രാജ്യം സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍, രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതമാക്കാന്‍ ഛത്രപതി ശിവാജിയുടെ ഭരണപരമായ ചിന്തകളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആശയപരമായ അടിത്തറയാണ് സാമൂഹ്യജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ആധാരം എന്ന് മനസ്സിലാക്കി വരുംതലമുറയ്ക്ക് ഹിന്ദുസാമ്രാജ്യദിനത്തിന്റെ ആദര്‍ശവും സന്ദേശവും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.
ജ്യേഷ്ഠമാസത്തിലെ ശുക്ലത്രയോദശി ദിനമാണ് ഹിന്ദുസാമ്രാജ്യദിനം. അത് ഛത്രപതി ശിവാജിയുടെ രാജ്യാഭിഷേകത്തിന്റെ സുദിനമാണ്. സംഘസ്ഥാപകനായ ഡോക്ടര്‍ജിക്ക് അദ്ദേഹത്തിന്റെ സാമൂഹിക ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞ ഒരു സംഭവമാണ് പരമ്പരാഗതമായി മഹാരാഷ്ട്രയില്‍ നടത്തിയിരുന്ന ഗണോശോത്സവം. അതിനെ നാടിന്റെ സ്വാതന്ത്ര്യ പരിശ്രമത്തിലേക്ക് തിരിച്ചുവിടാന്‍ തക്കവിധമുള്ള ആശയപ്രചരണമാക്കിമാറ്റിയതുപോലെ അത്യന്തം വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ ഹിന്ദുസാമ്രാജ്യ സുദിനസന്ദേശത്തേയും ആ പന്ഥാവിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പുരോഗതിക്ക് ശ്രമിക്കുന്നവര്‍ക്ക് മുന്നേറാനുള്ള ഏറ്റവും ഉത്സാഹപ്രദമായ സുദിനം കൂടിയാണിത്.
മാനവ സമൂഹത്തിന് ഹിന്ദു സാമ്രാജ്യത്തിന്റെ പരിശുദ്ധിയും പരിഷ്‌കാരഭാവവും പുതിയ പുതിയ പാഠങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഹിന്ദു സാമ്രാജ്യം എന്നുകേട്ട് തലകറക്കം ഉണ്ടാകുന്നത് സാമ്രാജ്യത്വത്തെകുറിച്ചുള്ള പാശ്ചാത്യാനുഭവങ്ങളുടെ ഞെട്ടലില്‍ നിന്നും ഉണരാത്തതുകൊണ്ട് മാത്രമാണ്. ഹിന്ദു സാമ്രാജ്യത്തിന്റെ പ്രഭാവം കാണണമെങ്കില്‍ ഛത്രപതി ശിവാജിയുടെ ജീവിതം പഠിക്കുകയും അതിന് അനുസരിച്ച് ജീവിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. തഞ്ചാവൂര്‍ മുതല്‍ തക്ഷശിലവരെ വിശാലമായ ഹൈന്ദവ സ്വരാജിന്റെ പതാക പാറിപ്പിച്ച ആ മഹാപരാക്രമി തന്റെ ഗുരുവായ സമര്‍ത്ഥ രാമദാസിന്റെ ഭിക്ഷാപാത്രത്തില്‍ ആ മഹത് സാമ്രാജ്യത്തെ ഭിക്ഷയായി നല്‍കി സന്യാസം സ്വീകരിക്കുവാന്‍ തയ്യാറായി. ശിവാജിയെ പോലെ ഏത് സാമ്രാട്ടാണ് ഇത്രയും ത്യാഗസമ്പന്നനായി ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളത് എന്ന് ചിന്തിക്കണം.
