സാക്ഷര കേരളത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം ചിലവേറിയ കാര്യമായിട്ട് കാലങ്ങളായി. മാതാപിതാക്കള്‍ എന്തു ത്യാഗം സഹിച്ചും കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ തയ്യാറാകുന്നതുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്കുപോലും മാതൃകയാകുന്നത്. പണക്കാരന്റെ മക്കള്‍ക്ക് പഞ്ചനക്ഷത്ര വിദ്യാലയങ്ങളും സാധാരണക്കാരന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളും എന്നതാണ് സ്ഥിതിയെങ്കിലും നാം അതുമായി ഏതാണ്ട് പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഇടിത്തീപോലെ കോവിഡ് ബാധ പടര്‍ന്നുപിടിച്ചത്. മറ്റ് പല മേഖലകളെയും എന്ന പോലെ വിദ്യാഭ്യാസ മേഖലയേയും കോവിഡ് കശക്കി എറിഞ്ഞുകളഞ്ഞു. വിദ്യാലയങ്ങളില്‍ സാമൂഹ്യഅകലം പാലിക്കുക എന്നതില്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് തന്നെ പരീക്ഷാനടത്തിപ്പ് വരെ താളം തെറ്റിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ടിട്ടെന്ന പോലെ സമാരംഭിച്ച ഡിജിറ്റല്‍ ഭാരതം എന്ന ആശയം പരീക്ഷിക്കാനുള്ള അവസരമായി മാറിയിരിക്കുകയാണ് കോവിഡ്കാലം. കോവിഡിനെ അതിജീവിച്ചുകൊണ്ട് എങ്ങിനെ ഇ-ലേണിംഗ് സാധ്യമാക്കാം എന്ന പരീക്ഷണമാണ് അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ആരംഭം തന്നെ ആസൂത്രണരാഹിത്യംകൊണ്ട് ദുരന്തപര്യവസായിയായി മാറി.
മണ്‍സൂണിന്റെ കൈപിടിച്ച് ആഘോഷപൂര്‍വ്വം കുഞ്ഞുങ്ങള്‍ അക്ഷരമുറ്റത്തണഞ്ഞിരുന്ന ഇന്നലെകള്‍ മലയാളിയില്‍ ഗൃഹാതുരസ്മരണകളുയര്‍ത്തിക്കൊണ്ടു കടന്നുപോയി. പ്രവേശനോത്സവം തന്നെ ഓണ്‍ലൈനായതോടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ പൊന്നുരുക്കുന്നിടത്തെ പൂച്ചയുടെ അവസ്ഥയിലായി. ഓണ്‍ലൈന്‍ പഠനം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ മലപ്പുറം ജില്ലയില്‍ പട്ടികജാതിക്കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതോടെ പ്രവേശനോത്സവം തന്നെ നിറംകെട്ടുപോയി. പഠനത്തില്‍ അല്‍പ്പം മാര്‍ക്ക് കുറഞ്ഞാല്‍ പോലും ആത്മഹത്യക്കു മുതിരുന്ന കുട്ടികളുള്ള ഇക്കാലത്ത് അവരുടെ മനോദുഃഖം അധികൃതര്‍ക്കു കണ്ടില്ലെന്നു നടിക്കാനാവുമോ?
ഭാരതമഹാരാജ്യത്തിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളമെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമായിപ്പോയി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും വരുന്ന കുട്ടികളുടെ ഉത്ക്കര്‍ഷേച്ഛയെ മുളയിലേ നുള്ളിക്കളയുന്ന ഒരു സാമൂഹ്യ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. നമ്പര്‍ വണ്‍ കേരളമെന്നു വീമ്പുപറയുന്ന പാണന്‍ പാട്ടുകാര്‍ ഇനിയെങ്കിലും ചില സത്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകണം. ഡിജിറ്റല്‍ സാക്ഷരത ഏറിനില്‍ക്കുന്ന കേരളത്തില്‍ 93.7% ജനങ്ങള്‍ക്കും മൊബൈല്‍ ഫോണും 54% ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സംവിധാനവും ഉണ്ട് എന്നു സമ്മതിക്കുമ്പോള്‍ തന്നെ റേഷനരിവാങ്ങാന്‍ നിര്‍വ്വാഹമില്ലാത്തവരും ഇവിടെ ജീവിക്കുന്നുണ്ടെന്നു അംഗീകരിച്ചേ മതിയാകൂ. പ്രത്യേകിച്ച് കടലോരമേഖലയിലും വനവാസിമേഖലയിലും പതിനായിരങ്ങള്‍ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നവരായുണ്ട്. അവരുടെ മക്കള്‍ക്ക് നീതി നിഷേധിച്ചുകൊണ്ടുള്ള ഒരു പരിഷ്‌കാരവും ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. വയനാട്ടില്‍ പതിനായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്നുപറയുമ്പോള്‍ അതിലേറെയും വനവാസിവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടാകില്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വനവാസി മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയില്‍ ജൂണ്‍ ഒന്നിനു നാല്‍പ്പത്തഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒാണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചു എന്ന അവകാശവാദം മുഴക്കുമ്പോള്‍ നാം ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്ന ഒരു സത്യമുണ്ട്- രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലെന്ന സത്യം. ഇത് സര്‍വ്വശിക്ഷാ കേരളം തന്നെ പ്രഖ്യാപിച്ച കാര്യമാണ്. സ്‌കൂള്‍ വിദ്യാഭ്യസ മേഖലയിലെ അവസ്ഥ ഇതാണെങ്കില്‍ ഇതിലും ഒട്ടും മെച്ചമല്ല സാങ്കേതിക വിദ്യാഭ്യാസരംഗത്തെ അവസ്ഥ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സാങ്കേതികസര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ത്ഥികളില്‍ പതിനൊന്ന് ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സങ്കേതിക സംവിധാനമില്ല എന്നാണ് സര്‍വ്വകലാശാല നടത്തിയ സര്‍വ്വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ഈ വസ്തുതകളെ അംഗീകരിച്ചുകൊണ്ടു വേണം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് നാം ചുവടുവയ്ക്കാന്‍. പ്രതികൂല കാലപരിതസ്ഥിതിയില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനപ്രക്രിയ തുടങ്ങാന്‍ അധികൃതര്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാന്‍ ആവില്ല. പക്ഷെ കുറച്ചുകൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ നിര്‍വ്വഹണതലത്തില്‍ പെരുമാറിയിരുന്നെങ്കില്‍ ഒരു സാധു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ ബലി നല്‍കേണ്ടി വരുമായിരുന്നില്ല. വൈദ്യുതി എത്താത്ത വീടുകളും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത പ്രദേശങ്ങളും ‘നമ്പര്‍ വണ്‍’ കേരളത്തില്‍ ഉണ്ടെന്ന് അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ മയങ്ങുന്നവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നാണ് പറയാനുള്ളത്. അത് മനസ്സിലാകാതെ പോയതുകൊണ്ടാണ് ഒരു കുരുന്നുജീവന്റെ ബലിച്ചോരകൊണ്ട് ഒരധ്യയന വര്‍ഷത്തിന് തുടക്കംകുറിക്കേണ്ടിവന്നത്.
ഒന്നിലധികം കുട്ടികള്‍ പഠിക്കാന്‍ പോകുന്ന ഒരു വീട്ടിലെ കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കാന്‍ പോന്നതാണ് ഇക്കാലത്തെ വിദ്യാഭ്യാസ ചിലവുകള്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഇത്തരം കുടുംബങ്ങളെ പ്രാപ്തമാക്കണമെങ്കില്‍ തന്നെ പതിനായിരങ്ങള്‍ ചെലവാകുന്ന സ്ഥിതിയാണുള്ളത്. കമ്പ്യൂട്ടറൊ, ലാപ്‌ടോപ്പോ,സ്മാര്‍ട്ട് ഫോണോ ഇല്ലാതെ എങ്ങിനെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാകുക? ദരിദ്ര വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കളെ സംബന്ധിച്ച് വിലയേറിയ ഇത്തരം ഗാഡ്ജറ്റുകള്‍ സ്വന്തമാക്കുക എന്നു പറഞ്ഞാല്‍ ഭാരിച്ചകാര്യം തന്നെയാണ്. ഇത് അവര്‍ക്കുണ്ടാക്കുന്ന മാനസിക പിരിമുറുക്കം ചെറുതല്ല. ഇതൊക്കെ മനസ്സിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയുമ്പോഴെ അവര്‍ ജനമനസ്സറിയുന്നവരാണ് എന്നു പറയാനാകു.
ഒരു ജനാധിപത്യ ഭരണക്രമത്തില്‍ വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് നാം മറക്കാന്‍ പാടില്ല. അത് ഭരണകൂടം മറന്നുപോയതു കൊണ്ടുണ്ടായ കുഴപ്പങ്ങളാണ് ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവനെടുക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. വിദ്യാഭ്യാസ രംഗത്ത് അസമത്വം പടരാന്‍ അനുവദിച്ചുകൂട. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ ലൈന്‍ പഠനപദ്ധതി വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന്റെ ലാസ്റ്റ്‌ബെല്ലാകാതിരിക്കാനെങ്കിലും അധികൃതര്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.