പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യയിലെ ക്രൈസ്തവ മതപരിവര്‍ത്തന ചരിത്രത്തെ നയിക്കുന്നത് പ്രൊട്ടസ്റ്റന്റ് സഭക്കാരാണ്.വിശാലമായ ഇന്ത്യയിലെ ഹിന്ദു സമൂഹത്തെയും മറ്റ് ക്രൈസ്തവ വിഭാഗങ്ങളെയും പ്രൊട്ടസ്റ്റന്റ് സഭയിലെത്തിക്കാനുള്ള പദ്ധതികള്‍ ഇംഗ്ലണ്ടില്‍ രൂപംകൊള്ളുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്ത്യയില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1806 ല്‍ ലണ്ടന്‍ മിഷനറി സൊസൈറ്റിയുടെ മതപരിവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച 50ഓളം മിഷണറിമാര്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലെത്തി. പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും മേഞ്ഞുനടക്കുന്ന തിരുവിതാംകൂറാണ് ഇവര്‍ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തത്. 1806 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ വന്ന റിങ്കള്‍ ടോബി എന്ന ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് പാതിരിയുടെ നേതൃത്വത്തില്‍ നാടാര്‍, പുലയ സമുദായങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് മതപരിവര്‍ത്തന പ്രവര്‍ത്തനം തുടങ്ങി. ജര്‍മനി പ്രൊട്ടസ്റ്റന്റുകാരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു.
18-ാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമായിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ പ്രൊട്ടസ്റ്റന്റുകാര്‍ ഒഴികെ എല്ലാവരെയും സംശയത്തോടു കൂടി മാത്രം വീക്ഷിക്കുകയും കാര്യമായ വ്യക്തിബന്ധങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്ത ഒരാളായിരുന്നു കേണല്‍ മണ്‍റോ. ഇദ്ദേഹം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായിട്ടാണ് വന്നതെങ്കിലും തികഞ്ഞ തന്ത്രശാലിയായ മിഷനറിയായിരുന്നു. 1810 ല്‍ തിരുവിതാംകൂറില്‍ ദിവാനായി നിയമിക്കപ്പെട്ട മണ്‍റോ തിരുവിതാംകൂര്‍ രാജകുടുംബത്തിന് പിന്‍ബലമേകുന്ന വേരുകളെ തിരഞ്ഞ് പിടിച്ച് വെട്ടുന്നതില്‍ പ്രാഗല്‍ഭ്യം കാണിച്ചു. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെ ദേവസ്വം എന്ന ഒരു സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവന്ന് തന്റെ നിയന്ത്രണത്തിലാക്കിയ ഇദ്ദേഹം അതേ സമയം തിരുവിതാംകൂറിന്റെ സ്ഥലങ്ങള്‍ കരം ഒഴിവാക്കിയും ദാനമായും തന്റെ പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ക്കും മറ്റു ക്രൈസ്തവ സഭക്കാര്‍ക്കും ആവശ്യാനുസരണം ഇഷ്ടദാനം നല്‍കി. ഇങ്ങനെ ഒരു വിദേശിക്ക് എന്തും ഇഷ്ടാനുസരണം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു അന്നത്തെ തിരുവിതാംകൂറും പൊതുവില്‍ ഇന്ത്യാ രാജ്യവും.