കാശിവിശ്വനാഥക്ഷേത്രം തകര്‍ക്കപ്പെടുന്നത് കണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യ പൂജാ അവകാശികളായ കുടുംബത്തിലെ ഗംഗാഭട്ട് ഇത്തരത്തില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന ക്ഷേത്ര ധ്വംസനങ്ങള്‍ ആര്‍ക്ക് തടുക്കാനാവും എന്ന് ചിന്തിക്കുകയും അതിന് പ്രാപ്തിയുള്ള ആളെ അന്വേഷിക്കുകയുമുണ്ടായി. ശിവാജിയെ കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം മഹാരാഷ്ട്രയില്‍ വന്ന് താങ്കള്‍ സിംഹാസനാരൂഢനാവേണ്ടതുണ്ട് എന്ന് ശിവാജിയോട് അഭ്യര്‍ത്ഥിച്ചു. ഒരു ജനതയുടെ ജീവിതാഭിലാഷങ്ങളെയും ആത്മാവിഷ്‌കാരത്തെയും നിറവേറ്റാന്‍ വേണ്ടിയായിരുന്നു ശിവാജി സിംഹാസനാരുഢനായത്. ശിവാജിയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ഭാരതം ചരിത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ലോകത്തിലെ അനവധി ഭരണകര്‍ത്താക്കള്‍ ഇന്നും അദ്ദേഹത്തില്‍ നിന്നും പ്രേരണയും ശക്തിയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നു. മനുഷ്യവിഭവം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയിലൂന്നിയ പുരോഗതി മാത്രമാണ് നല്ല ഭരണത്തെ കാഴ്ചവയ്ക്കുന്നത്. ഇതനുസരിച്ച് ജ്ഞാനശക്തി, ജലശക്തി, ഊര്‍ജ്ജശക്തി, ജനശക്തി, രക്ഷാശക്തി എന്നീ അഞ്ചു ശക്തികളെ സക്രിയമാക്കുക എന്നതാണ് വേണ്ടത്. ഇത്തരം ഭരണക്രമത്തിലൂടെയേ രാജ്യം പുരോഗതിയെ പ്രാപിക്കുകയുള്ളൂ എന്നത് വസ്തുതയാണ്.
ഭാരതത്തെപ്പോലെ കാര്‍ഷിക പ്രധാനമായ ഒരു രാജ്യത്ത് കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള വികസനമാണ് അനിവാര്യം. മഴവെള്ളം തടഞ്ഞുനിര്‍ത്തുക, അത് മനുഷ്യരുടെ ആവശ്യത്തിനും കൃഷിക്കും ഉപയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതും തുടരേണ്ടതുമാണ്. പൂനെ നഗരത്തിലെ പര്‍വ്വതങ്ങളുടെ താഴ്‌വരയില്‍ ശിവാജി അണകെട്ടിച്ചിരുന്നു. കുടിവെള്ളത്തിനായി കിണറുകളും കുളങ്ങളും കൃഷി ആവശ്യങ്ങള്‍ക്കായി വലിയ തടാകങ്ങളും നിര്‍മ്മിച്ചിരുന്നു. ശിവാജി തന്റെ സൈനികരെ മഴക്കാലത്ത് കൃഷിചെയ്യാന്‍ ഏര്‍പ്പാടു ചെയ്തിരുന്നു. ശിവാജി സുരാജ്യമെന്ന സങ്കല്‍പ്പത്തില്‍ ഭൂവുടമാ സമ്പ്രദായം ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ഭൂമി രാജ്യത്തിന്റെ ലക്ഷ്മിയാണെന്നും അത് വിഭജിക്കാനാവില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തന്റെ രാജ്യത്ത് വൈവിധ്യമാര്‍ന്ന വിളവുകള്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരേ രീതിയിലുള്ള കൃഷി വിളവ് ഉല്‍പാദനത്തില്‍ കുറവ് ഉണ്ടാക്കും എന്ന ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തില്‍ വിളവിലെ വൈവിധ്യം വേണമെന്ന അഭിപ്രായം സാധാരണ ഭരണാധികാരികളില്‍ നമുക്ക് ദര്‍ശിക്കാനാവാത്തതാണ്. കൃഷി വെറും കച്ചവടമല്ല മറിച്ച് ഉല്‍പാദന പ്രവര്‍ത്തനമാണ് എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
