സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തിന്റെ മുഖമുദ്രയാണ്. എന്നാല്‍ അവ സ്വതന്ത്രങ്ങളായിരിക്കണം. സംവാദം എന്ന വ്യാജേന മുന്‍കൂട്ടിയുള്ള ചില നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ആ നിലപാടുകള്‍ രാജ്യവിരുദ്ധവുമാണെന്നു വന്നാല്‍ എന്തുണ്ടാകും? അവിടെ സ്വതന്ത്രസംവാദത്തിന്റെ വാതിലുകള്‍ അടയും. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നം അതുതന്നെ. ഇവിടെ സ്വതന്ത്രനിലപാടുകള്‍ക്കുള്ള എല്ലാ സാധ്യതയും അടഞ്ഞുപോകുന്നു. അതിനുള്ള വേദികളും അപ്രത്യക്ഷമാകുന്നു. കേരളം പോലെ പ്രതിലോമകരമായി, പിറകിലേയ്ക്കു സഞ്ചരിക്കുന്ന ഒരു സമൂഹം ഇന്ത്യയില്‍ വേറെയില്ല എന്നതാണ് വാസ്തവം. എന്നാല്‍ ആ പ്രതിലോമാവസ്ഥയെ സാധൂകരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ നിരന്തരം നടത്തുന്ന ശ്രമങ്ങള്‍ നമ്മുടെ മനസ്സുകളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കു വലിച്ചു താഴ്ത്തുന്നു.
ഈ ലേഖകന്റെ കൗമാരത്തില്‍ മാതൃഭൂമി വാരികയും ദിനപ്പത്രവും നമ്മുടെ സമൂഹമനസ്സാക്ഷിയുടെ നേര്‍സാക്ഷ്യങ്ങളായിരുന്നു. മാതൃഭൂമി വാരിക വായിക്കുക എന്നത് ഒരനുഷ്ഠാനം പോലെ വിശ്വാസവുമായിരുന്നു. എന്നാലിന്നത്തെ സ്ഥിതിയോ? വിഷലിപ്തമായ നിലപാടുകളുടെ ഭൂമികയായി അത് അധഃപതിച്ചുപോയിരിക്കുന്നു. നമ്മുടെ ദേശീയതയുടെയും സംസ്‌കാരത്തിന്റെയും പതാകാവാഹകരായിരുന്നു പഴയകാല മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍. മാതൃഭൂമി വായിക്കുക എന്നത് രാജ്യസ്‌നേഹത്ത ഉജ്ജ്വലിപ്പിക്കുന്നതും മതേതര സാംസ്‌കാരിക മനസ്സിനെ ശോഭനമാക്കുന്നതുമായ പ്രവൃത്തി ആയിരുന്നു. ഇന്ന് മാതൃഭൂമി വായിക്കല്‍ അത്യന്തം അപകടമായ സാംസ്‌കാരികോല്‍പ്പന്നങ്ങളെ മനസ്സില്‍ വലിച്ചു കയറ്റി നമ്മുടെ മതേതര മനസ്സിനെ, രാജ്യസ്‌നേഹത്തെ ഒക്കെ മലീമസമാക്കല്‍ ആയി മാറിയിരിക്കുന്നു.
മാതൃഭൂമിയ്ക്ക് ഇതെന്തുപറ്റി? എന്താണവിടെ സംഭവിക്കുന്നത്. ആദ്യം സുനില്‍ പി. ഇളയിടം എന്ന യശോമാത്ര പ്രാര്‍ത്ഥിയെക്കൊണ്ട് രാമായണത്തെയും രാമനെയും അധിക്ഷേപിച്ചു; ഇപ്പോള്‍ മഹാഭാരതത്തെയും. ‘ഇതിഹാസ’ കൃതികള്‍ ലോകത്തെവിടെയും ഖണ്ഡനവിമര്‍ശനത്തിനു വിധേയമാക്കാറില്ല. അഥവാ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതെത്രമാത്രം പരിഹാസ്യമായ പ്രവൃത്തിയാണെന്ന് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം അവ ഇതിഹാസങ്ങള്‍ ആണ് എന്നതുതന്നെ. ഇന്നത്തെ മനുഷ്യാവസ്ഥയുമായി ഇതിഹാസകാലത്തെ ജീവിതത്തിനോ സാമൂഹ്യ സാഹചര്യങ്ങള്‍ക്കോ ഒരു സാദൃശ്യവുമില്ല. അതുകൊണ്ടു തന്നെ ഇക്കാലത്തെ മനുഷ്യര്‍ക്ക് ആസ്വാദനം, പഠനം ഇവയല്ലാതെ ഖണ്ഡന വിമര്‍ശനം നടത്താന്‍ ഇതിഹാസങ്ങളില്‍ ഇടമില്ല എന്നതാണ് യഥാര്‍ത്ഥ്യം.
