”അങ്കംവെട്ടാന്‍ എന്റെ മച്ചുനിയന്‍ ആരോമര്‍ പ്രജാപതി നാട്ടിലേക്കു പുറപ്പെട്ടുകഴിഞ്ഞു. ചുരിക കടയിക്കാന്‍ ഞാന്‍ കൊല്ലക്കുടിയില്‍ പോകുന്നു. ഞാനാണല്ലോ ആരോമര്‍ക്ക് തുണയായിപ്പോകുന്നത്. നേരം വൈകിയ നേരത്ത് നിങ്ങടെ വീട്ടില്‍ ക്ഷീണം തീര്‍ക്കാന്‍ കേറുന്നത് ശരിയല്ല. അമ്മാവന്റെ വാക്കു തെറ്റിനടക്കാന്‍ പാടില്ല. അമ്മാവനാണ് എനിക്ക് അച്ഛനും ഗുരുനാഥനും”
”അതോര്‍ത്ത് വിഷമിക്കേണ്ട. തണ്ണീര്‍ കുടിച്ച് ഉടനെ ഇറങ്ങാമല്ലൊ”
അരിങ്ങോടര്‍ ചന്തുവിന്റെ കൈപിടിച്ചു. കൊമ്പില്‍പിടിച്ച് ആനയെ നടത്തിക്കുന്നതുപോലെ ചന്തുവിനെ പടിപ്പുരയോളം നടത്തിച്ചു. ചന്തു പടിപ്പുരത്തിണ്ണയിലിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും ചന്തു നാലുകെട്ടിലേക്കു പോകാന്‍ കൂട്ടാക്കിയില്ല.
”അല്ല ചന്തുക്കുട്ടീ. കണ്ണപ്പച്ചേകോരുടെ മകള്‍ ഉണ്ണിയാര്‍ച്ചയെ നിങ്ങള്‍ക്കു പറഞ്ഞുവെച്ചതല്ലെ. ആര്‍ച്ചയെ മംഗലം കഴിച്ചുതരാന്‍ കണ്ണപ്പച്ചേകോര്‍ക്കും ഇഷ്ടമായിരുന്നില്ലെ. ആ കഥകളൊക്കെ ഞാനും അറിഞ്ഞിരിക്കുന്നു. ആരോമരു കാരണമല്ലെ അവളെ നിങ്ങള്‍ക്കു കിട്ടാതെ പോയത്. അതൊക്കെ ഇത്രവേഗം മറന്നുപോയോ ചന്തുച്ചേകവര്‍? ആണായിപ്പിറന്നവര്‍ക്കു മറക്കാന്‍ കഴിയുന്ന ചതിയാണോ ആരോമര്‍ കാണിച്ചത്? ആരോമര്‍ അങ്കം പിടിക്കുമ്പോള്‍ നിങ്ങള്‍ തുണയായിപ്പോകുന്നു! കളരിവിദ്യയില്‍ അയാള്‍ക്കു സമനല്ലേ ചന്തുച്ചേകവര്‍?”
പകയുടെ കനല്‍ ചാരം മൂടിക്കിടക്കുകയായിരുന്നു ചന്തുവിന്റെ മനസ്സില്‍ ഇത്രനാളും. ആ കനല്‍ അരിങ്ങോടര്‍ ഊതിക്കത്തിച്ചു. തന്റെ വാക്കിനു ഫലം കണ്ടുവെന്ന് അരിങ്ങോടര്‍ ഉള്ളാലെ സന്തോഷിച്ചു.
”അകത്തേക്കു വരണം, ഇത്തിരി പാല്‍ക്കഞ്ഞി കുടിക്കാം” എന്നെത്രയൊക്കെ നിര്‍ബന്ധിച്ചിട്ടും ചന്തു പടിപ്പുരത്തിണ്ണയില്‍നിന്നനങ്ങിയില്ല.
”എന്നാലോ, എന്റെ മകള്‍ കുഞ്ചുണ്ണൂലി തണ്ണീര്‍ കൊണ്ടുവരും” എന്നു പറഞ്ഞ് അരിങ്ങോടര്‍ നാലുകെട്ടിലേക്കു പോയി.
അരിങ്ങോടര്‍ മകളെ വിളിച്ചു.
”എന്താ അച്ഛാ” എന്നു വിളികേട്ടുകൊണ്ട് കുഞ്ചുണ്ണൂലി അച്ഛനരികേ വന്നു. എള്ളിലൊളിമിന്നുന്ന കുഞ്ചുണ്ണൂലി. എണ്ണക്കറുപ്പഴകി.
