2020 ജൂണ്‍ 5ന് പ്രസിദ്ധീകരിച്ച കേസരി വാരികയില്‍ മോഹന്‍ലാലിന്റെ ഷഷ്ഠിപൂര്‍ത്തിയോട് അനുബന്ധിച്ചുള്ള മുരളി പാറപ്പുറത്തിന്റെ ‘അഭിനയ കലയുടെ അറുപതാം തമ്പുരാന്‍’ എന്ന മുഖലേഖനം വായിക്കാനിടയായി. ലേഖനത്തില്‍ അദ്ദേഹം വളരെ കൃത്യമായി മോഹന്‍ലാലിന്റെ സ്വതസിദ്ധമായ അഭിനയ മികവിനെ കുറിച്ച് വിശദീകരിക്കുന്നു. മോഹന്‍ ലാല്‍ അനായാസമായ രീതിയില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്നതും വ്യക്തമാക്കുന്നുണ്ട്. പൊതുവെ അഭിനേതാക്കള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ മാസങ്ങളുടെ തയ്യാറെടുപ്പ് നടത്തുമ്പോള്‍ നിമിഷാര്‍ദ്ധം കൊണ്ട് കഥാപാത്രങ്ങളെ ഗ്രഹിച്ചും നിരീക്ഷിച്ചും അവയിലേക്ക് പ്രവേശിക്കാനുള്ള ലാലിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. മോഹന്‍ലാലിന്റെ മാനറിസത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവയില്‍ പലതും കേരള സമൂഹത്തിന്റെ തന്നെ മാനറിസമായി മാറിയത് നമുക്ക് കാണാന്‍ സാധിക്കും. തോള് ചെരിച്ച് നടക്കാനും, മീശ പിരിച്ചുവെക്കാനും, റെയ്ബാന്‍ ഗ്ലാസ് വയ്ക്കാ നും, നല്ല സ്റ്റയിലില്‍ മുണ്ട് മടക്കി കുത്താനും കേരളക്കര പഠിച്ചത് മോഹന്‍ലാലില്‍ നിന്നുമാണ്.
ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളെയും അവയുടെ പൂര്‍ണ്ണതയില്‍ എത്തിക്കണം എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ അനശ്വര നടന്‍ ജയനെ പോലെ മോഹന്‍ലാലിനും ഒരഭിപ്രായമേ ഉള്ളൂ ‘No compromise’. മോഹന്‍ലാലിന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ്ങ് കാണാന്‍ അദ്ദേഹത്തിന്റെ അമ്മയും എത്തിയിരുന്നു. മണിക്കൂറുകളോളം കഥകളി വേഷത്തിലിരുന്ന് ഭക്ഷണം പോലും ത്യജിച്ചത് ആ വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ആയിരുന്നു. ആ കാഴ്ചകള്‍ അദ്ദേഹത്തിന്റെ അമ്മയുടെ കണ്ണ് നിറച്ചിരുന്നു. മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള അഭിനിവേശം പല സന്ദര്‍ഭത്തിലും നാം കണ്ടതാണ്. ഏത് തരത്തിലുള്ളതും എത്ര ചെറിയ വേഷവും ചെയ്യാന്‍ ഒരു മടിയും ഇല്ലാത്തതാണ് ഇന്നും എന്നും മോഹന്‍ലാലിന്റെ മേന്മ. പല സംവിധായകരോടും പലരും ആവര്‍ത്തിച്ച ചോദ്യമാണ് ‘ഈ സിനിമയില്‍ മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ മറ്റാര്’ എന്ന്. എല്ലാവരും ഒരുപോലെ മറുപടി നല്‍കി, ‘ആ സിനിമ സംഭവിക്കില്ലായിരുന്നു’.
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ട് കൃഷ്ണാര്‍ജ്ജുനന്മാരെ പോലെ നിന്നുകൊണ്ട് മലയാളത്തിന് സമ്മാനിച്ചത് എക്കാലവും മനസ്സില്‍ നിലനില്‍ക്കുന്ന മികച്ച ഒരു പിടി സിനിമകളായിരുന്നു. ലോകത്തെവിടെയും പരസ്പരം അടുത്തിരിക്കുന്ന കഴിവുള്ള സുഹൃത്തുക്കള്‍ ഒരുമിച്ചപ്പോഴെല്ലാം പിറന്നത് ചരിത്രമാണ്. സിനിമയില്‍ മാത്രമല്ല നാടകത്തിലും മോഹന്‍ലാല്‍ എന്ന അഭിനേതാവ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2001ല്‍ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകത്തില്‍ കര്‍ണ്ണനായപ്പോഴും, 2003ല്‍ കഥയാട്ടത്തിലും 2008ല്‍ ഛായാമുഖിയില്‍ ഭീമനായപ്പോഴും ആ അഭിനയ വിസ്മയത്തെ നാം നേരിട്ടറിഞ്ഞതാണ്. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ അനശ്വരമാകാന്‍ കാരണം മോഹന്‍ലാലിന്റെ അഭിനയ മികവുകൊണ്ടാണ്.
അറുപതിലെത്തി നില്‍ക്കുമ്പോഴും വിസ്മയിപ്പിക്കുന്ന അദ്ദേഹത്തെ കുറിച്ച് ഒന്നേ പറയാനുള്ളു ‘കണ്ട പാതി മനോഹരം, കാണാനിരിക്കുന്നത് അതിലേറെ മനോഹരം’
ലേഖനത്തിലെ ഒന്നുരണ്ട് ചെറിയ പിശകുകള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. 1986 ല്‍ തമ്പി കണ്ണന്താനം സംവിധാനം നിര്‍വ്വഹിച്ച രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് ‘വിന്‍സെന്റ് ഗോമസ് ‘ എന്നാണ്.
ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം അല്ല കെ.മധു ആണ്.
മോഹന്‍ലാലിന്റെ അവസാനം റിലീസ് ചെയ്ത സിനിമ സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ ആണ്.