വര്‍ഗീസ് ഗള്‍ഫില്‍ നിന്നെത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അന്ന് നേരം വെളുത്തപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി – ഭാസ്‌കരേട്ടനെ ഒന്ന് കാണണം. കാലത്തെ തന്നെ പോയില്ലെങ്കില്‍ പിന്നെ ഭാസ്‌കരേട്ടനെ വൈകിട്ട് നോക്കിയാല്‍ മതി, പോയാല്‍ ഒരു പോക്കാണ്. പൊതുപ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ അതിന് അവസാന വാക്കാണ് ഭാസ്‌കര പിള്ള എന്ന നാട്ടുകാരുടെ ഭാസ്‌കരേട്ടന്‍.
വര്‍ഗീസ് പോകുന്ന വഴി തഴക്കര പള്ളിയിലൊന്ന് കയറി. അച്ചനെ കണ്ട് കുശലം പറഞ്ഞിറങ്ങി നേരെ കായംകുളത്തിനുള്ള ബസ്സില്‍ കയറി ബുദ്ധ ജംഗ്ഷനില്‍ ഇറങ്ങി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ ആലിന്റെ ചുവട്ടിലേക്ക് നീങ്ങിനിന്ന് ഒരു സിഗരറ്റിന് തീകൊളുത്തി. ഒരു പുക ആഞ്ഞൊന്നെടുത്ത് പുറത്തേക്ക് ഊതി. എന്നിട്ട് കൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നടയിലേക്കൊന്ന് നോക്കി. പരിചയക്കാര്‍ ആരെങ്കിലും ക്ഷേത്രത്തില്‍ നിന്ന് വരുന്നുണ്ടോ?
അല്ല, നമ്മുടെ ഭാസ്‌കരേട്ടനല്ലെ ആ വരുന്നത്! ജാനകി ചേച്ചിയുമുണ്ടല്ലൊ! ഈ ഭാസ്‌കരേട്ടന്‍ ക്ഷേത്രദര്‍ശനമൊക്കെ തുടങ്ങിയോ?
ഇങ്ങേരെന്നാണ് ഭക്തനായത്?
പാര്‍ട്ടിയുടെ തീപ്പൊരി നേതാവ്, പണ്ട് താന്‍ ബിഷപ്പ് മൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഭാസ്‌കരേട്ടന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലുണ്ട്. അന്ന് അദ്ദേഹത്തിന്റെ വിപ്ലവം തിളക്കുന്ന പ്രസംഗങ്ങള്‍ കേട്ട് തരിച്ച് നിന്നിട്ടുണ്ട്. കടുത്ത ഇടതുപക്ഷ രാഷ്ട്രീയക്കാരന്‍ എന്നതില്‍ ഉപരി തികഞ്ഞ നിരീശ്വരവാദി കൂടിയാണ് അന്ന് ഭാസ്‌കരേട്ടന്‍. എന്നാല്‍ ഭാസ്‌കരേട്ടന്റെ ഭാര്യ ജാനകി ചേച്ചി തികഞ്ഞ കൃഷ്ണ ഭക്തയും.
വര്‍ഗീസ് പതുക്കെ അടുത്തു ചെന്നു. ‘ഭാസ്‌കരേട്ടനല്ലേ?’
‘അതെ… ഓ വര്‍ഗീസൊ, നീയെന്ന് എത്തി?’
‘ഞാന്‍ വന്നിട്ട് ഒന്നുരണ്ട് ദിവസമായി, ചേട്ടനെ ഒന്നു കാണാനായിട്ട് ഇറങ്ങിയതാ. അതുപോകട്ടെ ഞാന്‍ എന്തായീ കാണുന്നത് എന്റെ കര്‍ത്താവേ….
‘ഭാസ്‌കരേട്ടന്‍ അമ്പലവാസിയായോ? നിങ്ങള്‍ക്ക് ക്ഷേത്രവും, വിശ്വാസവും ഒക്കെ പരമ പുച്ഛമായിരുന്നല്ലൊ, പിന്നെ ഇതെന്തു പറ്റി?
അതോ ഇനി വയസ്സുകാലത്ത് ചേച്ചിയെ ഒറ്റക്ക് വിടണ്ടാ എന്ന് കരുതി കൂടെ പോന്നതാണോ?’
