ഉത്തരാധുനിക ചിന്തകരുടെ അഭിപ്രായത്തില്‍ ഉത്കൃഷ്ട കൃതികളുടെ സവിശേഷത ഗ്രന്ഥകര്‍ത്താവിന്റെ അസാന്നിദ്ധ്യമാണെന്നാണ്. ഇവിടെ ഗ്രന്ഥകര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ആരാണ് എന്നത് വളരെ പ്രസക്തമാണ്. ഉത്തരാധുനിക ചിന്തകരെ സംബന്ധിക്കുന്ന ‘അഹം’ മനസ്സിന്റെ വ്യത്യസ്ത ഭാവങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒരു ഭാവം മാത്രമാണ്, അതിനാല്‍ സ്ഥിരമായ അസ്തിത്വം അതിനില്ല. ഈ അഹംഭാവം ചിലപ്പോള്‍ ബുദ്ധിയോടൊപ്പവും, ചിലപ്പോള്‍ വികാരങ്ങള്‍ക്കൊപ്പവും, മറ്റു ചിലപ്പോള്‍ ശാരീരിക കര്‍മ്മങ്ങള്‍ക്കൊപ്പവും ചേര്‍ന്നു സ്ഥിതിചെയ്യുന്നു. ഇങ്ങനെ ഞാന്‍’ ചിന്തിക്കുകയും കരയുകയും ചിരിക്കുകയും‘എനിക്ക്‌വിശക്കുകയും ദാഹിക്കുകയും ഒക്കെ ചെയ്യുന്നു. ഈ ‘ഞാന്‍’ മറ്റ് ‘’അഹ’ങ്ങളില്‍ നിന്നും വ്യത്യസ്തമാണ്, കാരണം എന്റെ വിചാര വികാരഗതി മറ്റൊരാളിന്റേതില്‍ നിന്നു വ്യത്യസ്തമാണ്. അതിനാല്‍ തന്നെ എന്നില്‍ നിന്നു വ്യത്യസ്തരായിട്ടുള്ളവര്‍ക്കു വേണ്ടി കൂടി തയ്യാറാക്കപ്പെടുന്ന എന്റെ കൃതി, ആ യോഗ്യത നേടണമെങ്കില്‍, എന്നില്‍ നിന്നും അകന്നു നില്ക്കണം. അതായത് ടി.എസ് എലിയട്ട് പറഞ്ഞപ്രകാരം വ്യക്തിത്വത്തിന്റെ ആവിഷ്‌കാരമല്ല, അതില്‍ നിന്നുള്ള രക്ഷപ്പെടലാണ് സാഹിത്യം. ഗ്രന്ഥകര്‍ത്താവിന്റെ സവിശേഷതയല്ല പ്രകടമാകേണ്ടത്, മറിച്ച് ഗ്രന്ഥത്തിന്റെ സവിശേഷതയാണ് പ്രധാനം. ആര് എഴുതി എന്നതല്ല, എന്ത് എഴുതി എന്നതാണ് ശ്രദ്ധേയം.