രാഷ്ട്ര സുരക്ഷയിലും, സൈനിക മികവിലും വിശ്വസിച്ചിരുന്ന ശിവാജി ദുര്‍ഗ്ഗരാജന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ശിവനേരി കോട്ടയില്‍ ജന്മം കൊളളുകയും റായ്ഗഢില്‍ ദേഹത്യാഗം ചെയ്യുകയം ചെയ്ത ശിവാജി കോട്ടകള്‍ പിടിച്ചെടുക്കാനും സംരക്ഷിക്കുവാനും, ആവശ്യമുള്ളിടത്ത് പുതിയവ പണിയുവാനും തയ്യാറായി. ശിവാജിയുടെ ആശയങ്ങളെ ക്രോഡീകരിച്ച ശ്രീരാമചന്ദ്ര പന്ത് ആജ്ഞാപത്രത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു, ദുര്‍ഗ്ഗം രാജ്യത്തിന്റെ അടിസ്ഥാനമാണ്. കോട്ടകളും കൊത്തളങ്ങളുമാണ് രാജ്യത്തിനു രൂപം കൊടുക്കുന്നത്. അവ രാജ്യത്തിന്റെ സൂക്ഷിപ്പുകളാണ്. ദുര്‍ഗ്ഗം സൈനിക മികവിനും രാഷ്ട്രത്തിന്റെ പുരോഗതിക്കും കാരണങ്ങളാണ്. ശിവാജി ജീവിതകാലം മുഴുവന്‍ ദുര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ജീവിച്ചിരുന്നത്. 300ലധികം കോട്ടകള്‍ നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് വ്യക്തമായ നയപരിപാടി ഉണ്ടായിരുന്നു. അദ്ദേഹത്തിന് ദുര്‍ഗ്ഗങ്ങളോട് അപാരസ്‌നേഹമായിരുന്നു. ദുര്‍ഗ്ഗങ്ങളും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലും അധീശത്വത്തിലും സന്തോഷിച്ചിരുന്നു എന്നു തോന്നുംവിധമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതത്തിലെ 70 ശതമാനവും അദ്ദേഹം ഈ ദുര്‍ഗ്ഗങ്ങളോടൊപ്പം കഴിഞ്ഞതിനാലാണ് അദ്ദേഹം ദുര്‍ഗ്ഗരാജന്‍ എന്നറിയപ്പെടാന്‍ കാരണം.
വ്യാപാരത്തെയും വാണിജ്യത്തെയും അദ്ദേഹം സംരക്ഷിച്ചിരുന്നു എന്നു കാണുവാന്‍ സാധിക്കും. ശിവാജിയുടെ വാണിജ്യനയത്തിന്റെ ആധാരം ‘അര്‍ത്ഥ മൂലോഹിധര്‍മ്മം’ എന്ന ആദര്‍ശമായിരുന്നു. ധനത്തിന്റെ മഹത്വം മനസ്സിലാക്കി സമ്പത്ത് രാജഭണ്ഡാരത്തില്‍ നിറയ്ക്കുവാന്‍ പരിശ്രമിച്ചു. ഇറക്കുമതിയും കയറ്റുമതിയും പ്രോത്‌സാഹിപ്പിച്ചു. ചെറുതും വലുതുമായ വ്യാപാരികള്‍ രാജ്യത്തിന് അലങ്കാരങ്ങളാണ്. രാജ്യത്തിന്റെ കീര്‍ത്തിയും സമ്പത്തും വളര്‍ത്തുന്നതോടൊപ്പം രാജ്യത്ത് ലഭ്യമല്ലാത്ത സാധനങ്ങള്‍ അവര്‍ രാജ്യത്ത് എത്തിക്കുകയും ആപത്തുകാലത്ത് സമ്പത്തുനല്‍കി രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ വ്യാപാരികളെ സംരക്ഷിക്കുന്നത് രാജ്യത്തിന് ഏറെ പ്രയോജനകരമാണ് എന്ന് ശിവാജി സമര്‍ത്ഥിച്ചു.
പരിസ്ഥിതിയെ മുന്‍നിര്‍ത്തി ഉള്ളതായിരുന്നു ശിവാജിയുടെ വികസന കാഴ്ചപ്പാടുകള്‍. വൃക്ഷങ്ങള്‍ രാജ്യകാര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോഴും അവയ്ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ആവരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. കായ്ഫലങ്ങള്‍ ഉള്ള വൃക്ഷങ്ങളെ നിലനിര്‍ത്തി ജീര്‍ണ്ണിച്ച മരങ്ങള്‍ ആണെങ്കില്‍പോലും അവയുടെ ഉടമയുടെ അനുവാദത്തോടു കൂടിയേ മുറിക്കാന്‍ പാടുള്ളൂ എന്നും ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ബലപ്രയോഗത്തിലൂടെയും അനുവാദമില്ലാതെയും ഒരു മരവും മുറിക്കാന്‍ പാടില്ല എന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
ഇംഗ്ലീഷുകാര്‍ നാണയം മുദ്രണം ചെയ്യുന്ന യന്ത്രം കണ്ടുപിടിച്ചിരുന്ന അക്കാലത്ത് അത്യന്തം ഭംഗിയുള്ള നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്നു. ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ ശിവാജിയുടെ രാജ്യത്തിനുവേണ്ടി നാണയം നിര്‍മ്മിക്കാം എന്ന ആശയം മുന്നോട്ടുവച്ചു. നാണയത്തിന് ആവശ്യമായ ലോഹത്തിന്റെ മൂല്യം അതിന്റെ പ്രചാരത്തിലുള്ള മൂല്യത്തിന് തുല്യമായിരിക്കണമെന്ന് ശിവാജിക്ക് അറിയാമായിരുന്നു. മണി ബാങ്കിംഗ് സിദ്ധാന്തമനുസരിച്ച് കാണാന്‍ നല്ലതും എന്നാല്‍ വിലകുറഞ്ഞതുമായ നാണയം നല്ലനാണയത്തെ ഉപയോഗത്തില്‍ പിന്‍തളളും. ബ്രിട്ടീഷുകാര്‍ മുദ്രണം തുടങ്ങിയാല്‍ വില നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും കളളപ്പണം കൊണ്ട് വിപണി നിറയുകയാവും ഫലം എന്നും നന്നായി അറിയാമായിരുന്നു.