വര്‍ഗീസിന്റെ ചോദ്യങ്ങള്‍ കേട്ട് ഭാസ്‌കരേട്ടന്‍ ആകെ ഒന്ന് ചൂളി, പിന്നെ ചിരിച്ചു, എന്നിട്ട് പറഞ്ഞു ‘വര്‍ഗീസേ, അതൊക്കെ പറയാനാണെങ്കില്‍ പകല്‍ ഇതുപോരാ….
നീ വാ കഥയൊക്കെ പിന്നീട് പറയാം….’
വര്‍ഗീസ് മറുത്തൊന്നും പറയാതെ ഭാസ്‌കരേട്ടനും ജാനകിച്ചേച്ചിക്കുമൊപ്പം അവരുടെ വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തി നാട്ടുവിശേഷങ്ങള്‍ പങ്കുവച്ച് കാപ്പികുടിയും കഴിഞ്ഞ് വര്‍ഗീസും ഭാസ്‌കര പിള്ളയും വീടിന്റെ പൂമുഖത്തേക്കിറങ്ങി. ഭാസ്‌കര പിള്ള ചാരുകസേരയിലേക്ക് ചാഞ്ഞു. പത്രം കയ്യിലെടുത്തുവെങ്കിലും അസ്വസ്ഥതയോടെ പത്രം താഴെ വച്ചു. വര്‍ഗീസിന്റെ ചോദ്യങ്ങള്‍ ഓരോന്നായി ഭാസ്‌കരപിള്ളയുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഭാസ്‌കരപിള്ളയുടെ ഓര്‍മ്മകളുടെ തുരുത്തില്‍ നിന്ന് ആ പഴയകാല സംഭവങ്ങള്‍ ഓരോന്നായി മെല്ലെ മെല്ലെ പടിയിറങ്ങി വര്‍ഗീസിനു മുന്നില്‍ നിരന്നു.
ഭാസ്‌കരപിള്ളയുടെ ജീവിതം തന്നെ മാറ്റിമറിച്ച ആ മനുഷ്യന്റെ രൂപം അങ്ങനെ മുന്നില്‍ വന്നുനിന്ന് നിറഞ്ഞ് ചിരിക്കുകയാണ്. ആ ചിരിക്ക് ഒരുപാടര്‍ത്ഥങ്ങള്‍ ഉണ്ടെന്നു തോന്നി. പരിഹാസമോ, സഹതാപമോ അതോ അടങ്ങാത്ത മനുഷ്യ സ്‌നേഹമോ എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. അന്നത്തെ ആ ബസ്സ് യാത്രയില്‍ വീണ്ടും ഒരിക്കല്‍ക്കൂടി അയാളെ കണ്ടുമുട്ടും എന്ന് കരുതിയിരുന്നുമില്ല.
ഓര്‍മ്മകള്‍ ആ ബസ് യാത്രയിലേക്ക് ചുവടുവച്ച് സഞ്ചരിച്ചു.
‘ആരാണയാള്‍? കുറെ നേരമായല്ലൊ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നു. നിങ്ങളെത്തന്നെയല്ലേ ഇങ്ങനെ നോക്കുന്നത്?’
ജാനകിയമ്മയുടെ ചോദ്യം കേട്ട് ഭാസ്‌കര പിള്ള തലയൊന്ന് ചരിച്ച് തന്നെ ശ്രദ്ധിക്കുന്ന ആ മനുഷ്യനെ ഒന്ന് നോക്കി. എന്നിട്ട് നേരെ ഇരുന്നു.
‘അതെ, എന്നെ അറിയുന്ന ഏതെങ്കിലും പാര്‍ട്ടിക്കാരനായിരിക്കും.’
‘എങ്കില്‍ അയാള്‍ക്ക് നേരെ വന്ന് ചോദിച്ചൂടെ?’
‘അയാള്‍ ഉദ്ദേശിക്കുന്ന ആള്‍ ഞാന്‍ തന്നെയാണൊ എന്ന് അയാള്‍ക്ക് ഉറപ്പ് കാണില്ലായിരിക്കും.’
