മൃതിമൌനം
ദൈവങ്ങളെല്ലാം
ഇറങ്ങിപ്പോയോരാ
മരണവീട്ടില്‍
കയറിച്ചെന്നൊരാള്‍.
മുകളിലാകാശം
പിളര്‍ന്നു നില്‍ക്കുന്നൂ
ഭൂമിയോ
കറക്കം നിര്‍ത്തി
ഘനമേഘങ്ങളെ
കരളിലേറ്റുന്നൂ
പതുക്കവേയയാള്‍
തിരിഞ്ഞു നോക്കുമ്പോള്‍
അനിശ്ചിതമൊരു
പെരുവഴിമാത്രം
ഇരമ്പം നിന്നൊരു
കരിങ്കടല്‍ മാത്രം!
സഞ്ചാരം
ഒരു
രാത്രിവണ്ടിയിലാണ്
അവള്‍
യാത്ര പോയത്
തിരിഞ്ഞുനോക്കവേ
അനന്തമായ
ഒരുകാലം.
ശൂന്യമായ
ഒരുപാതയിലേക്ക്
നോക്കവേ, അയാള്‍
കണ്ടതോ
സ്വപ്നങ്ങള്‍
കരിന്തിരി കത്തിയ
ഒരു മണ്‍ചെരാത്.
ആഖ്യാനങ്ങള്‍
ഞാനുദ്ദേശിച്ചതല്ല
കാലം എഴുതിച്ചത്
എന്നിട്ടും
എത്ര വേഗമാണ്
നിങ്ങളവ
ജീവിതത്തിന്
എറിഞ്ഞുകൊടുത്തത്.