ഇംഗ്ലീഷുകാരോട് ശിവജി പീരങ്കി നിര്‍മ്മിക്കുന്ന വിദ്യ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ അത് നല്‍കാന്‍ മടിച്ചപ്പോള്‍ ഫ്രാന്‍സുമായി ധാരണയുണ്ടാക്കി പുരന്ദര്‍ കോട്ടയില്‍ പീരങ്കി ഫാക്ടറി സ്ഥാപിച്ചു. വിദേശത്തുനിന്നും പീരങ്കി വാങ്ങുന്നതിനു പകരം സ്വന്തം നാട്ടില്‍ വിവിധയിനം ലോഹകൂട്ടുകള്‍ കൊണ്ടുള്ള അത്യന്താധുനിക പീരങ്കികള്‍ അദ്ദേഹം നിര്‍മ്മിച്ചു.
വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രം ആദ്യമേതന്നെ ശിവാജി ആരംഭിച്ചിരുന്നു. മുഗള്‍ ഭരണത്തിന്റെ ശിരസ്സായിവര്‍ത്തിച്ചിരുന്ന ഒൗറംഗസേബ് കൂടിക്കാഴ്ചക്കെത്തിയ തന്നെയും മകനെയും തടവിലാക്കിയെങ്കിലും സമര്‍ത്ഥമായി രക്ഷപ്പെട്ടു. ശിവാജി നയതന്ത്രം ആദ്യമായി വികസിപ്പിച്ചത് നര്‍മ്മദയുടെ വടക്ക് ഛത്രസാലുമായിട്ടായിരുന്നു. ഛത്രസാല്‍ ശിവാജിയുടെ കൂടെ കൂടാമെന്നു പറഞ്ഞെങ്കിലും ശിവാജി അത് നിരസിച്ചുകൊണ്ട് ബുന്ദേല്‍ ഖണ്ഡില്‍ പോയി സ്വന്തം രാജ്യം സ്ഥാപിക്കാന്‍ പറഞ്ഞു. മുഗളന്മാരുടെ മൂക്കിനുതാഴെ മുഗള വിരോധിയായ ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. ആ രാജ്യം സദാ മുഗളന്‍മാരെ ദുര്‍ബലമാക്കിക്കൊണ്ടിരുന്നു.
പോര്‍ച്ചുഗീസും മസ്‌കറ്റിലെ ഇമാമുമായി വ്യാപരത്തില്‍ മത്സരമുണ്ടായി. ആ അവസരത്തില്‍ ശിവാജി ഇമാമുമായി കച്ചവടബന്ധം സ്ഥാപിച്ചു. പോര്‍ച്ചുഗീസുകാര്‍ പുതിയ പുതിയ വൈതരണികള്‍ സൃഷ്ടിക്കുമ്പോള്‍ ശിവാജി മസ്‌കറ്റിലെ ഇമാമിന്റെ പേരുപറഞ്ഞ് അദ്ദേഹത്തില്‍ നിന്ന് വേണ്ടത് വാങ്ങിച്ചുകൊള്ളാന്‍ പറയുമായിരുന്നു.