കൊട്ടാരക്കര ഗണപതി കോവിലില്‍ പോയി വരുന്ന വഴിയാണ് ഭാസ്‌കര പിള്ളയും ജാനകിയമ്മയും. ബസ്സില്‍ നല്ല തിരക്കുണ്ട്. അവര്‍ ഫുട്‌ബോര്‍ഡിന്റെ അടുത്ത സീറ്റിലാണ് ഇരിക്കുന്നത്. തൊട്ടു പുറകില്‍ നിന്ന് ഒരു മനുഷ്യന്‍ കുറെ നേരമായി ഭാസ്‌കര പിള്ളയെ തന്നെ നോക്കുന്നുമുണ്ട്. സംശയിച്ചെന്നോണം അയാള്‍ ഒന്നും ചോദിക്കുന്നതുമില്ല. അടുത്ത സ്റ്റോപ്പ് എത്താറായപ്പോള്‍ കണ്ടക്ടര്‍ ബെല്ല് കൊടുത്തു. ഇറങ്ങാനുള്ളവര്‍ ഇറങ്ങി. സ്റ്റോപ്പില്‍ നിന്ന് കയറിയവരുടെ സൗകര്യാര്‍ത്ഥമോ എന്നറിയില്ല നിന്നിരുന്ന ആ മനുഷ്യന്‍ കുറച്ച് മുന്നോട്ട് നീങ്ങി നിന്നു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനാണെന്ന് തോന്നുന്നു, ഇപ്പോള്‍ അയാള്‍ നില്‍ക്കുന്നത് ഫുട്‌ബോര്‍ഡിന് അടുത്ത് ഭാസ്‌കരപിള്ളക്ക് മുഖാമുഖമായാണ്.
‘ഭാസ്‌കര പിള്ളയല്ലെ?’
പെട്ടെന്ന് അയാള്‍ ഭാസ്‌കരപിള്ളയുടെ നേരേ നോക്കി ചോദിച്ചു.
‘അതെ.’
‘എന്നെ മനസ്സിലായൊ ? ‘
ഭാസ്‌കര പിള്ള അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട്,
‘ഇല്ല’.
‘ഞാന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരക്കുറുപ്പ്, എന്നെ ഓര്‍മ്മയുണ്ടോ?’
ഭാസ്‌കരപിള്ള ഒന്ന് ഞെട്ടി. എന്നിട്ട് ‘ഒരു തവണയല്ലെ കണ്ടിട്ടുള്ളു അതാ മനസ്സിലാകാഞ്ഞത്’ പതറിയ മുഖഭാവത്തോടെ പറഞ്ഞു.
‘എവിടെ പോയിട്ട് വരുന്നു?’
‘കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍’.
‘ഓ…അത് ശരി, ഞാന്‍ ഈ ചന്ദനക്കുറി കണ്ട് ഒന്ന് സംശയിച്ച് നില്‍ക്കുവായിരുന്നു. ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുന്നു.’
‘ശരി, ദൈവം അനുഗ്രഹിച്ചാല്‍ വീണ്ടും കാണാം’ എന്ന് ഭാസ്‌കര പിള്ളയുടെ മറുപടി കേട്ടതും,
‘ദൈവം! ഹ ഹ … അതുകൊള്ളാം…’
ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരക്കുറുപ്പിന്റെ ചിരിയില്‍ എവിടെയോ ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
കണ്ടക്ടര്‍ ബെല്ല് കൊടുത്തു ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്തി. ശങ്കരക്കുറുപ്പ് യാത്ര ചോദിച്ച് ബസ്സില്‍ നിന്നിറങ്ങി.
ബസ്സ് മുന്നോട്ട് നീങ്ങി. ഭാസ്‌കര പിള്ളയുടെ ചിന്തകള്‍ ഭൂതകാല സ്മൃതികളിലേക്ക് ഒരു അസ്വസ്ഥതയോടെ നടന്നുകയറി.
