ജൂണ്‍ 21
അന്തര്‍ദേശീയ യോഗദിനം
‘ശൗചാത് സ്വാംഗ ജുഗുപ്‌സാ പരൈ: അസംസര്‍ഗ:’ ‘ (യോഗദര്‍ശനം -2 – 40)
ശുചിത്വ ബോധം നമ്മെ സ്വന്തം അവയവങ്ങളെ മറച്ചുവെക്കാനും പരന്മാരുമായുള്ള സംസര്‍ഗം ഉപേക്ഷിക്കാനും പഠിപ്പിക്കുന്നു. കൊറോണ കാലത്തേക്കു വേണ്ടി എഴുതി വെച്ചതു പോലെ തോന്നും ഈ യോഗസൂത്രം. ‘സ്വച്ഛ ഭാരത് ‘ പരിപാടി ഒരു യോഗിയായ പ്രധാനമന്ത്രിയില്‍ നിന്നുത്ഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ലോകം വലിയ ഒരു ആത്മപരിശോധനയിലൂടെ കടന്നു പോവുകയാണ്. കൊറോണ രോഗം കുറച്ചൊന്നുമല്ല മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. അതിവേഗമാര്‍ന്ന ജീവിതപ്രവാഹത്തിന് ഒരു തടസ്സം വന്നിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥന്റെ ചില പരാമര്‍ശങ്ങള്‍ താങ്ങാനാവാതെ വീടുവിട്ട കഥ നാം പത്രത്തില്‍ വായിച്ചു. വളരെ അത്യന്താധുനിക രീതിയിലുള്ള പരിശീലനം ലഭിച്ച ആളാണ്, സാധാരണ വ്യക്തിയല്ല ഇതു ചെയ്തത്. ഇതൊരൊറ്റപ്പെട്ട സംഭവമാണോ? അല്ല എന്നു കാണാം. എത്രയോ പേര്‍ ഇത്തരം പിരിമുറുക്കത്തിലാണ്. എന്തിന്? ലോകം മുഴുവനും ടെന്‍ഷനും സ്‌ട്രെസ്സുമാണ്. ഇതിന് ഉറക്കഗുളികയല്ലാതെ മറ്റു മരുന്നുണ്ടോ? കൃത്രിമ ഉറക്കം അതിനെ അല്പനേരത്തേക്ക് മാറ്റി നിറുത്തുക മാത്രമല്ലേ ചെയ്യുന്നത്? അതു ശാശ്വത പരിഹാരമാണോ? അല്ല എന്നുതന്നെ, ഉത്തരം.
ധൈര്യപൂര്‍വം സ്‌ട്രെസ്സിന്റെ ഉറവിടം തേടുകയും അതിനെ അവിടെ വെച്ച് നേരിടുകയുമാണ് വേണ്ടത്. അങ്ങിനെ തേടിച്ചെന്നാല്‍ നമ്മള്‍ സ്വന്തം മനസ്സിന്റെ മുന്നിലാണ് എത്തിപ്പെടുക. അതിലുണ്ടാകുന്ന കുഴപ്പമാണ് എല്ലാറ്റിനും കാരണം.
മനസ്സിലുണ്ടാകുന്ന ഈ അസ്വസ്ഥതയെ ശ്രീരാമന്റെ ഗുരുവായിരുന്ന വസിഷ്ഠന്‍ (യോഗവാസിഷ്ഠം) വിളിച്ചത് ആധി എന്നാണ്. ‘ അവന് ആധി പിടിച്ചു പോയി ‘ എന്നു പണ്ടത്തെ മുത്തശ്ശിമാര്‍ പറയും. മനസ്സു ക്ഷീണിച്ചു പോയി എന്നര്‍ഥം.