ഇനി, കൃതിയിലെ അഹത്തില്‍ നിന്നും യഥാര്‍ത്ഥ മനുഷ്യന്റെ അഹത്തിലേക്കു വരാം. മനുഷ്യന് സ്ഥായിയായ അസ്തിത്വമില്ലെന്നാണോ കരുതേണ്ടത്? അഹം തന്റെ പല കൃതികളില്‍ പലതാകുന്നതുപോലെ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പല മനുഷ്യരാണോ? പുത്രനും പിതാവും ഭര്‍ത്താവും ഉദ്യോഗസ്ഥനുമായി മാറുന്ന ഒരു മനുഷ്യന്‍ ഒന്നാണോ അതോ പലതാണോ? മനുഷ്യന്‍ പലതായി മാറുമ്പോഴാണോ ചിലപ്പോള്‍ ബുദ്ധിമാനും, മറ്റു ചിലപ്പോള്‍ വികാര വിവശനുമൊക്കെ ആകുന്നത്? ഇത് അനിശ്ചിതത്വത്തിന്റെ സിദ്ധാന്തമാണ്, ഇതാണ് ഉത്തരാധുനിക ചിന്തകരുടെ സിദ്ധാന്തം. മനുഷ്യനെക്കുറിച്ച് ആത്യന്തിക സത്യത്തില്‍ വിശ്വസിക്കുന്നവരുടെ സിദ്ധാന്തം ഇതില്‍ നിന്നു വ്യത്യസ്തമാകുന്നു. അത്യന്തികമായി മനുഷ്യന്‍ നിത്യ തത്ത്വമായ ആത്മാവാണെന്നവര്‍ വിശ്വസിക്കുന്നു. സാംഖ്യ-യോഗ സിദ്ധാന്തപ്രകാരം പ്രകൃതിജന്യമായ ‘അഹം’ അനിത്യം തന്നെയാകുന്നു. ഇക്കാര്യത്തില്‍ ഭാരതീയ സിദ്ധാന്തം ഉത്തരാധുനിക ചിന്തയോടു യോജിക്കുന്നു. എന്നാല്‍ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ‘അഹം’ അല്ല. ആത്മതത്ത്വം, അഹം, ബുദ്ധി, മനസ്സ്, പ്രാണന്‍, ശരീരം എന്നിവയുടെ സംഘാതമാകുന്ന മനുഷ്യനില്‍ നിത്യമായിട്ടുള്ളത് ആത്മാവ് മാത്രമാകുന്നു. ഈ ആത്മതത്ത്വമാകുന്നു യഥാര്‍ത്ഥ മനുഷ്യന്‍.
സാഹിത്യത്തിലും ആത്മീയതയിലും സമാനമായ ചില സവിശേഷതകളുണ്ട്. ഒന്നാമതായി, ഈ രണ്ടു സിദ്ധാന്തങ്ങളിലും അഹത്തെ ജയിക്കേണ്ടതുണ്ട്. ആത്മസാക്ഷാത്ക്കാരത്തിനായി പ്രത്യേക വ്യക്തിത്വത്തിന്റെ തടവറ ഭേദിക്കേണ്ടതുണ്ട്. സാഹിത്യത്തിലും വ്യക്തിത്വ ലോപം സംഭവിക്കേണ്ടതുണ്ട്. ഉത്കൃഷ്ട സാഹിത്യ സൃഷ്ടിയില്‍ അതിന്റെ തന്നെ പ്രഭാവത്താല്‍ സ്വകീയമെന്ന ഭാവന നഷ്ടപ്പെടുന്നു. ഈ അവസ്ഥയെ സാധാരണീകരണം എന്നു വിശേഷിപ്പിക്കാറുണ്ട്. രണ്ടാമതായി, പ്രത്യേകിച്ച് ഭാരതീയമായ കാഴ്ചപ്പാടില്‍, സാഹിത്യത്തിന്റെയും ആത്മീയതയുടെയും മുഖ്യലക്ഷ്യം അപരോക്ഷ രസാനുഭൂതിയാകുന്നു. ആത്മീയതയില്‍ ഇന്ദ്രിയങ്ങളെ ആശ്രയിക്കാതെ തന്നെ ആത്മാനന്ദം ഉണ്ടാകുന്നുവെങ്കില്‍, സാഹിത്യത്തിലെ രസാനുഭൂതി ഇന്ദ്രിയാര്‍ത്ഥത്തെ ആശ്രയിക്കുന്നുണ്ടെന്നതു ശരി തന്നെ. എന്നാലും കലാസാഹിത്യ രസാനുഭൂതി ഇന്ദ്രിയ രസാനുഭവമല്ല, മറിച്ച് മനസ്സിന്റെ ഭാവങ്ങളില്‍ നിന്നുല്‍പന്നമാകുന്നതാണ്. ഇത് ഇന്ദ്രിയങ്ങളിലൂടെയോ അനുമാനത്തിലൂടെയോ ഉണ്ടാകുന്ന പരോക്ഷാനുഭവമല്ല. അതിനാല്‍ സാഹിത്യത്തിലും ആത്മീയതയിലും ലക്ഷ്യം അപരോക്ഷ രസാനുഭൂതി ആകുന്നുവെന്നു പറയാം.