അടിയന്തരാവസ്ഥ കഴിഞ്ഞ് ഏതാണ്ട് എണ്‍പത് കാലഘട്ടത്തിന്റെ തുടക്കത്തിലാണ് ദേശീയ സംഘപ്രസ്ഥാനം കേരളത്തില്‍ ശക്തമായി വേരൂന്നുന്നത്. വലതുപക്ഷം പ്രതാപത്തില്‍ നില്‍ക്കുന്ന സമയം. ഇടത് മുഖ്യധാരാ പ്രസ്ഥാനവും തുല്യ ശക്തിയായി ഇവിടെ നിലകൊള്ളുന്നു. ദേശീയ സംഘപ്രസ്ഥാനത്തിന്റെ കടുത്ത ദേശീയവാദവും അവരുടെ തീവ്ര നിലപാടുകളും കേരള രാഷ്ട്രീയത്തിന്റെ ഗതിയില്‍ മാറ്റം വരുത്തും എന്ന് മനസ്സിലാക്കിയ ഇടത് മുഖ്യധാരാ പ്രസ്ഥാനം ഇടക്കൊക്കെ ദേശീയ സംഘപ്രസ്ഥാനവുമായി നടത്തിയ ചില ഏറ്റുമുട്ടലും തുടര്‍ന്നുളവായ അസ്വസ്ഥതകളും നിലനില്‍ക്കുന്ന സമയത്താണ് ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരക്കുറുപ്പ് മാവേലിക്കര പോലീസ് സ്റ്റേഷനില്‍ ചാര്‍ജെടുക്കുന്നത്.
പുതിയതായി സ്റ്റേഷനില്‍ എത്തിയതുകൊണ്ട് കുറുപ്പിന് ആ നാടിനെയും നാട്ടുകാരെയും ഒന്നും അത്ര പരിചയമില്ലായിരുന്നു.
ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരക്കുറുപ്പ് അഞ്ചല്‍ സ്വദേശിയാണ്. കുറുപ്പ് മഹസര്‍ എഴുതിയാല്‍ പിന്നെ ഒരു കോടതിയില്‍ പോയിട്ടും കാര്യമില്ല – അത്രക്ക് പഴുതടച്ച് മഹസര്‍ എഴുതുന്ന ആളായതുകൊണ്ടും, ഡ്യൂട്ടി കൃത്യമായി ചെയ്യുന്നതുകൊണ്ടും, കൈക്കൂലിയൊ മറ്റ് എന്തെങ്കിലും സഹായങ്ങളോ ആരുടെ അടുത്തുനിന്നും സ്വീകരിക്കാത്തതുകൊണ്ടും ശങ്കരക്കുറുപ്പിന് ‘സത്യവാന്‍ ശങ്കരക്കുറുപ്പ്’ എന്നൊരു വിളിപ്പേര് നേരത്തേ തന്നെ വീണിരുന്നു.
കുറുപ്പ് മാവേലിക്കര സ്റ്റേഷനില്‍ ചാര്‍ജെടുത്ത് ഏതാണ്ട് ഒരുമാസത്തിനിടയിലാണ് ആ സംഭവം ഉണ്ടാകുന്നത്. ഭാസ്‌കര പിള്ളയെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിക്കൊണ്ട് ജാനകിയമ്മ ചോദിച്ചു.
‘ആ മനുഷ്യനെ നല്ല മുഖപരിചയം തോന്നിയല്ലൊ ആരായിരുന്നു അത്?’ ജാനകിയമ്മയുടെ ചോദ്യം കേട്ട് ഭാസ്‌കരപിള്ളയുടെ വരണ്ട നാവില്‍ നിന്ന്….
‘സത്യവാന്‍ ശങ്കരക്കുറുപ്പ് – അന്ന് എന്നെ അറസ്റ്റ് ചെയ്യാന്‍ വീട്ടില്‍ വന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍.’
‘എന്റെ കൃഷ്ണാ…. അദ്ദേഹമായിരുന്നോ? എങ്ങനെ മറക്കാനാണ്! അരണ്ട വെളിച്ചത്തിലായിരുന്നെങ്കിലും ആ യൂണിഫോമില്‍ നില്‍ക്കുന്ന തടിച്ചുയര്‍ന്ന രൂപവും വിയര്‍പ്പ് പൊടിഞ്ഞ തിളങ്ങുന്ന മുഖത്തിന്റെ തീക്ഷ്ണതയും, നെറ്റിയിലെ ചന്ദനക്കുറിയും ഒക്കെ എങ്ങനെ മറക്കാനാണ് എന്റെ ഭഗവാനേ…’
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നെഞ്ചിനകത്ത് ഒരു ആന്തല്‍. ജാനകിയമ്മ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭാസ്‌കരപിള്ള എല്ലാം മൂളിക്കേട്ടുകൊണ്ടുമിരുന്നു. എന്തൊക്കെയോ ഭീകര ദൃശ്യങ്ങള്‍ മനസ്സിലൂടെ മിന്നി മറയുന്ന ഞെട്ടലോടെ…….