ഹിന്ദു സമൂഹത്തെ തകര്‍ക്കേണ്ടതും തങ്ങളുടെ കുരിശ്‌വിശ്വാസം പ്രചരിപ്പിക്കേണ്ടതും തങ്ങളുടെ സാമ്രാജ്യത്വ വിപുലീകരണത്തിന് അത്യാവശ്യമെന്ന് കമ്പനിയും പ്രൊട്ടസ്റ്റന്റ് സഭയും മനസ്സിലാക്കി. പിന്നീട് ഇതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. 1600 ല്‍ ലണ്ടന്‍ നഗരത്തിലെ കുറച്ച് വ്യാപാരികള്‍ ഇന്ത്യയുമായി 15 വര്‍ഷത്തേക്ക് വ്യാപാരം ചെയ്യുവാന്‍വേണ്ടി ഉണ്ടാക്കിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒന്നര നൂറ്റാണ്ടുകൊണ്ട് ഈ രാജ്യത്തെ തങ്ങളുടെ ഭരണ നിയന്ത്രണത്തിനു കീഴിലാക്കി മാറ്റി. ഓരോ നാട്ടുരാജ്യക്കന്മാരെയും അവരുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യുന്നതിലുള്ള മികവാണ് ബ്രീട്ടിഷ് മേല്‍ക്കോയ്മയുടെ ഒരു പ്രധാന കാരണം. മറ്റൊന്ന് സൈനിക മികവ്. യൂറോപ്യന്‍ രീതിയിലുള്ള പരിശീലനവും ആയുധങ്ങളുടെ മികവും എല്ലാവരെയും ഭയപ്പെടുത്തുന്നതായിരുന്നു.
1798 ല്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായി വെല്ലസ്ലി പ്രഭു അധികാരമേറ്റു. ഇദ്ദേഹം കൊണ്ടുവന്ന ഒരു നിയമമാണ് സൈനിക സഹായ വ്യവസ്ഥ. ഇന്ത്യയിലെ നിരവധി നാട്ടുരാജ്യങ്ങള്‍ തമ്മില്‍ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും യുദ്ധങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇവരുടെയെല്ലാം പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്ന് കടല്‍ കടന്നുവരുന്ന വിദേശ കച്ചവടക്കാരായിരുന്നു. ബ്രിട്ടീഷുകാരുടെ അനുവാദമില്ലാതെയുള്ള എല്ലാ വിദേശ ബന്ധങ്ങളും വെല്ലസ്ലി തടഞ്ഞു. രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധത്തിനും കലഹത്തിനും കാരണം ഓരോ രാജാവിന്റെയും സൈന്യമാണെന്നും ആ സൈനികവ്യൂഹങ്ങളെ പിരിച്ചുവിടാനും വെല്ലസ്ലി കല്‍പ്പിച്ചു. പകരം ഓരോ രാജാവും അവരുടെ ചിലവില്‍ ബ്രിട്ടീഷ് സൈന്യത്തെ രാജ്യങ്ങളുടെ കാവലാള്‍ ആക്കുവാനും ഇങ്ങനെയുള്ള രാജ്യങ്ങള്‍ക്ക് കമ്പനി സുരക്ഷിതത്വം നല്‍കുമെന്നും സൈനിക സഹായ വ്യവസ്ഥയിലുണ്ടായിരുന്നു. ഇത് കൂടാതെ ഓരോ രാജ്യത്തിന്റെയും തലപ്പത്ത് കമ്പനി പ്രതിനിധിയെ പ്രഖ്യാപിച്ചു. റസിഡന്റ് എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. രാജ്യങ്ങളുടെ ഭരണത്തില്‍ റസിഡന്റുമാര്‍ കൈകടത്തുകയില്ലെന്നായിരുന്നു സൈനികവ്യവസ്ഥയിലുണ്ടായിരുന്നതെങ്കിലും ഒരോ റസിഡന്റും തങ്ങളുടെ കഴിവിനനുസരിച്ച് സൂപ്പര്‍ രാജാക്കന്മാരായി. സ്വന്തമായി സൈന്യമില്ലാത്ത രാജാക്കന്മാരെ സൈന്യത്തിന്റെ നിയന്ത്രണമുള്ള റസിഡന്റുമാര്‍ വരച്ചവരയില്‍ നിര്‍ത്തി തങ്ങളുടെ ഇഷ്ടം പോലെ ഭരിച്ചു. വിദേശ മിഷണറിമാരുടെ കൈകളിലേക്ക് ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി ഇങ്ങനെ എത്തിയത് ഒരു ചെറിയ സംഭവം മാത്രം. കൊള്ളയടിക്കപ്പെട്ട സ്വത്തുവഹകള്‍ ഇതിലും എത്രയോ അധികം. 1795 മുതല്‍ തന്നെ തിരുവിതാംകൂറില്‍ ബ്രിട്ടന്റെ സൈനിക സഹായ സംരക്ഷണ നിയമം ഉണ്ടായിരുന്നു. 4ലക്ഷം രൂപയാണ് പ്രതിവര്‍ഷം കപ്പമായി ബ്രിട്ടണ് കൊടുക്കേണ്ടിയിരുന്നത്.
