീഡനമോ മനുഷ്യാവകാശ ലംഘനമോ ഉണ്ടോ എന്ന് അന്വേഷിക്കുന്ന ഒരു കമ്മീഷനുണ്ട്. അമേരിക്കന്‍ ആഭ്യന്തരവകുപ്പിനു കീഴിലുള്ള മനുഷ്യാവകാശ കമ്മീഷന്‍. എല്ലാവര്‍ഷവും അവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഭാരതത്തില്‍ മനുഷ്യാവകാശലംഘനവും മതപീഡനവും നടക്കുന്നു എന്നു എഴുതി വിടാറുണ്ട്. നമ്മുടെ നാട്ടിലെ ഇസ്ലാമിസ്റ്റുകള്‍ക്കും ‘മതേതര’ ക്കാര്‍ക്കും പ്രിയങ്കരമാണ് ഈ റിപ്പോര്‍ട്ട്. എ ന്നാല്‍ ഈ കമ്മീഷന് ഈ കൊല്ലത്തെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ലോകം മുഴുവന്‍ തെണ്ടേണ്ടതില്ല. ആവശ്യംപോലെ റിപ്പോര്‍ട്ട് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും കിട്ടാനുണ്ട്. ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ വെള്ളക്കാരന്‍ പോലീസ് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചുകൊന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ പല നഗരങ്ങളിലും കലാപം ആളിപ്പടര്‍ന്നു. അമേരിക്കയിലും ലണ്ടനിലും മറ്റും വര്‍ണ്ണവെറിയന്മാരായ ഭരണാധികാരികളുടെ പ്രതിമയും സ്മാരകങ്ങളും ഇന്നും നിലനില്‍ക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നു. ഈ പ്രതിമകളില്‍ പലതും പ്രക്ഷോഭകര്‍ തള്ളി വീഴ്ത്തുകയാണ്. വിര്‍ജീനിയയിലെ റിച്ച്‌മോണ്ടില്‍ വര്‍ണ്ണവെറിയനായ ഭരണാധികാരി ജെഫേഴ്‌സണ്‍ ഡാവിഡിന്റെ പ്രതിമ വീഴ്ത്തിക്കഴിഞ്ഞു. അമേരിക്കയില്‍ പത്തു സ്മാരകങ്ങള്‍ നീക്കിക്കഴിഞ്ഞു. 20 നഗരങ്ങളിലെ സ്മാരകങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതൊക്കെ ചേര്‍ ത്താല്‍ കമ്മീഷന് വേണ്ടത്ര റിപ്പോര്‍ട്ടായി.
അമേരിക്കയിലെ ഈ കലാപത്തിനു പിന്നില്‍ തീവ്ര ഇടതുലിബറലുകളാണ് എന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്. ട്രമ്പ് ഭരണത്തെ അട്ടിമറിക്കാനാണ് ഇവരുടെ നീക്കമെന്നും പറയുന്നു. ദല്‍ഹിയില്‍ ഇയ്യിടെ സി.എ.എയുടെ പേരിലുണ്ടായ കലാപത്തിനു പിന്നില്‍ ഇടത്-ഇസ്ലാമിസ്റ്റ് അച്ചുതണ്ടായിരുന്നല്ലോ. ഇക്കൂട്ടരെ ഒന്നൊന്നായി ദല്‍ഹി പോലീസ് പിടികൂടുകയാണ്. ഭാരതത്തില്‍ അട്ടിമറിക്കാര്‍ ജനാധിപത്യവാദികളും അമേരിക്കയില്‍ കുഴപ്പക്കാരുമായികാണുന്ന കപട മനുഷ്യാവകാശവാദികളെ കൂടി തിരിച്ചറിയാനുള്ള അവസരമാണിത്.