ശാന്തമായി സാമൂഹ്യഅകലം പാലിച്ച് കൊറോണയെ പ്രതിരോധിക്കുകയാണ് ലോകം. എന്നാല്‍ കൊറോണയുടെ സകലമാനദണ്ഡങ്ങളെയും ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു, രണ്ടുരാജ്യങ്ങളില്‍. ഒരിടത്ത് പ്രതിഷേധം അമേരിക്കന്‍ ഭരണകൂടത്തോടാണെങ്കില്‍ മറ്റത് ചൈനയോടാണ്. ചൈനയും അമേരിക്കയും സ്വന്തം സാമ്പത്തിക ആധിപത്യം ലോകരാജ്യങ്ങള്‍ക്കുമേല്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മനുഷ്യാവകാശം ചവിട്ടിയരയ്ക്കുകയും ചെയ്യുന്നു. അപ്പോഴും അവര്‍ മറ്റുള്ളവര്‍ക്ക് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ക്ലാസെടുക്കുകയാണ്. എന്നാല്‍ സ്വന്തം മണ്ണില്‍ അവര്‍ ഈ മൂല്യങ്ങള്‍ ക്കു പുല്ലുവില പോലും കല്പിക്കുന്നില്ല.
അമേരിക്കയില്‍ നീതിനടപ്പാക്കേണ്ട പോലീസ് കറുത്തവര്‍ഗ്ഗക്കാരന്റെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചുകൊല്ലുന്നു. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഫലമായി പ്രസിഡന്റ് റൊണാള്‍ഡ് ട്രമ്പിന് ബങ്കറില്‍ അഭയം തേടേണ്ടിവന്നു. പട്ടാളമിറങ്ങിയിട്ടും പ്രക്ഷോഭകര്‍ തെരുവുകളില്‍ അക്രമമഴിച്ചുവിടുന്നു. ഈ പ്രക്ഷോഭകര്‍ക്കുവേണ്ടി വാദിക്കുകയാണ് ചൈന. ചൈനയുടെ വിദേശകാര്യ വക്താവ് സാവുലിജിന്‍ പറയുന്നത് കറുത്തവരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാണ്. എന്നാല്‍ ഇതേ ചൈന ഹോങ്കോങ്ങിനെ കീഴടക്കാന്‍ അവിടുത്തെ പ്രക്ഷോഭകരെ ചതച്ചരയ്ക്കുകയാണ്. 50 വര്‍ഷത്തെ ജനാധിപത്യ സ്വയംഭരണാധികാരം 1997ല്‍ ഹോങ്കോങ്ങിനു വാഗ്ദാനം ചെയ്ത ചൈന വൈകാതെ ആ പ്രദേശത്തെ വിഴുങ്ങാന്‍ തുടങ്ങി. കൊറോണയെ കൂസാതെ അവിടുത്തെ ജനാധിപത്യവാദികള്‍ പ്രക്ഷോഭത്തിലാണ്. ചൈനീസ് പോലീസ് അവര്‍ക്കു നേരെ കൊടുംക്രൂരത അഴിച്ചുവിടുകയാണ്. രസകരമായ കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഹോങ്കോങ്ങിന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കു പിന്തുണ നല്‍കുന്നു എന്നതാണ്. ബ്രിട്ടനെ കൂടെ നിര്‍ത്തി ചൈനയ്‌ക്കെതിരെ ലോകാഭിപ്രായമുണ്ടാക്കി പ്രതിരോധം തീര്‍ക്കുകയാണ് അമേരിക്ക. നമ്മെ മനുഷ്യാവകാശം ഉപദേശിക്കുന്ന ഈ രണ്ടു സാമ്രാജ്യത്വ മോഹികളും പരസ്പരം കൊമ്പുകോര്‍ക്കുകയാണ് മനുഷ്യാവകാശത്തിന്റെ പേരില്‍.