കരിപ്പുഴ പുഞ്ചയുടെ ചാലില്‍ കൂടി ചുടുരക്തം ഒഴുകിയ ആ ദിനം. പ്രതികാരത്തിന്റെ അഗ്‌നിയില്‍ പൊലിഞ്ഞ രണ്ട് ജീവനുകള്‍ – ശശിധരനും മുരുകനും. രണ്ടുപേരും ദേശീയ സംഘപ്രസ്ഥാനത്തിന്റെ നെടും തൂണുകള്‍. പാര്‍ട്ടിയുടെ സഖാവും മറ്റം യു പി സ്‌കൂളിലെ അറ്റന്ററുമായ കരുണാകരന്‍ എന്ന മനുഷ്യനെ സ്വന്തം മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നതിന്റെ പകപോക്കല്‍. അന്ന് ആ കുട്ടി രണ്ടാം തരത്തില്‍ മറ്റം സ്‌ക്കൂളില്‍ പഠിക്കുന്നു. അച്ഛന്റെ സൈക്കിളിന് മുന്‍പില്‍ ഇരുന്നാണ് എന്നും സ്‌ക്കൂളിലേക്ക് പോകാറ്. അന്നും സഖാവ് കരുണാകരന്റെ സൈക്കിളിനു മുന്‍പില്‍ ആ കൊച്ചു മിടുക്കിയുണ്ടായിരുന്നു. സൈക്കിള്‍ വളവു തിരിഞ്ഞ് ആള്‍പ്പാര്‍പ്പില്ലാത്ത ഇടവഴിയില്‍ എത്തിയിരുന്നു. ഇടവഴിയില്‍ എതിരെ വരുന്ന രണ്ടുപേരെക്കണ്ട് കരുണാകരന്‍ ഒന്ന് പരുങ്ങി എങ്കിലും ധൈര്യം സംഭരിച്ച് മുന്‍പോട്ട് നീങ്ങി. പെട്ടെന്നാണ് ആക്രമണം ഉണ്ടായത്. ആദ്യത്തെ വെട്ട് തലയില്‍ ആയിരുന്നു. തല വെട്ടിച്ചങ്കിലും വെട്ട് താടിക്ക് കൊണ്ടു. താടിയെല്ല് പൊട്ടി ചോര മുന്‍പില്‍ ഇരിക്കുന്ന മകളുടെ മുഖത്തും വെളുത്ത ഉടുപ്പിലുമായി ഒഴുകി. സൈക്കിളില്‍ നിന്ന് വീണ കരുണാകരന്‍ ‘മോളേ…’ എന്ന് വിളിച്ച് അലറിക്കരഞ്ഞു. പേടിച്ചരണ്ട് എഴുന്നേല്‍ക്കാന്‍ കഴിയാതെ റോഡിന്റെ സൈഡില്‍ തരിച്ചിരിക്കുന്ന മകളുടെ മുന്നിലിട്ട് കരുണാകരനെ തുരുതുരാ വെട്ടി. പിന്നീട് വിചാരണ വേളയില്‍ ചോര പുരണ്ട കരുണാകരന്റെ മുണ്ടും ഷര്‍ട്ടും കണ്ട മകള്‍ അലറി കരഞ്ഞതും, പ്രതികളെ കണ്ട് ബോധം കെട്ടുവീണതും ജഡ്ജി ശിക്ഷ വിധിച്ചതും എല്ലാം ഭാസ്‌കര പിള്ളയുടെ മനസ്സിന്റെ കോണില്‍ നിന്ന് ഒരു ക്രൈം സിനിമയുടെ ദൃശമെന്നവണ്ണം മിന്നി നീങ്ങി…….