ഇതിഹാസങ്ങളുടെ ആഖ്യാനം യഥാതഥമല്ല. അതിന്റെ അര്‍ത്ഥം ‘ഇപ്രകാരം സംഭവിച്ചു’ എന്നാണെങ്കിലും ഇതിഹാസത്തിലെ സംഭവങ്ങള്‍ എല്ലാം സംഭവിച്ചതാണെങ്കില്‍ നമുക്ക് കൈകൂപ്പുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. ഉദാഹരണത്തിന് മഹാഭാരതസ്രഷ്ടാവായ വ്യാസമഹര്‍ഷിയുടെ അമ്മയായ സത്യവതിയുടെ ജനനം തന്നെ എടുക്കൂ. ഉപരിചരവസു എന്ന ചേദി രാജാവ് വനത്തില്‍ നായാട്ടു നടത്തവേ കാട്ടിലെ വസന്ത പ്രകൃതിയാല്‍ പെട്ടെന്ന് കാമാധീനനാകുന്നു. ഭാര്യയായ ഗരികയെ ഓര്‍മ്മിച്ച് അദ്ദേഹത്തിനു ശുക്ലസ്രാവമുണ്ടാകുന്നു. ഇലക്കുമ്പിളില്‍ ശേഖരിച്ച രേതസ് രാജാവ് കൊട്ടാരത്തിലിരിക്കുന്ന ഭാര്യയ്ക്കു നല്‍കാനായി ഒരു പരുന്തുവശം കൊടുത്തുവിടുന്നു. യമുനയ്ക്കു മുകളിലൂടെ പറക്കുന്ന പരുന്തിനെ മറ്റൊരു പരുന്ത് ആക്രമിക്കുന്നതു മൂലം രേതസ് നദിയില്‍ വീഴുന്നു. അദ്രികയെന്ന അപ്‌സരസ്സ് ശാപംമൂലം ജലത്തില്‍ മത്സ്യമായി വസിക്കുന്നുണ്ടായിരുന്നു. ഈ മത്സ്യം ശുക്ലം വിഴുങ്ങി. മത്സ്യത്തെ മുക്കുവന്‍ പിടിച്ചു. വയറ്റില്‍ രണ്ടു കുട്ടികളുണ്ടായിരുന്നു. അതില്‍ ഒന്നിനെ ഉപരിചരവസു സ്വീകരിച്ചു. അത് മത്സ്യരാജാവായി. ഒന്നിനെ ദാശരാജാവും സ്വീകരിച്ചു. ആ കുട്ടി വളര്‍ന്നു വന്നതാണ് സത്യവതി.
ഈ കഥയിലെ സംഭവങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ സംഭവ്യമാണോ? അന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടാകാന്‍ ഇടയില്ല എന്നുവേണമെങ്കില്‍ ഇന്നത്തെ നമ്മുടെ യുക്തിബോധത്താല്‍ വിലയിരുത്താം. അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പുളള ലോകം ഇന്ന രീതിയിലായിരുന്നു എന്ന് നമുക്ക് ഇന്ന് കൃത്യമായി പറയാനാകുമോ? അവിടെ അദ്ഭുതങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നും ഇതൊക്കെ കെട്ടുകഥകളായിരുന്നുവെന്നും പറയാം. വെറും കെട്ടുകഥകള്‍ ആയിരുന്നെങ്കില്‍ അവയെ വച്ച് എന്തിനു യുക്തിവിചാരം നടത്തുന്നു. അങ്ങനെ നടത്തിയാല്‍ അതുകൊണ്ട് എന്തു പ്രയോജനമാണുണ്ടാവുക. ഒരുതവണ വെറും കെട്ടുകഥകള്‍ എന്നു പറയുകയും തങ്ങള്‍ക്കു താല്പര്യമുള്ള വര്‍ത്തമാനകാല രാഷ്ട്രീയം സ്ഥാപിച്ചെടുക്കാന്‍ കൃത്യമായും അവയൊക്കെ നടന്ന സംഭവങ്ങളാണെന്ന രീതിയില്‍ തലനാരിഴകീറി വിമര്‍ശിക്കുകയും ചെയ്യുക. ഈ ഇരട്ടത്താപ്പ് എങ്ങനെ ശരിയായ ദിശയില്‍ ആകും.