ഈ ആധി, പചന വ്യൂഹം, രക്തചക്രമണം, നാഡീവ്യൂഹം മുതലായവയെ ബാധിക്കും. അതായത് പ്രാണശക്തിയെ, അതിന്റെ പ്രവാഹത്തെ ബാധിക്കും. അത് ക്രമത്തില്‍ ശരീരത്തെയും ബാധിക്കും. അപ്പോള്‍ അതിനെ വ്യാധി എന്നു വിളിക്കും. ആധിയുടെ ഫലം തന്നെ വ്യാധി. ആധി, വ്യാധിയാവാന്‍ ഒരിടവേളയുണ്ടാകും, ആവര്‍ത്തിച്ചവരുന്ന ആധി പ്രാണനെ ബാധിച്ച് ആ അസന്തുലിത പ്രാണന്റെ പ്രവര്‍ത്തനം ശരീരത്തില്‍ പ്രതിഫലിക്കാനെടുക്കുന്ന സമയം. ശരീരത്തില്‍ പ്രതിഫലിച്ചാല്‍ വ്യാധിയായി. ഇവയാണ് സൈക്കോ സോമാറ്റിക് രോഗങ്ങള്‍.
പ്രമേഹവും കാന്‍സറുമൊക്കെ ഇത്തരമാണ്. ഇവ പകരുന്ന രോഗമല്ല, എന്നാല്‍ പടരും. ഭീതി പരത്തും. ഇവ മാറ്റാന്‍ സ്വാഭാവികമായും മനസ്സിന്റെ അസ്വസ്ഥത മാറ്റുകയാണ് വേണ്ടത്. കഴിയുന്നത്ര ശരീരത്തെ ബാധിക്കുന്നതിന്റെ മുമ്പെ തന്നെ, പ്രാണനെ ബാധിക്കുന്ന സമയത്തു തന്നെ, മനസ്സിനെ ശാന്തമാക്കിയാല്‍ ആധി രോഗമാവാതിരിക്കും. ‘വളച്ചോളൂ, ഒടിക്കരുത് ‘ എന്നു പറയാറുണ്ട്. വളഞ്ഞത് നേരെയാക്കാം. ഒടിഞ്ഞാല്‍ പിന്നെ പ്രയാസമാണ്. ഒടിഞ്ഞ അവസ്ഥയാണ് രോഗം. പ്രാണന്റെ വിഷമാവസ്ഥ വളവാണ്. വളവുള്ള സമയത്ത് പ്രാണനെ നേരെയാക്കണം. അതായത് മനസ്സിനെ നേരെയാക്കിയെടുക്കണം. അതിന് ഏറ്റവും പറ്റിയ മാര്‍ഗം യോഗയാണ്.
യോഗ പദ്ധതിയാണ് ‘ മനഃ പ്രശമനത്തിന് ‘ പറ്റിയ ഉപായമെന്ന് വസിഷ്ഠനും പതഞ്ജലിയും കണ്ടെത്തിയിരുന്നു. യോഗാസന പരിശീലനം സ്വാസ്ഥ്യത്തിന് ഏറെ ഗുണകരമാണ് എന്ന് അതു ശീലിച്ചവരെല്ലാം അറിയുന്നു. യമവും നിയമവും പ്രാണായാമവും ധ്യാനവുമൊക്കെ ഇതിനു സഹായകരമാണെന്ന് ആധുനിക ലോകം തിരിച്ചറിയുന്നു. യോഗയുടെ ജന്മനാടിനെക്കാള്‍ വിദേശികളാണ് ഇതില്‍ കൂടുതല്‍ തല്പരര്‍. ലോകത്തിലെ ആറിലൊരാള്‍ യോഗ ചെയ്യുന്നവരാണെന്നാണ് കണക്ക്. അമേരിക്കയില്‍ മാത്രം 20 മില്യന്‍ (1 മില്യന്‍ = 10 ലക്ഷം) ജനങ്ങള്‍ യോഗ ചെയ്യുന്നുണ്ട്. കൃത്യമായ ഫലം കാണാതെ പാശ്ചാത്യര്‍ ഒന്നും അംഗീകരിക്കില്ല. ഇതു സംബന്ധിച്ച് പല തരം ഗവേഷണങ്ങള്‍ ലോകത്തു നടക്കുന്നുണ്ട്. കഴിഞ്ഞിടത്തോളം ഫലം യോഗയ്ക്കനുകൂലമാണ്.