പാര്‍ട്ടിയുടെ സത്യസന്ധനായ പ്രവര്‍ത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവരോടുള്ള പകയും അണികളുടെ പ്രതിഷേധവും കടുത്തു. കേരളം ഭരിക്കുന്നത് കടുത്ത വലതുപക്ഷമാണ്, മുഖ്യമന്ത്രി സാക്ഷാല്‍ പ്രഭാകരനും. അടിയന്തരാവസ്ഥക്കാലത്ത് തീവ്ര ഇടത് പ്രസ്ഥാനം കേരളത്തില്‍ നിറഞ്ഞാടിയപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഭാകരന്‍. പോലീസിന്റെ ഭീകരത എന്തെന്ന് കേരള ജനത അറിഞ്ഞ ദിനങ്ങള്‍. തീവ്ര ഇടത് പ്രസ്ഥാനത്തെ ദിവസങ്ങള്‍ കൊണ്ട് അടിച്ചൊതുക്കി ഉന്മൂലനം ചെയ്ത് വാണതും മറ്റും ജനങ്ങളുടെ മനസ്സില്‍ ഇന്നും ഭീതി നിറക്കുന്ന ഓര്‍മ്മകളാണ്. അതേ പ്രഭാകരനാണ് ഇന്ന് മുഖ്യമന്ത്രി, കൂടാതെ ആഭ്യന്തരവും കയ്യാളുന്നു.
പാര്‍ട്ടിക്ക് ഉണ്ടായ നഷ്ടം നികത്താന്‍ കഴിയില്ല, പകരം ചോദിക്കണം. ‘ചോരക്ക് ചോര’ എന്നത് തന്നെയാണ് ഈ അവസരത്തില്‍ ചെയ്യാനുള്ളത്. ഇല്ലെങ്കില്‍ നാളെ അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടാകില്ല. പക്ഷേ, ഇത് ആരെ ഏല്‍പ്പിക്കും?
പാര്‍ട്ടി ചുമതല വഹിക്കുന്നത് ഭാസ്‌കര പിള്ളയാണ്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. പാര്‍ട്ടിക്ക് വേണ്ടി ആ ദൗത്യം ഏറ്റെടുക്കാനായി ചിലര്‍ മുന്‍പോട്ട് വന്നു.
അങ്ങനെ അത് തീരുമാനമായി – ദേശീയ സംഘപ്രസ്ഥാനം ഒത്തുകൂടുന്ന സ്ഥലത്ത് സന്നാഹങ്ങളോടെ കടന്നാക്രമിക്കുക.
സമയം ഏതാണ്ട് വൈകുന്നേരം ഏഴുമണിയോടടുക്കുന്നു. കരിപ്പുഴ പുഞ്ചയോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ദേശീയ സംഘപ്രസ്ഥാന യോഗം നടക്കുന്നത്. തീരുമാനിച്ചുറപ്പിച്ചതു പ്രകാരം യോഗം നടക്കുന്ന സ്ഥലം ആയുധധാരികളായവര്‍ വളഞ്ഞു. പിന്നെ കുറേ നേരം അവിടെ അലര്‍ച്ചയും കരച്ചിലും മാത്രമായി. ചിലര്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. അവസാനം വരെ പൊരുതിയ രണ്ടുപേര്‍ വെട്ടും കുത്തു ഏറ്റ് നിലംപതിച്ചു. കരിപ്പുഴ പുഞ്ചയില്‍ രക്തം തളം കെട്ടി. ചാലിലൂടെ മനുഷ്യ രക്തം ഒഴുകി. ശശിധരന്റേയും മുരുകന്റേയും ചേതനയറ്റ ശരീരം പുഞ്ചയില്‍ അനാഥ പ്രേതം പോലെ കിടന്നു.
കരിപ്പുഴയിലും പ്രാന്ത പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് നാലുപാടും അരിച്ചു പെറുക്കി. പ്രതികളെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ജീവനോടെ വച്ചേക്കില്ല എന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നു. ഭരിക്കുന്നത് പ്രഭാകരനാണ് പോലീസ് അയാളുടെ ആജ്ഞാനുവര്‍ത്തികളും.
പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രതികള്‍ എല്ലാവരും ഒളിവില്‍ പോയി. ഒപ്പം പാര്‍ട്ടി ചുമതലയുള്ള ഭാസ്‌കര പിള്ളയും.
