കേസരിയുടെ ജൂണ്‍ 5 ലക്കത്തില്‍ കെ.പി.എം എഴുതിയ ‘അയോദ്ധ്യയില്‍ പൊന്തി വരുന്ന ചരിത്രസത്യങ്ങള്‍’ എന്ന ലേഖനം സസൂക്ഷ്മം വായിച്ചു. അതില്‍ ഒരു തിരുത്ത് വരുത്താനുള്ളത്; അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചത് 2003 ല്‍ അല്ല, 2010 സെപ്തംബര്‍ 30ന് ആയിരുന്നു.
ഹൈക്കോടതിയില്‍ മൂന്നംഗ ബഞ്ചില്‍ ജഡ്ജി ഡി.വി.ശര്‍മ്മ പൂര്‍ണ്ണമായും ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചെങ്കിലും മറ്റ് രണ്ട് ജഡ്ജിമാരായ എസ്.യു ഖാനും സുധീര്‍ അഗര്‍വാളും 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടത് ഭൂരിപക്ഷ വിധിയായി അംഗീകരിക്കപ്പെട്ടു. വിഗ്രഹം ഇരിക്കുന്ന സ്ഥലം രാമലല്ല വിരാജ്മാനും, നിര്‍മോഹി അഖാഡക്ക് സീതാ കീ രസോയി, രാമ ചബൂത്തറ എന്നിവ ഉള്‍പ്പെടുന്ന പ്രദേശവും ശേഷം വരുന്ന ഭാഗത്തില്‍ നിന്ന് സുന്നി വഖഫ് ബോര്‍ഡിന് സ്ഥലം കൊടുക്കുവാനുമായിരുന്നു വിധി.
2010 ലെ ഹൈക്കോടതി വിധിയില്‍ 2003 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്തിയ ഖനനം വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഖനനത്തില്‍ ലഭിച്ച ക്ഷേത്രാവശിഷ്ടങ്ങളാണ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം ക്ഷേത്രം തകര്‍ത്തുണ്ടാക്കിയ പള്ളിയാണെന്നും ഇസ്ലാമികതത്വങ്ങള്‍ക്കനുസരിച്ചല്ല ഇത് നിര്‍മ്മിച്ചതെന്നുമുള്ള ഐതിഹാസിക വിധിക്ക് പ്രേരണയായത്.
2019 നവംബര്‍ 9 ന്റെ അഞ്ചംഗ ബഞ്ച് സുപ്രീംകോടതി വിധി പൂര്‍ണ്ണമായും ഹിന്ദുക്കള്‍ക്കനുകൂലമാണെങ്കിലും ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന വാദമുണ്ട്. പൂര്‍ണ്ണമായും ക്ഷേത്രത്തിന് അനുകൂലമായ വിധിക്കിടയില്‍ സുന്നി വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ സ്ഥലം കൊടുക്കാനുള്ള പ്രസ്താവം കോടതിക്ക് ഒഴിവാക്കാമായിരുന്നു. 1992 ഡിസംബര്‍ 6 ന് നടന്ന തര്‍ക്കമന്ദിരം തകര്‍ക്കലും 1949 ല്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് നിയമവിരുദ്ധമാണെന്ന രേഖപ്പെടുത്തലും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഈ പരാമര്‍ശങ്ങള്‍ നീക്കാന്‍ കോടതിയില്‍ അല്ലെങ്കില്‍ പാര്‍ലമെന്റില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
2019 നവംബര്‍ 9 ന്റെ സുപ്രീംകോടതി വിധി വായിക്കുമ്പോള്‍ നാം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കേണ്ടത് സിഖ് സമുദായത്തോടാണ്. സിഖ് ഗുരുവായിരുന്ന ഗുരു നാനാക്കിന്റെ ജീവചരിത്ര ഗ്രന്ഥമായ ജനംസഖികളെ ഉദ്ധരിച്ച് കൊണ്ട് 1510-11 കാലഘട്ടത്തില്‍ ഗുരുനാനാക്ക് അയോദ്ധ്യ സന്ദര്‍ശിച്ച് ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയത് സുപ്രീം കോടതി വിധിയില്‍ എടുത്തു പറയുന്നുണ്ട്. 1857 ല്‍ തര്‍ക്കമന്ദിരത്തിനകത്ത് കയറി സിഖ് വിഭാഗത്തില്‍ പെട്ട നിഹാങ്കുകള്‍ പ്രാര്‍ത്ഥന നടത്തിയെന്ന കണ്ടെത്തലും സുപ്രീംകോടതി വിധിയെ സ്വാധീനിച്ചു.
കേസരിയിലെ ലേഖനത്തില്‍ കെ.കെ.മുഹമ്മദ് സാറിന്റെ നിഗമനങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ എടുത്ത് പറയേണ്ട വസ്തുത, ഇടത് ചരിത്രകാരന്മാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായ മുസ്ലീം സമുദായത്തെ വഴി തെറ്റിച്ചു എന്ന് പറയുമ്പോള്‍ നാം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് റൊമില ഥാപര്‍, ഇര്‍ഫാന്‍ ഹബീബ് മുതലായ ചരിത്രകാരന്മാരെയാണ്. നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാര്‍ 6 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും റൊമില ഥാപര്‍, പ്രഭാത് പട്‌നായിക് മുതലായ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ഇപ്പോഴും സര്‍ക്കാര്‍ ചിലവില്‍ ജെ.എന്‍.യു.വിലെ എമിറിറ്റസ് പ്രഫസര്‍മാരായി നിലനില്‍ക്കുന്നു എന്നത് വിചിത്രമായി തോന്നുന്നു.
2019 ഡിസംബര്‍ 12 ന് സുപ്രീം കോടതി റിവ്യൂ ഹര്‍ജികള്‍ തള്ളിയതോടെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തടസ്സങ്ങളൊക്കെ മാറി. ഭവ്യമായൊരു രാമക്ഷേത്രത്തിനുള്ള നിര്‍മ്മാണം ആരംഭിച്ചെന്ന വാര്‍ത്തകള്‍ അറിയുമ്പോള്‍ മനസ്സ് ആഹ്ലാദം കൊണ്ട് നിറയുകയാണ്. കുടുംബസമേതം അയോദ്ധ്യയിലേക്കൊരു തീര്‍ത്ഥാടനത്തിലുള്ള ഒരുക്കത്തിലാണ് ഞാന്‍.
ഇ-മെയില്‍
ഡോ.സന്തോഷ് ഡി.ഷേണായി
പയ്യന്നൂര്‍