അയോധ്യയില്‍ നിലനിന്നത് തര്‍ക്കമന്ദിരമല്ല, ബാബറി മസ്ജിദ് ആണെന്ന വാദമാണ് 2003 ലെ അലഹബാദ് ഹൈക്കോടതി വിധിയോടെ തകര്‍ന്നത്. തര്‍ക്ക മന്ദിരത്തില്‍ രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന സുപ്രധാന വിധിയാണ് അന്ന് മൂന്നംഗ ബെഞ്ച് പ്രഖ്യാപിച്ചത്. ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമിയോടുള്ള ആദരവ് കണക്കിലെടുക്കുമ്പോള്‍ അവരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല ആ വിധിയെങ്കിലും അടിസ്ഥാനപരമായ വസ്തുത അംഗീകരിക്കപ്പെടുകയായിരുന്നു.
അയോധ്യയിലേത് ബാബറി മസ്ജിദ് ആണെന്ന് വാദിച്ചുപോന്നിരുന്നവര്‍ ഇതിന് കടകവിരുദ്ധമായ ഹൈക്കോടതിവിധി വന്നിട്ടും മനോഭാവം മാറ്റാന്‍ തയ്യാറായില്ല. ഇടതു-വലതു ചരിത്രകാരന്മാരും പല മാധ്യമങ്ങളും ബാബറി മസ്ജിദ് എന്നുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സുപ്രധാനമായ ഈ വിധിക്കുശേഷം ‘മാതൃഭൂമി’ വാരിക ഒരു പ്രത്യേക പതിപ്പുതന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ഭുതകരമെന്നു പറയട്ടെ, രാമജന്മഭൂമിയുടെ മേലുള്ള അവകാശം നിയമപരമായി ഹിന്ദുക്കള്‍ക്ക് പുനഃസ്ഥാപിച്ചു കിട്ടിയിരിക്കുന്നു എന്ന സത്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതായിരുന്നു ഈ പ്രത്യേക പതിപ്പ്. ഡോ. എം.ജി.എസ്. നാരായണന്റെ ലേഖനം മാത്രമായിരുന്നു ഒരേയൊരു അപവാദം. അതില്‍തന്നെ പത്രാധിപരുടെ വകതിരിവില്ലാത്ത ഇടപെടല്‍ വ്യക്തമായിരുന്നു.
രാമജന്മഭൂമി പൂര്‍ണ്ണമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും, അവിടെ ഉയരേണ്ടത് രാമക്ഷേത്രമാണെന്നും സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചിട്ടും സത്യം അംഗീകരിക്കാന്‍ ഇടതുപക്ഷ-കപട മതേതരവാദികള്‍ വിസമ്മതിച്ചു. ഇസ്ലാമിക ശക്തികളെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു ഇത്. തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ ശിലകളുപയോഗിച്ചാണ് തര്‍ക്കമന്ദിരമായിരുന്ന ബാബറിമസ്ജിദ് നിര്‍മ്മിച്ചതെന്ന് ബോധ്യപ്പെട്ടായിരുന്നു സുപ്രീംകോടതി വിധി. രാമജന്മഭൂമിയില്‍ ഉല്‍ഖനനം നടത്തി പുരാവസ്തു വകുപ്പ് (ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ-എഎസ്‌ഐ) തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഈ നിഗമനത്തിലെത്താന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. അലഹബാദ് ഹൈക്കോടതിയും എഎസ്‌ഐ റിപ്പോര്‍ട്ട് മുഖ്യമായിത്തന്നെ പരിഗണിക്കുകയുണ്ടായി.
നിലവിലുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന അനിഷേധ്യമായ സത്യമാണ് രണ്ട് വിധികളിലൂടെയും വ്യക്തമായത്. തര്‍ക്കമന്ദിരം സംബന്ധിച്ച ഈ സുപ്രധാനമായ വസ്തുത അറിയാമായിരുന്നിട്ടും തുടക്കം മുതല്‍ ഹിന്ദുവിരുദ്ധമായ നിലപാടെടുത്ത് ബാബറി മസ്ജിദിനുവേണ്ടി വാദിക്കുകയാണ് ഇര്‍ഫാന്‍ ഹബീബിനെയും റൊമിള ഥാപ്പറെയും പോലുള്ള ഇടതു ചരിത്രകാരന്മാര്‍ ചെയ്തത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടേണ്ടവരും അടിച്ചമര്‍ത്തപ്പെടേണ്ടവരുമാണ് ഹിന്ദുക്കള്‍ എന്ന മനോഭാവംകൊണ്ടാണ് സത്യത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കാനും നുണകളെക്കുറിച്ച് വാചാലരാവാനും ഇക്കൂട്ടരെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിക്കു ശേഷവും ഇവര്‍ സത്യത്തോട് മുഖം തിരിച്ചു.
രാമജന്മഭൂമിയെക്കുറിച്ച് ഇടതു ചരിത്രകാരന്മാരും ഇസ്ലാമിക മതമൗലികവാദികളും പ്രചരിപ്പിച്ച കള്ളങ്ങള്‍ ഒരിക്കല്‍ക്കൂടി പൊളിഞ്ഞുവീണിരിക്കുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിലം നിരപ്പാക്കുന്നതിനിടെ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണിത്. അഞ്ചടി ഉയരമുള്ള ശിവലിംഗം, ദേവീദേവന്മാരുടെ ഉടഞ്ഞ വിഗ്രഹങ്ങള്‍, കരിങ്കല്ലിലും ചെങ്കല്ലിലുമായി ശില്‍പ്പവേല ചെയ്ത 13 തൂണുകള്‍ എന്നിവയാണ് ഇവിടെനിന്ന് ലഭിച്ചത്. ക്ഷേത്രം തകര്‍ത്താണ് ബാബറിമസ്ജിദ് നിര്‍മ്മിച്ചതെന്ന പുരാവസ്തു വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ആവര്‍ത്തിച്ച് ശരിവയ്ക്കുന്നതാണ് പുതുതായി ലഭ്യമായിരിക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍.
1976 ലും 2003ലുമായി രണ്ട് ഉല്‍ഖനനങ്ങളാണ് അയോധ്യയില്‍ നടന്നത്. തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന് രണ്ട് തവണയും കണ്ടെത്തിയിരുന്നു. ഉല്‍ഖനനം നടത്തിയ എഎസ്‌ഐ 2003 ല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. എഎസ്‌ഐ സംഘം തയ്യാറാക്കിയ 272 പേജുള്ള ഈ റിപ്പോര്‍ട്ടിന്റെ അവസാന പേജില്‍ തങ്ങള്‍ കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങളുടെ രത്‌നച്ചുരുക്കം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പത്താം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിന്റെ 50 ലേറെ തൂണുകളെക്കുറിച്ചും, ദേവീദേവന്മാരുടെ വിഗ്രഹങ്ങളും താമരരൂപങ്ങളും മറ്റും കണ്ടെത്തിയതിന്റെയും വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ”50 തൂണുകളാല്‍ ബന്ധിക്കപ്പെട്ട അടിത്തറ ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ക്ഷേത്രത്തിന്റെ സവിശേഷതയിലേക്ക് വിരല്‍ചൂണ്ടുന്നു” എന്നാണ് റിപ്പോര്‍ട്ടിന്റെ അവസാന വരിയില്‍ അസന്ദിഗ്ധമായി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നീട് സുപ്രീംകോടതിയും ഈ റിപ്പോര്‍ട്ട് പരിഗണിച്ചു.