ദിവസങ്ങള്‍ കഴിഞ്ഞു ഭീതി മാറാതെ ജനങ്ങള്‍, പോലീസ് ജീപ്പിന്റെ ഇരമ്പലില്‍ ഇടവഴികള്‍പോലും ശബ്ദമുഖരിതമായി. വീട്ടില്‍ നിന്ന് അധികം മാറിനില്‍ക്കാത്ത ഭാസ്‌കര പിള്ളക്ക് ഒളിവിലെ ആ ജീവിതം കടുത്ത പിരിമുറുക്കം സൃഷ്ടിച്ചു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഭാര്യയേയും കുട്ടികളേയും കാണണം, ഒരു നേരമെങ്കിലും വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കണം എന്ന തീരുമാനത്തില്‍ സന്ധ്യ കഴിഞ്ഞ് മുഖം മറക്കുമാറ് തോര്‍ത്ത് തലയിലൂടെ ചുറ്റി പാടവരമ്പത്തൂടെ പതുങ്ങി നടന്ന് വീട്ടിലെത്തി.
കതകില്‍ മുട്ടുന്നത് കേട്ട് ജാനകിയമ്മ കതക് തുറന്നു. ഭാസ്‌കര പിള്ളയെ കണ്ട് വേവലാതിപ്പെട്ട് ചോദിച്ചു.
‘എന്റെ ദൈവമേ…. നിങ്ങള്‍ വരുന്നത് ആരെങ്കിലും കണ്ടോ?’
‘ഇന്ന് തന്നെ പോലീസ് നാലു തവണ ഇവിടെ വന്നിരുന്നു. എന്റെ കൃഷ്ണാ ….. പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ എന്താകും അവസ്ഥ?’
‘എടീ എനിക്ക് നല്ല ക്ഷീണമുണ്ട്. നല്ല വിശപ്പും വല്ലതും ഇരിപ്പുണ്ടൊ?’
ഭാസ്‌കരപിള്ള ഇത് ചോദിച്ചതും പുറത്ത് പോലീസ് ജീപ്പും, വലിയൊരു പോലീസ് വാനും നിറയെ പോലീസുകാരും വന്ന് പുരക്ക് ചുറ്റും വളഞ്ഞതും ഒപ്പമായിരുന്നു. ഭയചകിതനായി ഭാസ്‌കരപിള്ള എന്ത് ചെയ്യണം എന്നറിയാതെ, ഒളിക്കാന്‍ ഒരിടമില്ലാത്ത ആ കൊച്ചു പുരയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് വിറച്ചു.
സി. ഐ. സുശീലന്‍ ജീപ്പില്‍ നിന്ന് പുറത്തിറങ്ങി. എസ്. ഐ. അച്ചുതനോട് പറഞ്ഞു –
‘അച്ചുതാ, എല്ലാവരും കൂടി വീട്ടിലോട്ട് കയറി വെറുതെ ഒരു ബഹളം ഉണ്ടാക്കണ്ടാ, കിട്ടിയ വിവരം തെറ്റാണെങ്കിലൊ? ആരെങ്കിലും ഒരാള്‍ ഒന്ന് പോയി നോക്ക്.’
നറുക്ക് സത്യവാന്‍ ശങ്കരക്കുറുപ്പിനാണ് വീണത്. ഡിപ്പാര്‍ട്ടുമെന്റിന്റെ സത്യസന്ധനായ ഹെഡ് കോണ്‍സ്റ്റബിള്‍.
‘കുറുപ്പേ, താന്‍ ഒന്ന് പോയി നോക്കീട്ട് വാ…
ആളുണ്ടെങ്കില്‍ ഒന്ന് വിസില്‍ അടിച്ചാല്‍ മതി.’
സത്യവാന്‍ ശങ്കരക്കുറുപ്പില്‍ എസ്. ഐ. ക്ക് ഉള്ള വിശ്വാസമായിരുന്നു അത്.
സത്യവാന്‍ ശങ്കരക്കുറുപ്പ് വന്ന് കതകില്‍ മുട്ടി. ആരും കതക് തുറക്കാതെ വന്നപ്പോള്‍ വീണ്ടും തുടരെ തുടരെ മുട്ടി.
