ക്രൈസ്തവസഭ ജനങ്ങളുടെ ഇടയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നത് തന്നെ ഒരുപാട് കെട്ടുകഥകളുടെയും ആസൂത്രണങ്ങളുടെയും മുകളിലാണ്. മററു പല മത സമൂഹങ്ങളിലും ദൈവവിശ്വാസത്തെ താങ്ങിനിര്‍ത്തുന്ന സങ്കല്‍പ്പങ്ങളും ഉപകഥകളും അത്ഭുതങ്ങളുമൊക്കെയുണ്ടെങ്കിലും അവരാരും അതിന് വല്ലാത്തൊരു ചരിത്രപരിവേഷം നല്‍കുവാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ക്രൈസ്തവ സഭകള്‍ അങ്ങിനെയല്ല. അവര്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കരുതി നിര്‍മ്മിച്ചെടുക്കുന്ന വിശ്വാസ കഥകളെ ചരിത്രത്തിലെ ഏതെങ്കിലും മുഹൂര്‍ത്തവുമായി ബന്ധപ്പെടുത്തി അതിന് ചരിത്ര പശ്ചാത്തലം നല്‍കി ഈ കഥ യഥാര്‍ത്ഥമാണെന്ന പ്രതീതി ഉണ്ടാക്കുവാന്‍ ശ്രമിക്കും. ഇത്തരത്തിലൊന്നാണ് സുറിയാനിക്കാരന്റെ വെളുത്തച്ചന്‍ കഥ.
ഇവിടത്തെ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ പോര്‍ച്ചുഗീസ് പറങ്കികളെ വെല്ലുവിളിച്ച് സ്വന്തം സഭ പുനര്‍നിര്‍മ്മിക്കുവാന്‍ ഒരുക്കുകൂട്ടുന്ന കൂനന്‍ കുരിശ് സത്യത്തിന്റെ ചരിത്രം നമ്മള്‍ വായിച്ചു. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ കിടക്കുന്ന റോമിലെ മാര്‍പാപ്പയെ പോലും ഞെട്ടിച്ച ഈ കൂനന്‍ കുരിശ് സത്യത്തിന് നിമിത്തമായി മാറിയ അഹത്തൊള്ള മെത്രാന്റെ മരണത്തില്‍ നിന്ന് മുതലെടുപ്പിനായി സുറിയാനിക്കാര്‍ മെനഞ്ഞെടുത്ത ഒരു കഥയാണ് വെളുത്തച്ചന്‍ കഥ.
ഉദയംപേരൂര്‍ സുന്നഹദോസിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ കത്തോലിക്ക സഭക്ക് കീഴടക്കപ്പെട്ട മാര്‍ത്തോമ സഭക്കാര്‍ നിരന്തരമായി പൗരസ്ത്യ സഭകളിലേക്ക് ഇതില്‍ നിന്ന് മോചനം തേടി സഹായം അഭ്യര്‍ത്ഥിച്ച് കത്തുകള്‍ അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു പൗരസ്ത്യ മെത്രാന്‍ മലങ്കര സഭയെന്ന് വിളിക്കപ്പെടുന്ന കേരളസഭയിലേക്ക് പുറപ്പെട്ടു. പറങ്കികളുടെ കണ്ണ് വെട്ടിച്ച് ഇവിടെ എത്തുവാന്‍ നോക്കിയ ഇദ്ദേഹത്തെ പറങ്കികള്‍ മൈലാപ്പൂരില്‍ തടവിലാക്കി.
മൈലാപ്പൂരിലുള്ള തോമാസ് ശ്ലീഹയുടെ കബറിടം സന്ദര്‍ശിക്കാനെത്തിയ മാര്‍ത്തോമ സഭക്കാരായ ചെങ്ങന്നൂര്‍ക്കാരന്‍ ചെങ്കയില്‍ ഇട്ടിശെമ്മാശനും കുറവിലങ്ങാട്ടുകാരന്‍ കിഴക്കേടത്ത് കുര്യന്‍ ശെമ്മാശനും യാദൃച്ഛികമായി അഹത്തൊള്ള മെത്രാനെ കണ്ടുവത്രെ. ഇവര്‍ അഹത്തൊള്ളയോട് തങ്ങളുടെ തലവനായ ഗിവര്‍ഗിസിന് ആചാരപ്രകാരമുള്ള സ്ഥാനാഭിഷേകം ഇതുവരെ കിട്ടാത്ത കാര്യം അറിയിച്ചു. അഹത്തൊള്ള ഇവര്‍ വശം അന്നത്തെ മാര്‍ത്തോമ സഭ തലവനായ ഗിവര്‍ഗിസ് അര്‍ക്കദിയാക്കോന് മാര്‍ത്തോമസഭയുടെ ആചാരപ്രകാരമുള്ള പൗരോഹിത്യ കര്‍മ്മങ്ങള്‍ ഭാഗികമായി ചെയ്യുന്നതിനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള കല്‍പ്പന കൊടുത്തയച്ചു. മെത്രാനായിട്ടുള്ള സ്ഥാനാഭിഷേക ചടങ്ങുകള്‍ താന്‍ തടവില്‍ നിന്ന് വന്നതിന് ശേഷവും ചെയ്യാമെന്ന് അഹത്തൊള്ള പറഞ്ഞിരുന്നു.