തന്റെ പെരുമാറ്റത്തിലൂടെ രജപുത്രര്‍ക്കിടയില്‍ സ്വാഭിമാനമുണ്ടാക്കുവാന്‍ ശിവാജി ശ്രമിച്ചു. മുഗള്‍ ദര്‍ബാറിലെ അംഗമായിരിക്കുന്നതിനെക്കാള്‍, സ്വാഭിമാനിയായ സ്വതന്ത്രരാജാവായിരിക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് ജന്മം കൊടുത്തു. അത് നിരവധി ചെറു രാജ്യങ്ങള്‍ നിലവില്‍ വരാന്‍ കാരണമായി. ഇത് കാലാന്തരത്തില്‍ മുഗള്‍ സാമ്രാജ്യം തകര്‍ന്നടിയുന്നതിന് ഒരു കാരണവും കൂടിയായി.
ശിവാജിയുടെ ജീവിതത്തിലെ സുപ്രധാന സംഭവവികാസമായിരുന്നു അഫ്‌സല്‍ഖാനുമായുളള കൂടിക്കാഴ്ച. ശിവാജിയുമായി കൂടിക്കാഴ്ചക്ക് വരുന്ന അഫ്‌സല്‍ ഖാന്‍ നിരവധി മഹാക്ഷേത്രങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തിരുന്നു. 1659 നവംബര്‍ 10 ഉച്ചക്ക് രണ്ടേകാല്‍ മണിക്കാണ് ശിവാജി അഫ്‌സല്‍ ഖാനെ കാണാന്‍ സമയം നിശ്ചയിച്ചിരുന്നത്. സൈനികമായ തയ്യാറെടുപ്പുകള്‍ നടത്തിയായിരുന്നു ശിവാജി എത്തിയിരുന്നത്. കൂടിക്കാഴ്ച അനവധി നിബന്ധനകള്‍ക്ക് അനുസരിച്ചായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രതാപ് ഗഢ് കോട്ടയ്ക്ക് താഴെയായി താഴ്‌വരയില്‍ അല്പം ഉയര്‍ന്ന സ്ഥലത്തായിരുന്നു കൂടിക്കാഴ്ചയ്ക്കുള്ള മണ്ഡപം ഒരുക്കിയിരുന്നത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ശിവാജി കുനിഞ്ഞ് കുനിഞ്ഞ് അഫ്‌സല്‍ ഖാനെ ദൂരെ നിന്നു തന്നെ അഭിവാദനം ചെയ്തു. അഫ്‌സല്‍ ഖാന്റെ ഓരോ അനക്കത്തിലുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ദൃഷ്ടികള്‍. എന്തു നടന്നാലും അത് ആദ്യത്തേതും അവസാനത്തേതുമായിരുന്നു. അടുത്തെത്തിയപ്പോള്‍ അഫ്‌സല്‍ഖാന്‍ ശിവാജിയുടെ കഴുത്ത് ഞെരിച്ച് പുറത്ത് കത്തിക്കുത്തിയിറക്കി. എന്നാല്‍ വസ്ത്രത്തിനുള്ളിലെ ലോഹകവചത്തിലായിരുന്നു കുത്തു കൊണ്ടത്. എന്നാല്‍ ശിവാജി തന്റെ കയ്യില്‍ കരുത്തിയിരുന്ന പുലിനഖം അഫ്‌സല്‍ ഖാന്റെ വയറ്റില്‍ കുത്തി ഇറക്കി. അത് അഫ്‌സല്‍ ഖാന്റെ ജീവിതാന്ത്യത്തിന് കാരണമായി. അതിനുശേഷം ഘോരമായ യുദ്ധമായിരുന്നു നടന്നത്. പ്രതാപ്ഗഢിലെയും ജാവാലിവനത്തിലെയും ശിവാജിയുടെ സൈനിക മികവ് നമുക്ക് കാണാന്‍ സാധിക്കും.
രാഷ്ട്ര ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശ്രദ്ധപതിപ്പിച്ച വ്യക്തിത്വമായിരുന്നു ശിവാജിയുടേത്. ഛത്രപതി ശിവാജി എന്നത് ഒരു ചിന്താപദ്ധതിയും കാര്യശൈലിയുമാണ്. അദ്ദേഹം ഈ നാടിന്റെ സനാതന സംസ്‌കാരം പ്രായോഗികമായി നടപ്പാക്കിയ ആളാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ നൂറ്റാണ്ടുകളില്‍ ജന്മംകൊണ്ട് രാഷ്ട്രനായകരെപ്പോലെ എന്നും പ്രേരണയാകുന്ന വ്യക്തിത്വമാണ്.