ജാനകിയമ്മ വന്ന് കതക് തുറന്നു. മുന്നില്‍ നില്‍ക്കുന്ന പോലീസുകാരനെ കണ്ട് തല ചുറ്റുന്നതുപോലെ തോന്നി. അവര്‍ നിശ്ചലയായി നിന്നു വിറച്ചു. കുറുപ്പ് അകത്തേക്ക് കയറി. വൈദുതി ഇല്ലാത്ത ആ ഒറ്റമുറി വീടിന്റെ ഒരു മൂലയില്‍ നിലവിളക്ക് കൊളുത്തി വച്ചിരിക്കുന്നു. അരണ്ട വെളിച്ചത്തില്‍ ഓടക്കുഴല്‍ വായിച്ച് നില്‍ക്കുന്ന കൃഷ്ണരൂപം ശങ്കരക്കുറുപ്പിനെ നോക്കി ചിരിക്കുന്നു. ഇടത്ത് ഭാഗത്ത് ഭാസ്‌കര പിള്ളയുടെ പെണ്‍മക്കള്‍ രണ്ടുപേര്‍ നാമം ജപിച്ചുകൊണ്ടിരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വിറയലോടെ നോക്കി നില്‍ക്കുന്നു. വലതു ഭാഗത്തെ കതകിന്റെ മറവില്‍ ഭാസ്‌കര പിള്ളയെ കണ്ട് സത്യവാന്‍ ശങ്കരക്കുറുപ്പ് ഒരു നിമിഷം ഒന്ന് നിന്നു. എന്നിട്ട് ജാനകിയമ്മയെ ഒന്ന് നോക്കി. തൊഴുകയ്യോടെ നിറ കണ്ണുകളുമായി നില്‍ക്കുന്ന ജാനകിയമ്മയെയും, വിറച്ച് ജീവച്ഛവമായി നില്‍ക്കുന്ന കുട്ടികളേയും നിര്‍വികാരനായി നില്‍ക്കുന്ന ഭാസ്‌കര പിള്ളയേയും മാറിമാറി നോക്കി. അപ്പോഴും നിലവിളക്കിന് മുന്നില്‍ ഓടക്കുഴലുമായി ജാനകിയമ്മയുടെ കള്ള കൃഷ്ണന്‍ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. ശങ്കരക്കുറുപ്പിന്റെ മുഖം ചുവന്നു. നെറ്റിയിലെ ചന്ദനക്കുറി വിയര്‍പ്പ് കണങ്ങളാല്‍ നനഞ്ഞു. നിലവിളക്കിനരികില്‍ ചെന്ന് ഒരു നിമിഷം നിന്നു. ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ കുറുപ്പിന്റെ കണ്ണുകള്‍ ഈറനാകുന്നത് ജാനകിയമ്മ ആ അരണ്ട വെളിച്ചത്തില്‍ കണ്ടു. ഒടുവില്‍ തല കുമ്പിട്ട് സത്യവാന്‍ ശങ്കരക്കുറുപ്പ് പുറത്തേക്കിറങ്ങി.
‘ഇല്ല സാര്‍…..ഇവിടെ ഇല്ല…….. ആരോ നമ്മളെ പറ്റിച്ചതാണ്……..’
സത്യവാന്‍ ശങ്കരക്കുറുപ്പ് അന്ന് ആദ്യമായി തന്റെ ഔദ്യേഗിക ജീവിതത്തില്‍ ഒരു കള്ളം പറഞ്ഞു.
പോലീസ് വന്നപോലെ തന്നെ തിരിച്ചുപോയി.
‘ഭാസ്‌കരേട്ടാ, അന്ന് നടന്ന സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളില്‍ ഒരാള്‍ ഭാസ്‌കരേട്ടനായിരുന്നൊ?’ വര്‍ഗീസിന്റെ ആ ചോദ്യം കേള്‍ക്കാതെയോ അതോ കേട്ടിട്ടും കേട്ടതായി ഭാവിക്കാതെയോ ഭാസ്‌കര പിള്ള ഒന്ന് ചിരിച്ചു. ആ ചിരിക്ക് നിലവിളക്കിനു മുന്നില്‍ ഇരുന്ന് ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്റെ ചിരിയുടെ ഭാവമുണ്ടായിരുന്നു……..