”പൊന്നുമകളേ. പുത്തുരം വീട്ടിലെ ആരോമര്‍ച്ചേകവരോട് അച്ഛന്‍ അങ്കം കുറിച്ചെന്നറിയാമല്ലൊ. ആരോമര്‍ പടുത്വം തികഞ്ഞ ചേകോരാണ്. അവനോ ചെറുപ്പം. നേരിട്ടങ്കം വെട്ടുകയാണെങ്കില്‍ നിന്റെ അച്ഛനു തോല്‍വിയും മരണവും നിശ്ചയം. മാറ്റങ്കച്ചേകോര്‍ക്കു തുണപോകുന്നത് മച്ചുനിയന്‍ ചന്തുവാണ്. ചന്തുവിനെ അച്ഛന്‍ പടിപ്പുരയോളം എത്തിച്ചിട്ടുണ്ട്. നാലുകെട്ടിലേക്കു വരാന്‍ ചന്തു കൂട്ടാക്കുന്നില്ല. കൊല്ലക്കുടിയില്‍ ചുരിക കടയിക്കാന്‍ പോകുന്ന പോക്കാണ്. നല്ലവാക്കു പറഞ്ഞ് സന്തോഷിപ്പിച്ച് എന്റെ മകള്‍ ചന്തുവിനെ ഇവിടേക്കു വശീകരിച്ചു കൂട്ടിക്കൊണ്ടു വരണം. കാണട്ടേ നിന്റെ മിടുക്ക്.”
കുഞ്ചുണ്ണൂലി കൊഞ്ചിക്കുഴഞ്ഞുകൊണ്ട് പടിപ്പുരയ്ക്കലേക്കു ചെന്നു.
”എന്തിനാ ചന്ത്വാങ്ങളേ പടിപ്പുരത്തിണ്ണയിലിരിക്കുന്നത.് ഞങ്ങളും നിങ്ങളെപ്പോലെ ചേകോന്മാരല്ലെ? അകത്തേക്കു വരണം”
കുഞ്ചുണ്ണൂലി പറയേണ്ടതെല്ലാം പറഞ്ഞിട്ടും ചന്തു മിണ്ടാതെ ഉരുവാട്ടമില്ലാതെ ഒറ്റയിരിപ്പിരുന്നു. പെണ്ണിനെ ഒന്നു നോക്കിയതുപോലുമില്ല. ഏറിയ തന്ത്രം പ്രയോഗിച്ചൂ കുഞ്ചുണ്ണൂലി. ചന്തു അനങ്ങിയില്ല.
അടിയറവു പറഞ്ഞ് കുഞ്ചുണ്ണൂലി മടങ്ങി അച്ഛന്റെ അടുത്തെത്തി. ഏറിയ ശ്രമം ചെയ്തിട്ടും തന്റെ അടവുകളൊന്നും ഫലിച്ചില്ലല്ലോ എന്ന് അവള്‍ ആവലാതി പറഞ്ഞു.
അരിങ്ങോടര്‍ മരുമകളെ വിളിച്ചു.
”നീയെന്റെ മരുമകളാണെങ്കില്‍, നിണക്കെന്നോടു കനിവുണ്ടെന്നാണെങ്കില്‍, നീ പടിപ്പുരയോളം ചെല്ലണം. മാറ്റങ്കച്ചേകോരുടെ മച്ചുനിയന്‍ ചന്തു പടിപ്പുരത്തിണ്ണയിലിരിക്കുന്നുണ്ട്. ചുരിക കടയിക്കാന്‍ കൊല്ലക്കുടിയിലേക്കു പോകുന്ന പോക്കാണ്. അവനാണ് ആരോമര്‍ചേകോര്‍ക്ക് തുണപോകുന്നത്. നേരിട്ടങ്കംപിടിക്കുകയാണെങ്കില്‍, മാറ്റാന്റെ കൈകൊണ്ട് അമ്മാവന്റെ മരണം സംഭവിക്കാം. കള്ളച്ചതിയാലെ വേണം അങ്കം ജയിക്കാന്‍. ഈ വഴി പോയ ചന്തുവിനെ അമ്മാവന്‍ വശീകരിച്ചു കൊണ്ടുവന്ന് പടിപ്പുരയിലിരുത്തിയിട്ടുണ്ട്. എന്തെല്ലാം അനുനയം പറഞ്ഞിട്ടും ചന്തു നാലുകെട്ടകത്തേക്കു വരാന്‍ കൂട്ടാക്കുന്നില്ല. കുഞ്ചുണ്ണൂലി തോറ്റു മടങ്ങിയിരിക്കുന്നു. നീ ചെന്ന് അയാളെ വശപ്പെടുത്തി നാലുകെട്ടിലേക്കു കൈപിടിച്ചു കൊണ്ടുവരണം. തണ്ണീര്‍കുടിയും കഴിപ്പിച്ച് വെറ്റിലമുറുക്കാനും കൊടുക്കണം.
(തുടരും)