1806 മുതല്‍ പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ ഒഴുക്ക് ഇന്ത്യയിലേക്ക് തുടങ്ങി. ലണ്ടന്‍ മിഷണറി സൊസൈറ്റിക്കായിരുന്നു നേതൃത്വം. ബ്രിട്ടീഷ് കമ്പനിയുടെ സഹായത്തോടെ മിഷണറിമാര്‍ നടത്തുന്ന മതപരിവര്‍ത്തനം നിര്‍ദ്ദോഷമായ ഒന്നെല്ലന്നും അതില്‍ ദേശവിരുദ്ധത ആവോളമുണ്ടെന്നും രാജാക്കന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. മതം മാറുന്നവന്‍ ബ്രിട്ടിഷുകാര്‍ക്ക് ജയ് വിളിക്കുന്നതായിരുന്നു അവസ്ഥ. മിഷണറിമാരുടെ ചതി മുന്‍പേ നോക്കിക്കണ്ട ഒരാളായിരുന്നു തിരുവിതാംകൂറിലെ വേലുത്തമ്പി ദളവ.
രാജാവായ ബാലരാമവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂര്‍ രാജ്യഭരണത്തില്‍ നിലനിന്നിരുന്ന അഴിമതികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തിയ ആളായിരുന്നു വേലുത്തമ്പി. തിരുവിതാംകൂറിലെ ജനകീയനായ നേതാവെന്ന് ഇദ്ദേഹത്തെ വിളിക്കാം. വേലുത്തമ്പിയുടെ ജനകീയതയും കാര്യപ്രാപ്തിയും കണ്ട് തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷ് റസിഡന്റായ മെക്കാളെയുടെ അനുവാദത്തോടുകൂടി തന്നെ ഇദ്ദേഹത്തെ തിരുവിതാംകൂറിലെ പ്രധാന(പ്പെട്ട ) മന്ത്രിയായി, ദളവയായി നിയമിച്ചു. വേലുത്തമ്പിക്ക് ഈ സ്ഥാനമേല്‍ക്കുന്നതിന് മുമ്പു തന്നെ റസിഡന്റ് മെക്കാളെയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. വേലുത്തമ്പിയിലൂടെ തന്റെ അജണ്ടകള്‍ നടപ്പിലാക്കാമെന്നതായിരുന്നു മെക്കാളെയുടെ വിശ്വാസം.