ഈ ഒരു പശ്ചാത്തലത്തില്‍ വേണം ഐക്യരാഷ്ട്രസഭയുടെ അറുപത്തിനാലാമത് പൊതുസഭയില്‍ (2014 സെപ്തമ്പര്‍ 27) നമ്മുടെ പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തെ കാണാന്‍. വര്‍ഷത്തിലെ പകലിന് ഏറ്റവും ദൈര്‍ഘ്യമുള്ള ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി അംഗീകരിച്ചു കൊണ്ട് യോഗ പദ്ധതിയുടെ സത്ഫലങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാന്‍ അദ്ദേഹം ലോക രാഷ്ട്രങ്ങളോടാവശ്യപ്പെട്ടു. യോഗം ഒരു ജീവിത ശൈലിയാക്കാന്‍ സ്വയം ഒരു യോഗിയായ അദ്ദേഹം അവരെ തെര്യപ്പെടുത്തി. അസാധാരണമായ പിന്തുണയാണ് അതിനു കിട്ടിയത്. 90% രാജ്യങ്ങള്‍ അതിനെ സ്വാഗതം ചെയ്തു. 2014 ഡിസംബര്‍ 11 ന് യു.എന്‍ പൊതുസഭ ജൂണ്‍ 21 നെ അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചു. അങ്ങിനെയാണ് 2015 ജൂണ്‍ 21 ന് ഒന്നാം അന്താരാഷ്ട്ര യോഗദിനം ലോകമെങ്ങും ആഘോഷിക്കപ്പെട്ടത്.
ആറാമത്തെ യോഗദിനാഘോഷത്തിന്റെ ഈ വേളയില്‍ യോഗയുടെ പ്രസക്തിയും പ്രശസ്തിയും ഏറുകയേ ചെയ്തിട്ടുള്ളൂ.
ആധുനിക വൈദ്യശാസ്ത്രം ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പാര്‍ശ്വഫലങ്ങളുടെ പ്രശ്‌നവും, സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത തരം പണച്ചെലവും, ഒരിക്കല്‍ തുടങ്ങിയാല്‍ ‘life long medication’ ല്‍ കുടുങ്ങുന്ന അവസ്ഥയും ഒക്കെ ജനങ്ങളെ “alternative medicine” (ഇതര ചികിത്സാ പദ്ധതി) അന്വേ ഷിക്കാന്‍ പ്രേരിതരാക്കുന്നു. AYUSH ( Ayurveda, Yoga & naturopathy, Unani, Siddha, Homeopathyഎന്ന സങ്കല്പം ഉരുത്തിരിഞ്ഞു വന്നത് ഇതില്‍ നിന്നാണ്.
കേന്ദ്ര സര്‍ക്കാറില്‍ അതിനായിത്തന്നെ ഒരു വകുപ്പും ക്യാബിനറ്റു പദവിയുള്ള ഒരു കേന്ദ്ര മന്ത്രിയും ഇന്നുണ്ട്. കേരളത്തില്‍ AYUSH മന്ത്രിയില്ലെങ്കിലും അത്തരം ചിന്ത വന്നിട്ടുണ്ട് എന്നത് ആശാവഹമാണ്.
ഉപഭോഗ സംസ്‌കാരവും എല്ലാറ്റിലും വ്യവസായവല്‍ക്കരണവും അമിതമായ ഭൗതിക ചിന്തയും നമ്മുടെ സാമൂഹ്യചിന്തയെ സങ്കുചിതമാക്കുകയും വ്യക്തിനിഷ്ഠമാക്കുകയും ചെയ്തിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട സമയം വന്നിരിക്കുന്നു. ഗാന്ധിജി മൂന്ന് ‘H’ (Head, Heart and Hand) കളെപ്പറ്റി പറയുന്നുണ്ട് – കൈ, തല, ഹൃദയം (കര്‍മ്മം ബുദ്ധി, സ്‌നേഹം) ഇവ ഒന്നിച്ച് പോകണം. ഇന്ന് ബുദ്ധിയുടെ മുന്നില്‍ ഹൃദയം അടി പണിയുന്ന കാഴ്ചയാണ് ചുറ്റുപാടും.