എന്നാല്‍ ഈ പൗരസ്ത്യ മെത്രാനായ അഹത്തൊള്ളയെ പോര്‍ച്ചുഗീസുകാര്‍ മതദ്രോഹക്കുറ്റം ചുമത്തി കുറ്റവിചാരണ ചെയ്യുന്നതിനായി മൈലാപ്പൂരില്‍ നിന്ന് ഗോവയിലേക്ക് കൊണ്ടുപോകുന്ന വഴി കഴുത്തില്‍ കല്ലു കെട്ടി വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് പൊതുവെ വിശ്വാസം. അന്ന് സഭകള്‍ തമ്മില്‍ ഇത്തരത്തിലുള്ള ക്രൂരമായ കൊലപാതകങ്ങള്‍ പതിവായിരുന്നു
ഇനിയാണ് വെളുത്തച്ചന്‍ കഥ വരുന്നത് – കൊല ചെയ്യപ്പെട്ട മെത്രാന്റെ കഴുത്തിലെ കല്ലുകള്‍ അഴിഞ്ഞ് മാറുകയും ഈ മൃതദേഹം ഒഴുകി ഒഴുകി ആലപ്പുഴയില്‍ അര്‍ത്തുങ്കല്‍ കടപ്പുറത്ത് എത്തുകയും ചെയ്തു. മലങ്കര സഭ നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകത്തില്‍ നിന്ന് ”കൊല്ലപ്പെട്ട ബാവായുടെ (മെത്രാന്‍ ) ശരീരത്തില്‍ നിന്ന് കെട്ടുകളഴിഞ്ഞ് കല്ല് മാറുകയും ശരീരം കടലിലൂടെ ഒഴുകി നീങ്ങുകയും ചെയ്തു” അങ്ങനെ ആലപ്പുഴയില്‍ അര്‍ത്തുങ്കല്‍ കടല്‍പ്പുറത്ത് ബാവായുടെ ഭൗതിക ശരീരം എത്തി. മുക്കുവര്‍ക്കിടയില്‍ എത്തപ്പെട്ട ഈ ശ്രേഷ്ഠ മഹാപുരോഹിതന്റെ മൃതദേഹത്തിലെ വേഷവിധാനങ്ങള്‍ കണ്ട് അവര്‍ വെളുത്തച്ചന്‍ എന്ന് വിളിച്ചു. കാരണം ശീമക്കാരുടെ നിറം വെളുപ്പാണല്ലോ – അതോടെ പരിശുദ്ധ അഹത്തുള്ള ബാവ അര്‍ത്തുങ്കല്‍ വെളുത്തച്ചനായി. ബാവായുടെ ഭൗതിക ശരീരം അര്‍ത്തുങ്കല്‍ കടപ്പുറത്തിന് സമീപം ഇപ്പോള്‍ പഴയ പള്ളിയിരിക്കുന്നതിനടുത്തേക്ക് കൊണ്ടുപോയപ്പോള്‍ വഴിയിലുണ്ടായിരുന്ന രോഗികള്‍ സുഖം പ്രാപിച്ചു. അത്ഭുതങ്ങള്‍ നടന്നു. ഇതുകണ്ട് അവിടെയുള്ള അക്രൈസ്തവര്‍ മാനസാന്തരപ്പെട്ടു.
എന്നാല്‍ ഈ കഥ റോമന്‍ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. അഹത്തൊള്ള മെത്രാന്‍ തന്നെ കെട്ടുകഥയാണെന്നാണ് അവരുടെ വാദം. മാത്രമല്ല അഹത്തൊള്ള മെത്രാന്റെ വെളുത്തച്ചന്‍ വേഷം തങ്ങളുടെ വീരനായകനായ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രാധാന്യം കുറക്കാനുള്ള മാര്‍ത്തോമക്കാരന്റെ അടവായും റോമ സഭക്കാര്‍ കാണുന്നു. കന്യാകുമാരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഒരു തീരമേഖലയായിരുന്നു ഫ്രാന്‍സിസ് സേവ്യറിന്റെയും സംഘത്തിന്റെയും മേച്ചില്‍പ്പുറങ്ങള്‍. ഫ്രാന്‍സിസ് സേവ്യര്‍ അത്ഭുതങ്ങള്‍ കാട്ടിയതായി പറങ്കികള്‍ പ്രചരണം നടത്തിയപ്പോള്‍ അതിന് ബദലായി മറ്റൊരു അത്ഭുതക്കാരനെ മാര്‍ത്തോമ സഭക്ക് സൃഷ്ടിക്കേണ്ടിവന്നു. അതാണ് വെളുത്തച്ചന്‍. ഇന്ന് വെളുത്തച്ചന്‍ നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു പുണ്യവാളനാണ്.