സാഹിത്യം ആദ്ധ്യാത്മ സാധനയ്ക്കുള്ള ഒരു ഉത്തമമായ മാര്‍ഗ്ഗമാണെന്നാണ് ഭരതമുനിയുടെ നാട്യശാസ്ത്ര വ്യാഖ്യാതാവായ അഭിനവ ഗുപ്തന്‍ സമര്‍ത്ഥിക്കുന്നത്. സാഹിത്യ ചിന്തയുടെ സര്‍വ്വോത്കൃഷ്ട ലക്ഷ്യവും ആത്മീയ ലക്ഷ്യവും രസാനുഭൂതിയാകുന്നുവെന്നതു തന്നെ കാരണം. ഈ രണ്ട് രസാനുഭൂതികള്‍ തമ്മിലുള്ള വ്യത്യാസമെന്നത് സാഹിത്യരസാനുഭൂതി ഒമ്പതു തരം ഭാവങ്ങളില്‍ നിന്ന് (രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്‌സ, വിസ്മയം, നിര്‍വേദം) ഉല്‍പന്നമാകുന്നുവെങ്കില്‍ ആത്മാനുഭൂതിയെന്നത് നിര്‍വേദം അഥവാ വൈരാഗ്യം എന്ന ഭാവത്തില്‍ (മറ്റ് ഭാവങ്ങളുടെ ശമമാണ് നിര്‍വേദം എന്നതും ഓര്‍ക്കേണ്ടതുണ്ട്) നിന്ന് ഉത്ഥിതമാകുന്ന അലൗകികാനന്ദമാകുന്നു. പരമാത്മാവിനോടുള്ള രതി അല്ലേ ആത്മാനുഭൂതിയിലേക്കു നയിക്കുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എന്നാല്‍ പോലും ലൗകികാസക്തിയില്‍ നിന്നു വ്യത്യസ്തമായി, ഭക്തിഭാവം ലൗകിക വിരക്തിയിലൂടെ മനസ്സിനെ ഈശ്വരോന്മുഖമാക്കുന്നുവെന്നത് വിസ്മരിക്കാനാവില്ല. മാത്രമല്ല, സാഹിത്യരസാനുഭൂതിയില്‍ അഹം മൂലപ്രകൃതിയില്‍ വിലയം പ്രാപിക്കുന്നില്ല, അനുഭവസ്ഥനായിത്തന്നെ നിലകൊള്ളുന്നു. എന്നാല്‍ ആത്മാനന്ദാനുഭൂതിയില്‍, പ്രകൃതിജന്യമായ അഹം മൂല പ്രകൃതിയില്‍ ലയിക്കുന്നു. രണ്ടവസ്ഥകളെയും (സാഹിത്യരസാനുഭൂതിയും ആത്മാനന്ദാനുഭൂതിയും) അനുഭൂതിയായി കരുതുന്നതിന്റെ കാരണം, അവ രണ്ടും ഇന്ദ്രിയങ്ങളില്‍ നിന്നോ അനുമാനത്തില്‍ നിന്നോ ഉണ്ടാകുന്ന പരോക്ഷാനുഭവത്തില്‍ നിന്നു വ്യത്യസ്തമായതിനാലാണ്.
അഭിനവ ഗുപ്തന്റെ പ്രത്യഭിജ്ഞാദര്‍ശന പ്രകാരം ആത്യന്തിക സത്യദര്‍ശനത്തിന് സാഹിത്യം വഴിയൊരുക്കുന്നു. സാഹിത്യത്തില്‍, പരിചിതമായ വസ്തുക്കളുടെയും സന്ദര്‍ഭങ്ങളുടെയും പുനര്‍ദര്‍ശനം ക്രമേണ സത്യം തിരിച്ചറിയുന്ന ബോധത്തിലേക്ക് (പ്രത്യഭിജ്ഞാ) നയിക്കുന്നു. അതായത് സ്ഥൂലവസ്തുവിനെക്കുറിച്ചുള്ള സൂക്ഷ്മാവബോധം ക്രമേണ സ്ഥൂലപ്രകൃതിയില്‍ നിന്നും ആത്യന്തിക സൂക്ഷ്മബോധമായ പരമാത്മാവിലേക്കു നയിക്കുന്നുവെന്നു സാരം.