ഇതെഴുതുമ്പോള്‍ മനുഷ്യനെ വിശ്വസിച്ച് അവന്‍ കൊടുത്ത, അവന്റെ കറുത്ത ഹൃദയം ഒളിപ്പിച്ചു വെച്ച പൈനാപ്പിള്‍ തിന്ന് വായ പൊട്ടിച്ചിതറി പുകച്ചില്‍ സഹിക്കവയ്യാതെ വെള്ളത്തില്‍ മുങ്ങി ജലസമാധിയായ ഗര്‍ഭിണിയായ ഒരു ആനയമ്മ, ഒരു ദു:ഖമേഘമായി എന്നെ മൂടിനില്കുകയാണ്. കാടുകള്‍ കുറയുന്നതും പ്രകൃതി മലിനീകൃതമാവുന്നതും ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴുന്നതും ഭൂഗര്‍ഭജലത്തിന്റെ അളവു കുറയുന്നതും പല ജീവജാതികള്‍ക്കും വംശനാശം സംഭവിക്കുന്നതും എല്ലാം മനുഷ്യരാശി പ്രകൃതിയോടു ചെയ്യുന്ന അതിക്രമത്തിന്റെ സാക്ഷ്യപത്രങ്ങള്‍ തന്നെയാണ്. പ്രകൃതി അതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നാം കണ്ടറിഞ്ഞതുമാണ്.
വ്യക്തി എല്ലാറ്റിനോടും സമരസപ്പെട്ട് സമഞ്ജസമായി നില്ക്കണം. അഹങ്കാരമരുത്, ആത്മവിശ്വാസം വേണം താനും. അതാണ് യോഗ മാര്‍ഗം.
അതേ പോലെയാണ് ഈ പ്രകൃതിയെയും ലോകത്തെയും കൃത്യമായ പദ്ധതിയോടെ നടത്തിക്കൊണ്ടു പോകുന്ന നമ്മുടെ മേലെയിരിക്കുന്ന ഒരു പരമാത്മശക്തിയിലുള്ള വിശ്വാസം. അത് മനുഷ്യനെ വിനീതനും കൃതജ്ഞനുമാക്കും.
മലയാളിയുടെ ആഹാര വിഹാര രീതികള്‍ അതായത് ജീവിത ശൈലി വൈദേശികമായ അനുകരണത്തില്‍ ഏറെ പെട്ടുപോയിട്ടുണ്ട്. ഒരു ചെറിയ വിഭാഗത്തിന്റെ പണക്കൊഴുപ്പും അവരുടെ പിന്നാലെ അനുകരിച്ചു പോകുന്ന ബഹുജനവും. നന്മയല്ല അനുകരിക്കപ്പെടുന്നത് എന്നതാണ് ഏറെ ദു:ഖകരം. എനിക്കു പരിചയമുള്ള വിദേശികളില്‍ മിക്കവരും മസാല കഴിക്കുന്നതില്‍ വിമുഖരാണ്. ഇറച്ചി പോലും വെറും ഉപ്പു ചേര്‍ത്തു വേവിച്ചു കഴിക്കുന്നതാണ് അവര്‍ക്കിഷ്ടം. സാത്വികത അനുകരിക്കപ്പെടുന്നില്ല.
ആയുര്‍വേദത്തിന്റെ ഈറ്റില്ലമാണ് കേരളം. ഒറ്റമൂലികളുടെ നാട്, കളരിയുടെ നാട്.
ലോകം മുഴുവന്‍ ആദരിക്കുന്ന അദ്വൈതാചാര്യന്‍ ആദിശങ്കരന്റെ നാട് . വിഷഹാരികളും നാട്ടുവൈദ്യന്മാരും സ്വസ്ഥജീവിതത്തിനുതകുന്ന നാട്ടാചാരങ്ങളും നക്ഷത്ര വൃക്ഷങ്ങളും സര്‍പ്പക്കാവുകളും ദശപുഷ്പങ്ങളും ‘പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍’ എന്നു ചിന്തിക്കുന്ന ജനങ്ങളും.