1663 ജനുവരി 6 ന് ഡച്ചുകാര്‍ കൊച്ചി ആക്രമിച്ച് പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി. ഇതറിഞ്ഞ് മാര്‍ത്തോമക്കാര്‍ ആഹ്ലാദ നൃത്തം ചവിട്ടി. സുറിയാനി സഭാ ചരിത്രം ഇതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു. ‘മലബാര്‍ തീരത്ത് പോര്‍ച്ചുഗീസുകാര്‍ക്കുണ്ടായിരുന്ന അധികാരം എന്നെന്നേയ്ക്കുമായി മാഞ്ഞു. ഈ അധികാര കൈമാറ്റം സുറിയാനിക്കാരെ ആനന്ദതുന്ദിലരാക്കി. എല്ലാ പള്ളികളും സന്ദര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം തോമായ്ക്ക് ലഭിച്ചു. ജെസ്യൂട്ടുകള്‍, കര്‍മലിത്തര്‍, ഡച്ചുകാര്‍ക്ക് എതിരെ പ്രയത്‌നിച്ച പീഡകനായ ജോസഫ് എന്നിവരെ മലബാറില്‍ നിന്ന് പുറന്തള്ളി.
ഇതില്‍ പീഡകന്‍ ജോസഫ് എന്ന് വിളിക്കപ്പെടുന്നത് 1661 ല്‍ മാര്‍പാപ്പ കേരളത്തിലെ മെത്രാനാക്കിയ ജോസഫ് സെബസ്ത്യാനിയെയാണെന്നോര്‍ക്കണം. ഇയാളുടെ ദൗത്യം മാര്‍ത്തോമ സഭയെ ഇല്ലാതാക്കുകയെന്നതായിരുന്നു. ഡച്ചുകാരോടൊപ്പം നിന്നുകൊണ്ട് പറങ്കികളെ കേരളക്കരയില്‍ നിന്ന് ഒഴിവാക്കുവാന്‍ മാര്‍ത്തോമക്കാര്‍ ശ്രമം തുടങ്ങി. ഡച്ചുകാര്‍ പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ ആയിരുന്നു. പറങ്കികളാകട്ടെ കത്തോലിക്ക സഭയും. യൂറോപ്പില്‍ കത്തോലിക്കര്‍ പിളര്‍ന്നുണ്ടായ പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മില്‍ കീരിയും പാമ്പും പോലെയായിരുന്നു. അത് ഇവിടെയും പ്രതിഫലിച്ചു.
ഡച്ചുകാര്‍ ഇന്ത്യയിലേക്ക് ഇടിച്ചുകയറുവാന്‍ ഒരു വഴി നോക്കിനടക്കുകയായിരുന്നു. കാരണം പോര്‍ച്ചുഗീസുകാരുടെ ഇന്ത്യന്‍ മേധാവിത്വവും മിഷനറിമാരുടെ ഒഴുക്കും അതിനെ തുടര്‍ന്ന് ഇന്ത്യയെ പറ്റി യൂറോപ്പിലെങ്ങും പടര്‍ന്ന കഥകളും ഇന്ത്യയില്‍ നിന്ന് പോര്‍ച്ചുഗീസുകാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നതായി അവര്‍ തന്നെ പ്രചരിപ്പിച്ച സാമ്പത്തിക നേട്ടങ്ങളും എല്ലാം തന്നെ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. ഒപ്പം ഒരു പ്രൊട്ടസ്റ്റന്റു പ്രവര്‍ത്തനവും.
ഡച്ചുകാര്‍ക്ക് പായ്ക്കപ്പലില്‍ കടല്‍ കടന്ന് ഇന്ത്യയിലേക്ക് വരണമെങ്കില്‍ യുദ്ധസന്നാഹത്തോടെ വരണം. ഒരു പ്രധാന തടസ്സം പറങ്കികള്‍ തന്നെയായിരുന്നു. മറ്റൊന്ന് അറബികളും. പറങ്കികളെ സംബന്ധിച്ചിടത്തോളം ഇന്ത്യ അവരുടെ ഒരു പ്രധാന കൊള്ളസങ്കേതവും മേച്ചില്‍പ്പുറവുമായി മാറിയിരുന്നു. മറ്റാരും വരാന്‍ അവര്‍ അനുവദിച്ചില്ല.
