2020 മെയ് 22 പുസ്തകം 69 ലക്കം 21 കേസരിവാരികയില്‍ ഡോ. ബി.എസ്. ഹരിശങ്കര്‍ എഴുതിയ ‘കീഴടി – പുരാവസ്തു ഖനനത്തിലെ ആഗോള ഇടപെടലുകള്‍ എന്ന ലേഖനം ശ്രദ്ധാപൂര്‍വ്വം വായിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ സ്ഥിതിചെയ്യുന്ന പുരാവസ്തു ഖനന സ്ഥലമായ കീഴടിയുടെ പാരമ്പര്യത്തെ വക്രീകരിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും തനിക്കാക്കി വെടക്കാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളുടെ പരിശ്രമങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കുവാന്‍ ലേഖകന് സാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം ദേശീയതയെ അംഗീകരിക്കുന്നില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. ക്രിസ്ത്യന്‍ മിഷണറിമാരുടെ നിലപാടും ദേശീയയൈക്യത്തിന് തുരങ്കംവെക്കുന്നതാണ്. വിദേശശക്തികളുടെ സഹായത്തോടെ കീഴടിയില്‍ നടന്നുവരുന്ന പ്രവര്‍ത്തങ്ങള്‍ രാഷ്ട്രസുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. തമിഴ് സംസ്‌കൃതിയുടെ അവശേഷിപ്പുകളെ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും വിഘടനവാദികളുടെ അച്ചാരം വാങ്ങി പുരാവസ്തു സംബന്ധമായ യാഥാര്‍ത്ഥ്യങ്ങളെ കുഴിച്ചുമുടാനും ശ്രമിക്കുന്ന ശക്തികളുടെ നേര്‍ച്ചിത്രം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഇത്തരം ലേഖനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സുരക്ഷാഏജന്‍സികളുടെയും ശ്രദ്ധയില്‍ പെടുത്തുവാന്‍ ദേശഭക്തര്‍ തയ്യാറാവണം. പട്ടണം ഉദ്ഖനനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും കീഴടി പുരാവസ്തു ചരിത്രകാരന്മാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ ലേഖനത്തിന്റെ കരുത്തും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. പഠനാര്‍ഹമായ ഈദൃശ ലേഖനങ്ങള്‍ ഇനിയുമിനിയും കേസരിയുടെ താളുകളെ സമ്പന്നമാകട്ടെ.