ഇവ മുഴുവനും അന്യം നിന്നുപോയി എന്നൊന്നും പറയാറായിട്ടില്ല. ഈ ലേഖകന്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളം മുഴുവന്‍ അനേകം തവണ സഞ്ചരിച്ചിട്ടുണ്ട്. അപ്പോള്‍ ഹോട്ടല്‍ മുറിയില്‍ താമസിക്കാറില്ല. വിവിധ വിഭാഗത്തില്‍പ്പെടുന്ന ജനങ്ങളുടെ വീടുകളിലാണ് താമസിക്കാറ്. ഒരിക്കലും ഞാന്‍ എന്റെ പെട്ടി പൂട്ടാറില്ല. ഒരു മൊട്ടുസൂചി പോലും ഇന്നുവരെ നഷ്ടപ്പെട്ടിട്ടും ഇല്ല. ഇന്നും നന്മയുണ്ട്. കണ്ണുള്ളവര്‍ക്ക് കാണാം.
അഷ്ടാംഗ യോഗത്തില്‍ പറയുന്ന യമ നിയമങ്ങള്‍ – അഹിംസ, സത്യം, അസ്‌തേയം (കക്കാതിരിക്കുക) ബ്രഹ്മചര്യം, അപരിഗ്രഹം (ധനം കൂട്ടിവെക്കാതിരിക്കുക), ശുചിത്വം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം -ഇവയൊക്കെ ഇന്നും സമൂഹത്തിലുണ്ട്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ പോലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയാന്‍ കാരണം ഇവിടെ ജീവിക്കുന്ന അടിസ്ഥാന ജനതയുടെ ധര്‍മബോധം തന്നെയാണ്, യമ നിയമങ്ങളിലുള്ള നിഷ്ഠ തന്നെയാണ്.ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ ഇത്തരം ഭാവാത്മക കാര്യങ്ങള്‍ നിറഞ്ഞു നില്ക്കണം. വിപരീതമായ ദുര്‍ഗുണങ്ങള്‍ ഉണ്ട്. അവയെ വിവേകപൂര്‍വം മാത്രം വെളിയില്‍ കൊണ്ടുവരണം.
പതഞ്ജലി മുനി തന്റെ യോഗദര്‍ശനത്തില്‍ സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്നു പറഞ്ഞു തരുന്നുണ്ട്.
‘ മൈത്രീ കരുണാമുദിതോപേക്ഷാണാം സുഖ ദു:ഖ പുണ്യാപുണ്യ വിഷയാണാം ഭാവനാത: ചിത്തപ്രസാദനം.’ നാം പുറത്തു സഞ്ചരിക്കുമ്പോള്‍ സമൂഹത്തില്‍ നാലുതരം ആളുകളെ കാണും. സുഖമനുഭവിക്കുന്നവര്‍, ദു:ഖമനുഭവിക്കുന്നവര്‍, പുണ്യം ചെയ്യുന്നവര്‍, അപുണ്യം ചെയ്യുന്നവര്‍ അഥവാ പാപികള്‍. അവരോടുള്ള മനോഭാവം യഥാക്രമം മൈത്രി, കരുണാ, മുദിതം, ഉപേക്ഷ എന്നിങ്ങനെയായാല്‍ നമുക്കു ചിത്തപ്രസാദമുണ്ടാവും എന്നാണ് ഈ യോഗസൂത്രത്തിലൂടെ പതഞ്ജലി പറഞ്ഞു തരുന്നത്.
സുഖമനുഭവിക്കുന്നവരെ കാണുമ്പോള്‍ അവരോട് മൈത്രി, മിത്ര ഭാവം തോന്നണം. മത്സരമോ വിദ്വേഷമോ തോന്നരുത്. നാം റോഡിന്റെ ഓരം ചേര്‍ന്നു നടക്കുമ്പോള്‍ ഒരാള്‍ ഒരു വില കൂടിയ കാറില്‍ നമ്മുടെ അടുത്തുകൂടി മൂളിച്ചു പോയാല്‍ എന്തു തോന്നും? അപ്പോള്‍ ദ്വേഷബുദ്ധി വന്നാല്‍ അത് കാറുകാരനെ ബാധിക്കില്ല. നമ്മുടെ മനസ്സു കലങ്ങുകയും ചെയ്യും. നമ്മുടെ ചിത്തപ്രസാദം നഷ്ടപ്പെടും. കാറുകാരന്‍ തന്റെ സ്‌നേഹിതനാണ്, തന്നെ കാണാത്തതിനാല്‍ നിര്‍ത്താത്തതാണ് എന്നു ചിന്തിച്ചാല്‍ ആ സംഭവം നമ്മുടെ മനസ്സിനെ ബാധിക്കില്ല.