സത്യവതിയുടെ ജന്മകഥയിലേതുപോലുള്ള ആയിരക്കണക്കിനു സംഭവങ്ങളിലൂടെയാണ് ഇതിഹാസകഥ പുരോഗമിക്കുന്നത്. അതിലെ കഥാപാത്രങ്ങള്‍ക്ക് മാനുഷഛായയേക്കാള്‍ അമാനുഷഛായയാണ് കൂടുതലുള്ളത്. അവരെയൊക്കെ സാധാരണ മനുഷ്യരെപ്പോലെ വിചാരണ ചെയ്യുന്നത് പമ്പരവിഡ്ഢിത്തമാണ്. നമ്മുടെ യുക്തിയ്‌ക്കോ ബുദ്ധിക്കോ നിരക്കുന്നതല്ല അതിലെ സംഭവങ്ങള്‍ ഒന്നും തന്നെ. ഭീഷ്മരുടെ ശരശയ്യതന്നെ നോക്കൂ! അങ്ങനെ ഒരാള്‍ക്കു കിടക്കാനാവുമോ? കൗരവരുടെ ജന്മം നോക്കൂ! മാംസപിണ്ഡത്തെ പകുത്ത് കുടത്തിലിട്ടു മനുഷ്യരാക്കിയെടുക്കാന്‍ ഏതെങ്കിലും ശാസ്ത്രത്തിനു കഴിയുമോ? ഭീമന്റെ കരുത്തും അര്‍ജ്ജുനന്റെ അസ്ത്രവിദ്യാസാമര്‍ത്ഥ്യവും ഇന്ദ്രപ്രസ്ഥത്തിലെ മായാവിദ്യകളും ജരാസന്ധവധവും ഒന്നും സാധാരണ യുക്തിക്കു നിരക്കുന്നതല്ല. അവയെയൊന്നും യുക്തിയുടെ അളവുകോല്‍ വച്ചു വിലയിരുത്താനുമാവില്ല.
ഡി.ഡി കൊസാംബിയെപ്പോലുള്ളവര്‍ (Myth and Reality) ചരിത്രരചനയ്ക്കു തന്നെ പുരാണകഥകെള പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. ഋതുക്കള്‍, ആകാശനക്ഷത്രങ്ങള്‍ എന്നിവയോടൊക്കെ പുരാണ കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തി. അതിനൊക്കെ ചില സാധ്യതകള്‍ പുരാണേതിഹാസങ്ങളിലുണ്ട്. ഉദാഹരണത്തിന് ധ്രുവന്‍ ഒരു പുരാണ കഥാപാത്രമാണല്ലോ. ആ ധ്രുവന്‍ തന്നെയാണ് ആകാശത്തുനില്‍ക്കുന്ന ധ്രുവനക്ഷത്രം എന്ന് ചില സൂചനകള്‍ നമുക്ക് വിഷ്ണുപുരാണത്തില്‍ നിന്നു ലഭിക്കുന്നു. സുനീതിയും നക്ഷത്രമായി മാനത്തുണ്ടെന്നു സൂചിപ്പിക്കുന്നു. പുരാണേതിഹാസങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന സപ്തര്‍ഷികള്‍ ഒരു നക്ഷത്ര സമൂഹമാണെന്ന് ഏവര്‍ക്കുമറിയാം. ദേവി അരുന്ധതിയും ആകാശത്തുണ്ട്. അഗസ്ത്യന്‍, വസിഷ്ഠന്‍ തുടങ്ങിയ മുനിമാരുടെ പേരിലും നക്ഷത്രങ്ങളുണ്ട്. ഇന്ദ്രന്‍ മഴയാണെന്നും ശിവന്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ആരാധനയാണെന്നും സീത കൃഷിപ്പണിയുടെ പ്രതീകമാണെന്നുമൊക്കെ പഠനങ്ങളുണ്ട്. ഇതിനെയൊന്നും ഖണ്ഡിക്കുന്നില്ല. ഇതൊക്കെയാണ് യുക്തിവാദികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും പുരാണേതിഹാസങ്ങളില്‍ കാണാനാവുന്നതെങ്കില്‍ ഭാരതത്തില്‍ ഇന്നു കാണുന്ന ജാതിവ്യവസ്ഥയ്ക്കും മറ്റും വേരുകള്‍ തിരക്കി ഇവരെന്തിന് ഈ കൃതികളില്‍ പരതുന്നു. ഋതുക്കളും നക്ഷത്രങ്ങളും പ്രകൃതിയും ഒക്കെക്കൂടിയാണോ ജാതിയും മറ്റും ഉണ്ടാക്കിയത്.