നാട്ടുരാജ്യങ്ങളെ വരിഞ്ഞു കെട്ടുന്ന സൈനിക സഹായവ്യവസ്ഥ അനുസരിച്ചുള്ള കരാറുകള്‍ പുതുക്കി ഒപ്പിടുവാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു. 1795 ല്‍ 4 ലക്ഷമായിരുന്ന കപ്പം 1805ല്‍ 8 ലക്ഷമാക്കി ഉയര്‍ത്തി. ഈ കപ്പം രാജാവിന് നല്‍കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരുവിതാംകൂറില്‍ ഈസ്റ്റിന്ത്യാ കമ്പനി നികുതി പിരിക്കുമെന്ന വ്യവസ്ഥ പോലും ഈ കരാറില്‍ ഉണ്ടായിരുന്നു. കൂടാതെ രാജ്യത്തിന്റെ ആഭ്യന്തര ഭരണത്തില്‍ ഇംഗ്ലീഷുകാര്‍ കൊടുക്കുന്ന ഉപദേശങ്ങള്‍ സ്വീകരിച്ചു കൊള്ളാമെന്ന വ്യവസ്ഥയോടൊപ്പം രാജ്യത്ത് കലാപമോ മാത്സര്യമോ ഉണ്ടായാല്‍ ഇടപെടാനുള്ള അധികാരവും ഈ കരാര്‍ പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നു. കരാറില്‍ ഒപ്പിടുവാന്‍ വിസമ്മതിച്ച രാജാവ്, വേലുത്തമ്പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1805 ജനുവരി 12 ന് കരാറിലൊപ്പിടുകയായിരുന്നു. മെക്കാളെയുടെ സമ്മര്‍ദ്ദമായിരുന്നു വേലുത്തമ്പിക്ക് പിന്നിലെന്ന് വിശ്വസിക്കുന്നവരുണ്ട്.
ഈ കരാര്‍ തിരുവിതാംകൂറിന് ചതിയായി മാറി. വേലുത്തമ്പി ഉദ്ദേശിച്ച പോലെയൊന്നുമല്ല കാര്യങ്ങള്‍ പിന്നീട് പോയത്. വേലുത്തമ്പിയെ മുമ്പില്‍ നിര്‍ത്തി തിരുവിതാംകൂറിനെ ഭരിക്കാമെന്നതായിരുന്നു മെക്കാളെയുടെ അജണ്ട. മെക്കാളെയുടെ റബ്ബര്‍സ്റ്റാമ്പാകുവാന്‍ വേലുത്തമ്പി തയ്യാറായില്ല. മെക്കാളെ തിരുവിതാംകൂറിന്റെ ദൈനംദിന കാര്യങ്ങളിലെല്ലാം ഇടപെടുവാന്‍ തുടങ്ങി. മതം തന്നെയായിരുന്നു മെക്കാളെയുടെ വിഷയം.
പ്രൊട്ടസ്റ്റന്റ് പാതിരിമാര്‍ക്ക് മേഞ്ഞുനടന്ന് മതംമാറ്റാന്‍ വേണ്ടതായ എല്ലാ സൗകര്യങ്ങളും വേലുത്തമ്പിയിലൂടെ ചെയ്തുകൊടുക്കാമെന്നതായിരിന്നു മെക്കാളെയുടെ പദ്ധതി. ലണ്ടന്‍ മിഷനറി സൊസൈറ്റി ജര്‍മനിയില്‍ നിന്നുകൊണ്ടുവന്ന മതപരിവര്‍ത്തന സ്‌പെഷലിസ്റ്റ് റിംഗില്‍ ടോബിക്ക് തിരുവിതാംകൂറില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളികള്‍ പണിയേണ്ട ആവശ്യമുണ്ടായിരുന്നു. മൈലാടി എന്ന സ്ഥലത്ത് ഇതില്‍ ആദ്യത്തെ പള്ളിക്ക് സ്ഥലം അനുവദിക്കാമെന്ന് മെക്കാളെ റിംഗില്‍ ടോബിക്ക് ഉറപ്പുനല്‍കി. എന്നാല്‍ വേലുത്തമ്പി ഇത് അനുവദിച്ചില്ല. പല തവണ മെക്കാളെയും റിംഗില്‍ ടോബിയും നേരിട്ട് കണ്ടിട്ടും വേലുത്തമ്പി മതപരിവര്‍ത്തന പാതിരിമാര്‍ക്ക് അനുകൂലമായ നിലപാട് എടുത്തില്ല. ഇത് വേലുത്തമ്പിയോട് ഇവര്‍ക്ക് വൈരാഗ്യത്തിനിടയാക്കി.