ദുഃഖിക്കുന്നവരെ കണ്ടാല്‍ എന്താവണം നമ്മുടെ പ്രതികരണം?. പതഞ്ജലി പറയുന്നത് അവരോടു കരുണ തോന്നണമെന്നാണ്. സാധിക്കുമെങ്കില്‍ സഹായിക്കുക. ഇല്ലെങ്കില്‍ ഉള്ളാലെ സഹതപിക്കുക. അത് നമ്മുടെ മനസ്സിനെയാണ് ശുദ്ധീകരിക്കുക.
പുണ്യമായ കര്‍മ്മങ്ങള്‍ ആരു ചെയ്യുന്നതുകണ്ടാലും സന്തോഷിക്കുക. പലപ്പോഴും ചെയ്യുന്ന ആളുടെ സ്വഭാവം നോക്കി നമുക്കു രാഗദ്വേഷങ്ങള്‍ തോന്നും. അതു നമ്മുടെ മനസ്സിനു ഭാരമാവുകയും ചെയ്യും.
തിന്മ ചെയ്യുന്നതു കണ്ടാല്‍ അതിന് ഒരു തരത്തിലും കൂട്ടുനില്‍ക്കരുത്. പ്രതികരിക്കുന്നത് നമ്മുടെ കഴിവിനപ്പുറമാണെങ്കില്‍ ഉപേക്ഷാഭാവത്തിലിരിക്കുക. നമ്മുടെ മനസ്സിന്റെ പ്രസന്നത നഷ്ടപ്പെടാതിരിക്കും.
എല്ലാറ്റിനെയും മതപരമായോ രാഷ്ട്രീയമായോ മാത്രം കാണുന്ന തരത്തില്‍ മനസ്സു ചെറുതാകുന്നതു നാം ചുറ്റുപാടും കാണുന്നുണ്ട്.
മതപരതയ്ക്കു (religion) മേലെ, രാജനീതിക്കു മേലെ ശുദ്ധമായ ആത്മീയത (spirituality) വിരിഞ്ഞു നില്ക്കണം. മതപരത ഒട്ടുമില്ലാത്ത, ശുദ്ധമായ ആത്മീയത മാത്രമുള്ള യോഗയെപ്പോലും മതപരമായി മുദ്രകുത്തി അതില്‍ വെള്ളം ചേര്‍ക്കുന്ന പ്രവണത ഗുണകരമല്ല.
മെയ് 31 ന്റെ ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി പറഞ്ഞു: – കൊറോണയുടെ ഈ കാലത്ത്, യോഗയ്ക്ക് ലോകജനതയുടെ ഇടയില്‍ കൂടുതല്‍ പ്രാധാന്യം കിട്ടിയിരിക്കുന്നു. ഹോളിവുഡ് മുതല്‍ ഹരിദ്വാര്‍ വരെ യോഗയുടെ ഗുണത്തെപ്പറ്റി ബോധവാന്മാരായിരിക്കുന്നു. ശ്വാസകോശത്തെയും രോഗപ്രതിരോധ ശക്തിയേയും സാമാജിക ഐക്യത്തെയും അത് പുഷ്ടിപ്പെടുത്തുന്നു. വീട്ടിലിരുന്നും യോഗദിനം വിജയിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
വീട്ടില്‍ യോഗ, കുടുംബത്തോടൊപ്പം യോഗ (yoga@ home and yoga with family ) എന്നതാണ് ‘ആയുഷി’ന്റെ ഈ വര്‍ഷത്തെ യോഗദിന മുദ്രാവാക്യം.
(എറണാകുളം പതഞ്ജലി യോഗ ട്രെയ്‌നിങ്ങ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയരക്ടറാണ് ലേഖകന്‍)