എന്തെല്ലാം തമാശകളാണ് ഇവരുടെ പഠനങ്ങളില്‍ കാണുന്നത്. ദേവാസുരന്മാര്‍ ആര്യദ്രാവിഡരാണത്രേ! ശ്രീകൃഷ്ണന്‍ ദേവനായിരിക്കെ (വൃഷ്ണി കുലത്തില്‍ വന്നവതരിച്ച വിഷ്ണു) അദ്ദേഹത്തിന്റെ അമ്മാവന്‍ കംസന്‍ പുരാണങ്ങളില്‍ അസുരനാണ്. അതെങ്ങനെ ശരിയാവും? വൃഷ്ണികള്‍ ആരും അസുരന്മാരല്ല. എന്നാല്‍ കംസനെ പുരാണങ്ങളിലെല്ലാം അസുരനെന്നാണ് പരാമര്‍ശിക്കുന്നത്. ദേവന്മാരും അസുരന്മാരും സഹോദരിമാരുടെ മക്കളുമാണ്. കശ്യപ പ്രജാപതിക്ക് അദിതിയില്‍ നിന്നും ദേവന്മാരും അനുജത്തിയായ ദിതിയില്‍ നിന്നും അസുരന്മാരുമുണ്ടായെന്നാണല്ലോ പുരാണകഥ. ജ്യേഷ്ഠത്തിയുടേയും അനിയത്തിയുടേയും മക്കള്‍, അതും ഒരു പിതാവില്‍ നിന്നുണ്ടായവര്‍ എങ്ങനെയാണ് രണ്ടു വംശങ്ങളാകുന്നത്? ലോകത്ത് എല്ലാ പ്രാചീന കൃതികളിലും ദേവാസുര സങ്കല്പത്തിനോടു സാദൃശ്യമുള്ള ആവിഷ്‌കാരങ്ങള്‍ ഉണ്ട്. നന്മതിന്മയെ പ്രതിനിധീകരിക്കുന്നു എന്നല്ലാതെ ദേവാസുരന്മാര്‍ ഒരിക്കലും രണ്ട് വംശത്തെ പ്രതിനിധീകരിക്കുന്നില്ല. യജ്ഞവിശ്വാസികളും അവിശ്വാസികളും അത്രയേ ഇതിഹാസപുരാണങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ. അതിനെ പുതിയ കാലത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഒരുക്കിയെടുക്കാന്‍ ആര്യ-ദ്രാവിഡ, സവര്‍ണ്ണ – അവര്‍ണ്ണ ദ്വന്ദ്വത്തില്‍ കൊണ്ടു കെട്ടുന്ന കൊടും കാപട്യം ആണിവര്‍ പ്രചരിപ്പിക്കുന്നത്.
രാമായണത്തെയും ഭാരതത്തേയും അല്ല രാമ-കൃഷ്ണന്മാരെയാണ് ഇവര്‍ക്കു നോട്ടം. ഭാരതീയരുടെ വിശ്വാസങ്ങളെ അപമാനിക്കല്‍ തന്നെയാണ് ഇവരുടെ ഉന്നം. കെ.സി. നാരായണന്‍ മാതൃഭൂമിയില്‍ ഖാണ്ഡവദാഹത്തെയും ജനമേജയന്റെ സര്‍പ്പസത്രത്തേയും കൃഷ്ണന്റെ വിശ്വരൂപ പ്രകടനത്തേയുമൊക്കെ ഹിംസയുടെ അഴിഞ്ഞാട്ടമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ മറ്റുസംഭവങ്ങളെയൊക്കെ പ്രതീകാത്മകമായി വിലയിരുത്തുന്ന ഇവര്‍ക്കെന്തേ ഇതിലൊന്നും പ്രതീകാത്മകതയില്ലാത്തത്. ഖാണ്ഡവദാഹസമയത്ത് കൃഷ്ണനും അര്‍ജ്ജുനനും ഒടുങ്ങാത്ത ഹിംസയാണത്രേ ചെയ്യുന്നത്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു വലിയ അളവുവരെ പ്രതീകാത്മകത ഉള്‍ക്കൊള്ളിച്ച് എഴുതപ്പെട്ടിരിക്കുന്ന ഒരു കൃതിയില്‍ നിന്നും ഇന്നു കാണുന്ന ജീവിത മൂല്യങ്ങള്‍ അരിച്ചുപെറുക്കുന്നത് എന്തു വിഡ്ഢിത്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇവര്‍ ചെയ്യുന്ന വിഡ്ഢിത്തങ്ങള്‍ ആ കൃതികളുടെ നിത്യപ്രസക്തിയെ അവരറിയാതെ വെളിവാക്കുന്നുമുണ്ട്. അവയുടെ പ്രസക്തി ഇല്ലാതാക്കുകയാണ് സുനില്‍ പി.ഇളയിടത്തിന്റെയും കെ.സി. നാരായണന്റെയും ഉന്നമെങ്കിലും തിരിച്ചാണ് സംഭവിക്കുക. കൂടുതല്‍ അന്വേഷണങ്ങളിലൂടെ അവയുടെ മഹത്വം ഊട്ടിയുറപ്പിക്കപ്പെടും.
മാനുഷികമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്ത ഈശ്വാരാവതാരമായ കൃഷ്ണനെ സമ്പൂര്‍ണ്ണ ദൈവിക പരിവേഷത്തോടുകൂടി ചിത്രീകരിക്കുക ഇതിഹാസകാരന്റെ ഉദ്ദേശ്യമല്ല. രാമന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. മനുഷ്യരില്‍ വന്നവതരിക്കുമ്പോള്‍ മനുഷ്യഭാവങ്ങള്‍ക്കാണ് മുന്‍ഗണന. ജരാസന്ധനെ ഭയക്കുന്ന കൃഷ്ണനെ നാം കാണുന്നുണ്ട്. വൃഷ്ണികള്‍ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ നിസ്സഹായനായി നില്‍ക്കുന്ന കൃഷ്ണനേയും നമുക്കു കാണാം. സത്രാജിത്തിന്റെ മണി മോഷ്ടിക്കാനായി പ്രസേനനെ കൊന്നു എന്ന കാരണം പറഞ്ഞ് ജനസമൂഹം കള്ളനെന്നു വിളിച്ചു നിന്ദിക്കുമ്പോള്‍ അപമാനഭയത്താല്‍ ചൂളുന്ന കൃഷ്ണനേയും പുരാണേതിഹാസങ്ങള്‍ വരച്ചു കാണിക്കുന്നു. അതേസമയം വിശ്വരൂപം ധരിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്ന സമ്പൂര്‍ണ്ണ ഈശ്വരനായ കൃഷ്ണനേയും. ഇത്തരം വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്ന വ്യാസമഹര്‍ഷിക്ക് വ്യക്തമായ ചില ഉന്നങ്ങളുണ്ട്. അത് ധര്‍മ്മം സ്ഥാപിച്ചെടുക്കുക എന്നതാണ്. ധര്‍മ്മത്തിന്റെ മഹത്വത്തെക്കുറിച്ചാണ് ഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളും ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യുന്നത്. ”യതോ ധര്‍മ്മ സ്തതോ ജയഃ!” എന്ന് ഗാന്ധാരിയും ഭീഷ്മരും കൃഷ്ണനുമൊക്കെ പറയുന്നുണ്ട്. വ്യാസന്‍ ഒടുവില്‍ ഖേദിക്കുന്നതും തന്റെ ഉദ്യമത്തില്‍ തനിക്കു പൂര്‍ണ്ണമായും വിജയിക്കാന്‍ കഴിഞ്ഞോ എന്ന സംശയം മൂലമാണ്.
ഇതിഹാസങ്ങളിലെ സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത് വ്യര്‍ത്ഥവ്യായാമമാണ്. അതു മുന്നോട്ടു വയ്ക്കുന്ന മഹത്തായ ധാര്‍മ്മികചിന്തയെ ആണ് പഠനവിധേയമാക്കേണ്ടത്. കേവലമായ സംഭവങ്ങളെ അവയുടെ പ്രതീകാത്മകത്വം ദര്‍ശിക്കാതെ സാധാരണ സംഭവങ്ങള്‍ മാത്രമെന്ന തരത്തില്‍ വിലയിരുത്തുന്നത് അപക്വവും പ്രയോജനരഹിതവുമായ പ്രവൃത്തിയാണ്. പിന്നെ അതിനു പിറകില്‍ ഒരു ഗൂഢോദ്ദേശ്യമുണ്ടെന്നു മനസ്സിലാക്കുമ്പോള്‍ ഇതിനൊക്കെ മറുപടി പറയുന്നതു തന്നെയും ഒരു വ്യര്‍ത്ഥ കര്‍മ്മമാണെന്നു തോന്നിപ്പോകുന്നു.