പറങ്കികളുമായി കടുത്ത ശത്രുതയുണ്ടായിരുന്ന കോഴിക്കോട് സാമൂതിരിയുമായി 1604ല്‍ ഡച്ചുകാര്‍ ഒരു കരാര്‍ ഒപ്പിട്ടു. പോര്‍ച്ചുഗീസുകാരെ നാടുകടത്തുവാന്‍ ഒന്നിച്ച് നില്‍ക്കാമെന്നതായിരുന്നു ഇത്. ഇതനുസരിച്ച് സാമൂതിരി ഡച്ചുകാര്‍ക്ക് വാണിജ്യ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി കൊടുത്തു. കേരളക്കരയിലെ എല്ലാ രാജാക്കന്മാരും ബഹുഭൂരിപക്ഷം ജനങ്ങളും പറങ്കികളെ വെറുത്തിരുന്നു. കേരള ചരിത്രത്തില്‍ എ.ശ്രീധരമേനോന്റെ ചരിത്ര നിരീക്ഷണം ഇങ്ങനെയാണ് ‘പോര്‍ച്ചുഗീസുകാരുടെ മതപരമായ നയം ഉദാരമോ സാംസ്‌ക്കാരികാധിഷ്ഠിതമോ ആയിരുന്നില്ല. അവര്‍ അങ്ങേയറ്റത്തെ മതഭ്രാന്തന്മാരും സെന്റ്‌തോമസ് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ അന്യമത സമുദായങ്ങളോടുള്ള പെരുമാറ്റത്തില്‍ സങ്കുചിത മനസ്‌ക്കരും ആയിരുന്നു. പോര്‍ച്ചുഗീസ് പൗരന്മാരുടെയും നാട്ടുകാരില്‍ നിന്ന് മാര്‍ഗം കൂടിയവരുടെയും മാത്രം സങ്കേതമായിരുന്നു ഒരോ പോര്‍ച്ചുഗീസ് കോട്ടയും. ക്രിസ്തുമതം സ്വീകരിക്കാനോ സ്ത്രീകളെ പോര്‍ച്ചുഗീസ് ഭടന്മാര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുവാനോ വിസമ്മതിച്ച ഇതര മതക്കാരെ അവര്‍ കോട്ടയ്ക്കകങ്ങളില്‍ നിന്ന് ആട്ടിയകററി. ക്രിസ്ത്യാനികളെ മറ്റു തരത്തില്‍പ്പെട്ട ഭിഷഗ്വരന്മാര്‍ ചികിത്സിക്കുന്നതോ അവര്‍ അക്രൈസ്തവരായ ക്ഷുരകന്മാരെക്കൊണ്ട് മുഖം വടിപ്പിക്കുന്നതോ നിരോധിച്ചുകൊണ്ട് കേരളത്തിലെ പോര്‍ച്ചുഗീസ് മതാധികാരികള്‍ ആജ്ഞ പുറപ്പെടുവിക്കുക പോലും ചെയ്തു. പ്രത്യേക അവകാശമുള്ള ഒരു വര്‍ഗ്ഗമായിട്ടാണ് പോര്‍ച്ചുഗീസ് നിയമം കേരളത്തിലെ ക്രിസ്ത്യാനികളെ പരിഗണിച്ചത്. പോര്‍ച്ചുഗീസ് ഗവര്‍ണര്‍മാര്‍ രാജാക്കന്മാരുമായി ഉടമ്പടികളില്‍ ഏര്‍പ്പെടുമ്പോള്‍ അവയില്‍ ക്രിസ്ത്യന്‍ പ്രജകള്‍ക്ക് വിശേഷ അധികാരങ്ങളും ആനുകൂല്യങ്ങളും വ്യവസ്ഥ ചെയ്തിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ പോര്‍ച്ചുഗീസുകാര്‍ സ്വന്തം സംരക്ഷണത്തിലാക്കി. കുറ്റവാളികളായ ക്രിസ്ത്യാനികളെ ശിക്ഷിക്കാന്‍ പോര്‍ച്ചുഗീസധികൃതരെ ഏല്‍പ്പിച്ച് കൊടുക്കണമെന്നതായിരുന്നു ഏര്‍പ്പാട്. കേരളത്തിലെ നിയമങ്ങള്‍ ക്രൈസ്തവേതരര്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളു. പോര്‍ച്ചുഗീസുകാരുടെ ശിക്ഷാവിധികള്‍ മനുഷ്യത്വഹീനവും അപരിഷ്‌കൃതവും ആയിരുന്നു.
(തുടരും)