തിരുവിതാംകൂര്‍ സര്‍ക്കാരിന് വലിയ നികുതി കുടിശ്ശിക കൊടുക്കാനുണ്ടായിരുന്ന ഒരു ധനാഢ്യനാണ് മാത്തുതരകന്‍. ഇയാള്‍ റോമന്‍ കത്തോലിക്കനും അതേ സമയം മെക്കാളെയുടെ അടുത്ത സുഹൃത്തുമായിരുന്നു. ഈ മാത്തുതരകനാണ്, മാര്‍തോമ മലങ്കര സഭയെ മൊത്തമായി റോമാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ കഴിയുമോയെന്നന്വേഷിച്ചവരില്‍ ഒരാള്‍. നികുതി കുടിശ്ശിക വരുത്തിയ മാത്തു തരകന്റെ വസ്തു വഹകള്‍ ജപ്തി ചെയ്യാന്‍ വേലുത്തമ്പി ഉത്തരവിട്ടു. അത് മെക്കാളെ റദ്ദ് ചെയ്തു. അതേസമയം തിരുവിതാംകൂര്‍ ബ്രിട്ടീഷുകാര്‍ക്ക് കൊടുക്കേണ്ട 8 ലക്ഷം രൂപ കപ്പത്തിനായി മെക്കാളെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായ് വരുകയും ബ്രിട്ടീഷ്‌കാരുടെ രഹസ്യ അജണ്ട മനസ്സിലാകുകയും ചെയ്തപ്പോള്‍ വേലുത്തമ്പി ബ്രിട്ടീഷുകാര്‍ക്ക് എതിരായി തിരിഞ്ഞു.
ബ്രിട്ടീഷുകാര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ടായിട്ടും വേലുത്തമ്പിയുടെ വിലക്ക് മറികടന്ന് പാതിരിമാര്‍ക്ക് പള്ളിക്ക് സ്ഥലം അനുവദിക്കാന്‍ മെക്കാളെക്കായില്ല. കാരണം സമൂഹത്തിന്റെ പൊതുവികാരം പാതിരിമാര്‍ക്ക് എതിരായിരുന്നു. മതം മാറിയവരെയും മതം മാറ്റാന്‍ നടക്കുന്നവരെയും സമൂഹം വെറുപ്പോടുകൂടിയാണ് കണ്ടത്. പക്ഷെ മതപരിവര്‍ത്തനത്തിന് ഇറങ്ങിയവരില്‍ പലര്‍ക്കും തിരിച്ച് പോകുവാന്‍ കഴിയില്ലായിരുന്നു. കാരണം അവരില്‍ പലരും ബ്രിട്ടീഷ് പാതിരിമാരില്‍ നിന്ന് പ്രതിഫലം പറ്റുകയും അവരുടെ മാസശമ്പളക്കാരായി മാറുകയും ചെയ്തിരുന്നു. ഇന്നലെവരെ കാര്യമായി സമ്പത്തോ വലിയ വരുമാനമോ ഇല്ലാതെ ദൈനംദിന ജോലികള്‍ ചെയ്ത് ജീവിച്ചിരുന്നവര്‍ പഴയ പണിയെല്ലാം ഉപേക്ഷിച്ച് മുഴുവന്‍ സമയവും മതം മാറ്റാനുള്ള വഴികള്‍ അന്വേഷിച്ച് പണസഞ്ചിയുമായി നടക്കണമെങ്കില്‍ വേറെ വരുമാനം വേണമല്ലോ.
ജാതി പറഞ്ഞ് ഭിന്നിപ്പിക്കുക എന്ന തന്ത്രം തിരുവിതാംകൂറില്‍ പാതിരി സംഘം പയറ്റുവാന്‍ തുടങ്ങി. തങ്ങളുടെ മതത്തിലേക്ക് വന്നാല്‍ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നതായിരുന്നു വാഗ്ദാനം.
(തുടരും)