1975-76 കാലയളവില്‍ പ്രമുഖ പുരാവസ്തു ഗവേഷകന്‍ പ്രൊഫ. ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ നടന്ന ഉല്‍ഖനനത്തില്‍ പുരാവസ്തു ഗവേഷകനും പില്‍ക്കാലത്ത് എഎസ്എയുടെ റീജണല്‍ ഡയറക്ടറുമായ കെ.കെ. മുഹമ്മദും ഉള്‍പ്പെട്ടിരുന്നു. രാമജന്മഭൂമിയില്‍ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് 1990ല്‍ കെ.കെ. മുഹമ്മദ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. രാമജന്മഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവില്ലെന്നും, മറിച്ചുള്ള അവകാശവാദങ്ങള്‍ ഹിന്ദുത്വവാദികളുടെ കൃത്രിമ സൃഷ്ടിയാണെന്നും ഇടതുചരിത്രകാരന്മാര്‍ പ്രചരിപ്പിച്ചിരുന്ന കാലത്താണ് കെ.കെ. മുഹമ്മദ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വളരെ സുപ്രധാനമായിരുന്നു ഈ വെളിപ്പെടുത്തലെങ്കിലും പത്രാധിപര്‍ക്കുള്ള കത്തില്‍ ഒതുക്കുകയായിരുന്നു. 1975 ലെ ഉല്‍ഖനനം സംബന്ധിച്ച എഎസ്‌ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അലഹബാദ് ഹൈക്കോടതി വീണ്ടും ഉല്‍ഖനനത്തിന് നിര്‍ദ്ദേശിച്ചത്.
അയോധ്യയിലെ ക്ഷേത്രത്തിന്റെ കാര്യത്തില്‍ തെളിവുകളുണ്ടായിട്ടും ചരിത്രവസ്തുതകള്‍ മൂടിവയ്ക്കപ്പെട്ടതിനെതിരായ പോരാട്ടമാണ് തന്റെ ആത്മകഥയെന്നാണ് കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇടതുചരിത്രകാരന്മാര്‍ വഴിതെറ്റിച്ച മുസ്ലിങ്ങളെ സത്യം ബോധ്യപ്പെടുത്തുന്നതുമായിരുന്നു ‘ഞാനെന്ന ഭാരതീയന്‍’ എന്ന ഈ പുസ്തകം. ഒരു ഘട്ടത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറായ മുസ്ലിം സമൂഹത്തെ അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് ഇടതുചരിത്രകാരന്മാര്‍ വഴിതെറ്റിച്ചത്. ഈ നുണ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതിനെതിരെ പറയുന്നവരെ വര്‍ഗ്ഗീയവാദികളായി മുദ്രകുത്തി. പക്ഷേ പുരാവസ്തു ഗവേഷണത്തിന്റെ കരുത്ത് തിരിച്ചറിയുന്നതില്‍ ഇടതുചരിത്രകാരന്മാര്‍ പരാജയപ്പെട്ടു.
അയോധ്യയില്‍ നിന്ന് വീണ്ടും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ച് ഇടതു ചരിത്രകാരന്മാര്‍ കനത്ത നിശ്ശബ്ദത പാലിക്കുകയാണ്. സത്യവും നീതിയും ഹിന്ദുക്കളുടെ പക്ഷത്തായിരുന്നിട്ടും ഓരോ ഡിസംബര്‍ ആറിനും ബാബറി മസ്ജിദിന്റെ പേരില്‍ മുസ്ലിങ്ങളില്‍ വര്‍ഗ്ഗീയ വികാരം കുത്തിവയ്ക്കാനും, അവരെ മതഭ്രാന്തരാക്കാനും ശ്രമിച്ചവരാണിവര്‍. ചരിത്രകാരന്മാരുടെ മേലങ്കിയണിഞ്ഞ ഇവര്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ പ്രീണിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് മതേതരവാദികള്‍ ചമയുകയും ചെയ്യുന്നു. രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനു മുന്‍പുതന്നെ അതിനെതിരെ നിലകൊണ്ടവരുടെ മുഖംമൂടി പൂര്‍ണ്ണമായി അഴിഞ്ഞുവീഴാനിടയായത് ചരിത്രത്തിന്റെ തിരിച്ചടിയായി കണക്കാക്കാം.